ഇ കൊമേഴ്സ് രംഗം മാറ്റി മറിക്കുവാൻ ഒ എൻ ഡി സി
ലോറൻസ് മാത്യു
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് വ്യാപാരവും ഓൺലൈനായിട്ട് ദശാബ്ദമൊന്ന് കഴിഞ്ഞു. ലോകം മുഴുവൻ ഓൺലൈനിലേക്കും കൂടി ചുവട് വെക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് മാറി നിൽക്കുവാനാവില്ലയെന്നതാണ് വസ്തുത. ആമസോണും വാൾമാർട്ടും ഫ്ളിപ്കാർട്ടും, ആലിബാബയും അരങ്ങ് തകർക്കുമ്പോൾ ചങ്കിടിക്കുന്നത് ചെറുകിട വ്യാപാരികൾക്കാണ്. തങ്ങളുടെ വിപണി ആഗോള ഭീമന്മാർ കൊണ്ടു പോകുന്നോയെന്ന് വിലപിക്കുമ്പോൾത്തന്നെ ബദൽ മാർഗ്ഗങ്ങളാരായുവാൻ കഴിയാതെ പോകുന്നു. ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റത്തിലേക്ക് പോലും മാറുവാൻ കഴിയാത്ത വ്യാപാരികളുണ്ട്. പക്ഷേ ലോകത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ചുവട് വെക്കുവാൻ കഴിയാത്തവർ മത്സര രംഗത്ത് പിന്തള്ളപ്പെട്ട് പോകുമെന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഒരു ചെറുകിട വ്യാപാരിക്ക് സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങുകയെന്നത് അത്ര ആശാസ്യമായ ഒരു സംഗതിയല്ല. ഇന്ത്യയിൽ ഏതാണ്ട് 12 ബില്യണിലധികം വ്യാപാരികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇതിൽ വെറും 15000 പേര് (0.0125 %) മാത്രമേ ഇപ്പോൾ ഇ കൊമേഴ്സ് രംഗത്തേക്ക് എത്തിയിട്ടുള്ളു. ബാക്കിയുള്ളവർക്ക് ഇന്നും ഇ- വ്യാപാര മേഖല അപ്രാപ്യമായി നിൽക്കുന്നു. പ്രത്യേകിച്ചും ചെറു പട്ടണങ്ങളിലേയും ഗ്രാമങ്ങളിലേയും വ്യാപാരികൾ. ഇവിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഒ എൻ ഡി സിയുടെ പ്രസക്തി. ഡജക, അഅഉഒഅഅഞ പോലെ മറ്റൊരു ടെക് സംരംഭം ആണ് ഒ എൻ ഡി സിയും.
എന്താണ് ഒ എൻ ഡി സി
ഇന്ത്യയിലെ ചെറുകിട സംരംഭകർക്കും, വിൽപനക്കാർക്കുമെല്ലാം അവരുടെ എല്ലാവിധ ഉൽപന്നങ്ങളും സേവനങ്ങളും വിൽപനയ്ക്കെത്തിക്കാനും ആളുകൾക്ക് അവ വാങ്ങാനും സാധിക്കുന്ന ഒരു ഓൺലൈൻ വാണിജ്യ പ്ലാറ്റ്ഫോമാണ് ഒ എൻ ഡി സി. ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് എന്നതാണ് പൂർണ്ണ രൂപം. ആഗോള ഇ-കൊമേഴ്സ് ഭീമന്മാരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഓൺലൈൻ വ്യാപാരമേഖല രാജ്യത്തെ ചെറുകിട, ഇടത്തരം വ്യാപാരികൾക്ക് കൂടി അവസരമൊരുക്കുന്നതിന് ആയിട്ടുള്ള സർക്കാരിന്റെ ഒരു നീക്കമാണിത്. ഉൽപന്നങ്ങൾ വിൽക്കാൻ ചെറുകിട സ്ഥാപനങ്ങൾ സ്വന്തമായൊരു ഇ കൊമേഴ്സ് വെബ്സൈറ്റ് തുടങ്ങുന്നതിനേക്കാൾ ലാഭകരമായിരിക്കും ഇത്. കാരണം ചെറുസ്ഥാപനങ്ങൾ വെബ്സൈറ്റ് തുടങ്ങിയാൽ അതിലേക്ക് ഉപഭോക്താക്കളെ എത്തിക്കാൻ വലിയ പ്രയാസമാണ്. സാധാരണ ഇ കൊമേഴ്സ് വെബ്സൈറ്റുകളെ പോലെ തന്നെ എല്ലാ തരം ഉൽപന്നങ്ങൾക്കും വേണ്ടിയുള്ള ഉപഭോക്താക്കൾ ഒ.എൻ.ഡി.സിയിലുണ്ടാവും. നിലവിലുള്ള സ്വകാര്യ പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് കൂടുതൽ ചെറുകിട സംരംഭകർക്കും വിതരണക്കാർക്കും ഒ.എൻ.ഡി.സിയിലൂടെ വിൽപന നടത്താനാവും. യു.പി.ഐ. പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്ന പോർട്ടലിൽ വിവിധ പേമെന്റ് സേവനങ്ങളിലൂടെ ഡിജിറ്റൽ പണമിടപാടുകളും നടത്താനാവും. വ്യവസായ- ആഭ്യന്തര വ്യാപാര വികസന വകുപ്പാണ് ഒഎൻഡിസി പോർട്ടൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽനടക്കുന്ന തട്ടിപ്പുകൾ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ മുൻകൈയെടുത്ത് പുതിയ പ്ലാറ്റ്ഫോം ഉണ്ടാക്കിയിരിക്കുന്നത്.
ഒഎൻഡിസിയുടെ പ്രവർത്തനം
ഉപഭോക്താക്കളുടേയും വിൽപനക്കാരുടേയും പ്ലാറ്റ്ഫോം ആണിത്. ഉപഭോക്തൃ സേവനത്തിനായി ബയർ ആപ്പുകളും വിൽപനക്കാരുടെ സേവനത്തിനായി സെല്ലർ ആപ്പുകളും ഉണ്ടാവും. ബയർ ആപ്പുകളെയും സെല്ലർ ആപ്പുകളെയും ലോജിസ്റ്റിക്സ് കമ്പനികളെയും പരസ്പര പൂരകങ്ങൾ ആക്കുന്ന ഡിജിറ്റൽ ശൃംഖലയാണ് ഒഎൻഡിസി.
ഒ എൻ ഡി സിയുടെ പ്രത്യേകത ഒരുപാട് ഇ കൊമേഴ്സ് സൈറ്റുകളെ ഒറ്റ നെറ്റ് വർക്കിലേക്ക് എത്തിക്കുക എന്നതാണ്. ഉദാഹരണമായി ഇപ്പോൾ ആമസോണിൽ നിന്നും ഒരുൽപ്പന്നം വാങ്ങണമെന്നിരിക്കട്ടെ. അതിന് ആമസോണിൽ തിരയണം. എന്നാൽ അതേ ഉൽപ്പന്നം തന്നെ ഫ്ളിപ്പ് കാർട്ടിൽ ഉണ്ടോ എന്നറിയണമെങ്കിൽ ഫ്ളിപ്പ്കാർട്ട് തുറക്കേണ്ടതുണ്ട്. ഒപ്പം വിമാന ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ മേക്ക് മൈ ട്രിപ്പ് പോലുള്ള ആപ്ലിക്കേഷനിൽ എത്തേണ്ടതുണ്ട്. അതായത് ഫ്ളിപ്പ് കാർട്ടിൽ കയറുന്ന ഒരു വ്യക്തിക്ക് ആ പ്ലാറ്റ്ഫോമിൽ മാത്രമുള്ള ഉൽപ്പന്നങ്ങൾ മാത്രമേ കാണുവാൻ സാധിക്കുകയുള്ളു. എന്നാൽ ഒ എൻ ഡി സിയിൽ ഇതെല്ലാം ഒരുമിച്ച് സാധ്യമാണ്. അതായത് ഒരു ഉപഭോക്താവിന് ഒറ്റ പ്ലാറ്റ് ഫോമിൽ എത്തിയാൽ ബാക്കിയെല്ലാം കാണുവാൻ സാധിക്കുമെന്നർത്ഥം.
എന്തിന് ഒ എൻ ഡി സി
സാധനങ്ങൾ വാങ്ങുന്നവരേയും വിദൂര മേഖലകളിലെ പ്രാദേശിക വിൽപനക്കാരേയും സഹായിക്കുകയും എല്ലാവരേയും ഇ-കോമേഴ്സ് സംവിധാനത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ഓപ്പൺ നെറ്റ്വർക്ക് ആയ ഒ എൻ ഡി സിയുടെ ലക്ഷ്യം. ഡിജിറ്റൽ വ്യാപാര മേഖലയുടെ നിലവിലുള്ള കേന്ദ്രീകൃത മാതൃകയിൽ നിന്ന് പൊതുവ്യാപാര ശൃംഖലയിലേക്കുള്ള മാറ്റമാണ് ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഛചഉഇ) പോർട്ടൽ കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.
ഒ എൻ ഡി സിയിലേക്ക് പുതിയ കമ്പനികളും
പേയ് ടി എം, ഫോൺ പേ, ടാലി ഉൾപ്പെടെ 80 ലധികം കമ്പനികൾ ഒഎൻഡിസിയുടെ ഭാഗമാകാൻ ഇതിനകം തന്നെ താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഫാഷൻ രംഗത്തെ പ്രമുഖ ഓൺലൈൻ സൈറ്റായ ങലലവെീ ഈ പദ്ധതിയുടെ ഭാഗമാകുവാൻ ഒരുങ്ങിക്കഴിഞ്ഞു. വാങ്ങുന്നവർക്ക് വിപുലമായ ഉൽപന്നങ്ങൾ കണ്ടെത്തുന്നതിനും സൂക്ഷ്മ പ്രാദേശിക വിതരണക്കാർക്ക് വിപുലമായ വിപണി ലഭ്യമാക്കുന്നതിനും ഉള്ള നീക്കങ്ങൾ ത്വരിതപ്പെടുത്തുന്നതാകും മീഷോയുടെ ഈ നീക്കം. ഇന്റർനെറ്റ് കോമേഴ്സ് എല്ലാവർക്കും ലഭ്യമാക്കി ജനാധിപത്യവൽക്കരിക്കുക എന്ന മീഷോയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായ ഈ നീക്കത്തിന്റെ പൈലറ്റ് പദ്ധതി ബെംഗലൂരുവിലാകും നടപ്പാക്കുക. തുടർന്നുള്ള മാസങ്ങളിൽ ഇതു മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. മീഷോയുടെ 14 കോടി വരുന്ന വാർഷിക ഇടപാടുകാരിൽ 80 ശതമാനവും ചെറിയ പട്ടണങ്ങളിൽ നിന്നാണ്. രാജ്യത്തെ സേവനമെത്താത്ത ഭാഗങ്ങളിലെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ എത്തിക്കുന്നതിൽ നിർണായക പങ്കാണു കമ്പനി വഹിക്കുന്നത്. എട്ടു ലക്ഷത്തിലേറെ വിൽപനക്കാരാണ് നിലവിൽ കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 40 ശതമാനത്തോളം ചെറിയ പട്ടണങ്ങളിലും അതിനപ്പുറത്തും നിന്നുള്ളവരാണ്. ഈ നിലയിലുള്ള കമ്പനിയുടെ നീക്കങ്ങൾക്കു കൂടുതൽ ശക്തി പകരുന്നതാവും ഒ എൻ ഡി സിയുമായുള്ള സഹകരണം.
ചെറുകിട സംരംഭകർക്ക് എങ്ങനെ സഹായകരമാകും
ചെറുകിട ബിസിനസ്സ്കാർക്ക് ഇ കൊമേഴ്സ് രംഗത്തേക്ക് കടന്ന് വരുവാൻ വലിയൊരു അവസരമാണ് ഒ എൻ ഡി സി വഴി ലഭ്യമാകുന്നത്. ഉദാഹരണമായി കേരളത്തിലെ കുടുംബശ്രീ. അവർക്ക് സ്വന്തമായി വെബ്സൈറ്റുണ്ട്. പക്ഷേ ഇതെത്ര പേർക്ക് അറിയാമെന്നത് ഒരു ചോദ്യമാണ്. എന്നാൽ കുടുംബശ്രീ ഒ എൻ ഡി സിയുമായി കൈ കോർത്താൽ കിട്ടുന്ന വിപണി എത്രയോ വലുതായിരിക്കും. മറ്റൊന്ന് കേരളത്തിലെ കരകൗശല വിദഗ്ദരുടെ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട വിപണി കണ്ടെത്തുവാൻ ഏറ്റവും നല്ല പ്ലാറ്റ്ഫോം ആയിരിക്കും ഇത്. ദശലക്ഷക്കണക്കിന് ചെറുകിട ഉൽപ്പാദകർക്കും വ്യാപാരികൾക്കും തങ്ങളുടെ ബിസിനസ് വിപുലീകരണത്തിന് ഏറ്റവും സഹായകരമായ ഒന്നായിരിക്കും ഇത്.
ഉപഭോക്താക്കൾക്ക് എങ്ങനെ സഹായകരമാകും
ഉപഭോക്തക്കളെ സംബന്ധിച്ച് ഏറെ സഹായകരമായ ഒന്നായിരിക്കും ഇതെന്നതിന് പക്ഷാന്തരമില്ല. ഒരൊറ്റ പ്ലാറ്റ്ഫോമിൽ ജോയിൻ ചെയ്യുന്നയൊരു വ്യക്തിക്ക് എല്ലാ തലത്തിലുമുള്ള ഉൽപ്പന്നങ്ങളേയും കാണുവാനും ഓർഡർ നൽകുവാനും കഴിയുന്നതാണ്. കൂടുതൽ ബയർ ആപ്പുകൾ ഉള്ളതിനാൽ വിൽപനക്കാർക്കു കൂടുതൽ ഉപഭോക്താക്കളെ ലഭിക്കാനും കൂടുതൽ സെല്ലർ ആപ്പുകൾ ഉള്ളതിനാൽ ഉപഭോക്താവിന് മികച്ച ഉത്പന്നം വിലക്കുറവിൽ തങ്ങൾക്കു ഇഷ്ടമുള്ള സ്ഥലത്തു നിന്ന് വാങ്ങാനും ഉള്ള സൗകര്യം ഉണ്ടാവും. ചുരുക്കത്തിൽ ഉപഭോക്താവിനു തെരഞ്ഞെടുക്കാൻ കൂടുതൽ ഓഫറുകൾ ഉണ്ടാവും.
ആശങ്കകൾ ഇല്ലാതില്ല
ഉൽപന്നങ്ങളുടെ ഗുണമേന്മ എങ്ങനെ ഉറപ്പിക്കും. അതിനുള്ള ഉത്തരവാദിത്വം ആർക്കാണ് തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. പണമിടപാടുകൾ, ഉൽപന്നങ്ങളുടെ ചരക്കുനീക്കം എന്നിവയുടെ പ്രവർത്തനം എങ്ങനെ ആയിരിക്കും എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഇ കൊമേഴ്സ് രംഗത്തെ കുത്തക കമ്പനികൾക്കെതിരെ രംഗത്ത് വരുമ്പോൾ തന്നെ വിപണിയിൽ വലിയ മത്സരം നേരിടേണ്ടിവരും എന്നുറപ്പ്. സ്വകാര്യ കമ്പനികൾ നൽകുന്ന ആകർഷകമായ ഓഫറുകളോടും ഡീലുകളോടും ഒ.എൻ.ഡി.സി. പ്ലാറ്റ്ഫോം എങ്ങനെ മത്സരിക്കുമെന്നതും കണ്ടറിയേണ്ടതുണ്ട്.