കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് ഡിസംബറിൽ

മനോജ് മാതിരപ്പള്ളി

കൊച്ചി നഗരത്തോട് ചേർന്നുകിടക്കുന്ന അമ്പലമുകളിൽ കിൻഫ്ര നടപ്പാക്കുന്ന പെട്രോകെമിക്കൽ പാർക്ക് യാഥാർത്ഥ്യമാകുന്നു. ഇപ്പോഴത്തെ രീതിയിൽ നിർമ്മാണപ്രവർത്തനങ്ങളും മറ്റും പുരോഗമിച്ചാൽ അടുത്ത ഡിസംബർ ആകുമ്പോഴേയ്ക്കും പാർക്ക് തുറക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പതിനായിരം കോടി രൂപയുടെ നിക്ഷേപം വരുമെന്ന് കണക്കാക്കപ്പെടുന്നു. നിർമ്മാണം പൂർത്തിയാകും മുൻപുതന്നെ 300 കോടിയിലധികം രൂപയുടെ നിക്ഷേപം വന്നുകഴിഞ്ഞു. പദ്ധതി പൂർണ്ണതോതിൽ ആകുമ്പോഴേയ്ക്കും ഇരുപതിനായിരം തൊഴിലവസരങ്ങളും ഉണ്ടാകും. പാർക്കിലെ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. കേരളത്തെ പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കേരളം വ്യവസായസൗഹൃദം അല്ലെന്ന തരത്തിലുള്ള ആരോപണങ്ങൾ കുപ്രചാരണമാണെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിക്കുന്ന വമ്പൻപദ്ധതിയാണ് കിൻഫ്ര പെട്രോകെമിക്കൽ പാർക്ക്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയിൽ (ഫാക്ട്) നിന്നും സംസ്ഥാന സർക്കാർ വിലയ്ക്കുവാങ്ങിയ 481.79 ഏക്കർ ഭൂമിയിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ആയിരുന്നു ഭൂമിവാങ്ങൽ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും പദ്ധതിക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഏറ്റെടുത്ത ഭൂമിയിൽനിന്നും 199.8 ഏക്കർ സ്ഥലം ഇരുപത് കമ്പനികൾക്കായി അലോട്ട് ചെയ്തുകഴിഞ്ഞു. ഇതിൽനിന്നും ആദ്യഘട്ടത്തിൽ 227.77 കോടിരൂപയുടെ നിക്ഷേപവും രണ്ടാംഘട്ടത്തിൽ 76 കോടിരൂപയുടെ നിക്ഷേപവുമാണ് നടന്നത്. വരുംദിവസങ്ങളിൽ കൂടുതൽ കമ്പനികളുടെ നിക്ഷേപവും വരും.

പദ്ധതിയുടെ തുടക്കം

2017-ലാണ് കൊച്ചിയിൽ പെട്രോകെമിക്കൽ പാർക്ക് ആരംഭിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ഉടമസ്ഥതയിലുള്ള കൊച്ചിൻ റിഫൈനറിയുടെ വിപുലീകരണവും അതുവഴി ലഭിക്കുന്ന അസംസ്കൃത പദാർത്ഥങ്ങൾ ഉപയോഗിച്ച് പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ക്ലസ്റ്റർ സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. ചെറുകിട-ഇടത്തരം പ്ലാസ്റ്റിക്ക് വ്യവസായ യൂണിറ്റുകൾ, പെയിന്റ് നിർമ്മാതാക്കൾ, പിവിസി പൈപ്പ് നിർമ്മാണ യൂണിറ്റുകൾ തുടങ്ങി പെട്രോകെമിക്കൽ മേഖലയിലെ ഉത്പന്നനിർമ്മാതാക്കളായ വിവിധ കമ്പനികളാവും ഇവിടെ പ്രവർത്തിക്കുക. സ്ഥലം ഏറ്റെടുപ്പും വികസനപ്രവർത്തനങ്ങളുമെല്ലാം കിൻഫ്ര തന്നെയാണ് നടത്തുന്നത്. പാർക്കിന്റെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകിയത് ഹൈദരാബാദ് ആസ്ഥാനമായ വോയന്റ്സ് കൺസൾട്ടന്റായിരുന്നു.

ഫാക്ടിന്റെ സ്ഥലം ഏറ്റെടുത്തപ്പോൾ അതിന്റെ വിലയായി 977 കോടി രൂപയാണ് കിൻഫ്ര നൽകിയത്. ഈ പണം ലഭ്യമാക്കിയത് കിഫ്ബി ഫണ്ടിൽ നിന്നായിരുന്നു. ഇതിനുപുറമെ, അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ പണവും കിഫ്ബിയാണ് ലഭ്യമാക്കുന്നത്. 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പെട്രോകെമിക്കൽ പാർക്കിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച ശേഷം ദ്രുതഗതിയിൽ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചു. റോഡുകൾ, ജലവിതരണ സംവിധാനം, ഭൂഗർഭ കേബിളുകളിലൂടെയുള്ള വൈദ്യുതി വിതരണം, ഗെയിൽ വാതക പൈപ്പ് ലൈൻ, മലിനജല സംസ്കരണ പ്ലാന്റ് തുടങ്ങിയവയെല്ലാം അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പൂർത്തിയാക്കും. ലഭ്യമായ 481.79 ഏക്കർ സ്ഥലത്തിൽനിന്നും 171 ഏക്കർ കൊച്ചിൻ റിഫൈനറിയുടെ വികസനത്തിനായി ബിപിസിഎല്ലിന് തന്നെ പാട്ടത്തിന് നൽകിയിരിക്കുകയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശം അനുസരിച്ച് നിശ്ചിത ശതമാനം ഭൂമി ഹരിതകവചം സൃഷ്ടിക്കും. പാർക്കിൽ നിന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ശുദ്ധീകരിച്ചെടുക്കാൻ ഇത് സഹായകമാകും.

റിഫൈനറിയുടെ വികസനത്തിനും ഹരിതകവചം സൃഷ്ടിക്കാനും നൽകിയിട്ടുള്ള ഭൂമിയുടെ ബാക്കിയായി വരുന്ന 229 ഏക്കർ സ്ഥലത്താണ് വ്യവസായസംരംഭങ്ങൾ വരുന്നത്. ഇതുവരെ സ്ഥലം വിട്ടുനൽകിയ സ്ഥാപനങ്ങളിൽ മൂന്നെണ്ണം ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. മെറ്റാ ഫോർ ഹൈഡ്രോകാർബൺസ്, ഏഷ്യാറ്റിക് പോളിമർ ഇൻഡസ്ട്രീസ്, ടാർടെക് ബിറ്റുമിൻ മിക്സിംഗ് പ്ലാന്റ് എന്നിവയാണ് പ്രവർത്തനം ആരംഭിച്ചത്. ഒന്നാംഘട്ടത്തിൽ പ്രത്യേക സ്കീംവഴി ഭൂമി അനുവദിക്കപ്പെട്ട കമ്പനികളാണ് ഇവ. ഇതിനുപുറമെ, കൂടുതൽ യൂണിറ്റുകൾ ഉടൻ സജ്ജമാവുകയും ചെയ്യും. പാർക്ക് ഉദ്ഘാടനം ചെയ്യുന്നതിനും മാസങ്ങൾക്ക് മുൻപുതന്നെ, അവിടെയുള്ള വ്യവസായ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നുവെന്നത് അഭിമാനകരമായ കാര്യമാണ്.

ബിപിസിഎല്ലും നിക്ഷേപം നടത്തും
റിഫൈനറിയുടെ വികസനത്തിന്റെ ഭാഗമായി ബിപിസിഎല്ലും പെട്രോകെമിക്കൽ പാർക്കിൽ നിക്ഷേപം നടത്തുന്നുണ്ട്. കിൻഫ്രയുമായി ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച് വിട്ടുകിട്ടിയ 170 ഏക്കർ സ്ഥലത്ത് പോളി പ്രൊപ്പിലീൻ പ്ലാന്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിനായി ആറായിരം കോടിരൂപയുടെ നിക്ഷേപം നടത്തും. അക്രിലിക് ആസിഡ്, അക്രിലേറ്റ്സ്, ഓക്സോ ആൽക്കഹോൾസ് എന്നിവയാകും പ്ലാന്റിൽ ഉത്പാദിപ്പിക്കുക. മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും പെയിന്റും പശയും അച്ചടിമഷിയുമെല്ലാം നിർമ്മിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുവാണ് അക്രിലിക് ആസിഡും അക്രിലേറ്റ്സും. കൂടാതെ വാഹനസീറ്റുകൾ, കിടക്കകൾ, ഫാർമ ഉത്പന്നങ്ങൾ, ഷൂ സോൾ തുടങ്ങിയവയും ഇതിൽനിന്നും നിർമ്മിക്കാൻ സാധിക്കും. പാർക്കിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന വമ്പൻ പ്ലാന്റായിരിക്കും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റേത്. കൂടുതൽ വലിയ കമ്പനികൾ പാർക്കിലേക്ക് കടന്നുവരാൻ ബിപിസിഎല്ലിന്റെ പ്ലാന്റ് പ്രേരണയാകും.

പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ നിർമ്മാണം എന്നത് രാജ്യത്തെ സുപ്രധാനമായ വ്യവസായങ്ങളിൽ ഒന്നാണ്. ഓരോ വർഷവും ഒരുലക്ഷം കോടിയോളം രൂപയുടെ പെട്രോകെമിക്കൽ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, പാർക്കിൽനിന്നും എത്രത്തോളം ഉത്പന്നങ്ങൾ പുറത്തിറങ്ങിയാലും വിപണി ഒരു പ്രശ്നമാവില്ല. അതുപോലെയുള്ള ഡിമാൻഡ് ഇപ്പോൾ തന്നെ ഇത്തരം ഉത്പന്നങ്ങൾക്കുണ്ട്. വിദേശരാജ്യങ്ങളിൽനിന്നും നികുതി ചുമത്തി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളെ അപേക്ഷിച്ച് ആഭ്യന്തരമായി നിർമ്മിക്കപ്പെടുന്ന ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കും സ്വാഭാവികമായും സാമ്പത്തികലാഭമുണ്ടാകും. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം പെട്രോകെമിക്കൽ ഉത്പന്നങ്ങൾ നിർമ്മിക്കപ്പെടുന്നത് ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. അമ്പലമുകളിലെ പാർക്ക് പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതോടെ ഇത്തരം ഉത്പന്നങ്ങളുടെ വിപണിവിഹിതത്തിന്റെ ഒരു ഭാഗം കേരളത്തിനും ലഭിക്കും.

വിദേശരാജ്യങ്ങളിൽ നേരത്തെ മുതൽ സമാനമായ രീതിയിൽ പെട്രോകെമിക്കൽ പാർക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ജർമ്മൻ മാതൃക പിന്തുടർന്നാണ് സംസ്ഥാന സർക്കാരും ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. ഈ മേഖലയിലെ വമ്പൻ പ്ലാന്റുകൾ മുതൽ ചെറുകിട, ഇടത്തരം യൂണിറ്റുകൾക്ക് വരെ ഇവിടെ പ്രവർത്തിക്കാനുള്ള സൗകര്യമുണ്ടാവും. ഈ രംഗത്തെ കമ്പോളസാധ്യത വളരെ വലുതായതിനാൽ വിദേശകമ്പനികൾ വരെ ഇവിടെ മുതൽമുടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കൊച്ചി-ബംഗലൂരു വ്യാവസായിക ഇടനാഴി കൂടി യാഥാർത്ഥ്യമാകുന്നതോടെ പെട്രോകെമിക്കൽ പാർക്കിന്റെ വളർച്ച ദ്രുതഗതിയിലാവും. ഇത്തരത്തിൽ അത്ഭുതകരമായ മറ്റൊരു വ്യാവസായിക വികസനത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.

വ്യാവസായിക ഇടനാഴി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാണിജ്യനഗരങ്ങളെയും വ്യവസായപാർക്കുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് വ്യാവസായിക ഇടനാഴി. ഇത് യാഥാർത്ഥ്യമാകുന്നതോടെ മെച്ചപ്പെട്ട ഗതാഗതശൃംഖലകൾ സൃഷ്ടിക്കപ്പെടുകയും ചരക്കുകൈമാറ്റം സുഗമമാവുകയും ചെയ്യും. ഇടനാഴിയുടെ ഭാഗമായ പല സ്ഥലങ്ങളിലും സംസ്ഥാന സർക്കാരുകൾക്ക് വിവിധ ഉത്പാദനമേഖലകൾക്ക് ഊന്നൽ നൽകുന്ന വ്യവസായ പാർക്കുകൾ നിർമ്മിക്കാം. അതുകൊണ്ടുതന്നെ, കൊച്ചി-ബംഗലൂരു വ്യാവസായിക ഇടനാഴി യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. ഇത് ഉടൻ പ്രവർത്തനക്ഷമം ആകുന്നതോടുകൂടി ബംഗലൂരു-മുംബൈ, മുംബൈ-ഡെൽഹി, ബംഗലൂരു-ചെന്നൈ, ചെന്നൈ-വിശാഖപട്ടണം തുടങ്ങിയ വ്യാവസായിക ഇടനാഴികളുമായി കേരളം ബന്ധിപ്പിക്കപ്പെടും. എന്നുവെച്ചാൽ, ഇവിടെ നിന്നുള്ള ഉത്പന്നങ്ങൾ രാജ്യത്തിന്റെ ഏതുഭാഗത്തേക്കും സുഗമമായി എത്തിക്കാൻ കഴിയും. രാജ്യത്തെ സുപ്രധാനമായ അമ്പലമുകൾ പെട്രോകെമിക്കൽ പാർക്കിന് ഇതുമൂലമുണ്ടാകുന്ന നേട്ടം വളരെ വലുതാണ്.

കേരളത്തിൽ 160 കിലോമീറ്ററാണ് കൊച്ചി-ബംഗലൂരു വ്യാവസായിക ഇടനാഴിയുടെ ദൈർഘ്യം. മുംബൈ-ബംഗലൂരു വ്യാവസായിക ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെനിന്നും കൊച്ചിയിലേക്കും ദീർഘിപ്പിക്കുന്ന പദ്ധതിക്ക് കേന്ദ്ര വാണിജ്യമന്ത്രാലയം അനുമതി നൽകിയതോടെ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷൻ എന്ന പ്രത്യേക കമ്പനി രൂപീകരിച്ചിരുന്നു. കിഫ്ബി മുഖേനെയാണ് പദ്ധതിക്ക് ആവശ്യമായ ധനസമാഹരണം നടത്തിയത്. പദ്ധതി നടപ്പാക്കാൻ വ്യവസായവകുപ്പിന് കീഴിലുള്ള കിൻഫ്രയാണ് സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസി. അടിസ്ഥാനസൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. പാലക്കാട്, എറണാകുളം, തൃശ്ശൂർ ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കൊച്ചി മുതൽ വാളയാർ വരെയുള്ള വ്യാവസായിക ഇടനാഴിയുടെ ഇരുവശങ്ങളിലും ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾ സ്ഥാപിക്കും. പെട്രോകെമിക്കൽ പാർക്കിന് പുറമെ തുടക്കത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ഇലക്ട്രോണിക്സ്, ഐടി, ബയോടെക്നോളജി, ലൈഫ് സയൻസ് എന്നിവ ഉൾപ്പെടെയുള്ള ഉത്പാദനമേഖലകൾക്കും നേട്ടമുണ്ടാകും. ഭക്ഷ്യവ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ലഘു എൻജിനീയറിംഗ് വ്യവസായം, ബൊട്ടാണിക്കൽ ഉത്പന്നങ്ങൾ, ടെക്സ്റ്റൈൽസ്, ഖരമാലിന്യ റീസൈക്ലിംഗ്, ഇലക്ട്രോണിക്സ്, ഐടി ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് തുടങ്ങിയ ക്ലസ്റ്ററുകളും പാലക്കാട് കേന്ദ്രീകരിച്ച് വികസിപ്പിച്ചെടുക്കും.
ഏഴുവർഷം മുൻപാണ് കേരളത്തിലേക്ക് വ്യാവസായിക ഇടനാഴി ദീർഘിപ്പിക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി, രാജ്യത്തെ വ്യാവസായിക ഇടനാഴികളുടെ രൂപീകരണച്ചുമതല വഹിക്കുന്ന നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റുമായി (എൻഐസിഡിഐടി) തുടർച്ചയായി ചർച്ചകൾ നടന്നു. പദ്ധതിക്ക് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഭൂമി ഏറ്റെടുക്കലും മറ്റും ആരംഭിച്ചു. പെട്രോകെമിക്കൽ പാർക്കിലെ പദ്ധതികൾ കൂടാതെ തന്നെ കേരളത്തിലേക്ക് പതിനായിരം കോടി രൂപയുടെയെങ്കിലും നിക്ഷേപം എത്താൻ വ്യാവസായിക ഇടനാഴി സഹായകമാകുമെന്നാണ് വിലയിരുത്തൽ.