വിഭിന്നത്വം, പെനിട്രേഷൻ പ്രൈസിംഗ്, നീഷ് മാർക്കറ്റ് – വിപണി കീഴടക്കാൻ 3 തന്ത്രങ്ങൾ

ഡോ. സുധീർ ബാബു

വിപണി (Market) ബിസിനസിന് അതിവേഗം പിടിതരുന്ന ഒന്നല്ല. ശരിയായ തന്ത്രങ്ങൾ പ്രയോഗിച്ചാൽ മാത്രമേ ഉൽപ്പന്നങ്ങൾക്ക് വിപണിയുടെ ഹൃദയം കവരുവാൻ കഴിയുകയുള്ളൂ. വിപണിയിലേക്ക് തന്റെ ഉൽപ്പന്നങ്ങളുമായി
പ്രവേശിക്കുന്ന സംരംഭകൻ സ്വീകരിക്കുന്ന തന്ത്രങ്ങളാണ് ബിസിനസിൻറെ വിജയം നിശ്ചയിക്കുന്നത്. അത്തരം വിജയ തന്ത്രങ്ങളിൽ വളരെ പ്രധാനപ്പെട്ട മൂന്ന് തന്ത്രങ്ങളിലൂടെ നമുക്കൊന്ന് കടന്നുപോകാം.

വിഭിന്നത്വം (Differentiation)
കണ്ണഞ്ചിപ്പിക്കുന്ന കടുംനിറങ്ങളുള്ള, സാധാരണ കാണുന്നവയിൽ നിന്നും വ്യത്യസ്തങ്ങളായ ഡിസൈനുകളിലുള്ള സോക്സുകൾ ഉപയോഗിക്കാറുണ്ടോ? കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിയും. അതെല്ലാം കുട്ടികൾക്കല്ലേ. എന്നാൽ ഹാപ്പിസോക്സ് ചിന്തിച്ചത് തികച്ചും വേറിട്ട രീതിയിലാണ്. അസാധാരണ നിറങ്ങളും അതിശയിപ്പിക്കുന്ന രൂപകല്പ്പനയും (Design) സമന്വയിപ്പിച്ച സർഗ്ഗാത്മകതയാണ് ഹാപ്പിസോക്സ് എന്ന സ്വീഡിഷ് കമ്പനിയുടെ പ്രത്യേകത.

ആര് വാങ്ങാൻ എന്ന് ചിന്തിച്ചാൽ തെറ്റി. ഹാപ്പിസോക്സിൻറെ വിപണി ഇന്ന് 90 രാജ്യങ്ങളിലായി പടർന്നു കിടക്കുന്നു. എന്താണ് അവരുടെ വിജയ രഹസ്യമെന്ന് ചൂഴ്ന്നു നോക്കിയാൽ നമുക്ക് കണ്ടെത്താൻ കഴിയുന്നത് ഹാപ്പിസോക്സിന്റെ ഉൽപ്പന്നങ്ങൾക്കുള്ള വ്യത്യസ്തതയാണ്. എതിരാളികൾ സമാന രീതിയിൽ ചിന്തിക്കുമ്പോൾ ഹാപ്പിസോക്സ് വിഭിന്നമായി ചിന്തിക്കാൻ ശ്രമിക്കുന്നു. അവരുടെ ഉപഭോക്താക്കൾ ഇന്ന് ആ ബ്രാൻഡ് അണിയുന്നതിൽ ആനന്ദിക്കുന്നു, അഭിമാനിക്കുന്നു.

വിപണിയുടെ മനസിനെ എളുപ്പം കീഴടക്കാവുന്ന ആഗ്നേയാസ്ത്രമാണ് വിഭിന്നത്വം (Differentiation) എന്ന തന്ത്രം. കലുഷിതമായ, രൂക്ഷമത്സരം നിറഞ്ഞു നിൽക്കുന്ന വിപണിയിലേക്ക് എതിരാളികളുടെ ഉൽപ്പന്നങ്ങളുടേത് പോലെ സമാനമായവയുമായി കടന്നു ചെന്നാൽ വിജയിക്കുവാനുള്ള സാധ്യത വിരളമാണ്. വിഭിന്നത്വം അഥവാ വ്യത്യസ്തത വിജയതന്ത്രമായി മാറുന്നതിവിടെയാണ്. വ്യത്യസ്തമായ അനുഭവം പ്രദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളെ ഉപഭോക്താക്കൾ നെഞ്ചോട് ചേർക്കുന്നു.

Testa ഇലക്ട്രിക് കാർ വിപണിയിൽ ചലനം സൃഷ്ടിച്ചത് അതിന്റെ അതുല്യമായ സവിശേഷതകൾ മൂലമാണ്. അവ യഥാർത്ഥത്തിൽ കടന്നു ചെന്നത് ഓരോ ഉപഭോക്താവിന്റെയും ഹൃദയത്തിലേക്കായിരുന്നു. പരിസ്ഥിതി സൗഹാർദ്ദതയും സാങ്കേതികത്തികവും മാത്രമായിരുന്നില്ല അതിനുള്ള കാരണങ്ങൾ. മറ്റ് കാറുകളിൽ നിന്നും വിഭിന്നമായ അതിന്റെ അനുപമസൗന്ദര്യം കൂടി ഉപഭോക്താവിനെ വശീകരിച്ചു. എതിരാളികൾക്കില്ലാത്ത സവിശേഷതകൾ Tesla യെ വ്യത്യസ്തമാക്കി.

ഉപഭോക്താവിന്റെ ആഗ്രഹാനുസരണം വാഹനത്തിൽ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുവാനുള്ള സൗകര്യം, സോളാർ പാനലുകൾ, പെട്ടെന്ന് ചാർജ്ജ് ചെയ്യാവുന്ന സവിശേഷത, സ്വയം ഡ്രൈവ് (Self-Drive) എന്നിവ Tesla യെ വ്യത്യസ്തമാക്കുന്നു. മറ്റുള്ളവരിൽ നിന്നും Teslaയെ മാറ്റിനിർത്തുന്നതും ഉൽപ്പന്നത്തിന്റെ സവിശേഷതകൾ തന്നെയാണ്. ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന ഇലക്ട്രിക് കാർ വിപണിയിൽ തങ്ങളുടേതായ വ്യക്തിമുദ്ര മുൻകൂട്ടി പതിപ്പിക്കുവാൻ വിഭിന്നത്വത്തിലൂടെ Teslaക്ക് കഴിഞ്ഞിരിക്കുന്നു.

വിപണിയിൽ മേൽക്കൈ നേടാൻ വിഭിന്നത്വം (Differentiation) സഹായിക്കും. തന്റെ ഉപഭോക്താക്കൾക്ക് എതിരാളികൾ നൽകുന്ന അനുഭവങ്ങളിൽ (Experiences) നിന്നും വ്യത്യസ്തമായവ നൽകുവാൻ കഴിയുന്നുണ്ടോ എന്ന് സംരംഭകൻ വിലയിരുത്തേണ്ടതുണ്ട്. വിലകൾ തമ്മിലുള്ള താരതമ്യവും മത്സരവും ഇവിടെ അപ്രസക്തമാകുന്നു.

ഉൽപ്പന്നത്തിന്റെ ഉയർന്ന മൂല്യം കൂടിയ വില നൽകി അത് സ്വന്തമാക്കുവാൻ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നു.
ഉൽപ്പന്നത്തിന്റെ സവിശേഷതകളും മേന്മകളും മനസിൽ പതിയുന്നതോടെ ഉപഭോക്താവ് ബ്രാൻഡിൽ ആകൃഷ്ടനാകുന്നു. ഇത് സുദീർഘമായ ഒരു ബന്ധത്തിൻറെ തുടക്കമാണ്. ഇത്തരമൊരു അവബോധം സൃഷ്ടിക്കലാവണം മാർക്കറ്റിംഗിന്റെ ലക്ഷ്യം. എതിരാളികൾക്ക് മേൽ അധീശത്വം സ്ഥാപിക്കുവാൻ ഇത് സഹായകരമാകുന്നു.

ഉൽപ്പന്നത്തെക്കുറിച്ചുള്ള ആശയം ഉടലെടുക്കുമ്പോൾ തന്നെ അതെങ്ങിനെ വ്യത്യസ്തമാക്കാം എന്ന് സംരംഭകൻ ചിന്തിക്കേണ്ടതുണ്ട്. ഉപഭോക്താക്കൾ സമാനതകളില്ലാത്ത അനുഭവങ്ങൾക്കും ഉയർന്ന മൂല്യങ്ങൾക്കുമായി ദാഹിക്കുന്നവരാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞാൽ ഇത് സാധ്യമാകും. വിഭിന്നത്വം (Differentiation) കിടമത്സരത്തിനെതിരെയുള്ള (competition) ഒരു ആയുധമാണ്. വിപണിയിൽ അത് നിങ്ങളെ വ്യത്യസ്തനാക്കും.

പെനിട്രേഷൻ പ്രൈസിംഗ് (Penetration Pricing)
സൗജന്യ സിമ്മും 4 ജി ഡാറ്റയുമായുള്ള ജിയോയുടെ കടന്നു വരവ് ഒരിക്കലും മറക്കാൻ കഴിയുന്ന ഒന്നല്ല. ഇന്ത്യൻ ടെലികോം രംഗത്തെ വിപ്ലവം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന സംഭവം. ഇന്റർനെറ്റും ഫോൺ വിളിയും ആർഭാടമായിരുന്ന ഒരു ലോകത്ത് ജിയോയുടെ വാഗ്ദാനം അവിശ്വസനീയമായിരുന്നു. സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങൾ കണ്ട് മറ്റ് സേവനദാതാക്കളെ ഉപേക്ഷിച്ച് ഉപഭോക്താക്കൾ ജിയോക്ക് പിന്നാലെ കൂടി.

ജിയോയുടെ ലക്ഷ്യം 100 ദിവസങ്ങൾക്കുള്ളിൽ 10 കോടി ഉപഭോക്താക്കളായിരുന്നു. ഇന്ന് 40 കോടിയിലധികം ഉപഭോക്താക്കളുമായി ടെലികോം രംഗം ജിയോ കീഴടക്കിയിരിക്കുന്നു. വേഗം കുറഞ്ഞ ഇന്റർനെറ്റും പണം ചെലവഴിച്ചുള്ള ഫോൺ വിളികളും ശീലിച്ച ഒരു ജനതയെ സൗജന്യത്തിന്റെ കൊളുത്തിൽ കുരുക്കി ജിയോ തങ്ങളുടെ ഉപഭോക്താക്കളാക്കി മാറ്റി.

സൗജന്യമായി ഇന്റർനെറ്റ് ലഭിച്ചതോടെ മൊബൈലിലും കമ്പ്യൂട്ടറിലും ചലച്ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളും യാതൊരു പരിമിതികളുമില്ലാതെ ഉപഭോക്താക്കൾ ആസ്വദിച്ചു തുടങ്ങി. ഗെയിമുകൾ ലഹരിയായി. ഇനി ഇതൊക്കെ ഉപയോഗിക്കാതെ മുന്നോട്ട് പോകുക അസാധ്യം. പണം നൽകി സേവനം ഉപയോഗിച്ചിരുന്നപ്പോൾ പാലിച്ചിരുന്ന അച്ചടക്കങ്ങൾ ഇല്ലാതെയായി. ജിയോയുടെ തന്ത്രത്തിൽ മറ്റ് സേവനദാതാക്കൾ സ്തബ്ധരായി. തങ്ങളുടെ ഉപഭോക്താക്കൾ ജിയോയിലേക്ക് ഒഴുകുന്നത് തടുക്കാൻ അവർക്കായില്ല. കാരണം ജിയോ തീർത്ത ആകർഷണ വലയം അത്ര പ്രലോഭനകരമായിരുന്നു.

വിപണിയിൽ ആധിപത്യം സ്ഥാപിച്ചതോടെ ജിയോ സൗജന്യ സേവനം അവസാനിപ്പിച്ചു. എതിരാളികൾ നിറഞ്ഞിരുന്ന വിപണി ജിയോയുടെ മാത്രം കുത്തകയായി മാറി. ജിയോയുടെ തന്ത്രത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ എതിരാളികൾ മുട്ടുമടക്കി. വിപണി തങ്ങളുടെ കൈപ്പിടിയിൽ അമർന്നതോടുകൂടി ജിയോ സേവനങ്ങൾക്ക് ചാർജ്ജ് ഈടാക്കിത്തുടങ്ങി. സൗജന്യമായി ആസ്വദിച്ചിരുന്ന സേവനങ്ങൾ ഇപ്പോൾ ഉപഭോക്താക്കൾ പണം നൽകി വാങ്ങുവാൻ തുടങ്ങി.

വിപണിയിൽ നുഴഞ്ഞു കയറുകയും വിപണിയുടെ കുത്തകാവകാശം കയ്യടക്കുകയും എതിരാളികളെ പുറംതള്ളുകയും ചെയ്യുക എന്ന തന്ത്രമാണ് ജിയോ നടപ്പിലാക്കിയത്. വിലനിർണ്ണയത്തിലെ അതിശക്തമായ ഈ തന്ത്രം പരീക്ഷിക്കുന്നത് വിപണിയിലേക്ക് കടന്നു വരുന്ന പുതിയ ഉൽപ്പന്നങ്ങളാണ്. തങ്ങളുടെ എതിരാളികളെക്കാൾ കുറഞ്ഞ വില നിശ്ചയിച്ചു കൊണ്ട് വിപണിയിൽ രംഗപ്രവേശം ചെയ്യുന്നു. കൂടുതൽ ഉപഭോക്താക്കളെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നേടുക എന്നതാണ് ലക്ഷ്യം. കുറഞ്ഞ വില മറ്റ് ബ്രാൻഡുകളിൽ നിന്നും മാറി പുതിയതിനെ പരീക്ഷിക്കുവാൻ ഉപഭോക്താവിനെ പ്രലോഭിപ്പിക്കുന്നു.

കൂടുതൽ ഉപഭോക്താക്കളും ഉയർന്ന വിൽപ്പനയും ഉൽപ്പാദനച്ചെലവ് കുറയ്ക്കുവാൻ കമ്പനിയെ സഹായിക്കുന്നു. പുതിയതായി വിപണിയിലേക്ക് അവതരിപ്പിക്കപ്പെടുന്ന ഒരു ഉൽപ്പന്നം തങ്ങളുടെ എതിരാളികളുടെ ഉൽപ്പന്നത്തെക്കാൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുമ്പോൾ അവർ അത് പെട്ടെന്ന് സ്വീകരിക്കുന്നു. വേഗത്തിൽ വിപണിയിൽ സാന്നിധ്യമുറപ്പിക്കുവാനും വിൽപ്പന വർദ്ധിപ്പിക്കുവാനും ഈ വിലനിർണ്ണയ തന്ത്രം സഹായകരമാകുന്നു. ചൈനയുടെ ഉൽപ്പന്നങ്ങൾ ഈ തന്ത്രം വളരെ വിജയകരമായി നടപ്പിലാക്കിപ്പോരുന്നതായി നമുക്ക് കാണാം.

അനന്തമായ കാലം കുറഞ്ഞ വിലയിൽ വിൽക്കുക എന്നതല്ല ഈ തന്ത്രത്തിന്റെ ലക്ഷ്യം. മറിച്ച് വിപണി അതിവേഗം പിടിച്ചെടുക്കുക എന്നതാണ്. വിപണി തങ്ങളുടെ വരുതിയിലായിക്കഴിഞ്ഞാൽ ഉൽപ്പന്നത്തിന്റെ വില വർദ്ധിപ്പിക്കുന്നു. ഉപഭോക്താക്കൾ തങ്ങളുടെ ഉൽപ്പന്നം തന്നെ ഉപയോഗിക്കും എന്ന പ്രതീക്ഷയിലാണ് വില വർദ്ധന നടപ്പിലാക്കുന്നത്. ജിയോ നടപ്പിലാക്കിയതും ഈയൊരു തന്ത്രമാണ്. വിപണിയിലേക്ക് പുതുതായി കടന്നു വരുന്ന ഉൽപ്പന്നങ്ങൾക്ക് ”Penetration Pricing” പരീക്ഷിക്കാം.

നീഷ് മാർക്കറ്റ് (Niche Market)
പവിറ്റർ സിംഗിന്റെ മകന് എട്ട് വയസായി. അതുവരെ സ്കൂളിൽ പെൻസിൽ കൊണ്ട് എഴുതിയിരുന്നയാൾക്ക് പേനയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. മകൻ പേന കൊണ്ട് പുസ്തകത്തിൽ എഴുതുമ്പോൾ അതുവരെ ശ്രദ്ധിക്കാതിരുന്ന ഒരു പ്രശ്നം പവിറ്റർ സിംഗ് കണ്ടെത്തി. മകന് ക്ലാസിലെ മറ്റ് കുട്ടികൾ എഴുതുന്ന വേഗതയിൽ പേന കൊണ്ട് എഴുതുവാൻ സാധിക്കുന്നില്ല. എഴുതുമ്പോൾ താൻ എഴുതുന്നത് എന്താണ് എന്ന് മകന് കാണുവാൻ കഴിയുന്നില്ല. കാരണം പവിറ്റർ സിംഗിന്റെ മകൻ ഒരു ഇടംകൈയ്യനായിരുന്നു.

മകന്റെ പ്രവൃത്തികൾ ശ്രദ്ധിക്കുന്തോറും ഈ അസാധാരണത്വം പവിറ്റർ സിംഗിന്റെ ചിന്തകളെ അലട്ടി. എന്തുകൊണ്ടാണ് ഇടംകൈയ്യനായ തൻറെ മകന് മറ്റ് കുട്ടികൾ ചെയ്യുന്നത് പോലെ സുഗമമായി കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്നില്ല എന്നോർത്തയാൾ വ്യാകുലനായി. അധികം താമസിയാതെ തന്നെ അതിൻറെ ഉത്തരവും അയാൾ കണ്ടെത്തി. തന്റെ മകൻ ജീവിക്കുന്നത് വലംകൈയ്യന്മാർക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു ലോകത്തിലാണ്. അവന്റെ പുസ്തകങ്ങൾ, പേനകൾ, ഇരിക്കാൻ ഉപയോഗിക്കുന്ന കസേര അങ്ങിനെ ഓരോന്നും വലംകൈയ്യന്മാർക്ക് വേണ്ടിയാണ് രൂപകല്പന (Design) ചെയ്തിരിക്കുന്നത്.

2016 ൽ പവിറ്റർ സിംഗ് ഇടംകൈയ്യന്മാർക്ക് ആവശ്യമുള്ള സാധനങ്ങൾ മാത്രം വിൽക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഷോപ്പ് തുറന്നു. ഇടംകൈയ്യന്മാർക്കുള്ള സ്കൂൾ സ്റ്റേഷനറി മുതൽ ക്രിക്കറ്റ് ഉപകരണങ്ങൾ വരെ അവിടെ ലഭ്യമാക്കി. ”മൈ ലെഫ്റ്റ്” (MyLeft) എന്ന സ്വന്തം ബ്രാൻഡിനും പവിറ്റർ സിംഗ് രൂപം നൽകി. ഇടംകൈയ്യന്മാർ എഴുതാനുപയോഗിക്കുന്ന നോട്ട്ബുക്കിന്റെ പ്രത്യേകത നിങ്ങൾക്കറിയുമോ? അതിന്റെ ബൈൻഡിംഗ് ശ്രദ്ധിക്കുക. അത് വലതുഭാഗത്താണ്. ഈ അറിവുകൾ വളരെ രസകരമാണ്, അല്ലേ?

ഇടംകൈയ്യന്മാർക്ക് ആവശ്യമായ ഉൽപ്പന്നങ്ങളുടെ ആ വിപണിയെ നമുക്ക് ഒരു നീഷ് മാർക്കറ്റ്(Niche Market) എന്ന് വിളിക്കാം. വലംകൈയ്യന്മാർക്കുള്ള അതിവിശാലമായ വിപണിയുടെ വളരെ അനന്യമായ (Unique) ഒരു കഷ്ണം മാത്രമാണത്. ഇടംകൈയ്യന്മാർ എന്ന സവിശേഷ ഉപഭോക്താക്കളെ മാത്രമാണ് ഈ ബിസിനസ് ലക്ഷ്യമിടുന്നത്. അതിബൃഹത്തായ വിപണിയിലെ പ്രത്യേക ആവശ്യങ്ങളുള്ള ഉപഭോക്താക്കളെ കണ്ടെത്തുകയും അവർക്കായി ഉൽപ്പന്നങ്ങളോ സേവനങ്ങളോ നൽകുകയും ചെയ്യുമ്പോൾ അത് നീഷ് (Niche) ബിസിനസ് സ്ട്രാറ്റജിയായി മാറുന്നു.

തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന വേളയിലാണ് ആ ബുദ്ധിമുട്ട് മെയ് ജോയ് തിരിച്ചറിഞ്ഞത്. മാറിവരുന്ന തന്റെ ശരീരപ്രകൃതിക്ക് യോജിച്ച, ഒരു ഗർഭിണിക്ക് സൗകര്യപ്രദമാകുന്ന വസ്ത്രങ്ങൾ ലഭ്യമാകുന്നില്ല. ഇത് അത്തരം വസ്ത്രങ്ങളുടെ ആവശ്യകത മെയ് ജോയിയെ ബോധ്യപ്പെടുത്തി. 2012 ൽ ഗർഭിണികൾക്ക് മാത്രമായുള്ള വസ്ത്രശേഖരവുമായി ആദ്യത്തെ ബ്രാൻഡഡ് ഷോപ്പ് ‘ZIVA’ കേരളത്തിൽ മെയ് ജോയ് ആരംഭിച്ചു. തന്റെ ഗർഭകാലത്തുണ്ടായ അനുഭവം ഒരു നീഷ് മാർക്കറ്റ് (Niche Market) കണ്ടെത്തുന്നതിലേക്ക് മെയ് ജോയിയെ നയിച്ചു.

നീഷ് മാർക്കറ്റുകൾ പ്രത്യേക വിപണിയിടങ്ങളാണ് (Market Place). വിപണിയിലെ പൊതുവായ ഉപഭോക്താക്കളെ അവ ലക്ഷ്യം വെക്കുന്നില്ല. അവയുടെ ലക്ഷ്യം പ്രത്യേക ആവശ്യങ്ങളുള്ള ഉപഭോക്താക്കളുടെ സമൂഹത്തെ കണ്ടെത്തുകയും അവരെ സേവിക്കുകയും ചെയ്യുക എന്നതാണ്. ശുദ്ധ വെജിറ്റേറിയൻ റെസ്റ്റോറൻറുകൾ നിങ്ങൾ കണ്ടിട്ടുണ്ട്. വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഇടയിൽ നിന്നും ഒരു നീഷ് മാർക്കറ്റ് കണ്ടെത്തുവാൻ കഴിയുമോ? അങ്ങിനെ ചിന്തിക്കുമ്പോൾ ”വീഗെൻസിന്” (Vegans) മാത്രമായി റെസ്റ്റോറന്റുകൾ രൂപംകൊള്ളുന്നു. അതൊരു നീഷ് മാർക്കറ്റാണ്.

വിപണിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുക. സ്വന്തം ജീവിതാനുഭവങ്ങളെ ശ്രദ്ധിക്കുക. മറ്റാരുടേയും കണ്ണുകൾ ചെന്നെത്താത്ത നീഷ് മാർക്കറ്റുകൾ കണ്ടെത്തുക. അവിടെ വിജയ കഥകൾ രചിക്കുക.

വാൽക്കഷ്ണം: അതിവേഗം ഒരു തന്ത്രം തിരഞ്ഞെടുത്ത് വിപണിയിലേക്ക് ഓടിയിറങ്ങി വിജയിച്ചു കളയാമെന്ന മിഥ്യാധാരണ സംരംഭകൻ സൂക്ഷിക്കരുത്. തന്റെ ബിസിനസിനും ഉൽപ്പന്നത്തിനും വിപണിക്കും യോജിച്ച തന്ത്രങ്ങൾ സ്വീകരിച്ചാൽ മാത്രമേ വിപണി കീഴടക്കാൻ കഴിയുകയുള്ളൂ. ആഴത്തിലുള്ള പഠനവും തയ്യാറെടുപ്പും ഇതിനാവശ്യമാണ്.