ഒഴുക്കിനെതിരെ

ആഷിക്ക്. കെ.പി
സ്ത്രീധനം പോരെന്നും വലിയ കാർ വേണമെന്നും പറഞ്ഞു പീഡിപ്പിച്ച യുവതി മരിച്ച നിലയിൽ, ഭർത്തുഗൃഹത്തിലെ പീഡനങ്ങൾ സഹിക്കാതെ യുവതി ജീവനൊടുക്കി, ഫേസ് ബുക്കിൽ പരിചയപ്പെട്ട അജ്ഞാത കാമുകനോടൊപ്പം ജീവിക്കാൻ നവജാത ശിശുവിനെ ഉപേക്ഷിച്ചു, ….കഴിഞ്ഞയാഴ്ച മാത്രം വായിച്ച വർത്തകളാണിതൊക്കെ. അപ്പോഴാണ് കുറച്ചുകാലം മുൻപ് ഒരു സംരംഭകത്വ പരിശീലന പരിപാടിയിൽ വച്ച് സ്വന്തം ജീവിത കഥ പറഞ്ഞ ഒരു യുവതിയെക്കുറിച്ചു ഓർമവന്നത്.

എന്നെ വല്ലാതെ സ്വാധീനിച്ച ഒരു ജീവിത കഥ. ധാരാളം സംരംഭകത്വ വിജയ ഗാഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. മിക്ക സംരംഭകരുടെയും വിജയത്തിനു പിന്നിൽ ഏതെങ്കിലും ഒരു കഠിനാധ്വാനത്തിന്റെയോ സഹനത്തിന്റെയോ കഥയുണ്ടാവും. എന്നാൽ ജീവിതത്തിൽ ഒന്നും നേടാനില്ലാത്തപ്പോഴും പ്രതീക്ഷയോടെ, കരുതലോടെ മുന്നേറുന്നവർ വിരളമാണ്. വിദ്യാസമ്പന്നർപോലും ജീവിതത്തിലെ ചെറിയ പ്രതിസന്ധികൾ പോലും നേരിടാൻ കഴിയാതെ ജീവനൊടുക്കുന്ന കാലത്തു ഞാൻ പരിചയപ്പെട്ട ഒരു യുവതിയുടെ കഥ സംരഭകർക്കു പ്രചോദനമാവട്ടെ.

രണ്ടു മൂന്നു വർഷങ്ങൾക്കു മുമ്പ് കിനാലൂർ വ്യവസായ പാർക്കിൽ നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി ചെറുകിട വ്യവസായ സംഘടനയും VKC കമ്പനിയും സംയുക്തമായി നടത്തുന്ന ഒരു സെമിനാറിൽ സംസാരിക്കാൻ മുഖ്യ സംഘാടകൻ വ്യവസായ കേന്ദ്രം മുൻ ജനറൽ മാനേജർ ആയിരുന്ന പി കെ നാരായണൻ എന്നെ ക്ഷണിച്ചിരുന്നു. സ്ത്രീ സംരഭകത്വത്തെപറ്റിയും അവരുടെ സാമൂഹ്യ ഉത്തരവാദിത്തങ്ങളെപ്പറ്റിയുമൊക്കെ ചില ഉദാഹരണങ്ങൾ സഹിതം ഒരു പ്രചോദനാത്മക പ്രഭാഷണം നടത്തുന്നതിനിടയിൽ ഞാനൊരു പെൺകുട്ടിയെ കണ്ടു. തിളങ്ങുന്ന കണ്ണുകളുള്ള മെലിഞ്ഞ ഇരു നിറക്കാരിയായ ഒരു പെൺകുട്ടി. ശ്രദ്ധ വിടാതെ ക്ലാസ്സു മുഴുവനും കേട്ടിരുന്ന കുട്ടിയെ ക്ലാസ് കഴിഞ്ഞു പരിചയപ്പെട്ടു. അവൾ എന്നോട് അവളുടെ കഥ പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ദാരിദ്ര്യം പിന്നീട് പഠനത്തെ കീഴ്‌പ്പെടുത്തിയ, ജീവിതാനുഭവങ്ങൾ ക്ലാസ് മുറികൾക്കപ്പുറം വിദ്യ നൽകുന്നു എന്ന തിരിച്ചറിവ് പകർന്ന ഒരു പെൺകുട്ടിയുടെ കഥ. പേരും ഫോട്ടോയും വയ്ക്കരുതെന്ന അവരുടെ അഭ്യർത്ഥനകൊണ്ട് തൽക്കാലം വനജയെന്നു വിളിക്കുന്നു.

കോഴിക്കോട് ജില്ലയുടെ കിഴക്ക് മലയോര ഭാഗത്ത് ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച് ദാരിദ്ര്യം കൊണ്ടു തന്നെ വളരെ ചെറുപ്പത്തിൽ വിവാഹം കഴിക്കേണ്ടി വന്ന വനജയുടെ കഥ. ഒട്ടേറെ സ്വപ്നങ്ങളോടെ ജീവിതത്തെക്കണ്ട ആ പെൺകുട്ടിക്ക് ജീവിതമെന്തെന്നു മനസ്സിലാവുന്നതിനു മുൻപ് തന്നെ മറ്റൊരാളുടെ ഭാര്യയാകേണ്ടിവന്നു. പിന്നിൽ മൂന്നു പെൺകുട്ടികൾ ഉള്ളതുകൊണ്ടാവാം ദരിദ്രനായ അച്ഛൻ എന്നെ അയാളുടെ കൂടെ കെട്ടിച്ചയച്ചത് എന്ന് ഒരു പരിഭവവും കൂടാതെ അവൾ പറഞ്ഞു. പക്ഷേ ദാമ്പത്യ ജീവിതം വലിയ നിരാശയാണ് ഉണ്ടാക്കിയത്. മുഴുക്കുടിയനും മയക്കുമരുന്നിനടിമയുമായ ഭർത്താവ്. വാടക വീട്. അയാളുടെ അമ്മയും അച്ഛനും നേരത്തെ മരിച്ചുപോയിരുന്നു. എന്നും തല്ലും ശകാരവും. 24ണ്മ7 എന്ന രീതിയിൽ മുഴുവൻ സമയവും മദ്യവും മയക്കുമരുന്നിലുമായിരുന്നുഅയാൾ. വീട്ടു വേലക്ക് പോയി താൻ കൊണ്ടുവരുന്ന സമ്പാദ്യം പോലും തട്ടിപ്പറിച്ച് അക്രമം കാണിക്കുന്ന ഭർത്താവ്. ആകെ സമ്പാദ്യം മൂന്ന് മക്കൾ. മക്കൾക്ക് വിഷം കൊടുത്ത് മരിക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അവരുടെ മുഖത്ത് നോക്കുമ്പോൾ ഒന്നും കഴിയുന്നില്ല. എന്ത് ചെയ്യണമെന്നോ എങ്ങിനെ ജീവിക്കുമെന്നോ ഉള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട കാലം. ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു എന്നതുപോലെ ഒരു ദിവസം രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ ഒരു ഞരക്കം. എത്തി നോക്കുമ്പോൾ നിസ്സഹായനായി ഒരു ഭാഗം തളർന്ന് പക്ഷാഘാതം വന്ന് കിടക്കുന്നു. ഓടിവന്ന എന്റെ മകൾ പറഞ്ഞത് അമ്മേ മൂക്ക് പിടിച്ച് പൊത്തിയാൽ വേഗം ചത്തു കിട്ടുംന്നാണ്, ഇതുകേട്ട മോൻ പറഞ്ഞത് അതൊന്നും വേണ്ട ഇങ്ങനെ കിടന്നാൽ രണ്ടു ദിവസം കൊണ്ട് ചത്തു കിട്ടും എന്നാണ്. സ്‌നേഹം നൽകാത്തിടത്തു അച്ഛൻ അമ്മ എന്ത് വില. ഞാൻ അവരെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് പതിയെ ഞാൻ പറഞ്ഞ മറുപടി മക്കളേ, അതൊക്കെ പിന്നെയാലോചിക്കാം. ഇപ്പോ നമുക്ക് അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോവാം എന്നാണ്. നിസ്സഹായനായി കിടക്കുന്ന ഒരാളെ കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം. അച്ഛൻ ആരായാലും ഒരു മേൽവിലാസമാണ് മക്കളെ. മക്കളുടെ മുഖം പുച്ഛത്താലോ അത്ഭുതത്താലോ ചുളിഞ്ഞത് ഞാൻ കണ്ടില്ലെന്നു നടിച്ചു സാർ, യുവതി തുടർന്നു. അയൽ വീട്ടിൽ നിന്നും വായ്പ വാങ്ങി ജീപ്പു പിടിച്ച് ആരെയും ആശ്രയിക്കാതെ ആരും വരില്ല എന്നറിയാമായിരുന്നു ആശുപത്രിയിൽ കൊണ്ടുപോയി. ഒന്നു ചരിഞ്ഞു കിടക്കാൻ പോലും കഴിയാത്ത അയാൾക്ക് മരുന്നും കഞ്ഞിയും കൊടുത്തു. ഒരു മാസം കഴിഞ്ഞു. ഒരു മാറ്റവുമില്ല. തിരിച്ച് വീട്ടിലേക്ക് കൊണ്ടു വന്നു. അടുത്ത വീടുകളിൽ പോയി ജോലി ചെയ്ത് ഒരു പരിഭവവും പറയാതെ മക്കളുടെ പഠനവും ഭർത്താവിന്റെ ചികിൽസയും ഒക്കെ കഷ്ടപ്പെട്ട് നടത്തി. മക്കൾ ഇതൊക്കെ കാണുന്നുണ്ടായിരുന്നു. ഇതൊക്കെ കണ്ട എന്റെ മകൾ ഒരു രാത്രി എന്നോട് പറഞ്ഞു അമ്മേ എനിക്കൊരു ഐഡിയ തോന്നുന്നു. വേണ്ടാന്നു പറയരുത്. അമ്മയ്‌ക്കൊരു കൂട്ട് എന്നു കരുതിയാൽ മതി. എത്ര കഠിനമായി അമ്മ ജോലി ചെയ്യുന്നു. രാത്രി നമുക്ക് ഒരുമിച്ച് കുറേ പലഹാരങ്ങൾ ഉണ്ടാക്കാം. സ്‌കൂളിൽ പോകുന്ന വഴിയ്ക്കും സ്‌കൂളിലും ഞങ്ങളത് വിൽക്കാം. അമ്മ ഒറ്റയ്ക്ക് ഇങ്ങനെ കഷ്ടപെടുമ്പോൾ ഒരു സഹായമല്ലേ. ഞാൻ സമ്മതിച്ചില്ല. പക്ഷെ മക്കളുടെ നിർബ്ബന്ധം കൂടി. അങ്ങിനെ മനസ്സില്ലാ മനസ്സോടെ ഞാനും അതിന് തയ്യാറായി. പഠനമൊക്കെ കഴിഞ്ഞ് ഞങ്ങൾ കുറെ പലഹാരമുണ്ടാക്കും. രാവിലെ മക്കൾ അത് കൊണ്ടു പോകും. അധ്വാനിച്ച് പ്രതിസന്ധികളിൽ തളരാതെ ജീവിക്കുന്ന ഒരു കുടുംബത്തെ അധ്യാപകരും നാട്ടുകാരും ബഹുമാനത്തോടെ പ്രോൽസാഹിപ്പിച്ചു. ജീവിതം എന്താണെന്ന് എന്റെ ഭർത്താവ് നിശ്ചലനായി കിടന്നുകൊണ്ട് നോക്കിക്കാണുകയായിരുന്നു. ഞാനൊന്നും പറഞ്ഞില്ല. രോഗം മെല്ലെ മാറിവരുന്നു. ഒരു ദിവസം സംസാരിക്കാനായി മെല്ലെ വായ തുറന്നു. അവ്യക്തമായി എന്നോട് അദ്ദേഹം പറഞ്ഞതെന്താണെന്നറിയോ സാർ, എനിക്ക് ഒരു പശുവിനെ വാങ്ങിത്തരൂ . അതിനെ വളർത്തി നിങ്ങൾക്ക് ഒരു കൂട്ടാവാമെന്ന്. ഇപ്പോഴാണ് ജീവിതം എന്തെന്ന് എനിക്ക് മനസ്സിലായതെന്നു. ഞാൻ അപ്പോഴും ഒന്നും പറഞ്ഞില്ല. ഒന്നു പുഞ്ചിരിച്ചു. സാർ, ഇന്ന് എന്റെ ഭർത്താവ് രോഗമൊക്കെ ഭേദമായി പൂർണ്ണ ആരോഗ്യവാനാണ്. പക്ഷേ അതിനു ശേഷം അദ്ദേഹം മദ്യപിച്ചിട്ടില്ല. വീട്ടിൽ നിന്ന് പുറത്തു ഞങ്ങളില്ലാതെ പോകാറില്ല. ഇന്ന് ഞങ്ങളൊരു കൊച്ചു കുടുംബ സംരഭകരാണ്. എന്റെ വീട്ടിൽ പത്തു പശുക്കളും കുറെ ആടുകളുമുണ്ട്. നല്ല രീതിയിൽ ഒരു ഫാം നടത്തുന്നു. ഞങ്ങൾക്ക് ഒരു ചെറിയ ബേക്കറിയുണ്ട്. എന്റെ മകളുടെ സ്റ്റാർട്ടപ്. മകൾ ബി.ടെകിന് പഠിക്കുന്നു.

പ്രതിസന്ധികളിൽ തളർന്ന് പോവുന്ന ആയിരക്കണക്കിന് ആളുകൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒരു മാതൃകയാണ് ഈ നാട്ടിൻപുറത്തുകാരി. തന്റെ ജീവിതത്തിലെ ദുരിതങ്ങൾ അവർക്ക് അനുഭവങ്ങളും തിരിച്ചറിവും നൽകി. ഒഴുക്കിനെതിരെ അവർ തുഴഞ്ഞു. ഇന്നും എവിടെയും സ്ത്രീത്വത്തിനെതിരെ അതിക്രമങ്ങളും അധിക്ഷേപങ്ങളും ഉണ്ടാവുമ്പോൾ, പ്രതികരിക്കുന്നത് എങ്ങിനെയെന്നറിയതെ ജീവിതം ഒടുക്കുന്നവരെപ്പറ്റി കേൾക്കുമ്പോൾ, പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു മെച്ചപ്പെട്ട ജീവിതം തേടി പോകുന്നവരെപ്പറ്റി അറിയാനിടവരുമ്പോൾ സ്വന്തം ജീവിത പ്രാരാബ്ധങ്ങളെ ഓർത്തു നിരാശരായി ജീവിക്കുന്ന വരെ കാണുമ്പോൾ ആരോടും കൊട്ടിഘോഷിക്കാതെ ജീവിതത്തെ പഴിക്കാതെ, ആരോടും പരിഭവം പറയാതെ സന്തോഷത്തോടെ തന്റെ കർമങ്ങളിൽ മുഴുകി ഭാവിയെ കരുത്തുറ്റതാക്കിയ ഈ യുവതിയെ ഓർത്തുപോവാറുണ്ട്. ജീവിതം സ്വതന്ത്രമായൊഴുകുന്ന അരുവിയല്ല, വളഞ്ഞും പുളഞ്ഞും അനുഭവങ്ങളെ തീചൂളകളാക്കി മുന്നോട്ടാഞ്ഞു കുതിക്കുന്ന പ്രവാഹമാണ്. ഒഴുക്കിനെതിരെ നീന്താൻ പഠിക്കുമ്പോഴേ കരുത്തുണ്ടാവുകയുള്ളൂ. സംരഭകൻ എന്നത് ഇത്തരത്തിലുള്ള കരുത്തും അനുഭവങ്ങളുമുള്ള ആളായിരിക്കണം. വലിയ ബിസിനസ് സ്‌കൂളുകളിൽ ലഭിക്കാത്ത ഇത്തരം അനുഭവങ്ങൾ അറിയാൻ എന്നെ പ്രേരിപ്പിച്ചത്, എന്നെപ്പോലെ മറ്റു പലരെയും പ്രേരിപ്പിക്കേണ്ടത് അത്യാവശ്യമായ ഒരു കാലത്തു ഇതിനേക്കാൾ മറ്റെന്തു ഓർമകളാണ് വേണ്ടത്.

(എഴുത്തുകാരനും അധ്യാപകനും മാനേജ്‌മെന്റ് പരിശീലകനുമാണ് ലേഖകൻ)