രണ്ടാം പിണറായി സർക്കാർ  4 വർഷം പിന്നിടുമ്പോൾ…

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി
 
രു സംസ്ഥാനത്തിന്റെ വികസനമെന്നത് സർവ്വതല സ്പർശിയാകണം. അത് സമസ്ത മേഖലകളെയും ഉൾക്കൊണ്ടുകൊണ്ടാകണം. വികസന കാര്യത്തിൽ സന്തുലിതാവസ്ഥ ഉണ്ടായിരിക്കണമെന്നു സാരം. ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മികച്ച ടീം വർക്കിലൂടെ പത്താംം വർഷത്തിലേക്കു കടക്കുമ്പോൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്നതാണ് നമ്മുടെ നവകേരള മോഡൽ. പ്രതിബന്ധങ്ങളെ പ്രചോദനമാക്കിക്കൊണ്ടായിരുന്നു ഗവൺമെന്റിന്റെ തുടക്കം. ഓരോരോ മേഖലയെക്കുറിച്ചും സൂക്ഷ്മ വിശകലനവും പഠനവും നടത്തി നേട്ടവും കോട്ടവും വിലയിരുത്തിയുള്ള ഗൃഹപാഠമായിരുന്നു ആദ്യം. പ്രബുദ്ധ കേരളം ഈ പ്രക്രിയയ്ക്കു നൽകിയ പ്രോത്സാഹനം ആവേശകരമായിരുന്നു. കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, ശാസ്ത്ര സാങ്കേതികം, കലാകായിക രംഗം, ഗ്രാമവികസനം എന്നിങ്ങനെ ഇഴകീറി പരിശോധിച്ചുള്ള സമഗ്ര പഠനം നാളിതുവരെ തുടർന്നു പോയിരുന്ന വികസന കാഴ്ചപ്പാടുകളെ പൂർണമായും തിരുത്തി. അതിന്റെ പ്രതിഫലനമായിരുന്നു തുടർച്ചയായി രണ്ടു തവണയും ശ്രീ. പിണറായി വിജയനു ലഭിച്ച മുഖ്യമന്ത്രി പദം. ഇതൊരു ഉത്തരവാദിത്തമായിട്ടായിരുന്നു അദ്ദേഹം ഏറ്റെടുത്തത്.
 
വെല്ലുവിളിയെന്നോണം നിലനിന്നിരുന്ന ഒട്ടനവധി പദ്ധതികൾ ഈ കാലയളവിൽ പൂർത്തീകരിക്കാനായി. വ്യവസായ മേഖലയിൽ നടന്ന കുതിച്ചുചാട്ടത്തിന്റെ ഫലമായി കേരളം വ്യവസായ സൗഹൃദമല്ലെന്ന അപഖ്യാതി പരത്തുന്നവർക്കുള്ള താക്കീതായി വ്യവസായ സൗഹൃദ സൂചികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എന്നത് ശ്രദ്ധേയമായ നേട്ടമാണ്. ഇന്ത്യയുടെ വ്യവസായ ഭൂപടങ്ങളിലൊന്നും ഇടമില്ലാതിരുന്ന കാലഘട്ടത്തിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് അപ്രാപ്യമെന്ന് കരുതിയ ഈ നേട്ടം കേരളത്തിന് കൈവരിക്കാൻ ആയത്. 
 
കേരളത്തിന്റെ ഈ നേട്ടം സംസ്ഥാനത്തെ സംരംഭക സമൂഹത്തിന്റെ കൂടി നേട്ടമാണ്. വ്യവസായ സൗഹൃദ പട്ടികയിൽ കേരളം കൈവരിച്ച നേട്ടം ആഗോള ശ്രദ്ധയിൽ കൊണ്ടുവന്ന് കൂടുതൽ സംരംഭകരെ ആകർഷിക്കുന്നതിന് ഇതിലൂടെ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ഭൂമിശാസ്ത്രപരവും, പ്രകൃതി ദത്തവുമായ ഘടകങ്ങൾക്ക് കോട്ടം തട്ടാത്ത തരത്തിലുള്ള ഒരു വ്യവസായ സൗഹൃദാന്തരീക്ഷം സജ്ജമാക്കുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യത്തോട് അടുക്കുകയാണ്. കൂടാതെ പാലക്കാട് വ്യവസായ ഇടനാഴി, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതും രണ്ടാം പിണറായി സർക്കാരിന്റെ ചില നാഴികകല്ലുകൾ മാത്രം.  ഇത്തരത്തിൽ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിക്കപ്പെടുന്നതിലൂടെ ജനഹൃദയങ്ങളിൽ സർക്കാരിന്റെ സ്ഥാനം വീണ്ടും അരക്കിട്ടുറപ്പിക്കുന്നതിനായി.
 
മികച്ച സംസ്ഥാനങ്ങൾക്കുള്ള ദേശീയ പുരസ്കാരങ്ങളും അന്തർദേശീയ അംഗീകാരങ്ങളും കേരളത്തെ തേടിയെത്തിയത് ഭരണ മികവിന്റെ അംഗീകാരം തന്നെ. മേൽ പ്രതിപാദിച്ച മേഖലകൾ കൂടാതെ സ്ത്രീ ശാക്തീകരണം, വയോജന ക്ഷേമം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്കും ഊന്നൽ കൊടുക്കാൻ കേരള സർക്കാരിനായി. ഇനിയുമേറെ നമുക്കു നേടാനുണ്ട്. ലക്ഷ്യ പ്രാപ്തിയിലേക്കുള്ള പ്രയാണത്തിലാണു നാം. അതിനൊരു മൂന്നാമൂഴം ഉണ്ടായേ തീരൂ. വികസിത കേരളം, സ്വാശ്രയകേരളം ഇതാവണം നമ്മുടെ മന്ത്രം. ലോകം സമ്പൂർണമായും ഡിജിറ്റലൈസ് ചെയ്യുമ്പോൾ അതിലെ ഒരു തിളങ്ങുന്ന ഭൂമികയായി നമ്മുടെ കുഞ്ഞു കേരളവും മാറട്ടെ.