കേരള ബ്രാൻഡ്
ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങളെ കേരള ബ്രാൻഡ് ലഭിക്കുന്ന ഗുണനിലവാരത്തിലേക്ക് ഉയർത്തുകയെന്നതാണ് വ്യവസായ വകുപ്പ് ഏറ്റെടുക്കുന്ന ദൗത്യം. ഗുണനിലവാരത്തിലും ധാർമ്മികതയിലും വിട്ടുവീഴ്ചയില്ലാത്ത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന സംരംഭങ്ങളാണ് നാടിന് ആവശ്യമെന്നും ഇത് സാധ്യമാകുന്നതോടെ കേരള ബ്രാൻഡ് അന്താരാഷ്ട്ര തലത്തിൽ ഉയർത്തപ്പെടുമെന്നും അന്താരാഷ്ട്ര സംരംഭക ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 21 ന് വ്യവസായ സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് നൽകുന്ന ചടങ്ങ് ഉദ്ഘാടന ചെയ്തുകൊണ്ട് ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.
കേരളം ലോകമറിയുന്ന ഒരു ബ്രാൻഡാണ്. ഇത് ലോകത്തിനു മുന്നിൽ ഉത്പന്നങ്ങളുടെ മാർക്കറ്റിങ്ങിലും പ്രയോജനപ്പെടുത്താനാകുമെന്നതാണ് കേരള ബ്രാൻഡിലൂടെ സാധ്യമാകുന്നത്. ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിന് ഇപ്പോൾ ആളുകൾ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ ഗുണനിലവാരവും ധാർമ്മികതയും പുലർത്തുന്ന കേരള ബ്രാൻഡിന് വലിയ സാധ്യതയാണ് വിപണിയിലുള്ളത്. കോവിഡിന് ശേഷം ആരോഗ്യ കാര്യങ്ങളിലും ജീവിതശൈലിയിലും വലിയ ഉത്കണ്ഠ സമൂഹത്തിനുണ്ട്. അവർ വൻകിട ബ്രാൻഡുകൾക്ക് പിറകെ പോകാതെ മായം ചേർക്കാത്തതും ഗുണനിലവാരം പുലർത്തുന്നതുമായ പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നു.
കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്കും നൽകുന്ന സേവനങ്ങൾക്കും ആഗോള ഗുണനിലവാരം കൊണ്ടുവരികയും അന്താരാഷ്ട്ര വിപണിയിലെ വിപണന സാധ്യത കൂട്ടുകയും പൊതുവായ ഒരു ബ്രാൻഡ് സൃഷ്ടിച്ചെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ബ്രാൻഡ്. വ്യവസായ വാണിജ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുകയും താലൂക്ക് തല സെലക്ഷൻ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത ആറ് വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്കാണ് ആദ്യഘട്ടത്തിൽ കേരള ബ്രാൻഡ് രജിസ്ട്രേഷൻ നൽകിയത്. എം ആർ എൽ കുട്ടനാടൻ കോക്കനട്ട് ഓയിൽ (ആലപ്പുഴ), കെഡിസൺ എക്സ്പെല്ലേഴ്സ് (കോട്ടയം) വരാപെട്ടി കോക്കനട്ട് ഓയിൽ (എറണാകുളം), കെ എം ഓയിൽ ഇൻഡസ്ട്രീസ്, അഞ്ചരക്കണ്ടി എഫ് എസ് സി ബാങ്ക് ലിമിറ്റഡിന്റെ സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് പ്ലാന്റ് (കണ്ണൂർ), കളത്ര ഓയിൽ മിൽസ് (കാസർകോട്) എന്നിവയാണ് ഈ സ്ഥാപനങ്ങൾ.
സാധാരണക്കാരായ സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വ്യവസായ സംരംഭങ്ങളിലൂടെ സംസ്ഥാനത്തെ തൊഴിലവസരങ്ങളും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുകയെന്നതും കേരള ബ്രാൻഡ് നൽകുന്നതിലൂടെ കമ്പോളത്തിലെ അധാർമ്മികത ഒഴിവാക്കാൻ സാധിക്കുമെന്നും, തെരഞ്ഞെടുത്ത 14 ഓളം ഉത്പന്നങ്ങൾ എത്രയും വേഗം വിപണിയിലേക്ക് കൊണ്ടുവരാനും കേരള ബ്രാൻഡ് നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് അഭിപ്രായപ്പെട്ടു.
ഒരു സംസ്ഥാനം ഉത്പന്നങ്ങൾക്ക് ബ്രാൻഡ് നൽകുന്ന പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണ്. പദ്ധതിയുടെ ആദ്യഘട്ടമായി കേരളത്തിന്റെ തനത് ഉത്പന്നം എന്ന നിലയിലാണ് ബ്രാൻഡ് സർട്ടിഫിക്കേഷൻ നൽകുന്നതിനായി വെളിച്ചെണ്ണ പരിഗണിച്ചത്. കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നേടുന്ന ഉൽപന്നങ്ങൾക്ക് ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ മെയ്ഡ് ഇൻ കേരള എന്ന തനതായ ബ്രാൻഡ് നാമത്തിൽ വിപണനം ചെയ്യാനാകും. www.keralabrand. industry.gov.in എന്ന പോർട്ടലിൽ സംരംഭങ്ങൾക്ക് കേരള ബ്രാൻഡിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.