ബിസിനസ് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ


ലോറൻസ് മാത്യു

ധുനിക സാങ്കേതിക വിദ്യ ഏറ്റവുമധികം മാറ്റം വരുത്തിയ മേഖലയാണ് ബിസിനസ്സിന്റേത്. കമ്പ്യൂട്ടറുകൾ നിയന്ത്രിക്കുന്ന മെഷിനുകൾ മാത്രമല്ല മാറ്റങ്ങളിൽ ഉള്ളത്. മറിച്ച് ഒരു ബിസിനസ്സിന്റെ സമസ്ത മേഖലകളും ഇപ്പോൾ സാങ്കേതിക വിദ്യയിലധിഷ്ഠിതമാണ്. കൃത്രിമ ബുദ്ധിയും ഡേറ്റാ അനാലിസിസും യാഥാർത്ഥ്യമായപ്പോൾ ബിസിനസുകളെല്ലാം നവീകരിക്കപ്പെട്ടുവെന്ന് മാത്രമല്ല ഇത് വരെയും കാണാതിരുന്ന പുത്തൻ ബിസിനസ്സ് സാധ്യതകളും ഉടലെടുത്തുവെന്നതാണ് യാഥാർത്ഥ്യം.

ഈയടുത്ത കാലത്തായി ബിസിനസ്സ് ലോകത്ത് ഉയർന്ന് വന്നയൊരു പദമാണ് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ എന്നത്. സാങ്കേതിക വിദ്യ ബിസിനസ്സിൽ ഫലപ്രദമായി ഉപയോഗിക്കുകയെന്നതാണ് ഒറ്റ വാക്കിൽ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു പേപ്പറിലുള്ള വിവരങ്ങൾ സ്‌കാൻ ചെയ്ത് അതിന്റെ ഡിജിറ്റൽ കോപ്പി കമ്പ്യുട്ടറിന്റെ ഹാർഡ് ഡിസ്‌കിൽ സൂക്ഷിക്കുന്നത് ഇതിന്റെ ഏറ്റവും ചെറിയ ഒരു ഉദാഹരണമായി പറയുവാൻ കഴിയും. ഒരു ബിസിനസ്സിന്റെ ഏതാണ്ടെല്ലാ മേഖലകളും ഇപ്പോൾ ഡിജിറ്റലൈസ് ചെയ്യുവാൻ കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്‌സ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയെല്ലാം ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷന് ഉദാഹരണങ്ങളാണ്.

ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷന് 4 പ്രധാന മേഖലകളുണ്ട്. ഡിജിറ്റൽ ചാനലുകൾ വഴി ഉപഭോക്താവിനോട് സംവദിക്കുകയെന്നതാണ് ആദ്യത്തേത്. ബിസിനസ്സിന്റെ അകത്തുണ്ടാക്കുന്ന മാറ്റങ്ങൾ വഴി അതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് മറ്റൊന്ന്. ഡിജിറ്റൽ സാങ്കേതിക വിദ്യകളുപയോഗിച്ച് ബിസിനസ്സിൽ ഇന്നോവേഷൻ കൊണ്ട് വരികയാണ് വേറൊരു മേഖല. ഡേറ്റാ അനാലിസിസ് ഉപയോഗിക്കുകയാണ് നാലാമത്തെ മേഖല.

ഒരു ബിസിനസ്സിന്റെ എല്ലാ തലങ്ങളിലും സാങ്കേതിക വിദ്യയുടെ സ്പർശം കൊണ്ട് വരികയാണ് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ചെയ്യുന്നത്. സ്ട്രാറ്റജി, ഓപ്പറേഷൻ, മാർക്കറ്റിങ്ങ്, കസ്റ്റമർ റിലേഷൻ മാനേജ്‌മെന്റ് തുടങ്ങി ഒരു ബിസിനസ്സിന്റെ സമസ്ത മേഖലകളേയും ഡിജിറ്റലൈസ് ചെയ്യുകയാണിവിടെ.

ചില ഉദാഹരണങ്ങൾ
കാപ്പി ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ബ്രാൻഡ് ആണ് സ്റ്റാർബക്ക്‌സ് എന്നത്. 80 രാജ്യങ്ങളിലായി 32000 ഷോറൂമുകളുള്ള വലിയൊരു ചെയിനാണിത്. 2017 ൽ ഡിജിറ്റൽ ഫ്‌ലൈവീൽ എന്ന പേരിൽ കമ്പനിയിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കിയിരുന്നു. കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഉല്പ്പന്നം കസ്റ്റമൈസ് ചെയ്യുകയുമുണ്ടായി. മൊബൈൽ ഉപയോഗിച്ച് ഓർഡർ എടുക്കുകയും പേയ്‌മെന്റ് സംവിധാനം ഒരുക്കുകയും ചെയ്തതൊക്കെയും ഇതിന്റെ ഭാഗമായിരുന്നു.

പ്രമുഖ കാർ നിർമ്മാതാക്കളായ AUDI 2012 ൽ തന്നെ ഇത്തരമൊരു സംവിധാനം നടപ്പിലാക്കിയിരുന്നു. ഒരുപാട് കാറുകൾ പ്രദർശിപ്പിക്കുന്ന വലിയ ഷോറൂമുകൾക്ക് പകരമായി മൈക്രോ ഷോറുമുകൾ എന്ന കൺസെപ്റ്റ്. വൈകുന്നേരങ്ങളിൽ അവിടുങ്ങളിൽ സ്‌ക്രീനിൽ കാറുകളുടെ പ്രദർശനം, വലിയ Exhibitions പോലെ. ഒപ്പം ടാബ്‌ലെറ്റിൽ കാറുകൾ വിശദമായി കാണുവാൻ കഴിയും. ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് കാറുകളുടെ ഉള്ളിൽ കയറുന്നത് അനുഭവിക്കുവാനും കഴിയും. വലിയ ഷോറൂമുകൾ പരിപാലിക്കുന്ന ചിലവ് കുറക്കുന്നതോടൊപ്പം വെറും നാലു കാറുകൾ മാത്രം പ്രദർശിപ്പിച്ച് കൊണ്ട് 60 ശതമാനം കൂടുതൽ വിൽപ്പന നേടുവാൻ കഴിഞ്ഞു.

ചില പരാജയങ്ങൾ
ചെറുതല്ല വമ്പൻ കമ്പനികൾ വരെ വേണ്ട സമയത്ത് ഡിജിറ്റലൈസ് ചെയ്യാത്തതു കൊണ്ട് പരാജയപ്പെട്ടതിന്റെ വർത്തമാനകാല ഉദാഹരണങ്ങൾ നമ്മുടെ മുമ്പിൽ നിരവധിയുണ്ട്. ഒരു കാലത്ത് ക്യമറയിലെ മുൻ നിരക്കാരായിരുന്ന കൊഡാക്ക് തന്നെ ഉദാഹരണം. ഫോട്ടോഗ്രാഫി ഡിജിറ്റലിലേക്ക് മാറിയത് നാട്ടുമ്പുറത്തെ സാധാരണ സ്റ്റുഡിയോകൾ വരെ തിരിച്ചറിഞ്ഞപ്പോൾ അതിന് കഴിയാതെ പോയതാണ് ആ കമ്പനിയുടെ പരാജയം. സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകുന്ന ഉദാഹരണമാകും നോക്കിയയുടേത്. മൊബൈൽ ഫോണുകൾ ഇറങ്ങിയ കാലഘട്ടത്തിൽ ഏറ്റവുമധികം വിപണി വിഹിതമുണ്ടായിരുന്ന ഒരു കമ്പനി ഇന്ന് ഏറെ പിന്നാക്കം പോയതിന്റെ പ്രധാന കാരണം ഇനി കുറേക്കാലത്തേക്ക് മൊബൈൽ ലോകം ഭരിക്കുവാൻ പോകുന്നത് ആൻഡ്രോയിഡ് ആണെന്ന തിരിച്ചറിവ് അവരുടെ മാനേജ്‌മെന്റിന് ഇല്ലാതെ പോയത് ആയിരുന്നു.

എവിടെയൊക്കെ, എങ്ങനെ
ഒരു കമ്പനിയിൽ പല മേഖലകൾ ഡിജിറ്റലൈസ് ചെയ്യുവാൻ കഴിയും. ഒരു കമ്പനിയിലെ പരമ പ്രധാനമായ ഒരു വിഭാഗമാണ് HR (Human resource) എന്നത്. കഴിഞ്ഞ ചില നാളുകളായി ഈ വിഭാഗം ഏറെ മാറ്റങ്ങളിലൂടെ കടന്ന് പോവുകയാണ്. ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ്, ശമ്പളം, പരിശീലനം, തൊഴിൽ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുന്നത് ഈ വിഭാഗമാണ്. ഇന്നിതെല്ലാം തന്നെ പ്രത്യേക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ചെയ്യുവാൻ കഴിയും. Applicant Tracking Systems (ATS) ഉപയോഗിച്ച് റിക്രൂട്ട്‌മെന്റ് വേഗത്തിലും കാര്യക്ഷമവുമായി ചെയ്യുവാൻ കഴിയും. REsume വായിക്കുവാനും അത് Secrutinize ചെയ്യുവാനുമെല്ലാം സോഫ്റ്റ്‌വെയറുകളുപയോഗിക്കുവാൻ കഴിയും. ഒപ്പം നേരിട്ടുള്ള കൂടിക്കാഴ്ച വേണമെങ്കിലൊഴിവാക്കി Virtual Interview ചെയ്യുവാനും ഇന്ന് സാധ്യമാണ്. പഞ്ചിങ്ങ് സംവിധാനം ഓഫീസുകളിൽ വന്നിട്ട് ഏറെക്കാലമായി. എന്നാലിന്ന് അവരവരുടെ മൊബൈൽ ഉപയോഗിച്ച് പഞ്ച് ചെയ്യുവാൻ സാധ്യമാണ്. ഓഫീസ് മേധാവിക്ക് എവിടെയിരുന്നു പോലും തന്റെ ജീവനക്കാരുടെ Attendance Details ലാപ് ടോപ്പിലൂടെയോ, മൊബൈലിലൂടെയോ അറിയുവാൻ ഇപ്പോൾ സാധ്യമാണ്. ക്ലൗഡ് സംവിധാനം വ്യാപകമായതോട് കൂടി ജീവനക്കാരുടെ വിവരങ്ങൾ ഒരു കേന്ദ്രീകൃത സംവിധാനത്തിൽ സ്റ്റോർ ചെയ്യുവാനും ഓരോരുത്തരുടേയും പെർഫോർമൻസ് കമ്പനിയുടെ CEO ക്ക് അപ്പപ്പോൾ അറിയുവാനും കഴിയുന്നത് ഒരു സ്ഥാപനത്തിന്റെ കാര്യക്ഷമത അളക്കുവാൻ ഏറ്റവും സാഹായകരമായ ഒന്നാണ്. ഓൺലൈൻ ട്രെയിനിങ്ങ് പ്ലാറ്റ്‌ഫോമുകൾ ഏറെയുള്ളതിനാൽത്തന്നെ ജീവനക്കാരുടെ പരിശീലനം കൃത്യമായും കാര്യക്ഷമവുമായി നടത്തുവാൻ ഇപ്പോൾ സാധ്യമാണ്. ഓൺലൈൻ സർവ്വേകൾ നടത്തുവാൻ കഴിയുന്നതിലൂടെ ജീവനക്കാരുടെ Job Satisfaction പോലുള്ളത് കൃത്യമായി മനസ്സിലാക്കുവാനും വേണ്ടതായ ഇടപെടലുകൾ നടത്തുവാനും കഴിയും.

കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് (CRM)
ഒരു കമ്പനിയെ സംബന്ധിച്ച് പരമ പ്രധാനമായ ഒന്നാണ് അവരുടെ കസ്റ്റമേഴ്‌സ്. കണക്കുകൾ കാണിക്കുന്നത് കമ്പനികളുടെ വരുമാനത്തിന്റെ 40 ശതമാനം കാരണവും വ്യക്തിപരമായ കസ്റ്റമർ സർവീസ് നൽകുവാൻ സാധിക്കുന്നത് കൊണ്ടാണ് എന്നതാണ്. 76 ശതമാനം ഉപഭോക്താക്കളും അഭിപ്രായപ്പെടുന്നത് പല കമ്പനികളും ഇതിൽ പരാജയപ്പെടുന്നു എന്നതാണ്. ഇവിടെയാണ് കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ് വെയറുകളുടെ പ്രാധാന്യം വരുന്നത്. ഇന്ന് എല്ലാ പ്രമുഖ കമ്പനികളും തന്നെ CRM Softwares ഉപയോഗിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് കസ്റ്റമറുടെ ഡേറ്റ കമ്പനികൾ എടുക്കുന്നുണ്ട്, ഈ ഡേറ്റ മാനേജ്‌മെന്റ് ആണ് ഏതൊരു CRM ന്റേയും ഹൃദയം. തങ്ങളുടെ കസ്റ്റമേഴ്‌സിനെ കൂടുതലായി അറിയുവാനും അവർക്ക് മെച്ചപ്പെട്ട സേവനങ്ങൾ കൊടുക്കുവാനുമായിട്ടാണ് ഇത്തരം സോഫ്റ്റ് വെയറുകൾ ഉപയോഗിക്കപ്പെടുന്നത്. ഡേറ്റാ ശേഖരിക്കുക, ഡേറ്റാ അവലോകനം ചെയ്യുക, അതനുസരിച്ച് വിപണി വിശകലനം ചെയ്യുക, കസ്റ്റമറുടെ പ്രശ്‌നങ്ങൾക്ക് വേഗത്തിൽ മറുപടി നൽകുക, കസ്റ്റമറുമായിട്ടുള്ള സമ്പർക്കം ഓട്ടോമേറ്റ് ചെയ്യുക തുടങ്ങിയവയെല്ലാം തന്നെ ഇതിന്റെ ഭാഗമാണ്.

ഡിജിറ്റൽ മാർക്കറ്റിങ്ങ്
ഒരു കമ്പനി ഡിജിറ്റലൈസ് ചെയ്യുന്നതിൽ പരമ പ്രധാനമായ ഒന്നാണ് ഡിജിറ്റൽ മാർക്കറ്റിങ്ങ് എന്ന ആധുനിക മാർക്കറ്റിങ്ങ്. എല്ലാ ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മാർക്കറ്റിങ്ങ് രീതിയാണിത്. വെബ് സൈറ്റുകളും, ഇ മെയിൽ, സോഷ്യൽ മീഡിയ തുടങ്ങിയവയൊക്കെ ഉപയോഗിച്ച് കൊണ്ടുള്ള മാർക്കറ്റിങ്ങ് രീതി. വാട്‌സാപ്പ് പോലുള്ള മെസ്സേജിങ്ങ് ആപ്പുകളും ഇതിന്റെ പരിധിയിൽ വരും.

ഫിനാൻസ്
ഏതൊരു കമ്പനിയും ഏറ്റവും പ്രധാനമായും ഡിജിറ്റലൈസ് ചെയ്യേണ്ട ഒരു വിഭാഗമാണ് ഫിനാൻസിന്റേത്. അത് ജീവനക്കാരുടെ ശമ്പളമാണെങ്കിലും സെയിൽസായാലും ഒരു പോലെ തന്നെയാണ്. ഇന്നിപ്പോൾ എല്ലാ കമ്പനികളും തന്നെ ഇത് ചെയ്തിട്ടുണ്ട്. ഡിജിറ്റൽ ബാങ്കിങ്ങ് വ്യാപകമായതും ഒപ്പം പേയ്‌മെന്റ് ഗേറ്റ്‌വേകളുടെ വ്യാപകമായ ഉപയോഗവും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. ഗൂഗിൾ പേ പോലുള്ള പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനങ്ങൾ ഉപയോഗിക്കുവാൻ മടി കാണിക്കുന്ന ചെറുകിട ബിസിനസുകാർക്ക് കസ്റ്റമർ നഷ്ടപ്പെടുന്നത് ഇന്നൊരു സാധാരണ കാഴ്ചയാണല്ലോ.

എങ്ങനെ
ഒരു കമ്പനിയെ ഡിജിറ്റലൈസ് ചെയ്യുന്നതിന് പ്രധാനമായും 7 സ്റ്റെപ്പുകളാണുള്ളത്. ഒന്നാമതായി ചെയ്യേണ്ടത് കൃത്യമായ ഒരു ലക്ഷ്യം നിർണ്ണയിക്കുകയെന്നതാണ്. എന്താണ് ചെയ്യുവനുള്ളത്, ഏത് ഡിപ്പാർട്ട്‌മെന്റിലാണ് മാറ്റം വരുത്തേണ്ടത് എന്ന് കണ്ടെത്തുകയും കൃത്യമായ ഒരു സ്ട്രാറ്റജി രൂപവൽക്കരിക്കുകയും ചെയ്യുക. അടുത്തതായി കമ്പനി ഇപ്പോൾ നിൽക്കുന്ന അവസ്ഥയെ അനലൈസ് ചെയ്യുകയെന്നതാണ്. ഇപ്പോൾ ഏത് സ്റ്റേജിലാണ് നിൽക്കുന്നത് അതിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തുവാൻ കഴിയണം എന്നതൊക്കെ മനസ്സിലാക്കേണ്ടതുണ്ട്. അടുത്തതായി ലക്ഷ്യം നേടിയെടുക്കുവാൻ വേണ്ടതായ ഓരോ സ്റ്റെപ്പും നിർവചിക്കുക ആണ് ചെയ്യേണ്ടത്. അതായത് ഒരു റൂട്ട് മാപ്പ് തയ്യാറാക്കുക. പിന്നീട് വേണ്ടത് ഒരു കസ്റ്റമർ സെന്ററിക് അപ്രോച്ച് ആണ്. അതായത് കസ്റ്റമറുടെ ഭാഗത്ത് നിന്ന് ചിന്തിക്കുക. ഈ രീതി ആവിഷ്‌കരിക്കുമ്പോൾ അതിന്റെ പ്രയോജനം കിട്ടുന്ന വിഭാഗത്തിന്റെ ഭാഗത്ത് നിന്നാവണം ചിന്തിക്കേണ്ടത്. അടുത്തതായി സാധ്യമായ ഇടങ്ങളിലെല്ലാം ഇന്നോവേഷൻ കൊണ്ട് വരുവാൻ ശ്രമിക്കുകയെന്നതാണ്. പിന്നീട് ചെയ്യേണ്ട ആവശ്യമായ ഡിജിറ്റൽ ടൂളുകളുടെ Implementation ആണ്. ഏതൊക്കെ ഭാഗത്ത് ഏതെല്ലാം ടൂളുകളാണ് ഉപയോഗിക്കേണ്ടതെന്ന് മനസ്സിലാക്കി ആയത് ഉപയോഗിക്കണം. ഉദാഹരണമായി ക്ലൗഡോ, ആർട്ടിഫിഷ്യൽ ഇന്റലിജെൻസോ, ഡേറ്റാ അനലിറ്റിക്‌സോ ഏതാണ് ആവശ്യമെന്ന് മനസ്സിലാക്കി ആയത് ഉപയോഗിക്കണം. Implement ചെയ്ത് കഴിഞ്ഞാൽ നിരന്തരമായ Monitoring ആണ് വേണ്ടുന്നത്.

പ്രയോജനം എന്ത്
ഒരു കമ്പനി ഡിജിറ്റലൈസേഷൻ നടത്തുമ്പോൾ കിട്ടുന്ന പ്രയോജനം വളരെ വലുതാണ്. ഒന്നാമതായി വരുമാനത്തിൽ ഉണ്ടാകുന്ന വളർച്ചയാണ്. ഉദാഹരണമായി പുതിയ ഒരു ഓൺലൈൻ സെയിൽസ് ചാനൽ ഉണ്ടാകുമ്പോൾ സംഭവിക്കുന്നത് വരുമാന വളർച്ചയാണ്. ഒപ്പം ചിലവിലുണ്ടാകുന്ന കുറവാണ് എടുത്ത് പറയേണ്ടത്. നിശ്ചയമായും കസ്റ്റമറുടെ മനോഭാവത്തിലുണ്ടാകുന്ന മാറ്റം എടുത്ത് പറയേണ്ടതാണ്. Customer Satisfaction വളരെ ഉയർന്നതായിരിക്കും എന്നർത്ഥം. മാത്രമല്ല ബിസിനസിലെ തീരുമാനങ്ങൾ എടുക്കുക എന്നത് വളരെ സുഗമമായി മാറുന്നു. കാരണം ഡേറ്റ കൂടുതൽ കൈകാര്യം ചെയ്യുമ്പോൾ തീരുമാനങ്ങൾ എടുക്കുക എന്നത് താരതമ്യേന എളുപ്പമായി മാറുന്നു.

മാറാം ഡിജിറ്റലിലേക്ക്
ലോകം മുഴുവൻ ഡിജിറ്റലിലേക്ക് ചുവട് വെക്കുമ്പോൾ അതിന് മടിച്ച് നിൽക്കുന്ന സംരംഭകർ പരാജയപ്പെടുമെന്നത് ഒരു വസ്തുത തന്നെയാണ്. എന്നാൽ വലിയ കമ്പനികൾക്ക് ഇതൊക്കെ സാധ്യമാണ്, അത് പോലെയല്ല ചെറുകിട സംരംഭകരുടെ കാര്യം. ഉയർന്ന ചിലവിൽ സംരംഭം ഡിജിറ്റലൈസ് ചെയ്യുവാൻ പലർക്കും കഴിവില്ല എന്നതൊരു യാഥാർത്ഥ്യമാണെന്നത് അംഗീകരിക്കുമ്പോൾത്തന്നെ ഈ രംഗത്ത് ചെയ്യുവാൻ കഴിയുന്ന പല കാര്യങ്ങളും ചെയ്യാതെ മാറിനിൽക്കുന്നുണ്ട് എന്നതും കാണാതെ ഇരിക്കുവാൻ കഴിയില്ല. ഇന്നും ഗൂഗിൾ പേ പോലുള്ള പേയ്‌മെന്റ് ഗേറ്റ് വേയോ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡോ പോലും ഉപയോഗിക്കാത്ത സംരംഭകരുണ്ട്. മാറേണ്ടത് മനോഭാവം ആണ്. ഒന്നുറപ്പാണ് ലോകം ഡിജിറ്റലിലേക്ക് ചുവടു വെക്കുമ്പോൾ സാധ്യമായ മേഖലകളിലെങ്കിലും ഡിജിറ്റിലൈസ് ചെയ്യുവാൻ ചെറുകിട സംരംഭകർ തയ്യാറാകേണ്ടിയിരിക്കുന്നു.