ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (EoDB) റാങ്കിംഗിൽ കേരളം ടോപ്പ് അച്ചീവർ


ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

രാജ്യങ്ങളെ അവരുടെ ബിസിനസ്സ് അന്തരീക്ഷത്തെ അടിസ്ഥാനമാക്കി റാങ്ക് ചെയ്യുന്ന ഒരു ലോക ബാങ്ക് ഉദ്യമമാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (EoDB).  2014 മുതൽ, ഇന്ത്യാ ഗവൺമെന്റിന്റെ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ഈ റാങ്കിംഗ് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനായി സ്റ്റേറ്റ് ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ (എസ്ബിആർഎപി) പുറത്തിറക്കി. റെഗുലേറ്ററി സ്ട്രക്ച്ചറുകൾ കാര്യക്ഷമമാക്കുകയും നിക്ഷേപക-സൗഹൃദ കാലാവസ്ഥ പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് അനുകൂലമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പരിഷ്കാരങ്ങൾ പാലിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും റാങ്കിംഗ് ചെയ്യുന്നത്.

കേരള സർക്കാർ ഈ പ്രവർത്തനത്തിൽ സക്രിയമായി ഏർപ്പെട്ടിട്ടുണ്ട്, സംസ്ഥാനത്തിന്റെ ബിസിനസ്സ് അന്തരീക്ഷത്തെ ഉത്തേജിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ ആരംഭിച്ചു. കഴിഞ്ഞ ആ റ്വർഷത്തിനിടയിൽ, ഡിപിഐഐടിയുടെ സ്റ്റേറ്റ് ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ (എസ്ബിആർഎപി) നടപ്പാക്കുന്നത് 2016-ൽ 22.8% ആയിരുന്നത് 2022-ൽ 91% ആയി വർദ്ധിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. 2020 വർഷത്തിൽ 91 ശതമാനം സ്കോറോടെ ആസ്പയേഴ്സ് വിഭാഗത്തിൽ കേരളം 15-ാം റാങ്ക് കരസ്ഥമാക്കി. 2022 ൽ, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഈസ് ഓഫ് ലിവിംഗ് എന്നീ വിഭാഗങ്ങളിലായി ആകെ 352 പോയിന്റ് കേരളം കരസ്ഥമാക്കി. ആകെ 340 പരിഷ്കാരങ്ങൾക്കായി കേരളം തെളിവുകൾ സമർപ്പിക്കുകയും അതിൽ 319 എണ്ണം ഡിപിഐഐടി അംഗീകരിക്കുകയും അതിന്റെ ഫലമായി 91% സ്കോറിംഗ് ലഭിക്കുകയുമുണ്ടായി.

EoDB റാങ്കിംഗിന്റെ 2024 ൽ പ്രസിദ്ധീകരിച്ച ഫലങ്ങളിൽ, 30-ൽ 7 പരിഷ്കരണ മേഖലകളിൽ ‘ടോപ്പ് അച്ചീവർ’ സ്ഥാനം നേടിയതിന്റെ ഫലമായി കേരളം ഒന്നാമതെത്തി. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സംരംഭക സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള നയ പരിഷ്കരണങ്ങൾ, നടപടിക്രമങ്ങൾ ലളിതമാക്കൽ, ഫലപ്രദമായ പരിശോധനാ സംവിധാനം എന്നീ ക്രിയാത്മകമായ നടപടികളുടെ ഫലമായി സംരംഭക സമൂഹത്തിൽ നിന്നുള്ള മെച്ചപ്പെട്ട പ്രതികരണം കാരണം ഈ വർഷത്തിൽ 7 പരിഷ്കരണ മേഖലകളിൽ ‘മികച്ച നേട്ടം’ കൊയ്യാൻ സംസ്ഥാനത്തിനായി.

2022 ലെസ്റ്റേറ്റ് ബിസിനസ്സ് റിഫോംസ് ആക്ഷൻ പ്ലാൻ (SBRAP) ൽ 20 വകുപ്പുകൾ ഉൾപ്പെട്ടിരുന്നു. നവീകരണ പ്രവർത്തന പോയിന്റുകൾ നടപ്പിലാക്കുന്നതിനായി വകുപ്പുകൾ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. സെക്രട്ടറിമാരുടെയും വകുപ്പ് അദ്ധ്യക്ഷൻമാരുടെയും നോഡൽ ഓഫീസർമാരുടെയും യോജിച്ച പരിശ്രമത്തിലൂടെയാണ് സംസ്ഥാനത്തിന് പരിഷ്കരണ നടപടികൾ സമയബന്ധിതമായി നടപ്പാക്കാനും ആയത് ഡിപിഐഐടിയെ ബോധ്യപ്പെടുത്താനും കഴിഞ്ഞത്. ആക്ഷൻ പോയിന്റുകളുടെ നടത്തിപ്പിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിന് കെഎസ്ഐഡിസി യും ദ്വൈവാര യോഗങ്ങൾ നടത്തി.

എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ട് 2019 നടപ്പാക്കൽ, എംഎസ്എംഇ ഫെസിലിറ്റേഷൻ നിയമത്തിലെ ഭേദഗതി, ഏകജാലക ക്ലിയറൻസ് നിയമത്തിലെ ഭേദഗതി, കാലതാമസം നേരിടുന്ന ക്ലിയറൻസുകൾ/ലഭ്യതകൾ എന്നിവയ്ക്കായി സർക്കാരിനെ സമീപിക്കാൻ സംരംഭകരെ പ്രാപ്തരാക്കുന്ന ഉദ്യമങ്ങൾ എന്നിവയെ സംരംഭക സമൂഹം ആവേശത്തോടെ സ്വീകരിച്ചു. 22 മുൻഗണനാ മേഖലകളും സംരംഭകർക്ക് 18 വ്യത്യസ്ത പ്രോത്സാഹനങ്ങളുമുള്ള പുതിയ വ്യാവസായിക നയം, പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ, എംഎസ്എംഇ ഇൻഷുറൻസ് മുതലായവ സംരംഭകർക്കിടയിൽ ആത്മവിശ്വാസം വളർത്തുന്നതിനുള്ള പ്രധാന ചവിട്ടുപടികളായിരുന്നു.