ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ്


ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി

ർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺക്ലേവ് വലിയ വിജയം നേടിയതിന് ശേഷം നൂതന വ്യവസായ രംഗത്ത് വലിയ കുതിപ്പ് തുടരാനാണ് കേരളം ശ്രമിക്കുന്നത്. കേരളം ലക്ഷ്യമിടുന്ന 22 മുൻഗണനാ മേഖലകളിൽ വലിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി 12 സെക്ടറൽ കോൺക്ലേവുകൾ സംഘടിപ്പിക്കുകയാണ് ഇപ്പോൾ വ്യവസായ വകുപ്പ്. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചു. റോബോട്ടിക്സ് മേഖലകളിൽ ലോകത്തെ ഏത് മാറ്റങ്ങളും മറ്റേത് സംസ്ഥാനങ്ങളേക്കാളും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന സാഹചര്യം കേരളത്തിലാണുള്ളത്. മികച്ച മാനവവിഭവശേഷിയും മറ്റ് സൗകര്യങ്ങളും ലഭ്യമാണെന്നതിനാൽ ഈ മേഖലയിൽ വലിയ മുന്നേറ്റമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നിരവധി അന്താരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ പങ്കെടുത്ത കോൺക്ലേവ് ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായി മാറി. തൃശ്ശൂർ ജില്ലയിൽ കേരളത്തിലെ ആദ്യ റോബോട്ടിക്സ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള ചുവടുവെപ്പ് ഈ കോൺക്ലേവിലൂടെ സാധ്യമായി. ഒപ്പം റോബോട്ടിക്സ് മേഖലയിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് കെ എസ് ഐ ഡി സി വഴി ഇക്വിറ്റി നിക്ഷേപം നടത്തുന്നതിനും സ്റ്റാർട്ടപ്പുകൾക്കുള്ള സ്കെയിൽ അപ്പ് ലോൺ സഹായം 1 കോടിയിൽ നിന്ന് 2 കോടി ആയി ഉയർത്തുന്നതിനും കോൺക്ലേവിൽ തീരുമാനിച്ചു.

റോബോട്ടിക്സ് മേഖലയിൽ ഇൻഡസ്ട്രി-അക്കാദമിയ സഹകരണത്തിന്റെ ഭാഗമായി നൂതന റോബോട്ടിക് വാണിജ്യവൽക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നുണ്ട്. റോബോട്ടിക് സൊല്യൂഷൻ വികസനത്തിൽ നിക്ഷേപം ആകർഷിക്കുന്നതിനായി കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം, ഡിസാസ്റ്റർ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ റോബോട്ടിക്സ് പദ്ധതികളുടെ സാധ്യതകൾ ഉയർത്തിക്കാട്ടി അന്താരാഷ്ട്ര എക്സ്പോകളും നിക്ഷേപ റോഡ് ഷോകളും സംഘടിപ്പിക്കുന്നതിനും കേരളം ലക്ഷ്യമിടുന്നുണ്ട്.

കേരളത്തിന് പുറത്തും നമ്മുടെ നാട്ടിൽ സംഭവിക്കുന്ന നിക്ഷേപക സൗഹൃദമായ മാറ്റങ്ങൾ പരിചയപ്പെടുത്തുകയെന്നത് ഇവിടേക്ക് നിക്ഷേപം കടന്നുവരുന്നതിന് അത്യാവശ്യമായ ഘടകമാണ്. ഇതിന്റെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രിയുമായി ചേർന്നുകൊണ്ട് സംഘടിപ്പിച്ച പരിപാടിയാണ് ഇൻവെസ്റ്റേഴ്സ് റോഡ് ഷോ. 2025 ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായി വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും നടത്തുന്ന കൂടിക്കാഴ്ചകളിൽ ആദ്യത്തേതായിരുന്നു ഇത്. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ചും സർക്കാരിന്റെ വ്യാവസായിക-വാണിജ്യ നയങ്ങളെ സംബന്ധിച്ചും യോഗത്തിൽ വളരെ മികച്ച അഭിപ്രായങ്ങൾ കേൾക്കാൻ സാധിച്ചു. എയ്റോസ്പേസ്, പ്രതിരോധം, നിർമ്മിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ഇലക്ട്രോണിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഡിസൈനും ഉത്പാദനവും, ഭക്ഷ്യ സംസ്കരണം, വിവരസാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പൽനിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിംഗ്, ഗവേഷണ-വികസനം, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകൾ, മാലിന്യ സംസ്കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു ആശയവിനിമയം.

നിക്ഷേപകരെ ആകർഷിക്കുന്നതിനായി നടത്തുന്ന പരിപാടികൾ ഫലം കാണുന്നുണ്ടോ എന്ന ചോദ്യം പലപ്പോഴും ഉയരുന്നതിനാൽ ആ ചോദ്യത്തിനുള്ള ഒരു ഉദാഹരണം കൂടി പങ്കുവെക്കുകയാണ്. ലോകത്തിലെ മുൻനിര വാഹന സോഫ്റ്റ് വെയര് നിർമ്മാണ കമ്പനിയായ ആക്സിയ ടെക്നോളജീസ് ആഗസ്റ്റ് മാസത്തിൽ തിരുവനന്തപുരത്ത് അവരുടെ ആഗോള ഹെഡ്ക്വാർട്ടേഴ്സും R&D കേന്ദ്രവും സ്ഥാപിച്ചു. ഡിജിറ്റൽ കോക്ക്പിറ്റുകൾ, ഡിസ്പ്ലേകൾ, ഇലക്ട്രിക് ഗതാഗത സംവിധാനങ്ങൾ, ടെലിമാറ്റിക്സ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സവിശേഷ സോഫ്റ്റ് വെയര് നിർമ്മിക്കുന്ന ആക്സിയ നിലവിൽ ബി എം ഡബ്ല്യു ഉൾപ്പെടെയുള്ള ആഗോള കമ്പനികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിവരികയാണ്. തിരുവനന്തപുരത്ത് ഓട്ടോമോട്ടീവ് ഹബ്ബ് സ്ഥാപിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് പുത്തനൂർജ്ജം പകരുന്ന ഈ തുടക്കത്തിന് കൂടുതൽ കരുത്തുപകരുന്നതിനായി ഈ വർഷം നവംബറിൽ തിരുവനന്തപുരത്ത് ഓട്ടോമോട്ടീവ് ഇൻവെസ്റ്റേഴ്സ് കോൺക്ലേവ് സംഘടിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.