സംരംഭകത്വത്തെ സ്വാധീനിക്കുന്ന മന:ശാസ്ത്രപരമായ ഘടകങ്ങൾ
ഡോ. ശചീന്ദ്രൻ.വി
സംരംഭങ്ങൾ ആരംഭിക്കുന്നതും വളർത്തുന്നതും വ്യക്തികളാണ്. സാമ്പത്തികവും, സാമൂഹിക-സാംസ്കാരികവുമായ ഘടകങ്ങളോടൊപ്പം തന്നെ മന:ശാസ്ത്രപരമായ ഘടകങ്ങളും വ്യക്തികളെ സംരംഭകരാക്കി മാറ്റുന്നതിലും വിജയിപ്പിക്കുന്നതിലും നിർണായക സ്വാധീനം ചെലുത്തുന്നു. ഒരർത്ഥത്തിൽ മന:ശാസ്ത്രപരമായ/വ്യക്തിഗതമായ ഘടകങ്ങൾ ശക്തമാണെങ്കിൽ മറ്റേതൊരു പ്രതിസന്ധിയെയും പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ സംരംഭകർക്ക് സാധിക്കുന്നു. സംരംഭങ്ങൾ ദീർഘകാലയളവിൽ നിലനിർത്താനും വളർത്താനും അനുകൂലമായ മന:ശാസ്ത്രപരമായ ഘടകങ്ങൾ കൂടിയേ തീരൂ. അതിനാൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും അത്തരം ഘടകങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കുകയും, അവ വളർത്തിയെടുക്കാൻ ശ്രമിക്കേണ്ടതും അനിവാര്യമാണ്. അവയെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ ലേഖനം. പ്രധാനപ്പെട്ട മന:ശാസ്ത്രപരമായ ഘടകങ്ങൾ ചുവടെ ചേർക്കുന്നു.
1. ഇച്ഛാശക്തി (Will Power)
ഒരു സംരംഭം ആരംഭിക്കുന്നതും നടത്തിക്കൊണ്ടു പോകുന്നതും എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങളല്ല. അതിനു നിശ്ചയദാർഢ്യവും അർപ്പണ മനോഭാവവും വേണം. അവയോടുള്ള അഭിനിവേശം (passion) വ്യക്തികളെ എല്ലായിപ്പോഴും സംരംഭകത്വത്തിൽ മനസ്സ് അർപ്പിക്കാനും അതിനായി പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നു. കേവലം ഒരു തൊഴിൽ മേഖല എന്നതിനപ്പുറം താല്പര്യത്തോടെയും ആത്മാർത്ഥതയോടെയും സംരംഭകത്വത്തിൽ പ്രവർത്തിക്കുവാനും ശക്തമായ അഭിനിവേശം കൂടിയേ തീരൂ. അതിനാൽ സംരംഭകത്വം വളർത്താൻ, ആളുകളിൽ സംരംഭകത്വ പ്രവർത്തനങ്ങളിൽ അഭിനിവേശം വളർത്തിയെടുക്കേണ്ടതുണ്ട്.
2. നേട്ടങ്ങൾ കൈവരിക്കാനുള്ള ആവശ്യകത (Need for Achievement)
നേട്ടങ്ങൾ ആർജിക്കാനുള്ള ആവശ്യകതയും, താൽപര്യവുമുള്ളവരാണ് സംരംഭകത്വത്തിലേക്ക് കാലെടുത്തു വയ്ക്കുന്നവർ. സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നത് പലതരത്തിലുള്ള പ്രയോജനങ്ങളും കൈവരിക്കാൻ വ്യക്തികളെ സഹായിക്കുന്നു. സാമ്പത്തിക നേട്ടങ്ങൾ, ജോലിയിലെ സ്വാതന്ത്ര്യം, മറ്റുള്ളവർക്ക് തൊഴിലവസരങ്ങൾ കൊടുക്കുവാനും അവരുടെ മേധാവിയായി തുടരുവാനുമുള്ള അവസരം, രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാകാനുള്ള അവസരം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ജോലിയിലെ സംതൃപ്തിയും, സമൂഹത്തിന്റെ അംഗീകാരവും, ആദരവും നേടിയെടുക്കാൻ സഹായിക്കുന്ന മേഖലയാണ് സംരംഭകത്വം. ലോകത്തിലെ ഉന്നത നിലയിൽ സമ്പന്നരായ എല്ലാം തന്നെ സംരംഭകരാണ് എന്നത് ഒരു വസ്തുതയാണ്. മികച്ച ജീവിത സൗകര്യങ്ങളും വരുമാനം നേടാൻ സഹായിക്കുമെന്നതിനാൽ സംരംഭകത്വമേഖല എല്ലാവരെയും ആകർഷിക്കും.
3. മാനസിക പ്രതിരോധ ശക്തി
സംരംഭങ്ങൾ നടത്തുന്നതിന്റെ ഭാഗമായി നിരവധി പ്രതിസന്ധികളും തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം. അസംസ്കൃത വസ്തുക്കൾ ലഭിക്കാത്ത അവസ്ഥ, തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, ഭൗതിക സാഹചര്യങ്ങളിലെ പോരായ്മകൾ തുടങ്ങിയ നിരവധിയായ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങളിൽ തളർന്നുപോകാതെ, അവയെ പ്രതിരോധിക്കാനും, സംരംഭത്തെ മുന്നോട്ടു കൊണ്ടു പോവുകയും ചെയ്യുക എന്നത് മാനസികമായി വലിയ പ്രതിരോധശേഷി ആവശ്യമുള്ള കാര്യമാണ്. എത്ര തിരിച്ചടികൾ നേരിട്ടാലും വീണ്ടും തിരിച്ചുവരാനുള്ള ആർജവം (resilience) കാണിക്കണം. പക്വതയോടെ സാഹചര്യങ്ങളെ മനസ്സിലാക്കാനും, പഠിക്കാനും കഴിയണം. ഏതൊരു പ്രതിസന്ധിയിലും അവയെ വിശകലനം ചെയ്ത്, സാധ്യമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ ശ്രമിക്കണം. പരാജയങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കുകയും, അവ ഭാവിയിലെ തീരുമാനങ്ങളിൽ ശരിയായ വിധം പ്രയോജനപ്പെടുത്തുകയും വേണം. പ്രശ്നങ്ങളുണ്ടായാൽ, ചെറുതായാലും വലുതായാലും, അവയെ സാധ്യമായ രീതിയിൽ നിരന്തരമായി നേരിടുക തന്നെ വേണം. അത്തരം സാഹചര്യങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ഉള്ള സംവിധാനങ്ങളും ഒരുക്കണം.
4. പൊരുത്തപ്പെടാനുള്ള കഴിവ് (Adaptability)
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നത് മുതൽ ഓരോ ഘട്ടത്തിലും വ്യത്യസ്തവും അത്ര പരിചയമില്ലാത്തതുമായ പല കാര്യങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും. സംരംഭകത്വത്തിലേക്ക് പ്രവേശിക്കുന്നതു മുതൽ ഒരു വ്യക്തിയുടെ ദിനചര്യകളിലും, ഇടപെടലുകളിലും, പ്രവർത്തിക്കുന്ന സാഹചര്യങ്ങളിലും മാറ്റങ്ങൾ ആവശ്യമായി വരും. അത്തരം ഘട്ടങ്ങളിൽ അവയുമായി പൊരുത്തപ്പെട്ട് പോവുക എന്നത് പ്രധാനമാണ്. മാറുന്ന സാഹചര്യങ്ങളിൽ അനുയോജ്യമായ രീതിയിൽ തീരുമാനങ്ങളെടുത്ത് മുന്നോട്ടു പോയാൽ മാത്രമേ അവയെ അനുകൂലമാക്കി മാറ്റാൻ കഴിയുകയുള്ളൂ. സംരംഭത്തിനുള്ളിലും പുറത്തുമായുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോവുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
5. സ്ഥിരോത്സാഹം (Perseverance)
ഒരു സംരംഭം ആരംഭിക്കുന്നത് മുതൽ നിരവധിയായ കാര്യങ്ങൾ സംരംഭകൻ ചെയ്യേണ്ടതുണ്ട്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കൽ, അസംസ്കൃത വസ്തുക്കൾ വാങ്ങിക്കൽ, തൊഴിലാളികളെ കണ്ടെത്തൽ, കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കൽ എന്നിവ ഇതിൽ പ്രധാനമാണ്. പല കാര്യങ്ങളും പൂർത്തിയാക്കാൻ ശ്രമിക്കുമ്പോൾ പലതരത്തിലുള്ള തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. അവയെ ക്ഷമാപൂർവം നേരിടുകയും, നിരന്തരമായ ഇടപെടലുകളിലൂടെ പരിഹരിക്കുകയും വേണം.
6. സർഗ്ഗാത്മകത (Creativity)
നവീനമായ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകേണ്ടതുണ്ട്. അതിനായി മികച്ചതും പുതുമയുള്ളതുമായ ആശയങ്ങൾ രൂപപ്പെടുത്തിയെടുക്കുവാൻ സർഗ്ഗാത്മകമായി ചിന്തിക്കേണ്ടതുണ്ട്. സംരംഭത്തിന്റെ പ്രവർത്തനങ്ങളിലും, അത് ഉത്പാദിപ്പിക്കുന്ന സാധനങ്ങളിലും /നൽകുന്ന സേവനങ്ങളിലും മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും അത്തരത്തിൽ സംരംഭത്തിന്റെ ഓരോ ഘട്ടത്തിലും അതിനെ മുന്നോട്ടു കൊണ്ടുപോകാനും, വളർച്ചയുടെ പുതിയ പടവുകൾ കണ്ടെത്താനും സാധിക്കണം.
7. ആത്മവിശ്വാസം (Self Confidence)
സംരംഭകത്വത്തിലേക്ക് ഇറങ്ങുന്ന വ്യക്തികൾക്ക് അടിസ്ഥാനപരമായി ഉണ്ടാകേണ്ട ഒന്നാണ് ആത്മവിശ്വാസം. ആത്മവിശ്വാസം ആളുകൾക്ക് ധൈര്യപൂർവ്വം തീരുമാനങ്ങൾ എടുക്കാനും, പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനമെടുക്കാനും കരുത്തു പകരുന്ന ഒന്നാണ്. പുതിയ ആശയങ്ങളും പ്രവർത്തന രീതികളും പ്രയോഗത്തിൽ വരുത്താൻ നല്ല ആത്മവിശ്വാസം അനിവാര്യമാണ്.
ലഭ്യമായിട്ടുള്ള സൗകര്യങ്ങളെയും വിഭവങ്ങളെയും കണ്ടെത്തുകയും/ മനസ്സിലാക്കുകയും, അവ പ്രായോഗിക തലത്തിൽ പ്രയോജനപ്പെടുത്തുവാനുള്ള ധൈര്യവും ഉണ്ടാകണം. ആത്മവിശ്വാസം നേടുവാനായി സംരംഭകത്വ മേഖലയിൽ വിജയിച്ചിട്ടുള്ളവരുമായി ഇടപെടുന്നതും, അവരുടെ അനുഭവ കഥകൾ മനസ്സിലാക്കുന്നതും ഗുണം ചെയ്യും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങൾ, ഈ മേഖലയിൽ വിജയിച്ചിട്ടുള്ള വ്യക്തികളെ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതും, അവരുമായി സംവദിക്കാനുള്ള അവസരം നൽകുന്നതും പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്ന വ്യക്തികൾക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകും.
8. നഷ്ട സാധ്യതകൾ ഏറ്റെടുക്കാനുള്ള ധൈര്യം
എല്ലാ സംരംഭങ്ങളും, എല്ലായിപ്പോഴും ലാഭകരമായി തീരണമെന്നില്ല. ഒരു സംരംഭത്തിന് നഷ്ട സാധ്യത വരാൻ പല കാരണങ്ങളുമുണ്ട്. അത് സംരംഭത്തിനുള്ളിലെ കാരണങ്ങളോ, സംരംഭത്തിന് പുറത്തുള്ള കാരണങ്ങളോ ആകാം. തൊഴിലാളികൾ ഉയർത്തുന്ന പ്രശ്നങ്ങൾ, സ്ഥാപനത്തിനുള്ളിലെ പ്രതികൂല സാഹചര്യങ്ങൾ, അസംസ്കൃത വസ്തുക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മെഷീനുകളും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംരംഭത്തിന് നഷ്ടം വരുത്താൻ കാരണമായേക്കും. സമയത്ത് അസംസ്കൃത വസ്തുക്കൾ ലഭിക്കാതിരുന്നാൽ ഉത്പന്നങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുകയില്ല. അങ്ങനെ വന്നാൽ, വിപണിയിൽ ആവശ്യക്കാർ ഉണ്ടായാൽ പോലും അത് നൽകാൻ സാധിക്കാതെ വരും. അതുപോലെ ആവശ്യത്തിന് വൈദ്യുതി ഉൾപ്പെടെയുള്ള ഭൗതിക സാഹചര്യങ്ങളുടെ അഭാവം, ശരിയായ തൊഴിലാളികളെ ശരിയായ അളവിൽ ലഭിക്കാതിരിക്കുന്ന സാഹചര്യം, ഉത്പാദിപ്പിക്കാൻ ആവശ്യമായ യന്ത്രങ്ങൾ (machineries) പ്രവർത്തിക്കാതിരിക്കൽ എന്നിവയും ഉൽപ്പന്നങ്ങൾ സമയ ബന്ധിതമായി വിപണിയിൽ എത്തിക്കുന്നതിൽ തടസ്സം സൃഷ്ടിക്കും. കടുത്ത മത്സരം, സാധനത്തിന് ആവശ്യക്കാർ ഇല്ലാതിരിക്കൽ/കുറവ് വരുന്നത്, കാലാവസ്ഥ പ്രതികൂലമാകൽ, നിയമ പരമായ നിയന്ത്രണങ്ങൾ തുടങ്ങിയവയും പ്രതീക്ഷിച്ച ലാഭം കിട്ടാതിരിക്കാനോ നഷ്ടം ഉണ്ടാക്കാനോ കാരണമായേക്കും. പലതരത്തിലുള്ള അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഓരോ സംരംഭകനും പ്രവർത്തിക്കുന്നത്. എന്നാൽ എല്ലാ സംരംഭകരും അത്തരം സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ അവരിൽ മികച്ച രീതിയിൽ കാര്യങ്ങളെ മനസ്സിലാക്കുകയും സന്ദർഭങ്ങളെ നേരിടുകയും ചെയ്യുന്നവർക്ക് നഷ്ട സാധ്യത കുറക്കാനും, ലാഭകരമായി സംരംഭം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുന്നു. നഷ്ട സാധ്യതകൾ ഉണ്ടെന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കാനും അത് ഉണ്ടായാലും സധൈര്യം നേരിടുവാനും തയ്യാറാണ് എന്ന് ഉറച്ച മനസ്സുമാണ് ഉണ്ടാകേണ്ടത്. ഭീരുത്വത്തോടെ ഒരാൾക്ക് സംരംഭകത്വത്തിൽ വിജയകരമായി തുടരാൻ കഴിയുകയില്ല. നഷ്ട സാധ്യതകൾ മനസ്സിലാക്കുകയും അവ ഒഴിവാക്കാനുള്ള വഴികൾ കണ്ടെത്തുകയും വേണം. നിയന്ത്രണവിധേയമായ ഏതൊരു സാഹചര്യത്തെയും അവയിൽ പ്രതിസന്ധികൾ ഉടലെടുക്കുമ്പോൾ തന്നെ പരിഹരിക്കണം. നിയന്ത്രണാതീതമായ കാര്യങ്ങളിൽ, ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തി നഷ്ട സാധ്യതയുടെ ആഘാതം കുറയ്ക്കണം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ ഉണ്ടാക്കുന്ന നഷ്ടങ്ങളെ അതിജീവിക്കാനുള്ള വഴികളും കണ്ടെത്തണം.
9. വൈകാരിക സ്ഥിരത
ഓരോ വ്യക്തിയിലും വ്യത്യസ്തമായ വൈകാരിക തലങ്ങളുണ്ട്. സംരംഭകത്വത്തിൽ, ഓരോ സംരംഭകനും പല തരത്തിലുള്ള ആളുകളുമായും, പല ഘട്ടങ്ങളിലും ഇടപെടേണ്ടതായിട്ട് വരും. ബിസിനസിലെ പങ്കാളികൾ/ഓഹരി ഉടമകൾ, തൊഴിലാളികൾ/മറ്റു ജീവനക്കാർ, ഉപഭോക്താക്കൾ, അസംസ്കൃത വസ്തുക്കളുടെ/ഉൽപ്പന്നങ്ങളുടെ വിവിധതലത്തിലുള്ള വിതരണക്കാർ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ (വ്യവസായ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഫയർ ആൻഡ് സേഫ്റ്റി വകുപ്പ്, പരിസ്ഥിതി വകുപ്പ് തുടങ്ങിയവ), മാർക്കറ്റിങ്ങിനു സഹായിക്കുന്ന ഏജൻസികൾ, ധന ശേഖരണത്തിന് സഹായിക്കുന്ന ബാങ്കുകൾ/മറ്റു ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, തദ്ദേശ വാസികൾ തുടങ്ങിയ നിരവധിയായ വ്യക്തികളുമായി ഇടപെടുമ്പോൾ ഉചിതവും തന്ത്രപരവുമായാണ് ഇടപെടേണ്ടത്. ദേഷ്യത്തോടെയുള്ള ഇടപെടൽ, ഇഷ്ടക്കേട് ഉണ്ടാക്കുന്ന സംസാര/ പെരുമാറ്റ രീതികൾ തുടങ്ങിയവ വ്യക്തിബന്ധങ്ങളിൽ ഉലച്ചിൽ സൃഷ്ടിക്കും. ഇടപെടലുകളിലും പെരുമാറ്റത്തിലും വികാരനിയന്ത്രണം ഉണ്ടാവണം. നല്ല വ്യക്തി ബന്ധങ്ങൾ ഉണ്ടാക്കുന്നതും നിലനിർത്തുന്നതും സ്ഥാപനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് സംരംഭകർക്ക് ഏറെ പ്രയോജനം നൽകും.
10. വ്യക്തിത്വവുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങൾ
ഓരോ വ്യക്തികളുടെയും മികവും കഴിവുകളും സംരംഭകത്തിന്റെ വിജയ പരാജയ സാധ്യതകളെ സ്വാധീനിക്കും. ഫലപ്രദമായ രീതിയിൽ ആശയ വിനിമയം നടത്താനുള്ള കഴിവ്, മനസ്സാന്നിധ്യം, കാര്യങ്ങൾ തിരിച്ചറിയാനുള്ള കരുതൽ/ ജാഗ്രത തുടങ്ങിയവ ഇതിൽ പ്രധാനമാണ്. ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നവരെ സംബന്ധിച്ചിടത്തോളം വളരെ ഗുണം ചെയ്യും.
ചുരുക്കത്തിൽ വ്യക്തികളുടെ മനഃശാസ്ത്രപരമായ ഘടകങ്ങൾ സംരംഭകത്വത്തിന്റെ വിജയ പരാജയങ്ങളെയും, വളർച്ചയെയും വളരെയേറെ സ്വാധീനിക്കും. കാരണം ഒരു സംരംഭത്തിനെ അതിന്റെ എല്ലാ ഘട്ടങ്ങളിലും മുന്നോട്ടു നയിക്കുന്നതു സംരംഭകൻ എന്ന വ്യക്തിയാണ്. ഓരോ വ്യക്തിയിലും മന:ശാസ്ത്രപരമായ ചില പ്രത്യേകതകൾ ഉണ്ട്. അവയിലെ നല്ല ഘടകങ്ങൾ സംരംഭകരെ മികച്ച നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും. അതിനാൽ സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നവർ സുപ്രധാനമായ ഗുണങ്ങൾ നിർബന്ധമായും വളർത്തണം. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, കാര്യങ്ങൾ കൃത്യമായി പഠിച്ച് മനസ്സിലാക്കി കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു പല മാനസിക കഴിവുകളും സ്വയം ആർജിക്കാൻ കഴിയുന്നതാണ്. ആവശ്യമെങ്കിൽ പരിശീലനം നൽകുന്ന ഏജൻസികളെയും, വിവിധങ്ങളായിട്ടുള്ള ഓഫ് ലൈൻ/ഓൺലൈൻ മാധ്യമങ്ങളെയും സമീപിക്കാവുന്നതാണ്. ഇത്തരം കഴിവുകൾ വ്യക്തികൾക്ക് ലഭ്യമാക്കാൻ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ഏജൻസികളും ശ്രദ്ധിക്കണം.
മഞ്ചേശ്വരം ഗവൺമെന്റ് ജി. പി. എം കോളേജിലെ പ്രൊഫസറും വാണിജ്യ വിഭാഗം മേധാവിയുമാണ് ലേഖകൻ