അനന്തസാധ്യതകളുമായി വ്യവസായ മേഖല

ശ്രീ. പി.രാജീവ്
വ്യവസായം, വാണിജ്യം, നിയമം കയർ വകുപ്പ് മന്ത്രി

വ്യവസായ വകുപ്പിന് കീഴിൽ പുതിയൊരു വ്യവസായ പാർക്ക് കൂടി തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു. കിൻഫ്രയുടെ നേതൃത്വത്തിൽ തിരുവനന്തപുരം തോന്നയ്ക്കലിൽ പണി തീർത്ത മിനി ഇന്റസ്ട്രിയൽ പാർക്ക് ജില്ലയിലെ വ്യവസായങ്ങൾക്ക് പുതിയ സങ്കേതമായി മാറും. മലിനീകരണം ഇല്ലാത്ത ജനറൽ കാറ്റഗറിയിലുള്ള വ്യവസായങ്ങൾക്കായി തുറക്കുന്ന പാർക്ക് നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ കമ്പനികൾ പൂർണമായും ഏറ്റെടുത്തു എന്നത് കേരളം വ്യവസായരംഗത്ത് തിരിഞ്ഞുനോക്കേണ്ടതില്ല എന്ന സന്ദേശം നൽകുന്നതാണ്. പ്രതിരോധം, എയ്റോസ്പേസ്, ഫുഡ്, ലോജിസ്റ്റിക്സ്, ഹാർഡ് വെയർ, ഫർണിച്ചർ തുടങ്ങി വിവിധ മേഖലകളിലായി പതിനെട്ട് സംരംഭങ്ങളാണ് പാർക്കിൽ രജിസ്റ്റർ ചെയ്തത്. അൻപതിലധികം കോടി രൂപയുടെ നിക്ഷേപവും 350ഓളം തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് തന്നെ പാർക്കിന് സാധിച്ചിരുന്നു. റോഡുകൾ, ജലവിതരണ സൗകര്യം, വൈദ്യുതി വിതരണ സംവിധാനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്.

പാർക്കുകൾക്ക് പുറമെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വഴിയെത്തിയ നിക്ഷേപവാഗ്ദാനങ്ങളും നിക്ഷേപങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. 2025 ഫെബ്രുവരി 21,22 തീയതികളിൽ സംഘടിപ്പിച്ച IKGS ലെ 4 നിക്ഷേപ പദ്ധതികൾക്ക് കഴിഞ്ഞ മാസം തുടക്കം കുറിക്കാൻ സാധിച്ചെങ്കിൽ മെയ് മാസത്തിൽ 2675 കോടിയുടെ 8 പദ്ധതികൾ കൂടി തുടക്കം കുറിക്കുകയോ വരും ദിവസങ്ങളിൽ തുടങ്ങാൻ പോകുകയോ ആണ്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് ആന്റ് ഹോസ്പിറ്റൽ, പോസിറ്റീവ് ചിപ്പ് ബോർഡ്സ്, എം. എസ് വുഡ് അലയൻസ് പാർക്ക്, ഡൈനിമേറ്റഡ് എന്നീ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. കല്യാൺ സിൽക്സ്, അത്താച്ചി, സതർലാന്റ്, ഗാഷ സ്റ്റീൽസ്, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡെൽറ്റ അഗ്രഗേറ്റ്സ് ഇൻഡസ്ട്രിയൽ പാർക്ക്, ഇന്ദ്രപ്രസ്ഥ, ജിയോജിത് എന്നിവർ താൽപര്യപത്രം ഒപ്പു വച്ച 2675 കോടി രൂപയുടെ പദ്ധതികളാണ് ഈ മാസം ആരംഭിക്കുകയോ പ്രാഥമിക നടപടികൾ പൂർത്തിയാക്കുകയോ ചെയ്തിരിക്കുന്നത്. ജൂണിൽ 1117 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമാകും. ബ്ലൂസ്റ്റാർ, അവിഗ്ന, എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽ, കെ ബോർഡ് റബ്ബർ, കൃഷ്ണ കല മെഡിക്കൽ സയൻസസ് എന്നിവരുടെ പദ്ധതികളാണ് ജൂണിൽ ആരംഭിക്കുന്നത്.

പ്രധാന പദ്ധതികളുടെ നിർമ്മാണ പുരോഗതി മന്ത്രിയെന്ന നിലയിൽ നേരിട്ട് സന്ദർശിച്ച് വിലയിരുത്തും. നിക്ഷേപ താൽപര്യപത്രങ്ങളുടെ തത്സമയ ട്രാക്കിംഗിനായി വെബ്പോർട്ടൽ രൂപകൽപന ചെയ്ത് ഉദ്ഘാടനം ചെയ്തിരുന്നു. നിക്ഷേപകരുടെ പ്രശ്നങ്ങൾ സമയ ബന്ധിതമായി പരിഹരിക്കുന്നതിന് 5 ഘട്ടങ്ങളുള്ള എസ്കലേഷൻ പ്രോട്ടോക്കോളും തയ്യാറാക്കിയിട്ടുണ്ട്.

ഇതുവരെ 450 ലധികം കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. 4.80 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയാണ് നിർദ്ദേശങ്ങളിലുള്ളത്