ബിസിനസ്സിൽ ക്രിയേറ്റിവിറ്റി കൊണ്ട്  വരുവാൻ SCAMPER

ലോറൻസ് മാത്യു

സംരംഭകർ സാധാരണക്കാരേക്കാൾ ഏറെ കഴിവുള്ളവർ ആകേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവർക്ക് ആ മേഖലയിൽ വിജയിക്കുവാൻ കഴിയുകയുള്ളു. അതിൽത്തന്നെ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് ക്രിയേറ്റിവിറ്റി എന്നുള്ളത്. ഒരു സംരംഭത്തിന്റെ ആശയ രൂപവൽക്കരണം മുതൽ ക്രിയേറ്റീവ് ആകേണ്ടതുണ്ട്. Thinking out of the Box എന്നതാണ് ഇവിടെ വിവക്ഷിക്കുന്നത്. സാധാരണ ഒരു വ്യക്തി കാര്യങ്ങളെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നതിനപ്പുറത്തേക്ക് ചിന്തിക്കുന്നവർക്കേ വിജയിക്കുന്ന സംരംഭകരുടെ പട്ടികയിലിടം പിടിക്കുവാൻ കഴിയുകയുള്ളു. ആശയങ്ങളെ ചിന്തയുടെ മറ്റൊരു തലത്തിൽ നിന്ന് കൊണ്ട് നോക്കിക്കാണുവാൻ കഴിയേണ്ടതുണ്ട്.

വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളേയും സേവനങ്ങളേയും വിപണിയിൽ അവതരിപ്പിക്കുന്നതിലാണ് ആദ്യം ക്രിയേറ്റിവിറ്റി കാണിക്കേണ്ടത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് തരണം ചെയ്യുവാനുള്ള വ്യത്യസ്ത മാർഗ്ഗങ്ങളാവിഷ്കരിക്കുവാനും കഴിയേണ്ടതുണ്ട്. ഉദാഹരണമായി കോവിഡ് എന്ന മഹാമാരി മാനവരാശിയെ ആകത്തന്നെ വലയം ചെയ്തപ്പോൾ ആണ് പല കമ്പനികളും ഓൺലൈൻ സർവീസിലേക്ക് മാറിയത്. അതായത് പ്രശ്നങ്ങളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹരിക്കുവാൻ കഴിഞ്ഞു എന്നർത്ഥം. ഉപഭോക്താക്കളുടെ ഫീഡ് ബാക്കിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തുന്നതും ക്രിയേറ്റിവിറ്റിക്ക് ഉദാഹരണമാണ്. പല കമ്പനികളും സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ തങ്ങളുടെ ബിസിനസ് മോഡൽ പരിഷ്കരിക്കാറുണ്ട്. ഗൂഗിൾ തങ്ങളുടെ ജീവനക്കാർക്ക് വ്യക്തിപരമായ പ്രൊജക്ടുകൾക്ക് സമയവും സ്ഥലവും അനുവദിക്കുന്നതിലൂടെ ക്രിയേറ്റീവ് ചിന്തകൾക്ക് ആക്കം കൂട്ടിയ കമ്പനിയാണ്. ജി മെയിലും ഗൂഗിൾ മാപ്പുമൊക്കെ ഇതിന്റെ ഫലമായി ഉടലെടുത്തതാണെന്ന് മനസ്സിലാകുമ്പോഴെ ക്രിയേറ്റീവ് ചിന്തക്ക് ബിസിനസ്സിലുള്ള പ്രാധാന്യം നമ്മൾക്ക് മനസ്സിലാവുകയുള്ളു. എതിരാളികൾ ചിന്തിക്കുന്നതിന് മുന്നമേ കാലഘട്ടത്തിന്റെ മാറ്റങ്ങൾ മനസ്സിലാക്കി സാങ്കേതിക വിദ്യ ആയതിനനുസരിച്ച് പ്രയോജനപ്പെടുത്തുന്ന ബിസിനസുകൾക്കേ കാലഘട്ടത്തെ അതിജീവിച്ച് നിലനിൽക്കുവാൻ കഴിയുകയുള്ളുവെന്നത് ഒരു വർത്തമാനകാല യാഥാർത്ഥ്യം ആണ്. എലോൺ മസ്കും ടെസ്ലയും നമ്മുടെ മുന്നിൽ നിൽക്കുന്ന ഉദാഹരണങ്ങളാണ്.

ഒരു ബിസിനസിൽ എങ്ങനെ ക്രിയേറ്റിവിറ്റി കൊണ്ട് വരുവാൻ കഴിയുമെന്ന് ചിന്തിക്കുമ്പോൾ നമ്മുടെ മുന്നിലേക്കെത്തുന്ന മാർഗ്ഗമാണ് SCAMPER എന്നത്. ഇതൊരു Tool ആണ്. എന്നാൽ ഏതൊരു സംരംഭകനും ക്രിയേറ്റിവ് ആകുവാൻ കഴിയുന്നയൊന്നാണിത്. 1970 ൽ Bob Eberle എന്ന വിദ്യാഭ്യാസ വിദഗ്ദനാണ് ഈ മാർഗ്ഗത്തിന്റെ ഉപജ്ഞാതാവ്. ഈ ഏഴ് അക്ഷരങ്ങളും ഓരോ വാക്കിനെ പ്രതിനിധീകരിക്കുന്നു.

S-Substitute
Substitute എന്ന് പറഞ്ഞാൽ നിലവിലുള്ളയൊന്നിന് പകരമായി മറ്റൊന്ന് ഉപയോഗിക്കുകയെന്നതാണ്. എന്നാൽ ആ മാറ്റങ്ങൾ കൊണ്ട് സംരംഭത്തിന് ഏറെ ഗുണമുണ്ടാകണം. വിറ്റ്വരവ് കൂടുക, ലാഭം കൂടുക, ബ്രാൻഡ് വാല്യു കൂടുക തുടങ്ങിയവയൊക്കെ സംഭവിക്കുമ്പോഴാണ് Substitute എന്ന വാക്ക് ക്രിയേറ്റിവിറ്റിയുടെ ഭാഗമായി മാറുന്നത്.

സർക്കാർ ഓഫീസുകളിലെ പേപ്പർ ഫയലുകൾ ഇ -ഓഫിസിലേക്ക് മാറിയത് ഇതിന് ഉദാഹരണമാണ്. ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം Substitute ചെയ്യേണ്ടുന്ന നിരവധി കാര്യങ്ങളുണ്ട്. ഇന്നിപ്പോൾ പല ബിസിനസുകളിലും സാങ്കേതിക വിദ്യ പലതിനേയും Substitute ചെയ്തതായിക്കാണാം. ഡ്രൈവറെ ആവശ്യമില്ലാത്ത കാറുകൾ ഒരു യാഥാർത്ഥ്യമായിക്കഴിഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇത് വെറും കാറുകളിലോ ഓട്ടോ റിക്ഷകളിലോ മാത്രമൊതുങ്ങുമെന്ന് ചിന്തിക്കരുത്. ഡ്രൈവർ ആവശ്യമുള്ളിടത്തെല്ലാം തന്നെ സാങ്കേതിക വിദ്യ Substitute ചെയ്യുന്ന കാലം അതി വിദൂരമല്ല. അതായത് പ്ലെയിൻ പറത്തുവാൻ പൈലറ്റോ, കപ്പൽ ഓടിക്കാൻ കപ്പിത്താനോ, ട്രെയിൻ ഓടിക്കാൻ ലോക്കോ പൈലറ്റോ ഇനി ആവശ്യം വരില്ലായെന്നർത്ഥം. ഡോക്ടർമാർക്ക് പകരം റോബോട്ടുകൾ ശസ്ത്രക്രിയ ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്നത് മറക്കരുത്. എയർപോർട്ടുകളിൽ ഇന്ന് പല വിധമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് നാം വിമാനത്തിലേക്ക് കയറുന്നത്. എന്നാൽ ഖത്തർ എയർപോർട്ടിൽ ഇതിന്റെ ആവശ്യമില്ല. ഒരു സ്ഥലത്തേക്ക് നോക്കിയാൽ മതി. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഉപയോഗിച്ച് നമ്മളെ സെക്കന്റുകൾക്കുള്ളിൽ സ്കാൻ ചെയ്തിട്ടുണ്ടാകും. ഇത് ലോകത്തെ എല്ലാ എയർപോർട്ടിലേക്കും എത്തുമ്പോൾ സുരക്ഷാ ജീവനക്കാരുടെ ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നത് മറ്റൊരു യാഥാർത്ഥ്യം. എറണാകുളത്ത് പോലും ജീവനക്കാരില്ലാത്ത സൂപ്പർ മാർക്കറ്റുകൾ ഒരു യാഥാർത്ഥ്യമായിക്കഴിഞ്ഞു. മാർക്കറ്റിൽ കയറി സാധനങ്ങൾ റാക്കിൽ നിന്നുമെടുക്കാം. തിരിച്ചിറങ്ങുമ്പോൾ ഓട്ടോമാറ്റിക്കായി നമ്മുടെ അക്കൗണ്ടിൽ നിന്ന് സാധനങ്ങളുടെ വില കുറയുകയും ചെയ്യും.

ഒരു സംരംഭത്തിന് Substitute എന്നത് പല രീതിയിൽ ചെയ്യുവാൻ കഴിയും. അസംസ്കൃത വസ്തുക്കൾ, യന്ത്ര സാമഗ്രികൾ, സാങ്കേതിക വിദ്യ, ജീവനക്കാർ, പ്രോസസ് തുടങ്ങിയവയിലൊക്കെ ഇത് കൊണ്ട് വരുവാൻ കഴിയും. തന്മൂലം
ചിലപ്പോഴൊക്കെ പരോക്ഷമായി തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതായി കാണുവാൻ കഴിയും. ഉദാഹരണമായി പരമ്പരാഗതമായിട്ടുള്ള തുണിത്തരങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഇക്കോ ഫ്രണ്ട്ലിയായിട്ടുള്ള മെറ്റീരിയലിലേക്ക് മാറുമ്പോൾ ആ മേഖലയിൽ പുതിയ സംരംഭങ്ങൾ ഉടലെടുക്കുവാനും തദ്വാരാ തൊഴിലവസരങ്ങൾ വർദ്ധിക്കുവാനും ഇടയാകും. സംരംഭകനാവട്ടെ പുതിയൊരു Eco-conscious ആയിട്ടുള്ള ഉപഭോക്താക്കളെ കിട്ടുകയും ചെയ്യും. ആമസോൺ, ഫ്ളിപ്കാർട്ട് പോലുള്ളവയും സ്വമാറ്റോ, സ്വിഗ്ഗി പോലുള്ളവയും ഒക്കെ വന്നപ്പോൾ ഏറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടയൊരു മേഖലയാണ് ലോജിസ്റ്റിക്കിന്റേത്. എന്നാൽ ഡെലിവറി ചെയ്യുന്നത് മനുഷ്യർക്ക് പകരമായി ഡ്രോണുകളാവുന്ന കാലം സമീപിച്ചിരിക്കുന്നു. ഇനിയുള്ള കാലഘട്ടം റീടെയിൽ മേഖലയാകെ മാറ്റി മറിക്കുന്നയൊന്ന് നാം കാണുവാൻ പോവുകയാണ്. ഇന്നുള്ള സൂപ്പർ മാർക്കറ്റുകൾക്ക് പകരമായി Substitute ചെയ്യുന്നത് ഡാർക്ക് സ്റ്റോറുകളായിരിക്കും. അതായത് വീടുകളിലേക്കാവശ്യമുള്ള സാധനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓർഡർ ചെയ്യാം. അത് എത്രയും വേഗത്തിൽ വീടുകളിലെത്തും. സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്റ്റോർ എവിടെയാണെന്ന് ഉപഭോക്താവ് അറിയേണ്ട കാര്യമില്ല. ആ സ്റ്റോറിൽ നിന്ന് നേരിട്ട് വിൽപ്പനയുണ്ടാവില്ല. കച്ചവടം ഓൺലൈനായി മാത്രമായിരിക്കും. ഒരു സാധാരണ ബിസിനസ്സ് സംരംഭങ്ങളിൽ ഒരു അക്കൗണ്ടന്റ് ചെയ്യുന്ന ജോലിയെ ടൗയേെശൗേലേ ചെയ്യുന്നതായ സോഫ്റ്റ്വെയറുകളിന്നുണ്ട്. കസ്റ്റമർ സർവീസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന എ ഐ ആപ്ലിക്കേഷനിലേക്ക് മാറിക്കഴിഞ്ഞു. വായന ഡിജിറ്റലിലേക്ക് മാറ്റപ്പെട്ടപ്പോൾ ബുക്കുകളെ ടൗയേെശൗേലേ ചെയ്യുന്നതായ ആമസോൺ കിൻഡിൽ പോലുള്ള ഇ-ബുക്ക് റീഡറുകൾ അരങ്ങത്തെത്തി.

C- Combine 
ഒന്നിലധികം കാര്യങ്ങളെ ഒറ്റ ഉപകരണത്തിൽ അല്ലെങ്കിൽ സേവനത്തിൽ ഉൾക്കൊള്ളിക്കുക എന്നതാണ് ഇവിടെ വിവക്ഷിക്കുന്നത്. അതായത് ഒന്നിലധികം സേവനങ്ങളെ ഒന്നിൽ ഉൾക്കൊള്ളിക്കുന്നത് വഴി തീർത്തും നൂതനമായ ഒന്ന് സൃഷ്ടിക്കുകയെന്നതാണിത്. ഉദാഹരണമായി സ്മാർട്ട് ഫോൺ എന്നത് നിരവധി സേവനങ്ങളുടെ ഒരു കലവറ ആണെന്ന് കാണാം. അലാറം, വാച്ച്, ഫോൺ, ജി പി എസ്, സ്റ്റോപ്പ് വാച്ച്, ടോർച്ച് തുടങ്ങി എത്രയോ കാര്യങ്ങൾ ഒരൊറ്റ ഉപകരണം കൊണ്ട് സാധ്യമാക്കുവാൻ കഴിയും. പല ബിസിനസുകളിലും സാങ്കേതിക വിദ്യയുടെ സങ്കലനം കാണുവാൻ കഴിയും.

ഇന്ന് നാം ഉപയോഗിക്കുന്ന സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ആപ്ലിക്കേഷനുകൾ ഒരു റെസ്റ്റോറന്റിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ചെയ്തിരിക്കുന്നത് ഈ കോമ്പിനേഷൻ ആണ്. അതായത് നിലവിലുള്ള ഫുഡ് ഡെലിവറി സിസ്റ്റത്തെ ഒരു മൊബൈൽ ആപ്ലിക്കേഷനുമായി സന്നിവേശിപ്പിച്ചിരിക്കുന്നു. ഒരു കസ്റ്റമറെ സംബന്ധിച്ച് താൻ എവിടെ ആയിരിക്കുന്നുവോ അവിടെ നിന്ന് ഓർഡർ ചെയ്യുവാനും മൊബൈൽ വഴി തന്നെ പേ ചെയ്യുവാനും കഴിയും. റെസ്റ്റോറന്റിനെ സംബന്ധിച്ച് കച്ചവടം കൂടുവാൻ ഇത് സഹായകരമാകുന്നു. ഹെൽത്ത് കെയർ സിസ്റ്റം സാങ്കേതിക വിദ്യയുമായി കൈകോർക്കുന്ന നിരവധി ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്. ഒരു രോഗിയുടെ ശാരിരികാവസ്ഥ ഡോക്ടർക്ക് വിദൂരങ്ങളിലിരുന്ന് അറിയുവാൻ കഴിയുന്ന ശരീരത്തിൽ ധരിക്കുന്നതായ ഉപകരണങ്ങൾ ഉദാഹരണമാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യുന്നവർ തങ്ങളുടെ ബിസിനസ്സിൽ വിർച്വൽ റിയാലിറ്റിയുടെ സേവനം ഉപയോഗപ്പെടുത്തുന്നത് മറ്റൊരു ഉദാഹരണമാണ്. അതായത് തങ്ങൾ വിൽക്കുവാനാഗ്രഹിക്കുന്ന പ്രോപ്പർട്ടിയിലൂടെ ഒരു വിർച്വൽ ടൂർ ഇന്ന് സാധ്യമാണ് എന്നർത്ഥം. ബാങ്കിന്റെ സേവനങ്ങൾ ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാകുന്നത് സേവനങ്ങളും സാങ്കേതിക വിദ്യയും കൈ കോർക്കുമ്പോഴാണ്.

A- Adapt
സാഹചര്യങ്ങൾക്കനുസരിച്ച്, ട്രെൻഡുകൾക്കനുസരിച്ച്, സാങ്കേതിക വിദ്യയുടെ മാറ്റങ്ങൾക്കനുസരിച്ചെല്ലാം മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുകയെന്നതാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. അതായത് പുതുതായിട്ടൊന്ന് കൂട്ടിച്ചേർക്കുക എന്നർത്ഥം. മറ്റൊരു ഉൽപ്പന്നത്തിൽ നിന്ന് അല്ലെങ്കിൽ സേവനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് തങ്ങളുടെ ഉൽപ്പന്നത്തിന്, സേവനത്തിന് മാറ്റങ്ങൾ വരുത്തുന്നതാണ് ഇത്. മനുഷ്യർക്ക് തീരെ സമയം ഇല്ലാതിരിക്കുന്ന ഈ കാലഘട്ടത്തിൽ Adapt എന്നതിന് ഏറെ പ്രസക്തിയുണ്ട്. പ്രമുഖ റിടെയിൽ ഷോപ്പുകളെല്ലാം തന്നെ ഓൺലൈനായി സ്റ്റോർ തുറക്കുന്നത് ഇതിനുദാഹരണമാണ്. സാധാരണയായുള്ള മാർക്കറ്റിങ്ങ് ചാനലായ പത്രം, ടി വി തുടങ്ങിയവ വിട്ടിട്ട് താരതമേന്യ ചിലവ് കുറഞ്ഞതും എന്നാൽ കാര്യക്ഷമത കൂടിയതുമായ സോഷ്യൽ മീഡിയ മാർക്കറ്റിങ്ങ് ഏതാണ്ടെല്ലാ കമ്പനികളും അറമു േചെയ്യുന്നുണ്ടിപ്പോൾ. ടെക്സ്റ്റൈൽ ഷോറൂമുകളിൽ വിർച്വൽ ആയിട്ടുള്ള ഫിറ്റിങ്ങ് റൂമുകൾ ഉള്ളത് ഇതിനുദാഹരണമാണ്. വിദ്യാഭ്യാസം ഓൺലൈനിലേക്കും മാറുന്നതും ബിസിനസ്സ് മീറ്റിങ്ങുകൾ ഓൺലൈനായിട്ട് നടക്കുന്നതുമെല്ലാം നിലവിലുള്ളതിലേക്ക് മറ്റൊന്നു കൂടി കൂട്ടിച്ചേർക്കുന്നതിന് മകുടോദാഹരണമാണ്. ഒരു ജിം നടത്തുന്ന സംരംഭകന് വ്യക്തിപരമായ ഫിറ്റ്നെസ്സ് എന്ന Concept ൽ നിന്നു കൊണ്ട് Wearable Device ആയ സ്മാർട്ട് വാച്ച് പോലുള്ളവ ഉപയോഗിച്ച് തങ്ങളുടെ ഉപഭോക്താക്കളുടെ ആരോഗ്യ വിവരങ്ങൾ തൽസമയം മനസ്സിലാക്കുകയും അതനുസരിച്ച് സേവനങ്ങൾ നൽകുവാനും കഴിയും. അതായത് ഇവിടെ സാങ്കേതിക വിദ്യ Adapt ചെയ്യുകയാണ് ചെയ്തത്. തങ്ങളുടെ ഉല്പ്പന്നത്തിലേക്ക് അല്ലെങ്കിൽ സേവനത്തിലേക്ക് പുതുതായി എന്തെങ്കിലും കൂട്ടിച്ചേർക്കേണ്ടതുണ്ടോയെന്ന് ഓരോ സംരംഭകരും ആലോചിക്കേണ്ടതുണ്ട്. പുതുതായി സാങ്കേതിക വിദ്യ സന്നിവേശിപ്പിക്കുവാൻ കഴിയുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുകയും അതനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്യേണ്ടതുണ്ട്.

M- Modify
Modify, Magnify, Minify എന്നൊക്കെ ഇതെടുക്കുവാൻ കഴിയും. ഉദാഹരണമായി സ്മാർട്ട് ഫോണുകളുടെ ഒരു magnified Version ആണ് Tabletകൾ. നിലവിലുള്ള സംവിധാനത്തിന്, ഉൽപ്പന്നത്തിന്, സേവനത്തിന് മാറ്റങ്ങൾ വരുത്തുകയാണിവിടെ ചെയ്യുന്നത്. ഒരു ഉൽപ്പന്നത്തിൽ അത് ഡിസൈൻ ആവാം, ഷേപ്പ് ആകാം, കളർ ആകാം, സൈസ് ആകാം അങ്ങനെ എന്തുമാകാം. നിരവധി കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് രൂപവും ഭാവവുമൊക്കെ മാറ്റി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അടപ്പ് തന്നെ ഒരു ഗ്ലാസ്സ് ആക്കി മാറ്റിയിരിക്കുന്ന ബോട്ടിലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. കാറുകൾക്ക് പലപ്പോഴും രൂപമാറ്റം സംഭവിക്കുന്നത് നാം കാണുന്നതാണല്ലോ. Mnual ആയിട്ടുള്ള ഗിയർ സംവിധാനത്തിൽ നിന്ന് ഓട്ടോമാറ്റിക്കിലേക്ക് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഇതിനുദാഹരണമാണ്. ആരോഗ്യ മേഖലയിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ നിരന്തരമായി മോഡിഫിക്കേഷന് വിധേയമാകുന്നത് നാം കാണുന്നുണ്ട്. Amazon, അവരുടെ ഇ-കോമേഴ്സ് സേവനങ്ങൾക്കൊപ്പം, Amazon Web Service വഴി ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സങ്കേതങ്ങൾ പ്രദാനം ചെയ്യുന്നു, ഇത് ബിസിനസ്സുകൾക്ക് പുതിയ മേഖലയിൽ പ്രവർത്തിക്കാൻ ഒരു പുത്തൻ അവസരം ഒരുക്കുന്നു. ഒരു ബിസിനസ്സിന്റെ വിവിധ തലങ്ങളിൽ മോഡിഫിക്കേഷൻ സാധ്യമാണ്. പ്രോസസിലും, മെഷിനിലും, മാർക്കറ്റിങ്ങിലുമെല്ലാം തന്നെ ഇത് കൊണ്ട് വരുവാൻ കഴിയും. ഡി വി ഡി വാടകക്ക് കിട്ടിയിരുന്ന കാലം ഏറെ പിറകിലല്ല, എന്നാലിന്ന് സ്ട്രീമിങ്ങിലേക്ക് അത് മാറി. ആദ്യ കാലങ്ങളിലുണ്ടായിരുന്ന ടെലിവിഷൻ പലർക്കും ഓർമ്മ കാണും. എന്നാലിത് ഫ്ളാറ്റ് ടെലിവിഷന്റെ കാലം. ഇനി കലണ്ടർ പോലെ ചുരുട്ടാവുന്ന ടി വികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അപ്പോൾ കാലഘട്ടത്തിനനുസരിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാറ്റങ്ങൾ വരുത്തുന്നവർക്കേ ബിസിനസ് മേഖലയിൽ പിടിച്ച് നിൽക്കുവാൻ കഴിയുകയുള്ളു.

P- Out to another use
ഒരു ഉൽപ്പന്നത്തിന് തീർത്തും വ്യത്യസ്തമായ മറ്റൊരുപയോഗം കണ്ടെത്തുകയെന്നതാണ് ഇത് കൊണ്ട് വിവക്ഷിക്കുന്നത്. ഇത് സേവന മേഖലയിലും ചെയ്യുവാൻ കഴിയും. ഒരു കൺസ്ട്രക്ഷൻ കമ്പനിക്ക് അവരുടെ മുൻ പ്രൊജക്ടുകളിൽ നിന്ന് ബാക്കി വന്നതായ തടിയോ, മറ്റ് മെറ്റീരിയലുകളയോ ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്നതാണ്. ഒരു റെസ്റ്റോറന്റിൽ ബാക്കിയാവുന്ന സ്ഥലം ചില ഈവന്റുകൾക്കായി മാറ്റി വെക്കുന്നതും ഇതിനുദാഹരണമാണ്. അതായത് ഒരു ഉൽപ്പന്നത്തിന്റെ ഡിസൈനർ ചിന്തിക്കാത്ത മറ്റൊരു ഉപയോഗം കണ്ടെത്തുക, അതിലൂടെ ബിസിനസ്സിൽ ക്രിയേറ്റിവിറ്റി കൊണ്ട് വരിക. ചില മൊബൈൽ ഫോൺ നിർമ്മാതാക്കൾ ഫോണിന്റെ ചാർജ്ജിങ്ങ് പോർട്ട് തന്നെ ഓഡിയോ ഔട്ട് പുട്ട് ആയി ഉപയോഗിക്കുന്നത് മറ്റൊരുദാഹരണമാണ്. ഒരു കോൺഫറൻസിന് വരുന്നവർക്ക് അപ്പാർട്ട്മെന്റിമൽ Mattress വാടകക്ക് കൊടുക്കുന്നതിനായി 2008 ൽ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ തുടങ്ങിയതായ ഒരു സ്റ്റാർട്ടപ്പായ Airbnb ഇന്ന് ഹോം സ്റ്റേ പോലുള്ള വ്യത്യസ്തമായ ഉപയോഗങ്ങൾ അതിന് കണ്ടെത്തി. വീടുകൾ താൽക്കാലികമായി വാടകക്ക് നൽകുവാൻ തയ്യാറായിട്ടുള്ളവർക്കായി ലഭ്യമാക്കിയിരിക്കുന്നതായ ഈ സേവനം ഇന്ന് ലോകത്തിലെ 220 രാജ്യങ്ങളിലായി 100,000 ൽ അധികം നഗരങ്ങളിൽ ലഭ്യമാണ്. 7 മില്യണിലധികം ലിസ്റ്റിങ്ങുകൾ ഇതിലുണ്ട്. ആദ്യ കാലങ്ങളിൽ ഒരു ഓൺലൈൻ ബുക്ക് സ്റ്റോർ മാത്രമായിരുന്ന ആമസോൺ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ആണ്. Vacuum Cleaner മാത്രമായിരുന്ന് ആദ്യ കാലങ്ങളിൽ Dysonന്റെ ഉൽപ്പന്നം. എന്നാൽ അതേ സാങ്കേതിക വിദ്യ തന്നെയുപയോഗിച്ചാണ് അവർ hand dryers, bladeless fans, hair dryers, air purifiers തുടങ്ങിയവ വിപണിയിലെത്തിച്ചത്. അതായത് ഒരേ സാങ്കേതിക വിദ്യക്ക് വ്യത്യസ്തങ്ങളായ ഉപയോഗങ്ങൾ കണ്ടെത്തുക. ആദ്യ കാലങ്ങളിൽ Tesla യുടെ ഇലക്ട്രിക് കാർ മാത്രം ഉണ്ടാക്കുന്ന ഫാക്ടറി ആയിരുന്നു അവരുടെ ഗിഗാ ഫാക്ടറി. എന്നാൽ പിന്നീട് അവർ സോളാർ ബാറ്ററിയിലേക്ക് തിരിഞ്ഞു. അതിനാൽ ഇലക്ട്രിക് കാർ വിപണിയിൽ മാത്രമല്ല പാരമ്പര്യേതര ഊർജ്ജ മാർക്കറ്റിലും അവർക്ക് ആധിപത്യം സ്ഥാപിക്കുവാൻ കഴിഞ്ഞു.

E-Eliminate 
ആവശ്യമില്ലാത്തതിനെ റിമൂവ് ചെയ്യുകയെന്നതാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. അതായത് ഒരു സിസ്റ്റത്തിൽ, പ്രോസസിൽ അനാവശ്യമായത് ഒഴിവാക്കുന്നതിലൂടെ കൂടുതൽ മെച്ചപ്പെട്ടതൊന്ന് സൃഷ്ടിക്കുക. ഇങ്ങനെ ആവശ്യമില്ലാത്തതിനെ ഒഴിവാക്കി രൂപമാറ്റം വരുത്തിയ നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണിയിൽ കാണുവാൻ കഴിയും. ഒരു സിസ്റ്റത്തിന്റെ ആകെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ ആയിരിക്കണം ഈ മാറ്റങ്ങൾ. ബ്ലൂടൂത്ത് ഹെഡ് സെറ്റുകൾ ഇതിനൊരു ഉദാഹരണമാണ്. സാധാരണയായിട്ടുള്ള നെക് ബാൻഡുകൾക്ക് പകരം ഇപ്പോൾ ആളുകൾ ഉപയോഗിക്കുന്നത് ആൗറ െആണ്. അതായത് കഴുത്തിലിടുന്ന വള്ളി ഒഴിവാക്കിയപ്പോൾ കൂടുതൽ വ്യത്യസ്തമായ എന്നാൽ അൽപ്പം കൂടി സൗകര്യപ്രദമായ മറ്റൊരു ഉപകരണമായി അത് മാറി. വാഹനങ്ങളിലെ എഞ്ചിനെ മാറ്റിയപ്പോൾ ആണ് സാധാരണ കാറുകൾ ഇലക്ട്രിക് ആയി മാറിയത്. അത് വാഹന വ്യവസായത്തിൽ കൊണ്ട് വന്ന വിപ്ലവം വലുതായിരുന്നു. കമ്പ്യൂട്ടറിന്റെ മൗസിന്റെ വയർ മാറ്റിയപ്പോൾ അത് കൂടുതൽ സൗകര്യ പ്രദമായ വയർലെസ്സ് മൗസ് ആയി മാറിയതും ഉദാഹരണമായെടുക്കാം. ലാപ് ടോപ്പുകളിൽ നിന്ന് CD Drive മാറ്റി ആദ്യ പരീക്ഷണം നടത്തിയത് ആപ്പിൾ ആയിരുന്നു. ഇത് ലാപ് ടോപ്പുകൾ കൈകാര്യം ചെയ്യുവാൻ കൂടുതൽ എളുപ്പമാക്കി മാറ്റി. സോഫ്റ്റ് വെയറുകൾ ഒക്കെ ഡിസൈൻ ചെയ്യുമ്പോഴും കൂടുതൽ സങ്കീർണ്ണമായ സ്റ്റെപ്പുകൾ ഒഴിവാക്കി കൂടുതൽ സിമ്പിൾ ആയി ചെയ്യുവാൻ കഴിയും. സംരംഭകർക്ക് തങ്ങളുടെ പ്രോസസിലെ ചില സ്റ്റെപ്പുകൾ ഒഴിവാക്കുവാൻ കഴിയും. ഒരു പക്ഷേ തങ്ങളുടെ ചില ജീവനക്കാരെയായിരിക്കും മാറ്റേണ്ടി വരിക.

R- Reverse or Rearrange 
അവസാനമായിട്ടുള്ളത് Reverse or Rearrange എന്നതാണ്. ഒരു സിസ്റ്റത്തെ മൊത്തത്തിൽ ഉടച്ച് വാർക്കുകയാണിവിടെ. Rearrange ചെയ്യുവാൻ കഴിയുന്നതായ നിരവധി ഫർണീച്ചറുകളെ ഇന്ന് വിപണിയിൽ കാണുവാൻ കഴിയും. ഒരു റിടെയിലർക്ക് തന്റെ ഷോറൂമിലെ ഉൽപ്പന്നങ്ങളെ പ്രദർശിപ്പിക്കുന്നതിന്റെ ഓർഡർ മാറ്റി കൂടുതൽ മെച്ചപ്പെട്ട Display അനുഭവം നൽകുവാൻ കഴിയും. ആമസോൺ പോലുള്ള ഓൺെൈലൻ സൈറ്റുകൾ ഉപഭോക്താവിന്റെ Search History യുടെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാറുണ്ട്. വലിയ manufacturing industries അവയുടെ Production Line Rearrange ചെയ്യാറുണ്ട്. ഇത് ചിലവ് കുറക്കുവാൻ, അപകടം കുറക്കുവാൻ ഒപ്പം കൂടുതൽ Effective ആയി ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ ഒക്കെ സഹായകരമാകാറുണ്ട്. ട്രാഫിക് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പലപ്പോഴും ആ സിസ്റ്റം തന്നെ Rearrange ചെയ്യാറുണ്ട്. പ്രത്യേകിച്ചും വി ഐ പി മാരുടെ സന്ദർശന സമയത്ത്. ഒന്നിലധികം വെയർ ഹൗസുകളും റിടെയിൽ ഔട്ട് ലെറ്റുകളുമുള്ള ബിസിനസ് സംരംഭങ്ങൾ തങ്ങളുടെ സപ്ലൈ ചെയിൻ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ക്രമീകരിക്കാറുണ്ട്. ഇതിന് Linear Programming Problem എന്ന Mathematical Tool ഉപയോഗപ്പെടുത്താറുണ്ട്. ഒന്നിലധികം പ്രോസസുകളുള്ള ഒരു പ്രൊഡക്ഷൻ പ്രോസസിൽ പലപ്പോഴും പ്രൊഡക്ഷൻ ലൈനിൽ Re arrngement നടത്താറുണ്ട്. അതായത് ഇവിടെ ഒരു Optimization നടത്തുന്നുവെന്നർത്ഥം. ചിലപ്പോൾ U-shaped layout ആയിരിക്കാം പ്രയോജനപ്പെടുന്നത്. കാരണം ജീവനക്കാരുടെ Movement തീരെ കുറക്കുവാൻ ഇതിലൂടെ കഴിയും. Mobile Phone ഉൾപ്പടെയുള്ള പല ഉൽപ്പന്നങ്ങളും നമ്മുടെ കൈയിൽ എത്തുന്നത് അതിന്റെ രൂപകൽപ്പനയുടെ സമയത്ത് നിരവധിയായിട്ടുള്ള Rearrangementകൾക്ക് വിധേയമായിട്ടാണ്. പല കമ്പനികളും തങ്ങളുടെ പാക്കിങ്ങിൽ പല വിധത്തിലുള്ള Rearrangementകളും നടത്താറുണ്ട്. പ്രത്യേകിച്ചും പരിസ്ഥിതി സൗഹാർദ്ദമായ പാക്കിങ്ങുകളാണ് ഇപ്പോൾ പല കമ്പനികളും പ്രിഫർ ചെയ്യുന്നത്. സാധാരണയായി ഹോട്ടലിൽ ഭക്ഷണം കഴിച്ചതിന് ശേഷമായിരിക്കും ബില്ലടക്കുക. എന്നാൽ ചിലയിടത്തെങ്കിലും ഇത് Reverse  ചെയ്യാറുണ്ട്. അതായത് ആദ്യം പണമടക്കുക, പിന്നീട് ഭക്ഷണം നൽകുന്ന രീതി.

ഒരു കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിലോ, അതുമല്ലായെങ്കിൽ പ്രശ്ന പരിഹാരത്തിനോ ഒക്കെയായിട്ട് ഈ രീതി ഉപയോഗപ്പെടുത്താറുണ്ട്. ബിസിനസിൽ മൊത്തമായി ഒരു ക്രിയേറ്റിവിറ്റി കൊണ്ടു വരുവാൻ കഴിയുന്നയൊരു ടൂൾ ആണ് SCAMPER എന്നത്.