അലങ്കാര മത്സ്യ മേഖലയിലെ ധന്യവിജയം കേരള അക്വേറിയം

കെ.എൽ. അജയകുമാർ

കേരളത്തിൽ, അലങ്കാര മത്സ്യ വിനോദത്തിനും പരിപാലനത്തിനുമുളള ആധുനിക സജ്ജീകരണങ്ങളെയും അനുബന്ധ ഉപകരണങ്ങളെയും ജനകീയമാക്കുന്നതിൽ വിജയം വരിച്ച നവ സംരംഭമാണ് കേരള അക്വേറിയം. വർക്കലയിൽ ചെറുകുന്നം എന്ന പ്രദേശത്ത് ചെറു സംരംഭമായി ആരംഭിച്ച കേരള അക്വേറിയം, ഇന്ന് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച സംരംഭകയ്ക്കുളള കേരള സർക്കാരിന്റെ വ്യവസായ വകുപ്പ് നൽകുന്ന അവാർഡ് കരസ്ഥമാക്കിയിരിക്കുന്നു.

സംരംഭം തുടങ്ങാനുളള താൽപര്യം മാത്രമുണ്ടെങ്കിലും കേരളത്തിൽ അത് ആരംഭിച്ച് വിജയത്തിലെത്തിക്കാൻ സാധിക്കുമെന്നതിന് ഏറ്റവും നല്ല തെളിവാണ് കേരള അക്വേറിയത്തിന്റെ വിജയ ഗാഥ. 2018 ലാണ് ധന്യശ്രീ മോഹനും ഭർത്താവ് സജി ഭുവനചന്ദ്രനും ചേർന്ന് സംരംഭം ആരംഭിക്കുവാൻ തീരുമാനിക്കുന്നത്. അലങ്കാര മത്സ്യങ്ങളോടുളള സജിയുടെ താൽപര്യമാണ് ഇങ്ങനെയൊരു മേഖലയിൽ സംരംഭം ആരംഭിക്കാമെന്ന തീരുമാനത്തിലേയ്ക്ക് നയിച്ചത്. കൂടാതെ, അലങ്കാര മത്സ്യങ്ങളോട് പൊതുജനങ്ങൾക്കിടയിൽ വർദ്ധിച്ച് വരുന്ന താൽപര്യവും ഇത്തരമൊരു സംരംഭം ആരംഭിക്കുന്നതിന് പ്രചോദനമായി. തനിക്ക് ടൂറിസവുമായി ബന്ധപ്പെട്ട് കുറച്ച് കാലം പ്രവർത്തിക്കാനായതും സജിയുടെ സെയിൽസ് മാനേജർ ജോലിയിൽ നിന്നും ലഭിച്ച അറിവുകളും ഈ മേഖലയിൽ ഉപകാരപ്പെട്ടുവെന്ന് ധന്യശ്രീ പറയുന്നു. എങ്കിലും സംരംഭം ആരംഭിക്കുന്നതിന് മുന്നേ അലങ്കാര മത്സ്യ വിപണിയെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും ഇരുവരും പഠിച്ചു. അതിനായി ഇന്ത്യയ്ക്കകത്ത് ഇത്തരം സംരംഭങ്ങൾ നേരിൽ കാണുകയും പുതു സജ്ജീകരണങ്ങളെയും അനുബന്ധ സംവിധാനങ്ങളെയും പരിചയപ്പെടുകയും ചെയ്തു. സംരംഭകർ അവരുടെ സംരംഭക മേഖലയിലെ മികച്ച പഠിതാക്കളായിരിക്കണം എന്നാണ് ധന്യശ്രീയുടെ അഭിപ്രായം.

സംരംഭങ്ങൾ ആരംഭിക്കുന്നവർ മാനസികമായി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നെഗറ്റീവ് അഭിപ്രായങ്ങളാണെന്നാണ് ഈ സംരംഭകയുടെ അഭിപ്രായം. അതിനെ നേരിടാനായാൽ തീർച്ചയായും സംരംഭത്തെ വിജയത്തിലെത്തിക്കാൻ സാധിക്കുമെന്നതിന് തെളിവാണ് കേരള അക്വേറിയമെന്നും അവർ പറയുന്നു. സംരംഭം എവിടെ ആരംഭിക്കുമെന്നായിരുന്നു ആദ്യത്തെ വെല്ലുവിളി. വീടിന്റെ മട്ടുപ്പാവിൽ ആരംഭിക്കാം എന്ന തീരുമാനത്തിന് ഏറെ നെഗറ്റീവ് അഭിപ്രായങ്ങൾ വന്നുവെന്ന് ഇവർ പറയുന്നു. എന്നാൽ മട്ടുപ്പാവിൽ വൻമരങ്ങൾ വരെ കൃഷി ചെയ്യുന്ന ഇക്കാലത്ത് വീട്ടിനടുത്തെന്നല്ല, വീട്ടിന് മുകളിൽ തന്നെ ഒരു സംരംഭം എന്തുകൊണ്ട് ആരംഭിച്ചുകൂടാ എന്ന ചിന്ത അവിടെ തന്നെ സംരംഭം ആരംഭിക്കുന്നതിലേയ്ക്ക് നയിച്ചു. തിരിഞ്ഞ് നോക്കുമ്പോൾ ഏറ്റവും നല്ല തീരുമാനമായിരുന്നു അതെന്ന് സംരംഭക ഉറപ്പിച്ച് പറയുന്നു. വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിനും കുട്ടികളെ ശ്രദ്ധിക്കുന്നതിനും ഒപ്പം ബിസിനസിനെ വിജയത്തിലേയ്ക്ക് നയിക്കാൻ സാധിച്ചതിന് ഇതും ഒരു കാരണമായിരുന്നെന്നാണ് ധന്യശ്രീ പറയുന്നത്.

2018 ൽ സംരംഭം ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ധന്യശ്രീയും സജിയും വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. വ്യവസായ വകുപ്പിന്റെ സഹായത്തോടെ പി.എം.ഇ.ജി.പി സ്കീം വഴി ആവശ്യമായ മൂലധനം ആർജ്ജിക്കാൻ തീരുമാനിച്ചു. തുടർന്ന് വർക്കല മുനിസിപ്പാലിറ്റി പരിധിയിലെ വ്യവസായ വികസന ഓഫീസറിന്റെ നേരിൽ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിച്ചു. അങ്ങനെയാണ് വനിതകൾക്കും യുവ സംരംഭകർക്കും സർക്കാർ നൽകുന്ന അധിക പരിഗണനകളെ കുറിച്ച് അറിയാനിടയായത്. തുടർന്ന് ധന്യശ്രീയുടെ പേരിൽ സംരംഭം തുടങ്ങുകയായിരുന്നു. ഇന്ത്യൻ ബാങ്ക് വർക്കല ബ്രാഞ്ചിൽ നിന്നും പി.എം.ഇ.ജി.പി സ്കീം വഴി ഏഴ് ലക്ഷം രൂപ ലോൺ സമാഹരിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. ആകെ നിക്ഷേപം ക്രമേണ പതിനഞ്ച് ലക്ഷം രൂപയായി ഉയർന്നു. 2019 മാർച്ചിൽ സംരംഭം ആരംഭിച്ചു. അലങ്കാര മത്സ്യ വിപണനത്തിനുളള സജ്ജീകരണങ്ങളും ഉപകരണങ്ങളും ക്രമീകരിച്ച് നൽകുക, അവയുടെ പരിപാലനം കാലാകാലങ്ങളിൽ ചെയ്തുകൊടുക്കുക, അനുബന്ധ അലങ്കാര സംവിധാനങ്ങൾ നിർമ്മിക്കുക മുതലായവയാണ് യൂണിറ്റിൽ പ്രധാനമായും ചെയ്തു വരുന്നത്. അലങ്കാര മത്സ്യങ്ങളുടെ വിപണനവും ഇതോടൊപ്പം ചെയ്യുന്നുണ്ട്. വ്യവസായ വകുപ്പിൽ നിന്നും ലഭിച്ച സഹായങ്ങൾക്ക് പരിധിയില്ലെന്നായിരുന്നു ഇവർ പറഞ്ഞത്.

വിലാസം:
ധന്യശ്രീ മോഹൻ,
കേരള അക്വേറിയം,
ശ്രീ മോഹനം, റെയിൽവേ സ്റ്റേഷന് സമീപം,
ചെറുകുന്നം, വർക്കല. പി.ഓ.
ഫോൺ – 9496549195