ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്


ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി

കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ വച്ച് സംഘടിപ്പിക്കുകയാണ്. 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ വച്ച് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം കേരളത്തിന്റെ വ്യവസായിക രംഗത്ത് വിപ്ലവകരമായ വിധത്തിൽ നിക്ഷേപങ്ങൾ ആകർഷിക്കും. കേരള വ്യവസായ നയം ലക്ഷ്യമിടുന്ന നൂതന വ്യവസായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്റെ തന്നെ ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറാനാണ് കേരളം ശ്രമിക്കുന്നത്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തുതന്നെ ഒന്നാമതുള്ള കേരളം പല ലോകോത്തര കമ്പനികളുടെയും നിക്ഷേപ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം കടന്നുവരുന്നത് എന്നത് അനുകൂലഘടകമാണ്. ഒപ്പം ഇതിനായി മികച്ച മുന്നൊരുക്കങ്ങൾ സംസ്ഥാനം നടത്തുന്നുമുണ്ട്.

ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ പ്രധാന നഗരങ്ങളിൽ സംരംഭകരുമായി നടത്തുന്ന റോഡ് ഷോകൾ നടന്നുവരികയാണ്. ഇതിന് ശേഷം വിവിധ വിദേശ രാജ്യങ്ങളിലും കേരളം റോഡ് ഷോകൾ സംഘടിപ്പിക്കും. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്‌സ് റൗണ്ട് ടേബിൾ കോൺക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്‌സ് റൗണ്ട് ടേബിൾ, ഫുഡ് ടെക് കോൺക്ലേവ്, ഇന്റർനാഷണൽ ബയോടെക്‌നോളജി ആന്റ് ലൈഫ് സയൻസ് കോൺക്ലേവ്, റീസൈക്ലിങ്ങ്&വേസ്റ്റ് മാനേജ്‌മെന്റ് കോൺക്ലേവ് എന്നിവ നമ്മൾ പൂർത്തിയാക്കിയിട്ടുണ്ട്. നഗരവൽക്കരണവും, വ്യവസായ വൽക്കരണവും അതിവേഗം നടന്നു കൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് വിവിധ കോൺക്ലേവുകളിലായി നൂറു കണക്കിന് കമ്പനികളാണ് പങ്കെടുത്തത്. കേരളം രാജ്യത്തെ നിക്ഷേപ സൗഹൃദവും, വ്യവസായ സൗഹൃദവുമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണെന്നുള്ളതിന്റെ ദിശാസൂചികയാണ് ഇത്തരം കോൺക്ലേവുകളിൽ കമ്പനികളുടെ മുന്നേറ്റത്തിലൂടെ നമുക്ക് ദൃശ്യമാകുന്നത്. 12 സെക്ടറൽ കോൺക്ലേവുകളിൽ അവശേഷിക്കുന്നവയും ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിന് മുൻപായി സംഘടിപ്പിക്കും. കേരളം ഇന്നേവരെ കാണാത്ത ചരിത്രസംഭവമായി ഈ ആഗോള നിക്ഷേപക സംഗമം മാറും.