വരുന്നു-കേരളത്തിൽ പഞ്ചായത്തുകൾ തോറും സംരംഭക സഭകൾ

TS Chandran

ടി എസ് ചന്ദ്രൻ

കഴിഞ്ഞ രണ്ടു വർഷങ്ങളായി സംസ്ഥാന സർക്കാർ സ്വീകരിച്ച വ്യവസായ വ്യാപന പ്രവർത്തനങ്ങളുടെ തുടർച്ചയായി സംരംഭക സഭകൾ എന്ന ആശയം അവതരിപ്പിക്കുകയാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ ഒന്നാം റാങ്കിൽ എത്തിയിരിക്കുകയാണ് കേരളം. സർക്കാർ നടപ്പിലാക്കി സംരംഭം പ്രോത്സാഹന പദ്ധതികൾ എല്ലാം തന്നെ തുടർന്നു പോകുകയാണ്. 2022-23 ൽ തുടക്കമിട്ട സംരംഭക വർഷം വലിയ വിജയമായിരുന്നു. ലക്ഷ്യം കവിഞ്ഞ നേട്ടമാണ് ആദ്യവർഷം തന്നെ ഉണ്ടായത്. അതിനുശേഷം കഴിഞ്ഞവർഷം സംരംഭക വർഷം 2.0 ആചരിച്ചു.അതിൻറെ ഭാഗമായുള്ള മിഷൻ 1000 എന്ന പദ്ധതി വളരെ വിജയകരമായി നടപ്പാക്കിക്കൊണ്ട് മുന്നോട്ടു പോവുകയാണ്. രണ്ടാം വർഷവും മികച്ച വിജയം സമ്മാനിച്ചു.

2024- 25 സംരംഭക വർഷം 3.0 യുടെ ഭാഗം ആയിട്ടാണ് സംരംഭക സഭകൾ ആഘോഷിക്കുന്നത്. അതിൻറെ ഭാഗമായി വ്യവസായ രംഗത്തേക്ക് സംരംഭകരുടെ സജീവമായ ഇടപെടൽ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്. ഈ സഭകൾ വരും മാസങ്ങളിൽ കേരളത്തിൽ എമ്പാടും നടക്കും.

സംരംഭക സഭയുടെ ഉദ്ദേശലക്ഷ്യങ്ങൾ
സംരംഭകരുടെ കൂട്ടായ്മ ഉണ്ടാക്കുക, വിവിധ വകുപ്പുകളുടെ ഏകോപനം നടത്തുക, ലൈസൻസ്, സബ്സിഡി, ഇൻഷുറൻസ്, തുടങ്ങിയ കാര്യങ്ങളിൽ കൈത്താങ്ങ് സഹായം ഉറപ്പുവരുത്തുക, സംരംഭകരുടെ പ്രാദേശികമായിട്ടുള്ള ആവശ്യങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ ഉണ്ടാക്കുക, സർക്കാർ പോളിസിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഗവൺമെൻറിൽ സമർപ്പിക്കുക, പ്രാദേശിക സാമ്പത്തിക വികസനത്തിന് ഉതകുന്ന പദ്ധതികൾ ഏകോപിപ്പിക്കുക,സംരംഭകർ പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരിക, സർവ്വോപരി സംരംഭകരും ഗവൺമെന്റ് വകുപ്പുകളുമായി നല്ല കോർഡിനേഷൻ ഉണ്ടാക്കുക എന്നിവയാണ് സംരംഭക സഭയുടെ ഉദ്ദേശങ്ങൾ. സംരംഭ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിന് സംരംഭസഭകൾ ഉപയോഗപ്പെടുത്താനാവും.

ജില്ലാതലത്തിലും പ്രാദേശിക തലത്തിലും കമ്മറ്റികൾ.
സംരംഭക സഭയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും കൃത്യമായി നടത്തുന്നതിനും വേണ്ടി ജില്ലാതലത്തിൽ ഉപദേശക സമിതിയും, ഏകോപന കമ്മിറ്റികളും കൊണ്ടുവരും. ജില്ലാതല ഉപദേശക സമിതിയുടെ അധ്യക്ഷൻ ജില്ലയുടെ ചുമതലയുള്ള മന്ത്രിയും കൺവീനർ ജില്ലാ കളക്ടറും ആയിരിക്കും. ജില്ലയിലെ നിയമസഭാ സാമാജികർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ,ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, ലീഡ് ബാങ്ക് മാനേജർ ഉൾപ്പെടെയുള്ള ആളുകൾ അംഗങ്ങളാണ്.

അതുപോലെ ജില്ലാതലത്തിൽ ഏകോപന കമ്മിറ്റിയും ഉണ്ട്. ഇതിന്റെ അധ്യക്ഷൻ ജില്ലാ കളക്ടറും കൺവീനർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും ആയിരിക്കും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തദ്ദേശ സ്വയംഭരണ വകുപ്പിലെ ജോയിന്റ് ഡയറക്ടർ, സഹകരണ വകുപ്പിലെ ജോയിന്റ് രജിസ്റ്റർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ, ലീഡ് ഡിസ്ട്രിക്ട് മാനേജർ എന്നിവർ ജില്ലാതല ഏകോപന കമ്മറ്റിയുടെ അംഗങ്ങൾ ആയിരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മികച്ചത് ആക്കുന്നതിനും മോണിറ്ററിംഗ് കമ്മിറ്റിയും ഉണ്ട്. ഈ കമ്മിറ്റിയുടെ അധ്യക്ഷൻ സ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷനായിക്കും. കൺവീനർ ബന്ധപ്പെട്ട വ്യവസായ വികസന ഓഫീസറും, ധനകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സിഡിഎസ് ചെയർപേഴ്സൺ, എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഓഫീസർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രദേശത്തുള്ള ലീഡ് ബാങ്കിന്റെ പ്രതിനിധി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് പ്രവർത്തിക്കുന്ന സഹകരണ ബാങ്ക് പ്രതിനിധി, കമ്മറ്റിയുടെ പ്രവർത്തനത്തിന് അഭികാമ്യമായ നോമിനേറ്റ് ചെയ്യുന്ന മറ്റ് അംഗങ്ങൾ, സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവർ ഈ കമ്മിറ്റിയിൽ ഉണ്ടാകും. കൃത്യമായി സംരംഭക സഭകൾ നടത്തുകയും അതിൻറെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പോരായ്മകൾ പരിഹരിക്കുകയും അതിലെ നിർദ്ദേശങ്ങൾ ഗവൺമെന്റിലേക്ക് സമർപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇത്തരം സമിതികളുടെ ചുമതല.

സംരംഭകർ ഉപയോഗപ്പെടുത്തണം സംരംഭക സഭകളെ
സംരംഭക സഭകൾ കേരളത്തെ സംബന്ധിച്ച് ഒരു പുതിയ കാഴ്ചപ്പാടാണ്. സംരംഭക സഭകൾ ഉപയോഗപ്പെടുത്തുന്നതിന് പ്രദേശത്തെ സംരംഭകരുടെ സജീവമായ ഇടപെടൽ ആവശ്യമാണ്. സംരംഭകരുടെ നിലനിൽപ്പിനും വളർച്ചയ്ക്കും ഇത്തരം കൂട്ടായ്മകൾ ഗുണം ചെയ്യും. പ്രത്യേകിച്ച് കേരളത്തിന്റെ പ്രാദേശികമായിട്ടുള്ള തലങ്ങളിൽ. സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ തന്നെ പരിഹരിക്കുന്നതിനും അതിന് സർക്കാർ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നതിനും സംരംഭക സഭകൾക്ക് സാധിക്കും. എല്ലാ സംരംഭകരും പങ്കാളികളായി കൊണ്ട് അവരുടെ സംരംഭത്തിന്റെ പുരോഗതിക്ക് നിലകൊള്ളുക എന്നുള്ളതാണ് പ്രധാനം. സംരംഭകർ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. അവരുടെ പൊതുവായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഉതകുന്ന കൂട്ടായ്മകൾ ആണ് സംരംഭക സഭകൾ. വരും മാസത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംരംഭക സഭകൾ വിളിച്ചു ചേർക്കണം എന്നാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.

ഇതു സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയത് 2024 സെപ്റ്റംബർ 27-ാം തീയതിയാണ്. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ