സംരംഭക വർഷം പദ്ധതി – കേരളം ക@ വിപ്ലവകരമായ മുന്നേറ്റങ്ങളിലൊന്ന്


ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്‌

ദേശീയ തലത്തിൽ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം നേടിയ സംരംഭക വർഷം പദ്ധതി കഴിഞ്ഞ മൂന്ന് വർഷത്തിൽ കേരളം കണ്ട വിപ്ലവകരമായ മുന്നേറ്റങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ 2 വർഷത്തിൽ സംരംഭക വർഷം 1.0, സംരംഭക വർഷം 2.0 പദ്ധതികളിലൂടെ കേരളത്തിൽ 2,44,702 സംരംഭങ്ങൾ ആരംഭിച്ചു. ഈ പദ്ധതി മുഖാന്തിരം കേരളത്തിലേക്ക് 15,559. 84 കോടി രൂപയുടെ നിക്ഷേപം കടന്നു വന്നതും, ഇതിലൂടെ 5,20,945 പേർക്ക് തൊഴിൽ ലഭിച്ചു എന്നതും എടുത്തുപറയേണ്ട നേട്ടം തന്നെയാണ്. സംരംഭക വർഷം 1.0 പദ്ധതിയിലൂടെ സംസ്ഥാനത്ത് 1,39,840 സംരംഭങ്ങളും 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 പുതിയ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെട്ടത്. സംരംഭക വർഷം 2.0 ന്റെ ഭാഗമായി 1,03,595 പുതിയ സംരംഭങ്ങൾ വരികയും 7048. 56 കോടി രൂപയുടെ നിക്ഷേപവും 2,18,177 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്തുവെന്നത് സംരംഭക വർഷം 1.0 വെറും യാദൃശ്ചികമായൊരു വിജയമല്ലെന്നും കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം യാഥാർത്ഥ്യമാണെന്നുള്ളതും തെളിയിക്കുന്നതാണ്. 77,856 വനിതകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചു എന്നത് സംരംഭക വർഷത്തിന്റെ ഉജ്വലമായ നേട്ടങ്ങളിലൊന്നാണ്.

സംരംഭങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ ഒരു മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നൂതനമായ പല പദ്ധതികളും സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി. കേരളത്തിലെ എം. എസ്. എം. ഇ കളിൽ നിന്നും തെരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള യൂണിറ്റുകളായി 4 വർഷത്തിനുള്ളിൽ വളർത്തിക്കൊണ്ട് വരുവാനുള്ള എം. എസ്. എം. ഇ സ്കെയിൽ അപ്പ് മിഷൻ, സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച എം എസ് എം ഇ സുസ്ഥിരതാ മിഷൻ, സംരംഭങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അവയുടെ വാർഷിക ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനം (പരമാവധി 2500 രൂപ വരെ) റീ- ഇംബേഴ്സ്മെന്റ് ആയി നൽകുന്ന എം എസ് എം ഇ ഇൻഷുറൻസ് പദ്ധതി, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്നതിനുള്ള മെയ്ക്ക് ഇൻ കേരള പദ്ധതി, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നതിന്റേ ഭാഗമായി ആരംഭിച്ച സംസ്ഥാന എം. എസ്. എം. ഇ അവാർഡ്സ് തുടങ്ങിയവ ഇവയിൽ ചിലതു മാത്രം. ഇതിന്റെയെല്ലാം തുടർച്ചയെന്നോണം പ്രഖ്യാപനങ്ങൾ ഉണ്ടായില്ലെങ്കിലും സംരംഭക വർഷം 3. 0 വളരെ ചടുലമായി മുന്നേറുന്നു എന്നത് ആശ്വാസകരമാണ്.

നവീന മേഖലയിൽ നമുക്ക് നിക്ഷേപം ആകർഷിക്കാൻ സാധിക്കുന്നതിലൂടെ ഇന്ത്യയിലെ തന്നെ വ്യാവസായിക വിപ്ലവത്തിന് പറ്റിയ മണ്ണായി മാറുകയാണ് കേരളം. ഉയർന്ന മൂല്യമുള്ള മാനവ വിഭവശേഷിയും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷവും ലോകരാഷ്ട്രങ്ങളെയുൾപ്പെടെ കേരളത്തിലേക്ക് ആകർഷിക്കുകയാണ്. ഈ കുതിപ്പ് തുടരാൻ സാധിക്കുകയാണെങ്കിൽ വ്യാവസായിക മേഖലയിലും ഒരു കേരള മാതൃക വളരെ പെട്ടെന്നു തന്നെ സൃഷ്ടിക്കപ്പെടും.