വരുന്നു ചാറ്റ് ജി പി റ്റി
ലോറൻസ് മാത്യു
വരുന്നു ചാറ്റ് ജി പി റ്റി
സാങ്കേതിക വിദ്യകൾ അതി വേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മാറുന്ന സാങ്കേതിക വിദ്യകൾ ചിലപ്പോഴൊക്കെ നിലവിലുള്ള വലിയ കമ്പനികളെത്തന്നെ തകർത്ത് കളയുകയും പുതിയ നിരവധി കമ്പനികൾക്ക് ഉദയമാവുകയും ചെയ്യുന്ന സംഭവങ്ങൾക്ക് നമ്മൾ സാക്ഷിയാവാറുണ്ട്. ഒരു തൊഴിലാളി എന്ന നിലയിലും അല്ലാതെയുമൊക്കെ ഇത്തരം സംഭവങ്ങൾ നമ്മളെയൊക്കെ സാരമായി ബാധിക്കാറുമുണ്ട്. പ്രത്യേകിച്ചും സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ബിസിനസ്സുകൾ നമ്മുടെ ശീലങ്ങളെപ്പോലും നിയന്ത്രിക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ.
ഇത്തരമൊരു വാർത്തയാണ് ഇപ്പോൾ ടെക് ലോകത്ത് ശ്രദ്ധ നേടുന്നത്. എന്തിനുമേതിനും നാം ആശ്രയിക്കുുന്ന ഗൂഗിൾ എന്ന ഭീമൻ വിസ്മൃതിയിലാകുമോ? തൽസ്ഥാനം ചാറ്റ് ജി പിറ്റി കൈയ്യടക്കുമോ? ഈ ചോദ്യത്തിന് പിറകേയാണ് ഇപ്പോൾ സാങ്കേതിക ലോകവും തദ്വാരാ ബിസിനസ് ലോകവും. ലോകത്തെ ഒട്ടുമിക്ക മനുഷ്യരും ആശ്രയിക്കുന്ന സെർച്ച് എഞ്ചിനായ ഗൂഗിളിന്റെ ആധിപത്യം അവസാനിപ്പിക്കാൻ ചാറ്റ് ജിപിടി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു എന്നാണ് സാങ്കേതിക ലോകം വിശ്വസിക്കുന്നത്. കൂട്ടാനും കവിതചൊല്ലാനും റെസ്യൂമിനുംവരെ ജിപിടി നിങ്ങളെ സഹായിക്കും. ചുരുക്കി പറയണമെങ്കിൽ ചുരുക്കും, ദീർഘിപ്പിക്കണമെങ്കിൽ അങ്ങനെയും. ചുരുക്കിപറഞ്ഞാൽ മിടുമിടുക്കനാണ് ചാറ്റ് ജിപിടി. 2022 നവംബറിലാണ് ചാറ്റ് ജിപിടി ലോഞ്ച് ചെയ്തത്. രണ്ടു ദിവസം കൊണ്ടു തന്നെ 5 മില്യൻ ആളുകൾ ഇതിന്റെ സേവനം ഉപയോഗപ്പെടുത്തി. ടെക് വേൾഡിൽ അതൊരു റെക്കോഡായി.
എന്താണ് ചാറ്റ് ജി പി ടി
ശാസ്ത്രനേട്ടത്തിലൂടെ വിവിധ മേഖലകളിൽ അത്ഭുതകരമായ പുരോഗതി കൈവരിക്കാൻ ലോകത്തിന് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ബഹിരാകാശം അങ്ങനെ നിരവധി മേഖലകളിൽ ഈ മുന്നേറ്റം സാധ്യമായി. മുൻ തലമുറ വളരെ കഠിനമാണെന്ന് രേഖപ്പെടുത്തിയ പല പ്രക്രിയകളും ഇന്ന് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഉപയോഗിക്കാൻ ശാസ്ത്രത്തിന്റെ മുന്നേറ്റത്തിലൂടെ ഇന്ന് മനുഷ്യന് സാധിച്ചിട്ടുണ്ട്. ആർടിഫിഷ്യൽ ഇന്റലിജൻസിലൂടെയും ഇത്തരത്തിൽ പുരോഗതി കൈവരിക്കാൻ ലോകത്തിന് കഴിഞ്ഞു. ഇന്റർനെറ്റ് സംവിധാനം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ നിരവധി വഴികൾ ഇന്ന് ഉണ്ട്. അലക്സയും ഗൂഗിളുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. എന്നാൽ അതിനേക്കാൾ കേമമായി വിവരങ്ങൾ നൽകാൻ കഴിയുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ചാറ്റ് ജിപിടി എന്ന ബോട്ട്. ചാറ്റ് ജിപിടി കാര്യങ്ങൾ ഓട്ടോമാറ്റിക്കായി ചെയ്യാൻ സഹായിക്കുന്ന പ്രോഗ്രാമിങ്ങെന്നും പറയാം.
ചാറ്റ് ജിപിടി ഇപ്പോഴൊരു വെബ്സൈറ്റാണ് (chat.openai.com). നിലവിൽ ഇത് ശൈശവദശയിലാണ്. നമ്മുടെ ചോദ്യങ്ങൾ എത്രതന്നെ ഗഹനമായാലും അതിന് കൃത്യമായൊരുത്തരം നൽകാൻ ചാറ്റ് ജിപിടിക്ക് കഴിയും. ഗൂഗിളിൽ എന്തെങ്കിലുമൊരു കാര്യത്തെക്കുറിച്ച് തിരഞ്ഞാൽ നിരവധി ഉത്തരങ്ങൾ ഗൂഗിൾ നൽകും. അതിൽ നിന്ന് ഏറ്റവും യോജ്യമായത് നമ്മൾ തെരഞ്ഞെടുക്കണം. എന്നാൽ ചാറ്റ് ജിപിടിയിൽ നമ്മൾ ചോദ്യങ്ങൾ ചോദിക്കുന്നത് റോബോർട്ടിനോടാണ്. നമ്മുടെ ചോദ്യങ്ങൾക്ക് വേൾഡ് വൈഡ് വെബിൽ നിന്നുമുള്ള വിവരങ്ങൾ സ്വാംശീകരിച്ച് കൃത്യമായൊരുത്തരം നിമിഷ നേരങ്ങൾകൊണ്ട് റോബോട്ട് നമുക്ക് നൽകും. നിലവിൽ ശൈശവദിശയിലായതുകൊണ്ട് തന്നെ പരിമിതമാണ് ഇത് നൽകുന്ന സേവനങ്ങൾ. എന്നാൽ ഭാവിയിൽ വലിയൊരു മാറ്റമുണ്ടാക്കാൻ ചാറ്റ് ജിപിടിക്ക് സാധിക്കും.
പ്രി ജെനറേറ്റീവ് പ്രീട്രെയ്ൻഡ് ട്രാൻസ്ഫോമർ എന്നതിന്റെ ചുരുക്കമാണ് ജിപിടി. ഉപയോഗിക്കുന്ന മനുഷ്യരുമായി സംവദിച്ച് വിവരങ്ങൾ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജിപിടിയുടെ പ്രവർത്തനം. മറ്റു സാങ്കേതികവിദ്യപോലെ കമ്പ്യൂട്ടർ നൽകുന്ന പോലെയല്ലാതെ മനുഷ്യൻ വിവരങ്ങൾ നൽകുന്നത് പോലെയാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചാറ്റ് ബോട്ടിന്റെ മറുപടി തൃപ്തികരമല്ലെങ്കിൽ ഫീഡ്ബാക്ക് നൽകാനും അവസരമുണ്ട്. അതു പോലെ പ്രധാനപ്പെട്ട കാര്യമാണ് ഭാഷയും. ചെറിയ കുട്ടികൾ മുതൽ മുതിർന്ന അക്കാഡമീഷ്യൻസ് വരെ ഇത് ഉപയോഗിക്കും എന്നുള്ളതുകൊണ്ട് ചോദ്യം ചോദിക്കുന്ന അതേ രീതിയിലുള്ള ഭാഷാ രീതിയിലേക്ക് മാറാനും ചാറ്റ് ജിപിടിക്ക് മടിയില്ല. എന്നുവച്ചാൽ കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി ചോദ്യം ചോദിച്ച കുട്ടിയുടെ ഭാഷയിലേക്ക് ഈ സംവിധാനം മാറും എന്നർത്ഥം. ചാറ്റ് ബോട്ടിന്റെ മറുപടി തൃപ്തികരമല്ലെങ്കിൽ ഫീഡ്ബാക്ക് നൽകാനും അവസരമുണ്ട്.
ആരാണ് ഇതിന് പിന്നിൽ
നിർമ്മിത ബുദ്ധിയിൽ പുതിയ ഗവേഷണങ്ങൾ നടത്തുവാനായി ലാഭേച്ഛയില്ലാതെ തുടക്കമിട്ട് പിന്നീട് ലാഭേച്ഛയുള്ള കമ്പനിയായി മാറിയിരിക്കുന്ന ഓപ്പൺ എ ഐ വികസിപ്പിച്ച ചാറ്റ് ബോട്ട് ആണ് ചാറ്റ് ജി പി ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർവത്രികമാക്കുകയെന്ന ലക്ഷ്യത്തോടെ സാം ആൾട്ട്മാനും ടെസ്ല ഉടമയും ട്വിറ്റർ വിവാദ നായകനുമായ ഇലോൺ മസ്കും 2015 ൽ തുടക്കമിട്ട സംരംഭമാണ് ഓപ്പൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. 2017 ലാണ് ചാറ്റ് ജി പി ടി അവതരിപ്പിക്കപ്പെട്ടത്. 2022 നവംബറിലാണ് ഇത് പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തത്.
എങ്ങനെയാണ് പ്രവർത്തനം
റീ ഇൻഫോഴ്സ്മെന്റ് ലേണിംഗ് ഫ്രം ഹ്യൂമൺ ഫീഡ്ബാക്ക് എന്ന ട്രെയ്നിംഗ് മെത്തേഡ് ഉപയോഗിച്ചാണ് ചാറ്റ് ജി പി ടി പ്രവർത്തിക്കുന്നത്. എ ഐ യെ പരിശീലിപ്പിക്കാനായി റിവാർഡ് സിസ്റ്റമാണ് ഇത് ഉപയോഗിക്കുന്നത്. ഇതിലൂടെ ആവശ്യമായവയും ആവശ്യമില്ലാത്തവയും വേർതിരിച്ച് പഠിക്കുകയും മനുഷ്യനെപോലെ വിവേചനബുദ്ധി എന്ന കഴിവ് സ്വായത്തമാക്കാനും കഴിയുന്നു. നിരവധി ട്രെയിനികളുടെ സഹായത്താൽ പരിശീലനം നടത്തിയാണ് ഇതിന്റെ രൂപീകരണം പൂർത്തിയാക്കിയത്. വൻ ഡേറ്റാ ശേഖരത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ഇൻറലിജെൻ്സ്, മെഷിൻ ലേണിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യൻറെ സംഭാഷണ രീതികളും മറുപടികളും പരിശീലിപ്പിച്ചെടുത്ത ഒരു ചാറ്റ് ബോട്ടാണിത്. നാച്വറൽ ലാംഗേജ് പ്രോസസിങ്ങ് ആണ് ചെയ്യുന്ന ജോലി. നിലവിലുള്ള മറ്റു സംവിധാനങ്ങളിൽ നിന്നും ചാറ്റ് ജിപിടിയെ വ്യത്യസ്തമാകുന്നതും ഇത്തരം മാറ്റങ്ങളിലൂടെയാണ്. ഓപ്പൺ എ ഐ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ഒരു പവർ പ്ലെയറിൽ നിന്നുള്ള ടൂൾ ആയ ചാറ്റ് ജിപിടി, സ്വാഭാവിക ഭാഷ ഉപയോഗിച്ച് ചോദ്യങ്ങൾ ടൈപ്പുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിനെ ചാറ്റ്ബോട്ട് സംഭാഷണം ആക്കുന്നു, അൽപ്പസമയത്തിനകം ഉത്തരവും നൽകുന്നു. മാത്രമല്ല, ഈ ചാറ്റ്ബോട്ട് നിങ്ങളുടെ ഡയലോഗിന്റെ ത്രെഡ് ഓർക്കുകയും, മുമ്പത്തെ ചോദ്യങ്ങളും ഉത്തരങ്ങളും ഉപയോഗിച്ച് അതിന്റെ അടുത്ത പ്രതികരണങ്ങളിലേക്ക് ഉപയോക്താക്കളെ എത്തിക്കുകയും ചെയ്യുന്നു.
ചാറ്റ് ജി പി ടിയുടെ സാധ്യതകൾ
കണ്ടന്റ് ക്രിയേഷൻ, കണക്കിലെ സമസ്യകൾ, കോഡിങ്, സയൻസ് എന്നിങ്ങനെ ചാറ്റ് ജിപിടിയുടെ ഉപയോഗ സാധ്യതകൾ വളരെ വലുതാണ്.
നമ്മുടെ ദൈനം ദിന ആവശ്യങ്ങൾക്ക് നിരവധിയായി ഉപയോഗപ്പെടുന്നയൊന്നാണ് ചാറ്റ് ജി പി ടി. കണക്കുകൾ കൂട്ടുവാനും അത് വിശദീകരിക്കുവാനും മിടുക്കനാണ് ഇത്. നമ്മുടെ ചോദ്യങ്ങൾ ചാറ്റ് ജി പി ടിയിൽ ടൈപ്പ് ചെയ്തു കൊടുത്താൽ മതി. ഉത്തരങ്ങൾ ഉടനെ വരും. 6 ഉം 8 ഉം എത്രയാണെന്ന് ചോദിച്ചാൽ 14 എന്ന് മറുപടി നൽകുക മാത്രമല്ല എന്ത് കൊണ്ട് 14 എന്ന ഉത്തരമായി വരുന്നുവെന്നതിനും ഇത് വിശദീകരണം നൽകും.
കോഡിങ്ങ് ചെയ്യുന്നവർക്ക് ഏറെ സഹായകരമായ ഒന്നാണ് ഇത്. നമ്മൾക്ക് ആവശ്യമുള്ള പ്രോഗ്രാമിങ്ങ് ലാംഗേജ് ഏതാണെന്ന് പറഞ്ഞ് കൊടുത്താൽ അതനുസരിച്ച് കോഡിങ്ങ് പറഞ്ഞു തരും. പേസ്റ്റ് ചെയ്യേണ്ട രൂപവും മറ്റ് വിശദീകരണങ്ങളും ഒപ്പം പറഞ്ഞ് തരും.
റെസ്യൂമേ, രാജിക്കത്ത്, ബിസിനസ്സ് പ്രൊപ്പോസൽ അങ്ങനെ എന്ത് ചെയ്തു തരുവാനും ഇതിന് കഴിയും. പ്രൊഫഷണൽ രീതിയിൽ തന്നെയുള്ള ഫോർമാറ്റിൽ നമുക്ക് ഇത് ലഭിക്കും. നമ്മുടേതായ രീതിയിൽ മാറ്റം വരുത്തിയാൽ മതിയാകും. ഒരു വാക്ക് അടിച്ച് കൊടുത്തിട്ട് അതെന്താണെന്ന് വിശദീകരിക്കാനാവശ്യപ്പെട്ടാൽ അത് പോലെ ചെയ്യും. ഒരു വിഷയം നൽകി അത് എത്ര വാക്കുകളിൽ വിശദീകരിക്കണമെന്നും നിശ്ചയിക്കുവാനാകും.
വർക്ക് ഔട്ട് പ്ലാനോ, ഡയറ്റ് പ്ലാനോ ഏതുമാവട്ടെ ഒരു പേഴ്സണൽ അസിസ്റ്റൻറിനെപ്പോലെ പറഞ്ഞു തരുവാൻ റെഡിയാണ് ചാറ്റ് ജി പി റ്റി. ഏതൊക്കെ ദിവസം എന്തൊക്കെ കഴിക്കണമെന്ന് വരെ കൃത്യമായി പറഞ്ഞു തരുവാൻ ഇതിനാകും. അതും എത്ര ഗ്രാം വേണമെന്നുള്ള കൃത്യമായ അളവിൽ തന്നെ പറഞ്ഞു തരും. വേണമെങ്കിൽ അതും ചാറ്റ് ജി പി റ്റിയിലുണ്ട്. ഭാഷയും കഥ വേണ്ട ആളുടെ വയസ്സും കൊടുത്താൽ അതനുസരിച്ചുള്ള കഥ അച്ചടിച്ച് വരും.
ഗൂഗിളിനെ മറി കടക്കുമോ
നാം തേടുന്ന വിവരങ്ങൾ അതുള്ളിടത്ത് നിന്നും തിരഞ്ഞ് മുന്നിലെത്തിക്കുകയാണ് ഗൂഗിൾ ചെയ്യുന്നത്. ഈ റിസൾട്ട് പരിശോധിച്ച് നമുക്ക് വേണ്ടത് തിരഞ്ഞെടുക്കേണ്ടതുണ്ട്. എന്നാൽ ചാറ്റ് ജി പി റ്റിയാവട്ടെ ടെക്സ്റ്റുകളായിട്ടാണ് വിവരങ്ങൾ നൽകുന്നത്. ഇത് സ്വന്തമായി നൽകുന്ന ഉത്തരങ്ങളായിരിക്കും. അറിയില്ല എങ്കിൽ അറിയില്ല എന്ന് തന്നെ പറയും. 2019 മുതൽ മൈക്രോ സോഫ്റ്റ് ഓപ്പൺ എ ഐ യുമായി സഖ്യത്തിലാണ്. മൈക്രോ സോഫ്റ്റിൻറെ ക്ലൌഡ് സേവനമായ അസുറുമായി ബന്ധിപ്പിച്ച് 2021 ൽ അസുർ ഓപ്പൺ എ ഐ ക്കും കമ്പനി തുടക്കമിട്ടിരുന്നു. അസുർ ഓപ്പൺ എ ഐ യിൽ ഉടൻ തന്നെ ചാറ്റ് ജി പി റ്റി കിട്ടിത്തുടങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് മൈക്രോ സോഫ്റ്റ് അറിയിച്ചത്. എന്നാൽ ഗൂഗിൾ എ ഐ എന്നയൊരു വിഭാഗം തന്നെ ഗൂഗിളിനുണ്ട്. ഭാവിയിൽ മൈക്രോ സോഫ്റ്റിന്റെ സ്വന്തം സേർച്ച് എഞ്ചിനായ ബിങ്ങിനെയും ഇതിനോട് ബന്ധിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ബിങ്ങ് ഗൂഗിളിന് വെല്ലു വിളിയാകുവാൻ സാധ്യതയുണ്ട്.
എ ഐ ഇമേജ് ജനറേഷൻ സ്റ്റുഡിയോ, എ ടെസ്റ്റ് കിച്ചൺ, ഷോപ്പിങ് ട്രൈ-ഓൺ, തുടങ്ങി ഇരുപതോളം പുതിയ പ്രോഡക്ടുകളുമായി 2023ൽ തിരിച്ചടിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ എന്നാണ് സൂചന. തങ്ങളുടെ സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ ലാംഡ 2014 ൽ ഏറ്റെടുത്ത കമ്പനിയായ ഡീപ് മൈൻഡ് തുടങ്ങിയവയായിരിക്കാം ഗൂഗിളിന്റെ എ ഐ പ്രൊഡക്ടുകൾക്കു പിന്നിൽ.
വെല്ലു വിളികൾ
ചാറ്റ് ജിപിടി ഉയർത്തുന്ന വെല്ലുവിളികളും ഇതൊടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. മനുഷ്യ വിഭവശേഷിയിലുള്ള റോബോട്ടുകളുടെ കടന്നുകയറ്റത്തിന് ഇത് വഴിതെളിച്ചേക്കാം. തൊഴിൽ സാധ്യതകളടക്കമുള്ള കാര്യങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം. നിർമ്മിത ബുദ്ധി ദുരുപയോഗ സാധ്യതയും തള്ളിക്കളയാനാകില്ല. മൈക്രോസോഫ്റ്റ്, ഇൻഫോസിസ് തുടങ്ങിയ ഐടി ഭീമന്മാർ ചാറ്റ് ജിപിടിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ഗൂഗിളിനെപ്പോലെ ഒരു സൗജന്യ സേവനമായി ഇത് നില നിൽക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
കുട്ടികൾ സ്വന്തമായി പാഠങ്ങൾ പഠിക്കാതെ ചാറ്റ് ജിപിറ്റിയെ കൊണ്ട് ഉത്തരങ്ങൾ എഴുതിക്കുമെന്ന ഭയമാണ് പ്രധാനമായും ഇപ്പോൾ വിദ്യാഭ്യാസ രംഗത്തുള്ളവരെ പിടികൂടിയിരിക്കുന്നത്. അധ്യാപകരുടെ മധ്യത്തിലേക്ക് പെട്ടെന്നൊരുനാൾ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊട്ടി വീണിരിക്കുകയാണ് ചാറ്റ്ജിപിറ്റി. വിദ്യാഭ്യാസ പരമായ പല കാര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. അതേസമയം, ഇതിലെ ധാർമികതയെ പലരും ചോദ്യം ചെയ്യുകയാണ്. എഐ കൊടുക്കുന്ന ഉത്തരങ്ങളിൽ പലതിലും തെറ്റുകളുണ്ട്. ഇത് കണ്ടെത്തുന്നതും അധ്യാപകർക്ക് തലേവദനയാകുന്നുണ്ട്. ഇതിനാൽ തന്നെ ഇത് നിരോധിക്കണമെന്നു പറഞ്ഞ് അധ്യാപന രംഗത്തുള്ള പലരും രംഗത്തെത്തിയിരിക്കുന്നത് എന്ന് ദ് ന്യൂയോർക് ടൈംസ് പറയുന്നു.
അതേസമയം, ഉൾക്കാഴ്ചയോടെ ചാറ്റ്ജിപിറ്റിയെയും വിദ്യാഭ്യാസ മേഖലയിൽ ഉൾക്കൊള്ളിക്കുകയാണ് വേണ്ടതെന്ന വാദമാണ് ചിലർ ഉയർത്തുന്നത്. മുൻ തലമുറകൾക്ക് ലഭിക്കാത്ത ഭാഗ്യമാണ് ചാറ്റ്ജിപിറ്റി ഇപ്പോഴത്തെ വിദ്യാർഥികൾക്ക് നൽകുന്നത്. അവരുടെ സർഗാത്മകത മുതൽ വിജ്ഞാനം വരെ പോഷിപ്പിക്കാൻ ഇത്തരം ടൂളുകൾ പ്രയോജനപ്പെടുത്തണമെന്നാണ് വാദം. കൂടാതെ, ചാറ്റ് ജിപിറ്റി നിരോധനം ഫലപ്രദമായി നടപ്പാക്കാൻ പോലും ആവില്ല. സ്കൂളുകൾക്ക് നിയന്ത്രണമുള്ള ഉപകരണങ്ങളിലും മറ്റും അതു നിരോധിച്ചാൽ പോലും മറ്റു മാർഗങ്ങൾ ഉപയോഗിച്ച് അത് ലഭ്യമാക്കാം.
ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അഥവാ കൃത്രിമ ബുദ്ധിയാണ് ഇനിയുള്ള ലോകത്തെ നിയന്ത്രിക്കുവാൻ പോകുന്നത്. അത് കൊണ്ട് തന്നെ ഇതിലധിഷ്ഠിതമായ ബിസിനസുകൾ ഉടലെടുക്കുകയും നിലവിലുള്ള ബിസിനസ്സുകളിൽ കാലികമായ മാറ്റം സംഭവിക്കുകയോ ചെയ്യുന്നതാണ് ഇനി നാം കാണുവാൻ പോകുന്നത്. ഇത് എത്ര പേരുടെ തൊഴിൽ കളയും, എത്ര പേരുടെ ജോലി എളുപ്പമാക്കും തുടങ്ങിയ സംശയങ്ങളും ഉയർന്നിരിക്കുന്നു.