നാലാം വ്യാവസായിക വിപ്ലവത്തിന് മുമ്പേ മാറേണ്ട തൊഴിലധിഷ്ഠിത സാങ്കേതിക സംരംഭകത്വ വിദ്യാഭ്യാസം

ശ്രീ ആഷിക് കെ പി

ലോകം ഇന്ന് വിപുലവും സമൂലവുമായ പരിവർത്തനങ്ങളുടെ മുനമ്പിലാണ്. സാങ്കേതികവിദ്യയുടെ ത്വരിത ഗതിയിലുള്ള വികാസവും കാലാവസ്ഥ വ്യതിയാനങ്ങളുടെ ഫലമായി ലോകക്രമത്തിൽ വന്നുകൊണ്ടിരിക്കുന്ന അടിസ്ഥാനതലത്തിലുള്ള മാറ്റങ്ങളും മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളെയും മാറ്റിക്കൊണ്ടിരിക്കുന്നു. എന്തും എവിടെയും എപ്പോഴും എങ്ങിനെയും സാധ്യമാകുന്ന ഒരു പുതിയ മാതൃക വന്നുചേർന്നിരിക്കുകയാണ്. എല്ലാം ഒന്നുകൊണ്ട് പരിഹരിക്കാവുന്ന രീതിയിൽ സാങ്കേതികത ലോകത്തെ വിസ്മയിപ്പിച്ച് നവീനവൽകൃതവും അതിബ്രഹത്തുമായ മാതൃകകൾ സൃഷ്ടിക്കുമ്പോൾ അത്തരം മാറ്റങ്ങളെ ഉൾക്കൊള്ളാനും അതിജീവിക്കാനും വിദ്യാഭ്യാസത്തിലൂടെ കഴിയണം. കേന്ദ്രീകൃതവും അതിവിപുലവുമായ ജ്ഞാനാർജനം അതിവേഗതയിൽ മാറുന്ന ഒരു ലോകക്രമത്തിന് ഇനിമേൽ പ്രസക്തി എത്രമാത്രം എന്നതാണ് കാതലായ വശം.

ഒരു കാലത്ത് മനുഷ്യൻ കൈവരിച്ചതും സ്വായത്തമാക്കിയതും പരിശീലിച്ചതുമായ അറിവിനെയും നൈപുണിയെയും ഒരു കൊച്ചു ചിപ്പിലാക്കി ഇനിയുമേറെ താണ്ടേണ്ടതുണ്ടെന്ന നിലയിൽ മനുഷ്യ ജീവിതത്തെയും പ്രവർത്തനക്ഷമതയെയും സാങ്കേതിക വിദ്യകൾ കാത്തുനിൽക്കുന്നു. സാങ്കേതികത ഒന്നിൽ നിന്ന് പരശ്ശതം വിദ്യകളുടെ സംയോജനമായി മാറി തലച്ചോറിനേക്കാൾ പ്രവർത്തനക്ഷമതയിലും കണിശതയിലും അതിവേഗം മുന്നേറുമ്പോൾ തൊഴിൽ, ഉപജീവനം, ജീവിതം എന്നിവയിൽ കലാകാലങ്ങളായി നാം വച്ചുപുലർത്തുന്ന രീതികളെ കൊണ്ട് എത്രകാലം മുന്നോട്ടു കൊണ്ട് പോവാം എന്നത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് നാലാം വ്യാവസായിക വിപ്ലവ കാലഘട്ടത്തിൽ ഏറെ ചിന്തനീയമാണ്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഒരുമിച്ച് സന്തോഷത്തോടെ പ്രതീക്ഷാനിർഭരമായി ജീവിക്കുവാൻ പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രം എന്നതാണ്. അങ്ങനെ നോക്കുമ്പോൾ നാം നേടുന്ന അറിവുകളും കഴിവുകളും നമുക്ക് തന്നെയും സമൂഹത്തിനും ഉപകാരപ്രദമാവണം. വരുമാന സമ്പാദനമാണ് അതിന്റെ പ്രകടമായ രൂപം. മൂല്യങ്ങളും നൈതികതയും അതിനോടൊപ്പം ഉൾച്ചേർന്നു വരേണ്ടതാണ്. മൂല്യങ്ങൾക്ക് വേണ്ടി, നൈതികതയ്ക്ക് വേണ്ടി, സാമൂഹ്യബോധത്തിന് വേണ്ടി മാത്രം ഒരു പഠന പ്രവർത്തനം, പാഠ്യപദ്ധതി, പാഠപുസ്തകം എന്ന രീതിയിൽ നിന്ന് ഇവയൊക്കെ ഏത് മേഖലയിലും ഉൾച്ചേർന്നുകൊണ്ട് പോകുന്ന മറ്റൊരു രീതിയിലേക്ക് കാലമെത്രയായിട്ടും സാങ്കേതിക അഥവാ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. അതു സൃഷ്ടിക്കുന്ന ഒരു വലിയ പ്രശ്‌നം വർഷങ്ങളോളമെടുത്ത് നാം ആർജിക്കുന്ന ജ്ഞാനം പ്രാവർത്തികമാക്കാൻ കഴിയാതെ അറിവുള്ളവനായിട്ടും അനുഭവിക്കാനോ പകർന്നു കൊടുക്കാനോ കഴിയാത്ത ആളായി നാം മാറുന്നു എന്നതാണ്.

പല വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ ഒരു പടി അകറ്റി അല്ലെങ്കിൽ വേറിട്ട സമ്പ്രദായമാക്കി മാറ്റുന്നു. അറിവുള്ളവനെ കൊണ്ട് യൂണിവേഴ്‌സിറ്റികൾ നിറയുമ്പോഴും അത് പ്രാവർത്തികമാക്കാൻ കഴിയാതെ ഒരു വലിയ സമൂഹം രൂക്ഷമായ തൊഴിലില്ലായ്മയെയും അവ സൃഷ്ടിക്കുന്ന അനുബന്ധ സാമൂഹ്യ വിപത്തുകളെയും തലയിലേറ്റി ഭാവിയെ ഇനിയെന്ത് എന്ന ഉത്തരം കിട്ടാത്ത പ്രശ്‌നമായി പ്രതീക്ഷയില്ലാതെ ജീവിതം തള്ളിനീക്കുന്നു. തൊഴിലധിഷ്ഠിത/ നൈപുണീ കേന്ദ്രീകൃത/ സംരംഭകത്വ വിദ്യാഭ്യാസം എന്നത് അനിവാര്യമാക്കുക എന്നതാണ് ഇതിനുള്ള പരിഹാരമാർഗ്ഗം.

നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് മുൻപ് നടന്നിരുന്ന വ്യാവസായിക വിപ്ലവങ്ങളെ പോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമല്ല എന്നതാണ്. അതായത്, മെക്കാനിക്കൽ എനർജിയിൽ നിന്ന് ഇലക്ട്രിക് എനർജിയിലേക്കും ഇലക്ട്രിക് എനർജിയിൽ നിന്ന് ഇലക്ട്രോണിക് എനർജിയിലേക്കുമുള്ള ചുവടുവെപ്പായും ഇലക്ട്രോണിക് എനർജിയിൽ നിന്ന് വിവര സാങ്കേതികവിദ്യകളിലേക്കുള്ള മാറ്റമായും അല്ല, മറിച്ച് ഒരു കൂട്ടം സാങ്കേതികവിദ്യകളുടെ സംയോജനമായാണത് വന്നു കൊണ്ടിരിക്കുന്നത് എന്നതാണ്.

സ്വാഭാവികമായും അത്തരം സംയോജനം ഉണ്ടാക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനും അവയെ അതിജീവിക്കാനും കഴിയണമെങ്കിൽ നമ്മുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ അതിനു മുന്നിൽ നടത്താൻ നമ്മുടെ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നവർക്ക് അല്ലെങ്കിൽ കലാലയങ്ങൾക്ക്, അവയ്ക്ക് നേതൃത്വം കൊടുക്കുന്ന യൂണിവേഴ്‌സിറ്റികൾക്ക് കഴിയേണ്ടതുണ്ട്. അല്ലാത്തപക്ഷം ലോകത്തിലെ യുവതയുടെ ഭൂരിഭാഗം ഉൾക്കൊള്ളുന്ന, ജനസംഖ്യയിൽ യുവത്വം ഭൂരിപക്ഷമാകുന്ന നമ്മുടെ നാടിൻറെ ഭാവി എന്തായിരിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ആനുകാലിക രംഗത്ത് നാം ചർച്ച ചെയ്യേണ്ട ഏറ്റവും വലിയ കാര്യവും നമ്മെ അസ്വസ്ഥമാക്കേണ്ട സംഭവവും ആയിരിക്കണം അത്.

നാലാം വ്യാവസായിക വിപ്ലവത്തെ സാങ്കേതികത പ്രതീക്ഷ നിർഭരം എന്ന് വിശേഷിപ്പിക്കുമ്പോൾ അതിനെ സർവ്വനാശത്തിന്റെ കാലഘട്ടമായി വിശേഷിപ്പിക്കാൻ കഴിയുന്നത്ര അപായ സൂചനകൾ അവ നൽകുന്നുമുണ്ട്. ബ്ലോക്ക് ചെയിൻ ടെക്‌നോളജി, ഇൻറർനെറ്റ് ഓഫ് തിങ്ങ്‌സ്, റോബോട്ടിക്‌സ്, കൃത്രിമ ബുദ്ധി എന്നിവയൊക്കെ ഒരേ പ്ലാറ്റ്‌ഫോമിൽ സംയോജിക്കുമ്പോൾ, യാഥാർത്ഥ്യങ്ങളെ കൃത്രിമമായ എന്നാൽ അനുഭവഭേദ്യമാക്കുന്നതുമായ മെറ്റാ വേർസ് പോലുള്ള വിദ്യകൾ മനുഷ്യന്റെ പ്രവർത്തനങ്ങളിൽ ഇടപെടാൻ കഴിയുമ്പോൾ, നാം എങ്ങനെ ജീവിക്കണം എങ്ങനെ സഞ്ചരിക്കണം എന്തു ഉപയോഗിക്കണം എന്നൊക്കെ സാങ്കേതികവിദ്യകൾ നയിക്കുമ്പോൾ, അതിനെയൊന്നും ഉൾക്കൊള്ളാത്ത സാങ്കേതിക ജ്ഞാനം നമ്മെ എവിടെയെത്തിക്കും എന്നത് നിലവിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

ഊർജ്ജസ്രോതസ്സുകളാണ് നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം. ഫോസിലുകളിൽ നിന്നുള്ള ഊർജ്ജസ്രോതസ്സുകളെ ആശ്രയിച്ചാണ് നമ്മുടെ സാമൂഹ്യവും സാമ്പത്തികവുമായ എല്ലാ പ്രവർത്തനങ്ങളും. അതിന്റെ സാങ്കേതികവിദ്യകൾ നമ്മുടെ കലാലയങ്ങൾ പ്രത്യേകിച്ച് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഇന്നും മുഖ്യമായി പഠിപ്പിക്കുന്നു. എന്നാൽ ലോകത്തിൽ ഫോസിലുകളെ ആശ്രയിച്ചുള്ള ഊർജ്ജ ഉല്പാദനം ഇനി എത്ര നാളുകൾ ഉണ്ടാവും എന്നതാണ് മുഖ്യം. കാലാവസ്ഥാവ്യതിയാനം, പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ വൻ മുന്നേറ്റം, സാങ്കേതിക വിദ്യകൾ അവയെ ഏറ്റവും എളുപ്പത്തിൽ സ്വീകരിച്ചത് എന്നിവ ഇനി പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളുടെ നാളുകൾ എണ്ണപ്പെട്ടു എന്നുവേണം കരുതാൻ. 8 ഗ്രാം തോറിയം കൊണ്ട് ഒരു വാഹനത്തിന് 100 വർഷം ഓടിക്കാൻ കഴിയുമെന്നും നാല് രൂപ 42 പൈസയുടെ സോളാർ യൂണിറ്റ് കൊണ്ട് ഒരു ഹെവി ട്രക്കിന് 750 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും എന്നുമുള്ള ഇലോൺ മസ്‌കിന്റെ വാദവും ലോകം പെട്രോളിയം ഉൽപ്പന്നങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ അത് ലോകത്തെ തകർക്കുമെന്നുള്ള പാരിസ്ഥിതിക മുന്നറിയിപ്പും നമ്മുടെ ഊർജ്ജ ഉപയോഗം എങ്ങനെ മാറുമെന്ന് കാണിച്ചു തരുന്നു. ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന ഈ മേഖലയിലുള്ള പരമ്പരാഗത ഊർജസ്രോതസ്സുകളെ അവയുടെ സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ള തൊഴിലധിഷ്ഠിത പഠനം നമ്മെ എങ്ങനെ മുന്നോട്ടു നയിക്കും എന്നുള്ളത് ഈ അവസരത്തിൽ ഒരു ചോദ്യചിഹ്നമായി മാറിയേക്കാം.

മറ്റൊരു പ്രധാനപ്പെട്ട തൊഴിൽ സൃഷ്ടിക്കുന്ന മേഖലയാണ് ഓട്ടോമൊബൈൽ മേഖല. ഓട്ടോമൊബൈൽ മേഖലയും ഇതേ വെല്ലുവിളികൾ ഉയർത്തുന്നു. പല ഓട്ടോമൊബൈൽ കമ്പനികളും ടെക്ക് കമ്പനികൾ ആയി മാറിക്കഴിഞ്ഞു. വാഹനങ്ങൾ ഹൈബ്രിഡ് ആയി മാറിക്കൊണ്ടിരിക്കുന്നു. പൂർണ്ണ ഓട്ടോമാറ്റഡ് വാഹനങ്ങൾ അടുത്ത അഞ്ചു വർഷങ്ങൾ കൊണ്ട് നമ്മുടെ റോഡുകൾ കീഴടക്കും. യാത്രാ ഡ്രോണുകൾ, ഹൈപ്പർ ലൂപ്പ്, വാണിജ്യ റോക്കറ്റുകൾ എന്നിവയൊക്കെ നമ്മുടെ സഞ്ചാരങ്ങളെ മാറ്റിമറിക്കും. ഇത് ഓട്ടോമൊബൈൽ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമ്പോൾ തന്നെ സാങ്കേതിക മാറ്റത്തിനോടൊപ്പം നമ്മുടെ വികസന തൊഴിൽ വിദ്യാഭ്യാസത്തെ സാങ്കേതിക ജ്ഞാനത്തെ എത്രമാത്രം മാറ്റേണ്ടതുണ്ട് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. പല യൂണിവേഴ്‌സിറ്റികളും ഇപ്പോഴും അവരുടെ സാങ്കേതിക വിഷയങ്ങളുടെ സിലബസ്സിൽ ഇത്തരം മാറ്റങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഡ്രോണുകൾ സുരക്ഷിതമായി സഞ്ചരിക്കുമ്പോൾ 3000 രൂപ ചിലവിൽ 1600 കിലോമീറ്റർ വേഗതയിൽ 2000 ആളുകളെ കൊണ്ടുപോവാൻ കഴിയുമെങ്കിൽ, കൃത്രിമ ബുദ്ധി നമ്മുടെ ട്രാഫിക് സംവിധാനങ്ങളെ മുഴുവൻ നിയന്ത്രിക്കുമെങ്കിൽ ലോകം അത്തരം സംവിധാനങ്ങളെ സ്വീകരിക്കുമെന്ന് ഉറപ്പാണ്. അപ്പോൾ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അഥവാ സാങ്കേതിക ജ്ഞാനം അതിനുമുൻപോ ശേഷമോ ആണോ മാറേണ്ടത് എന്നതാണ് കാതലായ വശം.

ലോക സാമ്പത്തിക ഫോറത്തിൽ നടന്ന ചർച്ചയിൽ സിറ്റി ഗ്രൂപ്പ് തലവനായ വിക്രം പണ്ഡിറ്റ് ബാങ്കിംഗ് രംഗത്ത് വന്നു ചേർന്നതും അടുത്തുതന്നെ വരാൻ പോകുന്നതുമായ മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മൂന്നിൽ ഒരു ബാങ്ക് തൊഴിലാളി വീതം പുറത്തു പോകേണ്ടി വരുമെന്നും ബാങ്കുകൾ കാലഹരണപ്പെട്ടു ബാങ്കിംഗ് എന്ന സംവിധാനം മാത്രമായി നിലനിൽക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഡിജിറ്റൽ കറൻസിയും ഓൺലൈൻ ഇടപാടുകളും ബാങ്കുകളെ പൂർണമായ ഓട്ടോമേഷനിലേക്ക് എത്തിക്കും എന്ന് ഉറപ്പാണ്. ഇത് ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കില്ലെങ്കിലും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തും. ബ്ലോക് ചെയിൻ ടെക്‌നോളജിയും വ്യാപകമാകുമെന്നാണ് മനസ്സിലാവുന്നത്. ആരോഗ്യ വിദ്യാഭ്യാസരംഗത്ത് നൂതനമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കൃത്രിമ ബുദ്ധിയും ഡാറ്റ അനലിറ്റിക്സും റോബോട്ടിക് ബോട്ടുകളും സാങ്കേതികവിദ്യകളുടെ പൂർണമായ മാറ്റം രോഗനിർണയത്തിലും പരിഹാരത്തിലും സാധ്യമാക്കും. ഇത് ആരോഗ്യരംഗത്ത് വലിയതൊഴിൽ മാറ്റങ്ങൾ ഉണ്ടാക്കും. മെഡിക്കൽ - പാരാമെഡിക്കൽ രംഗത്ത് സാങ്കേതിക വിദ്യകളുടെ ആധിപത്യം ഉണ്ടാകും. ത്രിഡി പ്രിന്റിങ്ങിലൂടെ ആർട്ടിഫിഷ്യൽ കിഡ്‌നി വികസിപ്പിച്ചെടുത്ത ആന്റണി അറ്റാല പറയുന്നത് മനുഷ്യാവയവങ്ങൾ ഓരോന്നും ത്രീഡി പ്രിന്റിങ്ങിലൂടെ കൃത്രിമമായി നിർമ്മിക്കാൻ കഴിയുമെന്നും ആയുർദൈർഘ്യം കൂടുമെന്നും സാങ്കേതികവിദ്യകൾ ആശുപത്രി, ഡോക്ടർ, ചികിത്സ എന്നീ സംവിധാനങ്ങളൊക്കെയും കയ്യടക്കുമെന്നുമാണ്.

ഇത്തരം മാറ്റങ്ങൾ ഊർജ്ജമേഖല, ഓട്ടോമൊബൈൽ മേഖല, ആരോഗ്യരംഗം, വിവര സാങ്കേതികരംഗം, പൊതു സേവന വിതരണ രംഗം എന്നിവിടങ്ങളിലൊക്കെ അതിവേഗം ഉണ്ടാകുന്നു എന്നതാണ് നാലാം വ്യാവസായിക വിപ്ലവത്തിലൂടെ പ്രകടമാകുന്നത്. നമ്മുടെ സാങ്കേതിക വിദ്യാഭ്യാസം ഇതിനെ ഉൾക്കൊള്ളാൻ ഇപ്പോഴും സജ്ജമായിട്ടുണ്ടോ അല്ലെങ്കിൽ സമീപഭാവിയിൽ ഉണ്ടാകുന്ന ഇത്തരം സാങ്കേതിക വിസ്‌ഫോടനങ്ങൾ നമ്മുടെ പരമ്പരാഗത തൊഴിൽ രീതികൾ മാറ്റിമറിക്കുമ്പോൾ അതിനെ അതിജീവിക്കാൻ കഴിയാതെ നമ്മുടെ ഭാവി തലമുറ എന്തായി മാറും എന്നുള്ളത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ പെട്ടെന്ന് തന്നെ വരുത്തേണ്ട മാറ്റങ്ങളെ കാണിക്കുന്നു.

ദീർഘമായ സാങ്കേതിക ജ്ഞാനമാർജിക്കുന്ന കോഴ്‌സുകൾക്ക് പകരം ചെറിയ ചെറിയ നൈപുണി വികസന കോഴ്‌സുകൾ, അതിവേഗം മാറുന്ന സാങ്കേതിക വിദ്യകൾക്കനുസരിച്ചുള്ള അപ്‌ഡേറ്റ് സിലബസുകൾ, അക്കാദമിക തലവും വ്യവസായ തലവും തമ്മിലുള്ള വിടവ് നികത്താൻ ആവശ്യമായ പരിഷ്‌കാരങ്ങൾ, സ്‌കൂൾ തലത്തിൽ തന്നെ നൈപുണി വിദ്യാഭ്യാസം തുടങ്ങി സീറോയിൽ നിന്ന് മേക്കറേയും മേക്കറിൽ നിന്ന് സംരംഭകനെയും സൃഷ്ടിക്കുന്ന സ്‌കൂൾ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ, ഹയർ സെക്കൻഡറി തലത്തിൽ എത്തുമ്പോഴേക്കും നാലോ അഞ്ചോ തൊഴിൽ നൈപുണികൾ പഠിച്ച് കോളേജുകളിൽ എത്തുമ്പോൾ അത് ഉൽപ്പന്നമോ സേവനമോ ആക്കി സ്വയം പര്യാപ്തനാക്കി മാറ്റുന്ന പാഠ്യപദ്ധതികൾ എന്നിവയൊക്കെ ഉടനടി നടപ്പിലാക്കേണ്ടവയാണ്.

സമാനതകൾ ഇല്ലാത്ത ജനസംഖ്യയുടെ, യുവത്വത്തിന്റെ ആനുകൂല്യം കൈമുതലാക്കി ഇന്ത്യക്ക് ഈ പരിവർത്തനകാലത്ത് നേട്ടം കൊയ്യുവാൻ അവസരങ്ങൾ ഏറെയാണ്. ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങൾ ഇന്ത്യയെ ലോകാധിപത്യത്തിലേക്കും അടിമത്വത്തിലേക്കും നയിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ എങ്ങോട്ട് നയിക്കണമെന്നത് സൈനിക ശക്തിക്കൊണ്ടോ കുത്തക ആധിപത്യം കൊണ്ടോ കോർപ്പറേറ്റ് ഭീമന്മാരെ കൊണ്ടോ ആവരുത്. അതിൻറെ ഊഴം നമ്മുടെ രാജ്യത്തെ യുവജനങ്ങൾക്ക് തങ്ങളുടെ സർഗാത്മക കഴിവുകൾ ത്വരിത ഗതിയിലുള്ള വളർച്ച സാധ്യതകൾ ലക്ഷ്യമാക്കി സുസ്ഥിര വികസനത്തിൽ ഊന്നിയ സാമ്പത്തിക സംരംഭങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാൻ കഴിയേണ്ടതുണ്ട്. തൊഴിൽ നേടുന്നവരിൽ നിന്ന് തൊഴിൽ ദാതാക്കളിലേക്കുള്ള പരിണാമമാണ് ക്ഷേമ രാഷ്ട്രത്തിൻറെ ലക്ഷ്യമാകേണ്ടത്. നമ്മെ അകപ്പെടുത്തിയേക്കാവുന്ന ചതിക്കുഴികൾ കൃത്യമായി മറികടക്കാൻ, നമ്മെ ത്രസിപ്പിക്കുന്ന സുന്ദരമായ ഭൂമികകളെ നമുക്ക് അനുഭവിക്കാൻ കഴിയുന്ന, നമ്മുടെ ലക്ഷ്യത്തിലേക്ക് വ്യക്തമായ മാർഗ്ഗദർശനം നൽകുന്നതാകണം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം.

(ലേഖകൻ മുൻ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവും എഴത്തുകാരനുമാണ് )