ഇനി സ്കെയിലപ്പിലേക്ക്

മുഖക്കുറിപ്പ്

ഇനി സ്കെയിലപ്പിലേക്ക്

ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

2022-2023 വർഷം സംരംഭക വർഷമായി ആചരിച്ചു വരുകയാണ്. കൂടുതൽ സംരംഭങ്ങൾ സ്ഥാപിച്ച് തൊഴിലും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിന് സംരംഭക വർഷം പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. 2023-24 വർഷം സംരംഭങ്ങളുടെ ”സ്കെയിലപ്പിന്” പ്രാധാന്യം നൽകുകയെന്നതാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യം. എന്താണ് സ്കെയിലപ്പ്? ശരിയായ ആസൂത്രണത്തിലൂടെ കൂടുതൽ ഫണ്ടിങ്ങിലൂടെ നിലവിലുളള സംരംഭങ്ങളുടെ ഉല്പാദനം, സാങ്കേതിക വിദ്യ, വില്പന, തൊഴിൽ, നിക്ഷേപം എന്നിവ ഉയർത്തുകയെന്നതാണ് സ്കെയിലപ്പിന്റെ ലക്ഷ്യം. സ്കെയിലപ്പിലൂടെ സംരംഭത്തിന്റെ മൊത്തമായുളള വളർച്ച സാദ്ധ്യമാകുന്നു. നവീനമായ ആശയങ്ങൾ സാങ്കേതിക വിദ്യ എന്നിവ നടപ്പിലാക്കി സംരംഭങ്ങളെ പരിവർത്തനം ചെയ്യുന്നതിന് സ്കെയിലപ്പിലൂടെ സാദ്ധ്യമാകുന്നു. സംരംഭത്തിന്റെ എല്ലാ തലങ്ങളിലും വലുപ്പം വർദ്ധിപ്പിച്ച് വളർച്ച നേടുകയെന്നതും സ്കെയിലപ്പാണ്. സംരംഭത്തിന്റെ നിലവിലെ സാങ്കേതിക വിദ്യയിൽ മാറ്റം വരുത്തുക, ഉല്പാദനം വർദ്ധിപ്പിക്കുക, വിപണി വിപുലീകരിക്കുക, തൊഴിൽ വർദ്ധിക്കുക, ലാഭ സാദ്ധ്യത ഉയരുക എന്നീ കാര്യങ്ങൾ സ്കെയിലപ്പിലൂടെ സാദ്ധ്യമാകുന്നു. സ്കെയിലപ്പിലൂടെ സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങളാക്കുവാനും ചെറുകിട സംരംഭങ്ങളെ ഇടത്തരം സംരംഭങ്ങളാക്കി മാറ്റുവാനും കഴിയുന്നതാണ്. നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യയും നടപ്പിലാക്കുന്നതിലൂടെ ഏറ്റവും കുറഞ്ഞത് 20 % മുതൽ 25 % വരെ ഓരോ സംരംഭത്തിന്റെയും ഉല്പാദനം, തൊഴിൽ, വിപണി, നിക്ഷേപം എന്നിവ ഉയർന്നു കഴിഞ്ഞാൽ അത് സ്കെയിലപ്പായി പരിഗണിക്കാവുന്നതാണ്. സംരംഭം വളർത്തുന്നതിലൂടെ അത് ഒരു രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദനം, തൊഴിലവസരങ്ങൾ, നിക്ഷേപം എന്നിവ വർദ്ധിക്കുന്നതിന് സഹായകരമാകുന്നു. ”സ്കെയിലപ്പ്” പദ്ധതി നടപ്പിലാക്കുന്നതിലൂടെ നിലവിലുളള സംരംഭങ്ങളുടെ ദൗർബല്യ മേഖലകളെ കണ്ടെത്തി പരിഹരിക്കുന്നതിലൂടെ സംരംഭങ്ങളെ കൂടുതൽ ശക്തമാക്കുന്നതിന് കഴിയുമെന്ന് പ്രത്യാശിക്കാം.