ഐ.ബി.എമ്മുമായി സഹകരിച്ച് രാജ്യാന്തര ജനറേറ്റീവ് എ.ഐ കോൺക്ലേവ്
ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി
സംസ്ഥാന സർക്കാർ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിച്ച രാജ്യാന്തര ജനറേറ്റീവ് എഐ കോൺക്ലേവ് വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ യാത്രയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുന്ന ഒരു ചുവടുവെയ്പ്പാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും നൂതന വ്യവസായങ്ങളിൽ അതിന്റെ സ്വാധീനവും ചർച്ച ചെയ്ത സമ്മേളനം കേരളത്തിലും രാജ്യത്തും നിർമ്മിത ബുദ്ധി വ്യവസായങ്ങളിൽ ഉണ്ടാകാൻ പോകുന്ന മുന്നേറ്റത്തിലെ സുപ്രധാന നീക്കമായിരുന്നു. കേരളത്തിന് സ്വന്തമായൊരു എ ഐ നയമുൾപ്പെടെ രൂപീകരിക്കുന്നതിൽ ഈ കോൺക്ലേവ് പ്രധാന പങ്ക് വഹിച്ചു.
ലോകം മുഴുവൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായങ്ങൾ വർധിച്ചുവരുന്ന ഘട്ടത്തിൽ സംഘടിപ്പിച്ച കോൺക്ലേവിന് ഏറെ പ്രസക്തിയുണ്ട്. നിർമ്മിതബുദ്ധി വിവിധ മേഖലകളിൽ ഉപയോഗിക്കുന്നതിൽ കേരളം മികവ് തെളിയിക്കുന്ന ഘട്ടത്തിലാണ് രാജ്യത്തെ ആദ്യത്തെ ജെൻ എ ഐ കോൺക്ലേവ് കൊച്ചിയിൽ നടത്തിയത്. നൂതന സാങ്കേതികവിദ്യാ സംരംഭങ്ങളിൽ നിർമ്മിത ബുദ്ധിയെക്കൂടി ഉപയോഗിക്കുന്നതിനും ആധുനീകരണത്തിനൊപ്പം നവീന സാങ്കേതിക വിദ്യകളെക്കൂടി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേരളത്തിന്റെ പ്രതിബദ്ധത ഈ സമ്മേളനം ഊട്ടിയുറപ്പിച്ചു.
വ്യവസായ പ്രമുഖർ, നയരൂപീകരണ മേഖലകളിൽ പ്രവർത്തിക്കുന്നവർ, ഇന്നൊവേറ്റർമാർ, നിക്ഷേപകർ, സ്റ്റാർട്ടപ്പ് പ്രൊമോട്ടർമാർ, അക്കാദമീഷ്യന്മാർ തുടങ്ങിയവരുടെ ഒത്തുചേരലിന് സമ്മേളനം സാക്ഷ്യം വഹിച്ചു. ബിസിനസ് സാങ്കേതിക വിദ്യയിൽ നൈപുണ്യം, നെറ്റ്വർക്കിങ്ങ് തുടങ്ങിയ മേഖലകളിൽ മുന്നേറ്റം കൈവരിക്കുന്നതിനുള്ള വേദിയായി കൂടി ഈ കോൺക്ലേവ് മാറി. ഒപ്പം ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സ്ഥലമായി കേരളത്തെ തെരഞ്ഞെടുത്ത വൻകിട കമ്പനികൾക്കൊപ്പം സാങ്കേതിക വിദ്യാധിഷ്ഠിത സ്റ്റാർട്ടപ്പുകൾ, എം എസ് എം ഇകൾ എന്നിവയും കോൺക്ലേവിന്റെ ഭാഗമായിരുന്നു.
ഇന്ത്യയിലെ മുൻനിര എ ഐ ഡെസ്റ്റിനേഷനായി അതിവേഗം മാറുന്ന കേരളം ഈ മേഖലയിലെ നിക്ഷേപത്തിന് അനുകൂലമായ ആവാസവ്യവസ്ഥയാണ് വാഗ്ദാനം ചെയ്യുന്നത്. മികച്ച ഐടി അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന നൈപുണ്യമുള്ള മാനവ വിഭവവും കേരളത്തിന്റെ അനുകൂല ഘടകങ്ങളാണ്. 2023ലെ വ്യാവസായ നയത്തിൽ എ ഐയെ പ്രത്യേക പ്രാധാന്യം നൽകേണ്ട മേഖലയായി സംസ്ഥാന സർക്കാർ പരിഗണിച്ചിട്ടുണ്ട്. ഒപ്പം സംസ്ഥാന ബജറ്റിൽ അതിന് മുൻഗണന നൽകുകയും ചെയ്തിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ബയോ ടെക്നോളജി തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്റസ്ട്രി 4.0 ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനാണ് കേരളത്തിന്റെ പുതിയ വ്യവസായ നയം ലക്ഷ്യമിടുന്നത്.
എ ഐ അധിഷ്ഠിത സംരംഭങ്ങളുടെ വളർച്ചയ്ക്ക് സംസ്ഥാനത്ത് മികച്ച സാഹചര്യമാണുള്ളത്. നിക്ഷേപ സബ്സിഡി, സംസ്ഥാന ജി എസ് ടി റീ ഇംബേഴ്സ്മെന്റ്, എം എസ് എം ഇകൾക്കുള്ള അപ്രന്റീസ്ഷിപ്പ് പദ്ധതി, പ്രത്യേക ഗ്രാന്റുകൾ, കുറഞ്ഞ പലിശനിരക്കുള്ള വായ്പകൾ, നികുതിയിളവുകൾ എന്നിവയടക്കം 18 ഇൻസന്റീവുകളാണ് ഇതിനായി വാഗ്ദാനം ചെയ്യുന്നത്. സാഫ്രാൻ, അത്താച്ചി, ഐവിഎം, ഡി സ്പേസ്, കോങ്സ്ബെർഗ്, വെൻഷ്വർ പോലുള്ള ആഗോള പ്രമുഖർ സംസ്ഥാനത്ത് നിക്ഷേപം ആരംഭിച്ചിട്ടുണ്ട്.
ഏത് സാങ്കേതിക വിദ്യയേയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളി. ബിസിനസ് സേവനങ്ങളും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് എ ഐ സംവിധാനങ്ങൾ സ്വീകരിക്കുന്നതിനുപുറമെ കാലാവസ്ഥാ വ്യതിയാനം, പൊതുജനാരോഗ്യ വെല്ലുവിളികൾ, ദാരിദ്ര്യ നിർമ്മാർജനം തുടങ്ങിയ വലിയ ആശങ്കകൾ പരിഹരിക്കാനും എ ഐ പ്രയോജനപ്പെടുത്താം. കേരളത്തെ രാജ്യത്തെ എ ഐ ഹബ്ബ് ആക്കിമാറ്റുന്നതിന് ഇപ്പോൾ സമാപിച്ച ജെൻ എ ഐ കോൺക്ലേവ് തുടക്കം കുറിക്കുകയാണ്.