സംരംഭകത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ഡോ. ശചീന്ദ്രൻ.വി

രു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും വികസനത്തെയും നിർണയിക്കുന്ന സുപ്രധാന ഘടകമാണ് സംരംഭകത്വം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനും, ആളുകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും, വ്യത്യസ്തങ്ങളായ വിഭവങ്ങളെ ഫലപ്രദമായി വിനിയോഗിക്കുന്നതിനും സംരംഭകത്വം കൂടിയേ കഴിയൂ. അതിനാൽ തന്നെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഗവൺമെന്റ് ഏജൻസികളും, മറ്റു സ്ഥാപനങ്ങളും സംരംഭകത്വത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങളെകുറിച്ച് ബോധവാന്മാരായിരിക്കുകയും, അവ ലഭ്യമാക്കുകയും വേണം. അതോടൊപ്പം സംരംഭകമേഖലയിലേക്ക് പ്രവേശിക്കാൻ താല്പര്യപ്പെടുന്നവരും, നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നവരും ഈ ഘടകങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. സംരംഭകത്വ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളെകുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ ലേഖനം.

സംരംഭകത്വ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളെ പൊതുവായി മൂന്നു വിഭാഗങ്ങളായി തരം തിരിക്കാം

  • സാമ്പത്തിക (economic) ഘടകങ്ങൾ
  • സാമൂഹിക-സാംസ്കാരിക (Socio-cultural) ഘടകങ്ങൾ
  • മനശാസ്ത്രപരമായ (psychological) ഘടകങ്ങൾ

സാമ്പത്തികഘടകങ്ങൾ
ഏതൊരു സംരംഭവും ആരംഭിക്കുന്നതിന്റെ അടിസ്ഥാനപരമായ ഘടകം സാമ്പത്തിക സാഹചര്യങ്ങളാണ്. അനുകൂലമായ സാമ്പത്തിക അന്തരീക്ഷം നേരിട്ടും, വേഗതയിലും സംരംഭകത്വത്തിലേക്ക് ആളുകളെ ആകർഷിക്കാനും വളരുവാനും അനുവദിക്കും. പ്രതികൂലമായ സാമ്പത്തിക അന്തരീക്ഷം പല രീതിയിലും സംരംഭകരെ പ്രയാസപ്പെടുത്തുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ സംരംഭം ആരംഭിക്കാനാവാതെ വരികയോ, നിലവിലുള്ളവ പോലും പൂട്ടി പോകുകയോ വരെ ചെയ്തേക്കാം.

സംരംഭകത്വത്തെ സ്വാധീനിക്കുന്ന പ്രധാന സാമ്പത്തിക ഘടകങ്ങൾ ചുവടെ ചേർക്കുന്നു.
1. മൂലധനം (Capital)
പണമാണ് ഏതൊരു സാമ്പത്തിക ഇടപാടിന്റെയും അടിസ്ഥാനം. ഒരു സ്ഥാപനം ആരംഭിക്കുന്നത് മുതൽ അതിന്റെ നടത്തിപ്പിനും, വളർച്ചയ്ക്കും, വികസനത്തിനുമെല്ലാം പണം നിർണായകഘടകമാണ്. പണം ഒരു സംരംഭത്തിന്റെ ജീവരക്തമാണെന്ന് തന്നെ പറയാം. ആവശ്യത്തിന് മൂലധനം ലഭ്യമാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഹ്രസ്വകാലയളവിലും (short term), ദീർഘകാലയളവിലും (long term) മൂലധനം ആവശ്യമാണ്. ഹ്രസ്വകാലയളവിൽ പ്രവർത്തന മൂലധനം (working capital) അസംസ്കൃതവസ്തുക്കൾ വാങ്ങുവാനും, തൊഴിലാളികൾക്കും ജീവനക്കാർക്കും വേതനം കൊടുക്കുവാനും, ഉൽപാദനത്തിന് ആവശ്യമായ മറ്റ് ഹ്രസ്വകാല ആസ്തികളിൽ (current assets) നിക്ഷേപം നടത്തുവാനും ആവശ്യമാണ്. ദീർഘകാലം മൂലധനം (Long term capital) ആകട്ടെ, സ്ഥലം, കെട്ടിടങ്ങൾ, മെഷീനുകൾ, ഫർണിച്ചറുകൾ തുടങ്ങി ദീർഘകാലത്തിൽ ആവശ്യമായ ആസ്തികൾ വാങ്ങുവാൻ ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഹ്രസ്വകാല-ദീർഘകാല ആസ്തികൾ ഒരു സംരംഭത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും അവിഭാജ്യഘടകങ്ങളാണ്. ഇവ സ്വന്തം സ്രോതസ്സിൽ (Own sources) നിന്നോ വായ്പകൾ നൽകുന്ന ബാഹ്യ സ്രോതസ്സിൽ നിന്നോ കണ്ടെത്താവുന്നതാണ്.

സ്വന്തം സ്രോതസ്സ് എന്നാൽ, ഏകവ്യക്തിയായോ, പങ്കാളിത്ത അടിസ്ഥാനത്തിലോ ആണ് സംരംഭമെങ്കിൽ അവരുടെ സ്വകാര്യ സ്രോതസ്സിൽ നിന്നും സ്വരൂപിക്കുന്നതാണ്. കമ്പനികൾ ആകട്ടെ ഇക്വിറ്റി ഓഹരികൾ (Equity shares) ഇറക്കി ഇത്തരത്തിൽ മൂലധനം കണ്ടെത്തുന്നു. ബാഹ്യമായുള്ള പ്രധാന സ്രോതസ്സുകളാണ് ബാങ്ക്-ബാങ്കിതര സ്ഥാപനങ്ങളുടെ വായ്പകൾ, കടപ്പത്രങ്ങളിലൂടെയുള്ള ധനസമാഹരണം, വെഞ്ച്വർക്യാപ്പിറ്റൽ (Venture Capital), ഗവൺമെന്റ് തലത്തിലുള്ള വായ്പകളും മറ്റു ധനസഹായങ്ങളും. ഓരോ സ്രോതസ്സിന്റെയും ലഭ്യത, ഗുണദോഷവശങ്ങൾ, അവ ഉപയോഗപ്പെടുത്താനുള്ള സാധ്യതകൾ എന്നിവയുംപ്രധാനമാണ്.

ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, മൂലധനത്തിന്റെ ലഭ്യത കൂടുമ്പോൾ സംരംഭകത്വവും വർധിക്കുന്നു എന്നതാണ്. അതിനാൽ സംരംഭകർക്ക് ആവശ്യമായ മൂലധനം കൃത്യസമയത്ത്, ശരിയായ അളവിൽ ലഭ്യമാക്കാൻ ഗവൺമെന്റ് ഏജൻസികൾ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിൽ, സംരംഭകർക്കായി നിരവധിയായ പദ്ധതികളും, വായ്പ ലഭ്യമാക്കുന്ന സംവിധാനങ്ങളും നിലവിലുണ്ട്. അവയുടെ നടപടിക്രമങ്ങൾ ലളിതമാക്കുകയും വേഗത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നത് ഗുണകരമാകും.

2. തൊഴിലാളികൾ
സൂക്ഷ്മ- ഇടത്തരം- വലിയ സംരംഭങ്ങൾ തുടങ്ങുമ്പോഴും വികസിപ്പിക്കുമ്പോഴും തൊഴിലാളികളെ ആവശ്യമാണ്. പൊതുവിൽ ആളുകൾ തൊഴിലിനായി അന്വേഷിക്കുന്നുണ്ടെങ്കിലും ശരിയായ, ഗുണമേന്മയുള്ള തൊഴിലാളികളെ, ശരിയായ സമയത്ത്, ശരിയായ അളവിൽ (എണ്ണം) ലഭ്യമായാൽ മാത്രമേ സംരംഭകർക്ക് പ്രയോജനമുള്ളൂ. തൊഴിലെടുക്കാനാവശ്യമായ കഴിവ്, അർപ്പണ മനോഭാവത്തോടെ ജോലി ചെയ്യാനുള്ള മനസ്സ് എന്നിവയും പ്രധാനമാണ്. ആവശ്യമുള്ള സമയത്ത് തന്നെ തൊഴിലാളികളെ ലഭിക്കുകയും വേണം. കൊടുക്കുന്ന വേതനം നിർമ്മാണ ചിലവിനെ ബാധിക്കുമെന്നതിനാൽ ഏറ്റവും കുറഞ്ഞ ചിലവിൽ തന്നെ തൊഴിലാളികളെ ലഭിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ലാഭകരമായി ഉൽപാദന – വിപണന പ്രക്രിയ പൂർത്തിയാക്കാൻ സംരംഭകന് സാധിക്കുകയുള്ളൂ. തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ (തൊഴിൽ നിയമങ്ങൾ, തൊഴിൽ സ്ഥലത്തെ സൗകര്യങ്ങളും ആനുകൂല്യങ്ങളും, തൊഴിലാളികൾക്ക് വ്യക്തിപരമായും കൂട്ടായും ഉണ്ടാവുന്ന മറ്റു വിഷയങ്ങൾ മൂലം) സ്ഥാപനത്തിന്റെ സമാധാനന്തരീക്ഷം ഇല്ലാതാകുകയും, ഒരുപക്ഷേ സംരംഭം തന്നെ പൂട്ടാൻ കാരണമായേക്കാം. തൊഴിലാളികൾക്ക് പകരംവയ്ക്കാനായി യന്ത്രവൽകൃത സംവിധാനങ്ങൾ നിരവധിയുണ്ടെങ്കിലും ചില പ്രവർത്തന മേഖലകളിൽ ആളുകളുടെ സാന്നിധ്യവും, തൊഴിലും കൂടിയേ തീരൂ. തൊഴിലാളികൾക്കും സംരംഭകർക്കും നീതിപൂർവമാകുന്ന നിയമങ്ങൾ ഉണ്ടാക്കൽ, ആവശ്യമായ കഴിവുകളിൽ പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കൽ, തൊഴിൽ പ്രശ്നങ്ങൾ എത്രയും വേഗത്തിൽ രമ്യമായി പരിഹരിക്കൽ തുടങ്ങിയവ ഗവൺമെന്റ് ഏജൻസികളുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും ചെയ്താൽ മാത്രമേ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംരംഭകർക്ക് അനുകൂലമാവുകയുള്ളൂ.

മികച്ച തൊഴിൽ സംസ്കാരം വളർത്തിയെടുക്കൽ, സംരംഭകത്വ മേഖലയിലെ തൊഴിലാളികൾക്ക് ഗവൺമെൻറ് തലത്തിൽ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തൽ, തൊഴിലാളികളെ സംരംഭത്തിന്റെ ഓഹരി ഉടമകളാക്കിക്കൊണ്ട് കൂട്ട് ഉത്തരവാദിത്വം ഉറപ്പാക്കൽ എന്നിവയും ഇക്കാര്യത്തിൽ പ്രധാനപ്പെട്ടതാണ്.

3. അസംസ്കൃതവസ്തുക്കൾ
ഓരോ മേഖലയിലും സംരംഭങ്ങൾ മുന്നോട്ടുകൊണ്ടു പോകാൻ അവയുടെ ഉത്പാദനം നടത്താനാവശ്യമായ അസംസ്കൃത വസ്തുക്കൾ അനിവാര്യമാണ്. ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കൾ, ശരിയായ അളവിൽ, ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് ലഭിച്ചാൽ മാത്രമേ സംരംഭം തുടങ്ങാനും വിജയിപ്പിക്കാനും കഴിയുകയുള്ളൂ. ഗുണമേന്മക്കനുസരിച്ച് അവ മിതമായ വിലയിൽ ലഭിക്കേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. ഇല്ലെങ്കിൽ ഉത്പാദന ചിലവ് കൂടുകയും ഉൽപ്പന്നത്തിന് വിപണിയിൽ മത്സര ക്ഷമത ലഭിക്കാതെ പോവുകയും ചെയ്യും. ആവശ്യമായ തോതിൽ നിരന്തരമായ അസംസ്കൃത വസ്തുക്കൾ ലഭിക്കേണ്ടതും പ്രധാനമാണ്. അല്ലെങ്കിൽ ഉൽപാദനം നിലച്ചു പോകും. സംരംഭം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് അധികം കാലതാമസം കൂടാതെ, അസംസകൃത വസ്തുക്കൾ ലഭിക്കാനുള്ള സ്രോതസ്സ് കണ്ടെത്തണം. ഇത്തരത്തിൽ അസംസ്കൃത വസ്തുക്കൾ ലഭിക്കാൻ സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് ഗവൺമെന്റ് ഏജൻസികളുടെ സഹായവും ലഭിക്കേണ്ടതുണ്ട്. മാത്രമല്ല, അത്തരം സംരംഭങ്ങൾക്ക് മൊത്തമായി വാങ്ങുന്നതിന്റെ വിലക്കിഴിവ് ലഭ്യമാക്കുന്നതിനായി അസംസ്കൃത വസ്തുക്കളുടെ വിതരണ കേന്ദ്രങ്ങൾ ആരംഭിക്കാനും നടപടിയെടുക്കാവുന്നതാണ്. ഇറക്കുമതി ചെയ്യേണ്ട ഘടകങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി, സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

4. വിപണി
വാങ്ങുന്നവരും വിൽക്കുന്നവരും ഒത്തു ചേരുന്ന സ്ഥലമാണ് വിപണി എന്നു പറയുന്നത്. ആഗോളീകരണത്തിന്റെയും, ഇൻറർനെറ്റ്, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ എന്നിവയുടെ വളർച്ചയോടെ
അന്താരാഷ്ട്ര വിപണികൾ വരെ നേടാനുള്ള സാധ്യതകൾ ലഭിക്കുന്നു. അത്തരത്തിൽ വിവിധങ്ങളായ വിപണി സാധ്യതകൾ കണ്ടെത്താൻ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ഏജൻസികൾ ശ്രദ്ധിക്കണം. വിപണിയുടെ വലിപ്പം, സ്വഭാവം, പ്രത്യേകതകൾ എന്നിവ സംരംഭത്തിന്റെ പുരോഗതിയെയും ബാധിക്കും. ഉൽപ്പന്നത്തിന് പ്രത്യേകമായ വിപണി (ിശരവല ാമൃസല)േ സാധ്യതകൾ കണ്ടെത്തുകയും, വിപണിയിലെ മത്സരത്തെ ഫലപ്രദമായി നേരിടുന്നതിന് സംരംഭകർക്ക് പരിശീലനവും ബോധവൽക്കരണവും നൽകുകയും, അവയെക്കുറിച്ച് വിവരങ്ങൾ അറിയാനുള്ള ഹെൽപ്പ്ലൈൻ പോലുള്ള സ്ഥിരം സംവിധാനങ്ങളും ഒരുക്കേണ്ടതാണ്.

5. ഭൗതികസാഹചര്യങ്ങൾ (Infrastructural Facilities)
ഏതൊരു സംരംഭം ആരംഭിക്കുമ്പോഴും വികസിപ്പിക്കുമ്പോഴും മികച്ച ഭൗതിക സാഹചര്യങ്ങൾ കൂടിയേ തീരൂ. ഭൗതികസൗകര്യങ്ങൾ ആവശ്യത്തിനുണ്ടായാൽ മാത്രമേ തടസ്സം കൂടാതെയുള്ള പ്രവർത്തനം സാധ്യമാവുകയുള്ളു. അനുയോജ്യമായ കെട്ടിടം, വൈദ്യുതി, റോഡ് സംവിധാനം, ഇന്റർനെറ്റ്, ഫോൺ നെറ്റ്വർക്ക് ലഭ്യത, മാലിന്യ സംസ്കരണ പ്ലാന്റുകൾ തുടങ്ങിയ നിരവധിയായ സൗകര്യങ്ങൾ സംരംഭകന് ലഭിക്കേണ്ടതുണ്ട്. ഇവയെല്ലാം ഗവൺമെന്റ് ഏജൻസികളുടെയും സംരംഭക സംഘടനകളുടെയും സഹകരണത്തിൽ വികസിപ്പിക്കുകയും, പരിപാലിക്കുകയും വേണം. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സബ്സിഡികളും, പ്രത്യേക സാമ്പത്തിക പാക്കേജുകൾ വഴിയും സംരംഭകർക്ക് അത്തരം സൗകര്യങ്ങൾ ഉറപ്പു വരുത്തണം. സംരംഭകർ നാടിന്റെ തന്നെ വികസനത്തിന് കാരണമാകുന്നു എന്നതിനാൽ, ഭൗതികസാഹചര്യങ്ങൾ സംരംഭകത്വത്തിന് മാത്രമായി ഒരുക്കികൊടുക്കുന്നത് പരിഗണിക്കാവുന്നതാണ്. ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള പൊതുവായ സംസ്കരണ യൂണിറ്റുകൾ, സംരംഭങ്ങൾക്കായിട്ടുള്ള വ്യവസായ എസ്റ്റേറ്റുകൾ, വലിയതോതിൽ സംരംഭങ്ങൾ നിലവിലുള്ള സ്ഥലങ്ങളിൽ പ്രത്യേക സാമ്പത്തിക മേഖലയാക്കിക്കൊണ്ട് സൗകര്യങ്ങൾ വളർത്തിയെടുക്കൽ എന്നിവ ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ഊർജിതമായി ചെയ്യാവുന്നതാണ്. .

6. സാങ്കേതികവിദ്യകൾ
സംരംഭങ്ങളുടെ വളർച്ചയ്ക്കും പുരോഗതിക്കും സാങ്കേതികവിദ്യകൾ ആവശ്യമാണ്. നവീനവും, കൂടുതൽ കാര്യക്ഷമവും, ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യ വികസനത്തിന് പ്രത്യേക ശ്രദ്ധ നൽകണം. ഇന്ത്യയിൽ തന്നെ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതാണ് കൂടുതൽ അഭികാമ്യം. ആവശ്യമെങ്കിൽ വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള സൗകര്യവും സംരംഭകന് ലഭിക്കണം. അതിനായുള്ള നടപടികൾ ലളിതമാക്കണം. സാങ്കേതികവിദ്യ വളർത്താനായി കൂടുതൽ ബജറ്റ് വിഹിതംനീക്കിവയ്ക്കുകയും, സ്വകാര്യ പങ്കാളിത്തത്തോടെ ശാസ്ത്ര-ഗവേഷണമേഖലയ്ക്ക് കൂടുതൽ പദ്ധതികൾ രൂപവൽക്കരിക്കുകയും വേണം. മാറുന്ന സാങ്കേതികവിദ്യകൾ സംരംഭകരെ പരിചയപ്പെടുത്താനും അവയിൽ പരിശീലനം നൽകാനും സംവിധാനം ഉണ്ടാകണം. നിലവിലുള്ളവയിൽ നിന്നും പുതിയ സാങ്കേതികവിദ്യയിലേക്ക് മാറാൻ സാമ്പത്തികസഹായം നൽകുന്നതും ഗുണം ചെയ്യും. സർവ്വകലാശാലകളിലും മറ്റു ഗവേഷണകേന്ദ്രങ്ങളിലും സംരംഭകത്വ മേഖലയ്ക്ക് ഉതകുന്ന സാങ്കേതികവിദ്യകൾ വളർത്തിയെടുക്കുന്നതിൽ കൂടുതൽ ഊന്നൽ നൽകുന്നതും ഗുണം ചെയ്യും.

7. നികുതികളും ഇൻസെന്റീവുകളും
സംരംഭകത്വം എന്നത് പല തരത്തിലുള്ള അനിശ്ചിതത്വങ്ങളും പ്രയാസങ്ങളും നേരിടുന്ന ഒരു മേഖലയാണ്. ആരംഭം മുതൽ നിരവധി കാര്യങ്ങൾ ഒത്തു വന്നാൽ മാത്രമേ ഒരു സംരംഭത്തെ ലാഭകരമായി മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ. അതിനാൽ സംരംഭകത്വം ത്വരിതപ്പെടുത്താൻ നികുതിയിളവുകളും ഇൻസെന്റീവുകൾ പോലുള്ള സാമ്പത്തിക അനുകൂല്യങ്ങളും സംരംഭകർക്ക് നൽകേണ്ടതുണ്ട്. ഉയർന്ന നികുതി നിരക്കുകൾ അവരുടെ ലാഭത്തെ കവർന്നെടുക്കുകയും, സ്ഥാപന വളർച്ചയ്ക്ക് ആവശ്യമായ അധിക ആസ്തികൾ വളർത്തിയെടുക്കുന്നതിൽ പ്രയാസങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ തുടക്കത്തിൽ ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനും, വളർച്ചയ്ക്ക് ആവശ്യമായ വിഭവങ്ങൾ കണ്ടെത്തുന്നതിനും കൂടുതലായി നികുതിയിലെ ഇളവുകളും ഇൻസെന്റുകളും നൽകേണ്ടതാണ്.

8. ഗവൺമെന്റ് നിയമങ്ങളും നിർദ്ദേശങ്ങളും
ഓരോ സംരംഭകനും കന്ദ്ര-സംസ്ഥാന- പ്രാദേശിക ഭരണകൂടം നൽകുന്ന നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാൻ ബാധ്യസ്ഥനാണ്. അവയുടെ ലംഘനം സ്ഥാപനം അടച്ചു പൂട്ടുന്നത് വരെയുള്ള ഘട്ടത്തിലേക്ക് നയിച്ചേക്കാം. നിയമ ലംഘനങ്ങൾ ഉണ്ടായാൽ പിഴ ചുമത്തലും, രജിസ്ട്രേഷൻ പോലുള്ള നടപടികളിൽ താമസം വരികയും, സംരംഭത്തിന്റെ സുഗമമായ മുന്നേറ്റം തടസ്സപ്പെടുകയും ചെയ്യും. അതിനാൽ സംരംഭകർ പാലിക്കേണ്ട നിയമങ്ങളും നിർദ്ദേശങ്ങളും പ്രായോഗിക തലം കൂടി പരിഗണിച്ച് ലളിതവൽക്കരിക്കുന്നതും, നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന തരത്തിൽ ക്രമീകരിക്കുന്നതും നല്ലതാണ്. ഏതൊരു നിയമവും നിബന്ധനയും എത്ര മാത്രം ലളിതമാകുമോ അത്ര മാത്രം അത് പാലിക്കപ്പെടാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. അതോടൊപ്പം അത്തരം നിർദ്ദേശങ്ങൾ സംരംഭങ്ങളുടെ ലക്ഷ്യങ്ങളെ നേടിയെടുക്കാൻ സഹായിക്കുന്നവയും ആകണം എങ്കിൽ മാത്രമേ അവ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നവയായി മാറുകയുള്ളൂ. മാറുന്ന കാലഘട്ടത്തിനനുസരിച്ച് നിയമങ്ങളും നിബന്ധനകളും ഉചിതമായ രീതിയിൽ പരിഷ്കരിക്കുകയും വേണം. ചുരുക്കത്തിൽ, സംരംഭകത്വം വളർത്തിയെടുക്കാൻ നിരവധിയായ സാമ്പത്തിക ഘടകങ്ങൾ ആവശ്യമാണ്. അവ അനുകൂലമാണെങ്കിൽ സംരംഭകന് പ്രോത്സാഹനവും പ്രചോദനവും നൽകും. അവ പ്രതികൂലമാണെങ്കിൽ സംരംഭകർ ഈ മേഖലയെ ഒഴിവാക്കുകയോ, കടുത്ത പ്രതിസന്ധികളിൽ അകപ്പെട്ടു ചുരുങ്ങി പോവുകയോ ചെയ്യും. സാമ്പത്തിക ഘടകങ്ങൾ എല്ലാം തന്നെ ഗവൺമെന്റ ്ഏജൻസികളുടെ (ഗവൺമെന്റ് വകുപ്പുകൾ/മറ്റ് അനുബന്ധ സ്ഥാപനങ്ങൾ) നേതൃത്വത്തിലാണ് ഉറപ്പുവരുത്തേണ്ടത്. സംരംഭകരുമായി ഇടയ്ക്കിടയിലുള്ള ചർച്ചകളും ആവശ്യമാണ്. ഓരോ സംരംഭകനും രാജ്യത്തിന്റെ സമഗ്രമായ സാമ്പത്തിക വളർച്ചയും പുരോഗതിയും നേടിത്തരുന്നു എന്നതിനാൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. (സാമൂഹിക-സാംസ്കാരിക ഘടകങ്ങളുടെയും മനഃശാസ്ത്ര പരമായ ഘടകങ്ങളുടെയും പ്രാധാന്യം തുടർ ലക്കങ്ങളിൽ വായിക്കാം)

(മഞ്ചേശ്വരം ജി.പി.എം ഗവൺമെന്റ് കോളേജിലെ പ്രൊഫസ്സറും വാണിജ്യവിഭാഗം
മേധാവിയുമാണ് ലേഖകൻ)