ബ്രാന്റ് ഇമേജുകൾ തകരുമ്പോൾ

എഴുമാവിൽ രവീന്ദ്രനാഥ്

ഹോങ്കോങ്ങിനു പിന്നാലെ അമേരിക്കയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പും ദക്ഷിണേന്ത്യയിലെ രണ്ട് പ്രമുഖ കമ്പനികളുടെ കറിപ്പൊടികൾ നിരോധിച്ചത് പോയ വാരത്തിലെ പ്രധാനപ്പെട്ട വാർത്തകളിലൊന്നാണ്. അർബ്ബുദത്തിനു കാരണമായേക്കാവുന്ന രാസവസ്തു കറിപ്പൊടികളിൽ കണ്ടെത്തിയെന്ന ലാബ് റിപ്പോർട്ടാണത്രേ നിരോധനത്തിനു കാരണമായി പറയുന്നത്. ലോക കറിപ്പൊടി മാർക്കറ്റിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു രാജ്യമാണ് നമ്മുടേത്. ദക്ഷിണേന്ത്യയ്ക്ക്, പ്രത്യേകിച്ചും കേരളത്തിനും ഗുണമേന്മയിലൂടെ ആഗോള വിപണിയിൽ ചലനം സൃഷ്ടിയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നുള്ളതും അത് നമ്മുടെ വ്യാവസായിക അന്തരീക്ഷത്തിന് സ്വാദും സുഗന്ധവും പകർന്നിട്ടുണ്ടെന്നുള്ളതും നിസ്സാരമായ കാര്യമല്ല. എന്നാൽ അന്യരാജ്യങ്ങളിൽ ഗുണമേന്മയിൽ കർക്കശമായ പരിശോധനകൾ നടക്കുമ്പോൾ നമ്മുടെ ചില ബ്രാൻഡഡ് ഉൽപന്നങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിയ്ക്കപ്പെടുമ്പോൾ അത് എല്ലാ ഉൽപാദകരെയും പരോക്ഷമായെങ്കിലും ബാധിയ്ക്കുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഉൽപാദനം എന്ന് സ്പൈസസ് ബോർഡ് ഉറപ്പു വരുത്തിയശേഷം കയറ്റി അയയ്ക്കപ്പെടുന്ന ഉൽപന്നങ്ങളിൽ കീടനാശിനികളുടെ അംശം കണ്ടെത്തിയതായി അത്യന്താധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള പരിശോധനകളിൽ കണ്ടെത്തുമ്പോൾ അത് ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയേയും ചോദ്യം ചെയ്യുന്നു.

കറിപൗഡർ/ മസാലക്കൂട്ട് വിപണിയ്ക്ക് ആഗോളതലത്തിൽ വ്യാപ്തി വർദ്ധിച്ചു വരികയാണ്. കോവിഡ് കാലത്ത് തകർന്നടിഞ്ഞ വ്യവസായം 21.69 ബില്യൺ യു. എസ് ഡോളറായി ഉയരുകയും 2031 ആകുമ്പോൾ അത് 35.35 ബില്യണിലേക്ക് ഉയരുകയും ചെയ്യുമെന്നാണ് ബിസിനസ് അനലിസ്റ്റുകൾ പ്രവചിച്ചിരിയ്ക്കുന്നത്. എസ് ആന്റ് ബി ഫുഡ്സ്, മക്കോർമിക്, അൻകീ, ഒടുസ്കാ, ഫ്രോണ്ടിയർ, പെൻസെയ്, റനി, സ്പൈസ് സുപ്രീം, മർഷൽസ്, ടെറാ, ബാബാസ്, കിസ്കോ, ഗ്രെഗ്സ്, ഷാൻഗോങ്ങ് ഹോങ്സിംഗ് യുവാൻ തുടങ്ങിയ വൻകിട ഉൽപാദകർക്കൊപ്പമാണ് ഇന്ത്യൻ ബ്രാന്റുകളും ആഗോള വിപണിയിൽ മാറ്റുരയ്ക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ നാടെന്ന പേര് സഹസ്രാബ്ദങ്ങൾക്കു മുമ്പേ സ്വന്തമാക്കിയ കേരളവും ഈ വിപണിയിൽ ശക്തമായ സാന്നിധ്യമാണ്.

ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലായ്മയാണ് വിദേശ വിപണിയിൽ സ്വന്തം സ്ഥാനമുറപ്പിയ്ക്കാൻ വേണ്ടത്. എസ്. ഒ. പി (സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ), ജി എം പി (ഗുഡ് മാനുഫാക്ചറിങ്ങ് പ്രാക്റ്റീസ്), അഗ്മാർക്ക്, എഫ്. എസ്. എസ്. എ. ഐ (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ) തുടങ്ങിയ കടമ്പകളൊക്കെ കടന്നു വേണം എക്സ്പോർട്ട് ലൈസൻസിലേക്കെത്താൻ. നാലു തരത്തിലുള്ള നിലവാര പരിശോധനകൾക്ക് ഉൽപാദകർ ഹൃദയം തുറന്നു സഹകരിച്ചാൽ മാത്രമേ വിദേശവിപണി കരഗതമാവൂ. ഉൽപാദന കേന്ദ്രത്തിന്റെ സ്ഥാപിച്ചെടുക്കലിൽ തുടങ്ങി വിപണനത്തിലെ ഔന്നത്യം വരെ നിരവധി കാര്യങ്ങൾ ശ്രദ്ധിയ്ക്കേണ്ടതുണ്ട്. ശുദ്ധജലവും ശുദ്ധവായുവും ലഭിയ്ക്കുന്ന അന്തരീക്ഷം, വൃത്തിയും വെടിപ്പുമുള്ള നിർമ്മാണ കേന്ദ്രം, ആരോഗ്യപ്രശ്നങ്ങളില്ലാത്തതും വൃത്തിയുള്ളതുമായ തൊഴിലാളികൾ, ഫലപ്രദമായ മാലിന്യ സംസ്കരണം എന്നിങ്ങനെയാണ് ഒന്നാം കടമ്പ.

അസംസ്കൃത വസ്തുക്കളുടെ ശേഖരണം, അവയുടെ സുരക്ഷിതമായ സംഭരണവും സംസ്കരണവും തുടങ്ങിയവ രണ്ടാം കടമ്പയെന്നു പറയാം. മൂന്നാമത്തെതാണ് കൂടുതൽ ശ്രദ്ധക്കേണ്ടത്. പാചക വിദഗ്ദ്ധരുടെയും ഫുഡ് സയന്റിസ്റ്റുകളുടെയും മേൽനോട്ടത്തിൽ വികസിപ്പിച്ചെടുക്കുന്ന കറിക്കൂട്ടുകളിലെ രുചി മാസ്മരികതയാണല്ലോ വിപണി കീഴടക്കാനുള്ള ആയുധം. പരമ്പരാഗത രുചികൾ മെച്ചപ്പെടുത്തിയും പുതു രുചികൾ വികസിപ്പിച്ചും മുന്നേറുമ്പോൾ കൃത്രിമ വർണമോ, സുഗന്ധമോ ആ പരിസരത്തു പോലും ഉണ്ടാവരുത്. എന്തെങ്കിലുമുണ്ടെങ്കിൽ ഡിജിറ്റൽ സാങ്കേതികവിദ്യ അതു പൊക്കിയിരിയ്ക്കും. ഹോങ്കോങ്ങിലെ ഫുഡ് ലാബ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് രണ്ട് ഇന്ത്യൻ ബ്രാന്റുകളെ വാണത്തിൽ കയറ്റിയത്. കാർസിനോജനിക് (ക്യാൻസറിനു കാരണമായ) എന്നറിയപ്പെടുന്ന എത്തിലോൺ ഓക്സൈഡിന്റെ സാന്നിധ്യമാണ് ഈ ബ്രാന്റുകളിൽ അനലിസ്റ്റുകൾ കണ്ടെത്തിയത്. അസംസ്കൃത പദാർത്ഥങ്ങൾ സംഭരിയ്ക്കുമ്പോൾ രോഗകീടബാധകൾ തടയുന്നതിനായി ഫ്യുമിഗന്റ് ആയി ഉപയോഗിയ്ക്കുന്നതാണത്രേ ഈ രാസവസ്തു. നിർദ്ദിഷ്ട അളവിൽ സംഭരണ കേന്ദ്രങ്ങളിൽ ഫ്യൂമിഗേഷൻ (പുകയ്ക്കൽ) നടത്തുന്ന ഈ രാസവസ്തു ആശുപത്രികളിലും ലാബുകളിലും, ഗവേഷണ കേന്ദ്രങ്ങളിലും സ്റ്റെറിലൈസേഷന് ഉപയോഗിച്ചു വരുന്നു. സുഗന്ധ ദ്രവ്യങ്ങൾ, ഷാമ്പൂ എന്നിവയിലും ഇവയുടെ സാമീപ്യമുണ്ട്. പക്ഷേ ആഹാരപദാർത്ഥങ്ങളിൽ ഇവയ്ക്കു പ്രവേശനമില്ല.

അണുവിമുക്തിയ്ക്കായി ഉപയോഗിയ്ക്കുന്ന ഈ രാസവസ്തു അസംസ്കൃത വസ്തുക്കളിൽ നിന്നും നീക്കം ചെയ്ത് മാത്രമേ ഉൽപാദന പ്രക്രിയ ആരംഭിയ്ക്കാവൂ. നിർമാണ കേന്ദ്രത്തിലെ ഫുഡ് ലാബിലും ആർ ആന്റ് ഡി വിഭാഗത്തിലും ഓരോ ബാച്ചും ചെക്ക് ചെയ്ത് ഇവയുടെ അസാന്നിധ്യം ഉറപ്പാക്കണം.

നാലാം കടമ്പയാണ് ആകർഷണീയവും, സുരക്ഷിതവുമായ പാക്കിങ്ങ്. ഓരോ ബാച്ചിന്റെയും പ്രൊഡക്ഷൻ, എക്സ്പയറി, ഇൻഗ്രീഡിയന്റ്സ്, നിർമാതാക്കളുടെയും വിപണന കമ്പനിയുടെയും വിശദാംശങ്ങൾ എന്നിവ പായ്ക്കറ്റുകളിൽ നിർബന്ധമാണ്. വിലയിൽ മാത്രം മാറ്റങ്ങൾ വരാം. ഏതു ബാച്ചിലെ ഏതു പായ്ക്കറ്റും പരിശോധനയ്ക്കായി ലാബുകൾക്ക് സാമ്പിളാക്കാം. ആയതിനാൽ ഗുണമേന്മയിലെ ഏകതാനത ഉറപ്പാക്കുക.

ഇവിടെ എല്ലാ ഇന്ത്യൻ കമ്പനികളുടെ ഉൽപന്നങ്ങളുമാണ് അമേരിയ്ക്ക സാമ്പിൾ ടെസ്റ്റിനയച്ചിരിയ്ക്കുന്നത്. ഉൽപാദകർക്ക് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിയ്ക്കാൻ ഇതു സഹായകമാവും. നമ്മുടെ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം പല ഉൽപാദകരുടെയും സാമ്പികളുകളിൽ ന്യൂനത കണ്ടെത്തുകയും അവർക്കെതിരെ നടപടികളെടുക്കുകയും ചെയ്തത് ഇത്തരുണത്തിൽ ഓർക്കുന്നു. ഗുണമേന്മയുടെ കാലമാണിത്. ജനങ്ങൾ കൂടുതൽ വില കൊടുത്തും നല്ല ഉൽപന്നങ്ങൾ വാങ്ങാൻ ആഗ്രഹിയ്ക്കുന്നു. ആഹാരം കഴിച്ച് രോഗികളാവാൻ അവർ താൽപര്യം കാട്ടുന്നില്ല. ബ്രാൻഡ് ഇമേജ് ലഭിച്ചാൽ സർവ്വജ്ഞപീഠത്തിലെത്തിയെന്ന് ഒരു ഉൽപാദകനും കരുതരുത്. അത് നിലനിർത്താനായി കഠിനാധ്വാനവും ചെയ്യണം. രണ്ടു ബ്രാൻഡുകൾ ആഗോളതലത്തിൽ വിവാദച്ചുഴിയിലായത് മാധ്യമങ്ങളിലൂടെ കാട്ടുതീ പോലെയാണ് പരന്നത്. വിപണന വിതരണ ഏജൻസികൾ സംശയദൃഷ്ടിയോടെയാവും ഇനി അവരെ വീക്ഷിയ്ക്കുക. അഗ്നിശുദ്ധി വരുത്തി അവർ വീണ്ടും പരസ്യപ്രചരണ തന്ത്രങ്ങളിലൂടെ തൽസ്ഥാനം പിടിച്ചെടുക്കുമെന്നും നമുക്ക് പ്രത്യാശിയ്ക്കാം.