നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാമതായി കേരളം
ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി
‘അപ്രാപ്യമെന്നോ അസംഭവ്യമെന്നോ പ്രതിപക്ഷവും ചില മാധ്യമങ്ങളും കരുതിയിരുന്ന നേട്ടങ്ങൾ കൈവരിച്ചു കൊണ്ട് നാം മുന്നോട്ടു പോകുന്നു’ എന്ന വാചകത്തോടെയാണ് കഴിഞ്ഞവർഷം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ കേരളം 28 ൽ നിന്ന് 15-ാം സ്ഥാനത്തേക്ക് കുതിച്ച ഘട്ടത്തിൽ ഞാനെഴുതിയ ലേഖനം ആരംഭിക്കുന്നത്. ഒന്നര വർഷത്തിന് ശേഷം യൂണിയൻ ഗവണ്മെന്റ് പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് സൂചികയിൽ ഒന്നാം സ്ഥാനം കേരളം സ്വന്തമാക്കിയിരിക്കുന്ന ഘട്ടത്തിൽ ഇനിയേത് വാക്കുകളിൽ തുടങ്ങണമെന്ന സംശയം മാത്രമേയുള്ളൂ. നാം ഒന്നാമതാണ്. ഇനിയാർക്കും കേരളത്തിൽ വ്യവസായം തുടങ്ങുന്നതിൽ ആശങ്കയില്ലാത്ത വിധത്തിൽ സംരംഭകരുടെയാകെ പിന്തുണയോടെയാണ് നാം ഈ ഒന്നാം സ്ഥാനം കൈവരിച്ചത് എന്നത് കൂടുതൽ മധുരം നിറഞ്ഞ കാര്യമാണ്.
കേരളത്തിൽ വ്യവസായ നടത്തിപ്പിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥ പഴങ്കഥയായി മാറിക്കഴിഞ്ഞു. ഏറ്റവും എളുപ്പത്തിൽ സംരംഭകർക്ക് വ്യവസായം ആരംഭിക്കുന്നതിന് നിയമപരവും സാങ്കേതികവുമായ പിൻബലമൊരുക്കാൻ ഈ സർക്കാരിന് കഴിഞ്ഞു. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ കേരളത്തിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത് സംരംഭകരുടെയാകെ പിന്തുണ ആർജ്ജിക്കാൻ സാധിച്ചതുകൊണ്ടാണ്. ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം എന്ന നയം രാജ്യത്ത് ആദ്യമായി സ്വീകരിച്ച കേരളം ഗ്രീൻ ഇൻവസ്റ്റ്മെന്റിന് പറ്റിയ സ്ഥലമായും ആഗോളാടിസ്ഥാനത്തിൽ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമായും മാറുകയാണ്. നിരവധി ഇൻസന്റീവുകളും സബ്സിഡികളും ഉൾപ്പെടുത്തി ഇതിനായി രൂപീകരിച്ചിട്ടുള്ള പുതിയ വ്യവസായനയം വ്യവസായലോകമാകെ മികച്ച പ്രതികരണത്തോടെ സ്വീകരിച്ചതും ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
ഇനി ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് ആണ്. 2025 ഫെബ്രുവരി 21, 22 തീയതികളിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റേഴ്സ് മീറ്റിനുള്ള മുന്നൊരുക്കങ്ങൾ കേരളമിപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ ആദ്യ ഇന്റർനാഷണൽ ജെൻ എഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിൾ, ഫുഡ് ടെക് കോൺക്ലേവ്, ഇന്റർനാഷണൽ ബയോ ടെക്നോളജി ആന്റ് ലൈഫ് സയൻസ് കോൺക്ലേവ് എന്നിവ പൂർത്തിയാക്കി.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് അംഗീകാരം നേടിയെടുക്കാൻ സാധിച്ചതിനാൽ ഈ സർക്കാരിന്റെ കാലയളവിൽ തന്നെ പരമാവധി പണി പൂർത്തിയാക്കാൻ ഞങ്ങൾ ശ്രമിക്കും. ഒപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ എല്ലാ ഉറപ്പും ഈ സർക്കാർ പൂർത്തീകരിക്കും. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ കേരളത്തിന് കിട്ടിയ ഈ ഒന്നാം സ്ഥാനം നമുക്ക് എല്ലാ മലയാളികൾക്കും ഒന്നിച്ച് ആഘോഷിക്കാം. 2022-23 നേക്കാൾ മികച്ച 2023-24 ഞങ്ങൾ സാധ്യമാക്കുമെന്ന ഞങ്ങളുടെ ഉറപ്പ് പാലിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തോടെ 2024 നേക്കാൾ നല്ല 2025 സാധ്യമാക്കുമെന്ന ഉറപ്പ് കൂടി നിങ്ങൾക്ക് നൽകുന്നു.