നിങ്ങൾക്കും സംരംഭകരാകാം

ജി. കൃഷ്ണപിള്ള
ന്താണ് സംരംഭകത്വം?
ഏറ്റെടുക്കുന്ന പ്രവൃത്തിയാണ് സംരംഭകത്വം എന്നു പറയുന്നത്.

ആരാണ് സംരംഭകൻ?
പ്രവൃത്തി ഏറ്റെടുക്കുന്ന വ്യക്തിയാണ് സംരംഭകൻ.

സംരംഭകത്വത്തിന്റെ അടിസ്ഥാനം എന്താണ്?
സംരംഭകത്വത്തിന്റെ അടിസ്ഥാനം ആശയമാണ്. നല്ല ആശയമാണ് സംരംഭ വിജയത്തിന്റെ അടിസ്ഥാനം.

ആശയം എങ്ങനെയെല്ലാം ഉണ്ടാകാം?
ആശയം ഉത്ഭവിക്കുന്നത് പ്രധാനമായും 2 ഉറവിടങ്ങളിൽ നിന്നുമാണ്.

1. അവസരം (Opportunity) (Necessity)
അവസരങ്ങളിൽ നിന്ന് ആശയങ്ങളുണ്ടാകാം. ഉദാ: കോവിഡ് കാലത്ത് മാസ്‌ക്, സാനിറ്റൈസർ, ഹാൻഡ് വാഷ് നിർമ്മിക്കുന്ന പുതിയ സംരംഭങ്ങൾ നിലവിൽ വന്നു.

2. ആവശ്യം (Necessity)
ആശയങ്ങളുടെ മറ്റൊരു പ്രധാന ഉറവിടമാണ് ആവശ്യം. ഉദാ: വോൾട്ടേജ് ക്ഷാമമുണ്ടായപ്പോൾ സ്റ്റെബിലൈസർ നിർമ്മിക്കുന്ന സംരംഭങ്ങൾ വന്നു.
മുകളിൽ പ്രതിപാദിച്ച 2 പ്രധാനപ്പെട്ട ഉറവിടങ്ങൾ കൂടാതെ ആശയങ്ങൾ പല വിധത്തിലുണ്ടാകാവുന്നതാണ്:-

(1) നിലവിലുള്ള സംരംഭങ്ങളുടെ പ്രകടനം അവലോകനം നടത്തുക
നിലവിൽ വിജയകരമായി പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ ലാഭക്ഷമത, പ്രവർത്തന ശേഷിയുടെ വിനിയോഗം എന്നിവ വിലയിരുത്തി അതിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ സഹായത്തോടെ ആശയങ്ങൾ രൂപീകരിക്കാവുന്നതാണ്.

(2) വ്യത്യസ്തമായ സംരംഭങ്ങളുടെ ഇൻപുട്ട്- ഔട്ട്പുട്ട് പരിശോധിക്കുക
വ്യത്യസ്തമായ സംരംഭങ്ങൾക്കാവശ്യമായ ഇൻപുട്ട് (അസംസ്‌കൃതവസ്തു) വിശകലനം ചെയ്യുന്നതിലൂടെ പ്രോജക്ട് ആശയങ്ങൾ ആവിഷ്‌കരിക്കാവുന്നതാണ്.

(3) ഇറക്കുമതി – കയറ്റുമതി അവലോകനം
5 മുതൽ 7 വർഷം വരെയുള്ള ഇറക്കുമതി ഡേറ്റകൾ വിശകലനം ചെയ്ത് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പകരമുള്ള സാധനങ്ങൾ ആഭ്യന്തരമായി ഉൽപാദിപ്പിക്കുവാനുള്ള ആശയങ്ങൾ കണ്ടെത്തുവാൻ കഴിയുന്നതാണ്. അതുപോലെ തന്നെ കയറ്റുമതി ഡാറ്റകൾ പരിശോധിച്ച് എന്തൊക്കെ സാധനങ്ങൾ കയറ്റുമതി ചെയ്യുവാൻ കഴിയുമെന്നുള്ള ആശയങ്ങൾ രൂപീകരിക്കാവുന്നതാണ്.

(4) ഗവൺമെന്റ് ബഡ്ജറ്റും നയങ്ങളും
ഗവൺമെന്റ് ബഡ്ജറ്റും നയങ്ങളും പഠിച്ച് അതിന്റെ അടിസ്ഥാനത്തിൽ പ്രോജക്ട് ആശയങ്ങളിൽ എത്തിച്ചേരാവുന്നതാണ്.

(5) ധനകാര്യ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങൾ
ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ പ്രോജക്ട് ആശയങ്ങൾ ആവിഷ്‌കരിക്കാവുന്നതാണ്.

(6) പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങളും വസ്തുക്കളും അവലോകനം ചെയ്യുന്നു
പ്രാദേശികമായി ലഭിക്കുന്ന, വിഭവങ്ങളെയും വസ്തുക്കളെയും സംബന്ധിച്ചുള്ള അന്വേഷണം പുതിയ പ്രോജക്ട് ആശയങ്ങൾ ഉരുത്തിരിയുന്നതിന് അവസരം സൃഷ്ടിക്കുന്നു.

(7) സാമ്പത്തിക – സാമൂഹ്യ പ്രവണതകളുടെ വിശകലനം
വ്യത്യസ്തമായ സാധനസേവനങ്ങളുടെ ആവശ്യം മനസ്സിലാക്കുന്നതിന് സാമൂഹ്യ- സാമ്പത്തിക പ്രവണതകളുടെ വിശകലനം സഹായിക്കുന്നു. സാമ്പത്തിക സാഹചര്യങ്ങളും ഉപഭോക്താവിന്റെ താൽപര്യങ്ങളും മാറുന്നതിന് അനുസരിച്ച് പുതിയ ബിസിനസ് ആശയങ്ങൾ കണ്ടെത്താവുന്നതാണ്.

എല്ലാ ആശയങ്ങളും തെരഞ്ഞെടുക്കുവാൻ കഴിയുമോ?
അനവധി ആശയങ്ങൾ ഉത്ഭവിക്കാവുന്നതാണ്. എന്നാൽ എല്ലാ ആശയങ്ങളും പ്രായോഗികമാക്കുവാൻ കഴിയുന്നതല്ല. ഇക്കാരണത്താൽ ആശയങ്ങളെ സ്‌ക്രീൻ ചെയ്യേണ്ടതാവശ്യമാണ്. ആശയങ്ങളെ സ്‌ക്രീൻ ചെയ്യുന്നതിന് താഴെപ്പറയുന്ന ഘടകങ്ങൾ പരിഗണിക്കാവുന്നതാണ്:-

1. സംരംഭകന്റെ സാമ്പത്തിക ശേഷിയും വ്യക്തിത്വവും

2. സർക്കാരിന്റെ മുൻഗണനാ മേഖലകൾ

3. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത

4. പര്യാപ്തമായ വിപണി

5. റിസ്‌കിന്റെ സ്വീകാര്യത

ആശയങ്ങൾ എത്രവിധം?
ആശയങ്ങൾ പ്രധാനമായും 2 വിധമാണ് പരമ്പരാഗത ആശയങ്ങളും നൂതനമായ ആശയങ്ങളും. നിലവിലുള്ളതും പുതുമകളൊന്നും തന്നെയില്ലാത്തതുമായ ആശയങ്ങളാണ് പരമ്പരാഗത ആശയങ്ങൾ. നിലവിലുള്ള സംരംഭകനെ അനുകരിച്ച് യാതൊരു വ്യത്യസ്തതയുമില്ലാതെ മറ്റൊരു സംരംഭം തുടങ്ങിയാൽ അതിനെ പരമ്പരാഗത ആശയത്തെ അടിസ്ഥാനമാക്കിയുള്ള സംരംഭം എന്നു വിളിക്കാവുന്നതാണ്. എന്നാൽ തികച്ചും വ്യത്യസ്തതയുള്ളതും അതുല്യമായതും പുതുമയുള്ളതുമായ ആശയങ്ങളാണ് നൂതന ആശയങ്ങൾ. നൂതനമായ ആശയത്തെ അടിസ്ഥാനമാക്കി സംരംഭം ആരംഭിച്ചാൽ അതിനെ ‘സ്റ്റാർട്ടപ്പ് സംരംഭങ്ങൾ’ എന്ന് വിളിക്കാവുന്നതാണ്.

സംരംഭ സ്വപ്നവും സംസ്ഥാന വ്യവസായ- വാണിജ്യ വകുപ്പും
സംരംഭ സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സംസ്ഥാന വ്യവസായ – വാണിജ്യ വകുപ്പ് അനവധി സേവനങ്ങളും പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.

സേവനങ്ങൾ

1. ഉദ്യം രജിസ്‌ട്രേഷൻ (Udyam Registration)
സംരംഭങ്ങൾ ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാർ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭ വകുപ്പിന്റെ ‘ഉദ്യം രജിസ്‌ട്രേഷൻ’ എടുക്കുന്നത് ഉചിതമായിരിക്കും. http/udyamregistration.gov.in/ എന്ന വെബ്‌സൈറ്റ് മുഖേന സൗജന്യമായി രജിസ്‌ട്രേഷൻ എടുക്കാവുന്നതാണ്. താലൂക്ക് വ്യവസായ ഓഫീസ് മുഖേനയും രജിസ്‌ട്രേഷൻ എടുക്കാവുന്നതാണ്.

2. കെ. – സ്വിഫ്റ്റ് (K-SWIFT)
സംസ്ഥാനത്ത് സംരംഭക സൗഹൃദ ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ -സ്വിഫ്റ്റ് സംവിധാനം നടപ്പിലാക്കിയത്. പുതിയതായി ആരംഭിക്കുന്നതും സംസ്ഥാന മലിനീകരണ ബോർഡിന്റെ റെഡ് വിഭാഗത്തിലുൾപ്പെടാത്തതുമായ സൂക്ഷ്മ- ചെറുകിട – ഇടത്തരം സംരംഭങ്ങൾക്ക് കെ – സ്വിഫ്റ്റ് അക്‌നോളജ്‌മെന്റ് എടുക്കാവുന്നതാണ്. കെ – സ്വിഫ്റ്റ് അക്‌നോളജ്‌മെന്റ് എടുക്കുന്നവർക്ക് 3 വർഷത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൂർ ലൈസൻസ് എടുക്കേണ്ടാവശ്യമില്ല. കെ – സ്വിഫ്റ്റ് നമ്പരിനെ 3 വർഷത്തേക്ക് താൽക്കാലിക കെട്ടിട നമ്പരായി അംഗീകരിച്ചിട്ടുണ്ട്. താലൂക്ക് വ്യവസായ ഓഫീസിനെ സമീപിച്ചാൽ കെ – സ്വിഫ്റ്റ് അക്‌നോളജ്‌മെന്റ് ലഭിക്കുന്നതിനുള്ള സഹായങ്ങൾ ചെയ്ത് തരുന്നതാണ്.

www.kswift.kerala.gov.in എന്ന പോർട്ടൽ മുഖേന കെ – സ്വിഫ്റ്റ എടുക്കാവുന്നതാണ്

3. സംരംഭകത്വ വികസന പരിപാടി (EDP)
ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് ജില്ലയ്ക്കുള്ളിൽ പുതിയ സംരംഭകരെ കണ്ടെത്തി അവർക്ക് സംരംഭം ആരംഭിക്കുന്നതിന് എല്ലാ പിന്തുണയും നൽകുന്നതിനുവേണ്ടി ജില്ലാ തലങ്ങളിൽ സംരംഭകത്വ വികസന പരിപാടിയിലൂടെ പരിശീലനം നൽകി വരുന്നത്.

4. ടെക്‌നോളജിക്കൽ ക്ലിനിക്ക്
ഉന്നത സ്ഥാപനങ്ങളിലെ ഫാക്കൽറ്റിയുടെയും സാങ്കേതിക വിദഗ്ദരുടെയും സഹായത്തോടെ നിലവിലുള്ള സംരംഭങ്ങളുടെ സാങ്കേതികവിദ്യ ആധുനികവത്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ഓരോ വർഷവും ടെക്‌നോളജിക്കൽ ക്ലിനിക്ക് സംഘടിപ്പിച്ച് വരുന്നു. ഏതെങ്കിലും പ്രത്യേക മേഖലകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടായിരിക്കും ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നത്.

5. നിക്ഷേപക സംഗമം/ ബി ടു ബി മീറ്റ്
പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നിക്ഷേപകരെ കണ്ടെത്തുവാൻ സംസ്ഥാന- ജില്ലാ- താലൂക്ക് തലങ്ങളിൽ വ്യവസായ വകുപ്പ് നിക്ഷേപക സംഗമങ്ങൾ (Investors Meet) സംഘടിപ്പിച്ച് വരുന്നു. കൂടാതെ സംസ്ഥാന തലത്തിൽ ബി ടു ബി മീറ്റുകളും സംഘടിപ്പിക്കുന്നു.

6. സംരംഭകത്വ വികസന ക്ലബ്ബ് (ED Club)
വിദ്യാർത്ഥി സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇ. ഡി. ക്ലബ്ബുകൾ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പ് മുൻകൈ എടുത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിദ്യാലയങ്ങളിൽ ഇ. ഡി. ക്ലബ്ബ് സ്ഥാപിക്കുന്നതിന് വ്യവസായ വകുപ്പ് ഗ്രാന്റ് അനുവദിച്ച് വരുന്നു. വ്യവസായ വകുപ്പും വിദ്യാലയങ്ങളും സംയുക്തമായി വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്‌കാരം വളർത്തുന്നതിനു വേണ്ടി സംരംഭകത്വ ബോധവത്കരണ പരിപാടികൾ നടപ്പിലാക്കി വരുന്നു.

7. ബിസിനസ് ഇൻകുബേഷൻ കേന്ദ്രങ്ങൾ
നൂതനമായ ആശയങ്ങളെ വികസിപ്പിച്ചെടുത്ത് സംരംഭങ്ങളാക്കി മാറ്റുന്നതിന് ബിസിനസ് ഇൻകുബേഷൻ കേന്ദ്രങ്ങൾ സഹായിക്കുന്നു. സംരംഭകരുടെ നൂതനമായ ആശയങ്ങളെ വികസിപ്പിച്ച് സംരംഭങ്ങളാക്കി മാറ്റുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള ഇൻകുബേഷൻ കേന്ദ്രങ്ങൾ സൗജന്യ സേവനങ്ങൾ പ്രദാനം ചെയ്യുന്നു. എൻ. ഐ. ടി., പോളി ടെക്‌നിക്കുകൾ, എൻജിനീയറിങ്ങ് കോളേജുകൾ, ഐ. ടി. ഐ. എന്നിവിടങ്ങളിൽ സുസജ്ജമായ ഇൻകുബേഷൻ കേന്ദ്രങ്ങളുണ്ട്.

8. ഡവലപ്‌മെന്റ് പ്ലോട്ടുകൾ/ ഇൻഡസ്ട്രിയൽ പാർക്കുകൾ/ വ്യവസായ എസ്റ്റേറ്റുകൾ/ സ്വകാര്യ വ്യവസായ പാർക്ക്
സംരംഭകർക്ക് മിതമായ നിരക്കിൽ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിന് സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡവലപ്‌മെന്റ് പ്ലോട്ട്/ ഏരിയ, ഇൻഡസ്ട്രിയൽ പാർക്കുകൾ, വ്യവസായ എസ്റ്റേറ്റുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. വ്യവസായ വികസനത്തിന് വേണ്ടി വരുന്ന ഭൂമിയുടെ ലഭ്യതയുടെ കുറവാണ് കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ബഹുനില വ്യവസായ കെട്ടിട സമുച്ചയങ്ങൾ സ്ഥാപിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണുവാൻ സർക്കാർ ശ്രമങ്ങൾ നടത്തി വരുന്നു. സംരംഭ വികസനത്തിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുവാനും പുതിയ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി നടപ്പിലാക്കി വരുന്നു. സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ലളിതമാക്കിയിട്ടുണ്ട്. കുറഞ്ഞത് 10 ഏക്കർ സ്ഥലമുള്ളവർക്ക് വ്യവസായ എസ്റ്റേറ്റിനും 5 ഏക്കറുള്ളവർക്ക് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കുവാനും അനുമതി കിട്ടും. 30 വർഷമോ അതിലധികമോ കാലത്തേക്ക് പാട്ടത്തിന് സ്ഥലമെടുത്തവർക്കും സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് അപേക്ഷിക്കാവുന്നതാണ്.

9. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്
വിദ്യാഭ്യാസകാലഘട്ടം മുതൽ തന്നെ വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്‌കാരം വളർത്തി ശക്തമായ വ്യവസായ വളർച്ച സാധ്യമാക്കുന്നതിന് വ്യവസായ വകുപ്പ് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. കേരളത്തിന്റെ ആവാസ വ്യവസ്ഥകൾക്ക് അനുയോജ്യമായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിനിയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമി വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിന് ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി വിഭാവനം ചെയ്യുന്നത്.

10. സൂക്ഷ്മ- ചെറുകിട- ഇടത്തരം ക്ലിനിക്ക് (MSME Clinic)
എം.എസ്.എം.ഇ കൾ സംശയരഹിതമായി ആരംഭിക്കുന്നതിനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ ഉപദേശങ്ങൾ നൽകുന്നതിനുവേണ്ടി എല്ലാ ജില്ലകളിലും എം.എസ്.എം.ഇ ക്ലിനിക്കുകൾ പ്രവർത്തിച്ചുവരുന്നു. വിവിധ മേഖലകളിൽ നൈപുണ്യം ഉള്ളവരെ ഓരോ ജില്ലകളിലും സംരംഭകരെ സഹായിക്കാനുള്ള പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംരംഭം ആരംഭിക്കുന്നതിനുള്ള ആശയം മുതൽ അതിന്റെ തുടർ പ്രവർത്തനങ്ങളിലുള്ള ഓരോ ഘട്ടത്തിലും സംരംഭകർക്കുണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കുന്നതിന് എം.എസ്.എം.ഇ ക്ലിനിക്കുകൾ സഹായകരമാകുന്നു.

11. വ്യവസായ കേരളം
വ്യവസായ വാണിജ്യ സംബന്ധമായ വിഷയങ്ങളിൽ വിജ്ഞാനം പകർന്ന് നൽകുന്നതിന് ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന വ്യവസായ വകുപ്പിന്റെ മുഖമാസികയാണ് ‘വ്യവസായ കേരളം’. വ്യവസായ വാണിജ്യ ഡയറക്ടർ ആണ് മാസികയുടെ ചീഫ് എഡിറ്റർ.

12. വ്യവസായ വകുപ്പ് സേവനങ്ങൾ കൈ എത്തും ദൂരത്ത്
പ്രാദേശിക സാമ്പത്തിക വികസനത്തിലൂടെ സംരംഭകത്വ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോട് സംസ്ഥാനത്തെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വ്യവസായ വകുപ്പിന്റെ പ്രതിനിധികളായി എന്റർപ്രൈസ് ഡവലപ്‌മെൻറ് എക്‌സിക്യൂട്ടീവുകളുടെ (EDE) സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.

13. സംരംഭകത്വ ബോധവത്കരണ പരിപാടി (EAP)
കോർപ്പറേഷനുകൾ, നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങളിൽ നിന്ന് പുതിയ സംരംഭകരെ കണ്ടെത്തുന്നതിന് വേണ്ടി അതാത് തലങ്ങളിൽ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കി വരുന്നു. വകുപ്പ് നൽകുന്ന സേവനങ്ങൾ, പദ്ധതികൾ എന്നിവ സംരംഭകരെ പരിചയപ്പെടുത്തുന്നതിന് ഈ പരിപാടിയിലൂടെ സാധ്യമാകുന്നു.

14. പൊതു ബോധവത്കരണ പരിപാടി (GOT)
ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഒരു ഉൽപ്പന്നം (OLOP) എന്നതിന് പ്രാധാന്യം കൊടുത്തു കൊണ്ടും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനപരിധിക്കുള്ളിൽ പുതിയ സംരംഭങ്ങളിലൂടെ പ്രാദേശിക സാമ്പത്തിക വികസനം നേടുന്നതിന് സംരംഭകരിൽ പൊതുബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് പൊതു ബോധവൽക്കരണ പരിപാടി വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്നത്.

സംരംഭങ്ങൾ തുടങ്ങുന്നതിന് എന്തെല്ലാം പദ്ധതികൾ
സംരംഭങ്ങൾ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പ് ഉൾപ്പെടെയുള്ള അനവധി ഏജൻസികളിൽ നിന്നും സബ്‌സിഡി സഹായങ്ങൾ ലഭ്യമാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് സംരംഭങ്ങൾ ആരംഭിക്കുന്നതിന് പലതരത്തിലുള്ള വായ്പാ ബന്ധിത പദ്ധതികൾ വ്യവസായ വകുപ്പിലൂടെയും മറ്റ് ഏജൻസികളിലൂടെയും നടപ്പിലാക്കി വരുന്നു. സംരംഭക സ്ഥാപനപ്രക്രിയയിൽ സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് സംസ്ഥാന വ്യവസായ വകുപ്പാണ്.

സംസ്ഥാന വ്യവസായ വകുപ്പും പദ്ധതികളും
1. നാനോ മാർജിൻ മണി ഗ്രാൻഡ് പദ്ധതി
ഉൽപാദന മേഖലയിലും സേവനമേഖലയിലും ആകെ മുതൽമുടക്ക് 10 ലക്ഷം വരെയുള്ള സംരംഭങ്ങൾക്ക് ഈ വായ്പാ – ബന്ധിത പദ്ധതിയുടെ സഹായം ലഭിക്കുന്നതാണ്. പൊതു വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സ്വന്തമായി 30% തുക മുടക്കുകയും 40% ബാങ്ക് വായ്പയും 30% സർക്കാർ സബ്‌സിഡിയും ലഭിക്കുന്നു. വനിത, ഭിന്നശേഷിക്കാർ, പട്ടികജാതി, പട്ടികവർഗം, യുവസംരംഭകർ എന്നീ മുൻഗണനാ വിഭാഗങ്ങൾക്ക് സ്വന്തമായി 20% തുകയും 40% ബാങ്ക് വായ്പയും 40% സർക്കാർ സബ്‌സിഡിയും ലഭിക്കുന്നു.

2. സംരംഭക പിന്തുണ പദ്ധതി (ESS)
ഉൽപാദന മേഖലയിലെ സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് ഈ പദ്ധതി പ്രകാരം മൂന്ന് ഘട്ടങ്ങളിലായി ലഭിക്കുന്നു.

(i) സ്റ്റാർട്ടപ്പ് സഹായം
ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് ആരംഭിക്കുന്ന സംരംഭങ്ങൾക്ക് നിക്ഷേപ സഹായത്തിന്റെ 50 ശതമാനം പരമാവധി മൂന്ന് ലക്ഷം രൂപ വരെ സംരംഭം ആരംഭിക്കുന്നതിന് മുൻപായി സഹായം ലഭിക്കുന്നതാണ്.

(ii) നിക്ഷേപ സഹായം
ഉൽപാദന മേഖലയിൽ സംരംഭം ആരംഭിച്ച് കഴിഞ്ഞ് ഒരു വർഷത്തിനകം അപേക്ഷിച്ചാൽ താഴെപ്പറയുന്ന രീതിയിൽ ധനസഹായം ലഭിക്കുന്നതാണ്

എ. ജനറൽ – 15% (പരമാവധി 30 ലക്ഷം)
(ബി) വനിത /എസ്.സി/ എസ് ടി യുവ സംരംഭകൻ – 25% (പരമാവധി 40 ലക്ഷം)
(സി) ജനറൽ മേഖല – 10% അധിക സഹായം (പരമാവധി 10 ലക്ഷം)
(ഡി) പിന്നോക്ക ജില്ലകൾ 10% അധിക സഹായം (പരമാവധി പത്ത് ലക്ഷം)

(iii) സാങ്കേതികവിദ്യ സഹായം
സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് സാങ്കേതികവിദ്യ കരസ്ഥമാക്കിയിട്ടുള്ള സംരംഭങ്ങൾക്ക് സ്ഥിര മൂലധനത്തിന്റെ 10% അധിക സബ്‌സിഡി (പരമാവധി 10 ലക്ഷം)

(3) പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (PMEGP)
തൊഴിലും ഉൽപാദനവും വർദ്ധിപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഈ കേന്ദ്രാവിഷ്‌കൃത പദ്ധതി സംസ്ഥാന വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നു. ആകെ പ്രോജക്ട് ചെലവിൽ ഉൽപാദന മേഖലയിൽ പരമാവധി 50 ലക്ഷം രൂപ വരെയും സേവന സംരംഭങ്ങൾക്ക് പരമാവധി 20 ലക്ഷം രൂപ വരെയും മാത്രമേ സബ്‌സിഡിക്ക് അർഹത ഉണ്ടായിരിക്കുകയുള്ളൂ. ഒരു കോടി വരെയുള്ള പ്രോജക്ടുകൾ ഈ പദ്ധതി പ്രകാരം ആരംഭിക്കുന്നതാണ്

(4) പി എം എഫ് എം ഇ (PMEME)
പി എം എഫ് എം ഇ കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഭക്ഷ്യ സംസ്‌കരണ പദ്ധതിയാണ് പി.എം.എഫ്.എം.ഇ. വ്യക്തിഗത സംരംഭകർക്ക് സ്ഥിര മൂലധനത്തിന്റെ 35% സബ്‌സിഡി ലഭിക്കുന്നതാണ്. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ആശയങ്ങൾ നടപ്പിലാക്കുവാൻ സഹായകരമായ പദ്ധതിയാണിത്.

(5) ഒരു വീട്ടിൽ ഒരു സംരംഭം പദ്ധതി (OFOE)
ഈ പദ്ധതി സ്ത്രീശാക്തീകരണത്തിനും ഗാർഹിക സംരംഭങ്ങളുടെ പ്രോത്സാഹനത്തിനും ഊന്നൽ നൽകുന്നു. ഈ പദ്ധതി പ്രകാരം ആകെ പ്രോജക്ട് ചെലവിൽ 10 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പയ്ക്ക് പലിശ ഇളവ് ലഭിക്കുന്നതാണ്. ഉൽപാദന- സേവന മേഖലകളിൽ ആരംഭിക്കുന്ന പുതിയ സംരംഭങ്ങൾക്ക് പലിശ ഇളവിന് അർഹതയുണ്ട്. 01.04.2022 നോ അതിനുശേഷമോ പ്രവർത്തനം ആരംഭിച്ച എം.എസ്.എം.ഇ കൾക്ക് ഈ പദ്ധതി പ്രകാരം സഹായത്തിന് അർഹത ഉണ്ടായിരിക്കും.

(6) കേരള സംരംഭക വായ്പാ പദ്ധതി (KELS)
പുതിയതായി ആരംഭിക്കുന്ന സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭങ്ങളുടെ വികസനത്തിനും ഈ വായ്പാ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതാണ.് ഉത്പാദനം, സേവനം, ബിസിനസ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഈ പദ്ധതി പ്രകാരം സഹായം ലഭിക്കും. പരമാവധി പത്ത് ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകൾക്ക് പലിശ ഇളവിന് അർഹത ഉണ്ടായിരിക്കും.

(7) മറ്റ് ഏജൻസികൾ
(a) വാണിജ്യ ബാങ്കുകൾ
സംരംഭങ്ങൾ ആരംഭിക്കുന്നതിന് ബാങ്കുകൾ വിവിധതരത്തിലുള്ള വായ്പകൾ പ്രദാനം ചെയ്യുന്നു. മുദ്ര ലോൺ, സ്റ്റാൻഡ് അപ് ഇന്ത്യ, ബിസിനസ് വായ്പ, അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ട്, അഗ്രി മാർക്കറ്റിംഗ് ഫണ്ട,് പി എം വിശ്വകർമ്മ പദ്ധതി, പി എം സ്ട്രീറ്റ് വെണ്ടേർസ് പദ്ധതി മുതലായവയാണ് ബാങ്കിൽ നിന്നും നേരിട്ട് ലഭിക്കുന്ന വായ്പാ പദ്ധതികൾ.

(b)എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന നടപ്പിലാക്കുന്ന പദ്ധതികളാണ് കെസ്രു, മൾട്ടിപർപ്പസ് ജോബ് ക്ലബ്ബ്, ശരണ്യ, കൈവല്യ.

(c) നോർക്ക
പ്രവാസികൾക്ക് സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് വിവിധ പദ്ധതികൾ പ്രധാനം ചെയ്യുന്നു

(d) കുടുംബശ്രീ
(e) ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്
(f) കേരള പിന്നോക്ക വികസന കോർപ്പറേഷൻ
(g) മുന്നോക്ക വികസന കോർപ്പറേഷൻ
(h) ന്യൂനപക്ഷ വികസന കോർപ്പറേഷൻ
(i) പട്ടികജാതി വികസന വകുപ്പ്
(j) പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ
(k) കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
(l) കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻറ് കോർപ്പറേഷൻ
(m) കേരള സ്റ്റാർട്ട് മിഷൻ
(n) വനിതാ വികസന കോർപ്പറേഷൻ
(o) കേരള ബാങ്ക്
(p) ക്ഷീരവികസന വകുപ്പ്
(q) ഫിഷറീസ് വകുപ്പ്
അവസരങ്ങൾ സംരംഭത്തിന്റെ വിജയം ഉറപ്പാക്കുന്നു. ആശയങ്ങൾ സംരംഭങ്ങളാക്കി മാറ്റുന്നതിന് ബിസിനസ് പ്ലാൻ/ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കേണ്ടതാവശ്യമാണ.് വ്യവസായ വകുപ്പ്, മറ്റ് സർക്കാർ വകുപ്പുകൾ/ ഏജൻസികൾ എന്നിവയിൽ നിന്നും ധനസഹായങ്ങൾ ലഭിക്കുന്നതിന് നല്ല രീതിയിൽ തയ്യാറാക്കുന്ന ബിസിനസ് പ്ലാൻ/ പ്രോജക്ട് റിപ്പോർട്ടുകൾ ആവശ്യമാണ്. സംരംഭ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് വ്യവസായ വകുപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ പിന്തുണ ലഭ്യമാകുന്നതാണ്.

(വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ആണ് ലേഖകൻ)