ഓൺലൈൻ സംരംഭക വിജയഗാഥ
ആഷിക്ക്. കെ.പി
സംരംഭകർ ജനിക്കുന്നതല്ല സാഹചര്യങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെടുന്നവരാണ് എന്ന വളരെ പ്രശസ്തമായ ഒരു പഴമൊഴിയുണ്ട് . ഏറെക്കുറെ ഇത്തരം വാക്കുകളിൽ വലിയ സത്യവും ഉണ്ട് എന്ന് കാണിക്കുന്നതാണ് പലപ്പോഴും ഇന്ന് നാം കാണുന്ന വിജയികളായ പല സംരംഭകരും. കാലമോ ദേശമോ ഇല്ലാതെ ലോകത്തിൻറെ നാനാഭാഗത്തും ഇത്തരം സംരംഭകരെ നമുക്ക് കാണാൻ കഴിയും. സാഹചര്യങ്ങളെ അനുകൂലമാക്കി എടുത്ത് തന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സംരംഭകനെ തട്ടി ഉണർത്തി കൃത്യസമയത്ത് അത് മൂർത്തമായ ഒരു ആശയമാക്കി മാറ്റി കൃത്യമായ അവസരമാക്കി മാറ്റിയ ഒരു സംരംഭകയുടെ വിജയകരമായ കഥയാണ് പറയുന്നത്.
എബിക്ക് ലേണിംഗ് ആപ്പ് – ഒരു കോവിഡ് കാല വനിതാ സംരംഭകത്വ വിജയയാത്ര:
കോവിഡ്കാലം ധാരാളം പ്രതിസന്ധികളുടെ കാലഘട്ടം ആയിരുന്നു. അപ്രതീക്ഷിതമായി വന്ന കോവിഡ് ലോകമാസകലം നിരാശയും അസ്വസ്ഥതകളും ഭയവും അനിശ്ചിതത്വവും നിറച്ചു കൊണ്ടിരുന്നപ്പോഴും അതിനെ അവസരമാക്കി മാറ്റിയ അതിലൂടെ സ്വന്തമായ സ്വപ്നങ്ങളെ നെയ്തെടുത്ത് വിജയിപ്പിച്ച ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഒരു സ്ഥാപനം തുടങ്ങി അതിനെ തൻറെ കഠിനാധ്വാനത്തിലൂടെ കേരളത്തിലെ പ്രശസ്തമായ ഒരു ഓൺലൈൻ കോച്ചിംഗ് ആപ്പ് ആക്കി മാറ്റി ലാഭകരമായി മുന്നേറുന്ന ഒരു സംരംഭകയാണ് എബിക് ലേണിങ് ആപ്പ് എന്ന സ്ഥാപനത്തിൻറെ ഉടമ നസീറ ഇന്ന് ഇരുപതിനായിരത്തിലേറെ ഓൺലൈൻ വിദ്യാർത്ഥികൾ വർഷംതോറും പഠിച്ചുകൊണ്ടിരിക്കുന്ന 50ലേറെ ഓൺലൈൻ ജീവനക്കാരുള്ള ഒരു സ്റ്റാർട്ടപ്പാണ് എബിക് ലേണിംഗ് എന്ന സ്ഥാപനം.
തുടക്കം
പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ കല്യാണം കഴിച്ചു വീട്ടിൽ ഒതുങ്ങി കഴിഞ്ഞ ഒരു പെൺകുട്ടി യായിരുന്നു നസീറ. രണ്ട് കുട്ടികളുടെ മാതാവ് ആവുകയും അവരെ പഠിപ്പിച്ചു സ്കൂളിൽ അയച്ച ശേഷം ഏറെക്കുറെ സ്വതന്ത്രയാണെന്ന് തോന്നിയപ്പോൾ വീണ്ടും പഠിക്കാൻ ആരംഭിക്കുകയും തുടർന്ന് ഹിന്ദിയിൽ ഡിഗ്രിയും പി ജി യും ബി.എഡും പൂർത്തിയാക്കുകയും ഹിന്ദി അധ്യാപികയായി ഒരു സ്വകാര്യ സ്കൂളിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. രണ്ടു വർഷത്തിനു ശേഷം സ്കൂളിൽ നിന്ന് ഒരു കോളേജിൽ ജോലി മാറ്റം. സ്വകാര്യ മേഖലയിൽ സ്കൂളിലായാലും കോളേജിൽ ആയാലും കുറഞ്ഞ വേതനവും എന്നാൽ അതിൻറെ എത്രയോ ഇരട്ടി ജോലിഭാരവും വന്നുചേർന്നപ്പോൾ ഒരു സ്ഥാപനത്തിൽ വർക്ക് ചെയ്യുന്നതിനേക്കാൾ ഒരു സ്ഥാപനം തുടങ്ങുന്നതല്ലേ നല്ലത് എന്ന് ഒരു സംരംഭകത്വ ചിന്ത നസീറയുടെ ഉള്ളിൽ മെല്ലെ കയറിക്കൂടി.
റിച്ച് ഡാഡ് പുവർ ഡാഡ്
യാദൃശ്ചികമായി വായിക്കാൻ ഇടയായ റിച്ച് ഡാഡ് പുവർ ഡാഡ് എന്ന പുസ്തകമാണ് തൻറെ സംരംഭക യാത്രയിലെ മറ്റൊരു വഴിത്തിരിവിന് കാരണമായത്. റോബർട്ട് കിയോ സാക്കിയുടെ പ്രശസ്തമായ റിച്ച് ഡാഡ് ആൻഡ് പുവർ ഡാഡ് എന്ന ഗ്രന്ഥത്തിൽ തന്റെ സുഹൃത്തിന്റെ അച്ഛൻ വീട്ടിൽ അതിഥിയായി വന്ന പ്രൊഫസറുടെ മകനോട് ആരാവാനാണ് ആഗ്രഹമെന്ന് ചോദിച്ച ഒരു രംഗമുണ്ട്. ഒരു യൂണിവേഴ്സിറ്റി പ്രൊഫസർ ആകണമെന്നാണ് അച്ഛൻ പറഞ്ഞത് എന്ന് കുട്ടി പറഞ്ഞപ്പോൾ അത് കേട്ട് ചിരിച്ച വ്യവസായിയായ സുഹൃത്തിൻറെ അച്ഛൻ എന്തിന് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആവണം ആ യൂണിവേഴ്സിറ്റിയുടെ ഓണർ ആവുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചു കൂടാ എന്ന മറുപടി തൻറെ അച്ഛനെ പുവർ ഡാഡായും സുഹൃത്തിൻറെ അച്ഛനെ റിച്ച് ഡാടായും സങ്കൽപ്പിച്ച കഥ നസീറയുടെ മനസ്സിലേക്ക് യാദൃശ്ചികമായി കടന്നു കയറി. ഒരു അധ്യാപികയായി ജീവിതം ചെലവഴിക്കണമോ അല്ലെങ്കിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം തന്നെ തുടങ്ങിയാൽ എന്ത് എന്ന് ചിന്ത അതിലൂടെ കൂടുതൽ പ്രബലമായി. കൂടാതെ അധ്യാപികയായി ജോലി ലഭിച്ചശേഷം അധ്യാപനത്തിന്റെ വിവിധ സാധ്യതകൾ മനസ്സിലാക്കുകയും അധ്യാപനത്തിനെ സംരംഭകത്വ അവസരവുമായി ബന്ധിപ്പിച്ചു സ്വന്തമായ ഒരു ലേണിംഗ് ആപ്പ് ആരംഭിക്കുന്നതിനെക്കുറിച്ച് മെല്ലെ ആലോചിക്കുകയും തുടങ്ങി. തുടർന്ന് ഒരു ഓൺലൈൻ ലേണിംഗ് ആൻഡ് കോച്ചിംഗ് ആപ്പ് ആരംഭിക്കുന്നതിന്റെ പ്രാഥമിക പഠനം നടത്തി. കൃത്യമായ പഠനം നടത്താൻ ജോലി തടസ്സമാണെന്ന് തോന്നിയപ്പോൾ ഒരു വേള ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം ഒരു സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാനും പഠിക്കുവാനും ആരംഭിച്ചു. സംരംഭകത്വ സാധ്യത പഠനം തന്നെയായിരുന്നു അതിൽ ഒന്നാമത്തേത്. ഒട്ടേറെ വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നു എന്നാൽ ഭർത്താവിൻറെ പ്രോത്സാഹനവും സുഹൃത്തുക്കളുടെ സഹായങ്ങളും നല്ല കുറേ സഹപ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചപ്പോൾ മെല്ലെ ഒരു കോച്ചിംഗ് ആപ്പ് ആരംഭിക്കുകയും ഇന്ന് കേരളത്തിലെ പ്രശസ്തമായ സംരംഭമായി മാറുകയും ചെയ്തു.
കോവിഡ് കാലത്ത് ജോലി ഓൺലൈൻ ആയി മാറുകയും ശമ്പളം കൃത്യമായി ലഭിക്കാതിരിക്കുകയും ചെയ്തപ്പോഴാണ് ഓൺലൈൻ ക്ലാസുകളുടെ സാധ്യത നസീറ എന്ന സംരംഭക കൂടുതലായി മനസ്സിലാക്കുന്നത്. ദീർഘനാളായി ഒരു സംരംഭകത്വ ആശയവുമായി നടക്കുന്ന നസീറയെ സംബന്ധിച്ചിടത്തോളം പിന്നീട് എങ്ങിനെ ഒരു ഓൺലൈൻ കോച്ചിംഗ് സെൻറർ തുടങ്ങാം എന്ന വ്യഗ്രതയായിരുന്നു. താൻ പഠിച്ച ഹിന്ദി തന്നെ മുഖ്യ ഘടകമായി എടുത്ത് ഹിന്ദിയിലെഓൺലൈൻ അവസരങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കുകയായിരുന്നു നസീറ ആദ്യം ചെയ്തത്. അപ്പോഴാണ് കെ ടെറ്റ്, സി ടെറ്റ്, സെറ്റ്, നെറ്റ് എന്നിവയിൽ ഹിന്ദി അധ്യാപക പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ കേരളത്തിൽ തീരെ ഇല്ല എന്ന് മനസ്സിലാക്കിയത്. ഉള്ള ചുരുക്കം ചില സ്ഥാപനങ്ങൾ സാധാരണ ട്യൂഷൻ സെൻററുകൾ പോലെ പല സ്ഥലങ്ങളിലും നേരിട്ട് ക്ലാസ് കൊടുക്കുന്ന സംരംഭങ്ങളുമായിരുന്നു. ഓൺലൈൻ കോച്ചിംഗ് സെൻറർ ആരംഭിച്ചാൽ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ധാരാളം കുട്ടികളെ എളുപ്പത്തിൽ ആകർഷിക്കാൻ കഴിയും എന്നുള്ള ഉറച്ച ആത്മവിശ്വാസം തന്നെയാണ് തൻറെ സംരംഭം തുടങ്ങാനുള്ള ഒന്നാമത്തെ ഘടകമായി നസീറ ചൂണ്ടിക്കാണിക്കുന്നത്. തുടർന്ന് സമാന രീതിയിലുള്ള വിവിധ സംരംഭങ്ങളെ മനസ്സിലാക്കുകയും നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്തു. വ്യത്യസ്തമായ സ്ഥാപനങ്ങളുടെ ഗുണവും ദോഷവും വിശകലനം ചെയ്തപ്പോൾ ഏറെ വ്യത്യസ്തമായ ഒരു സ്ഥാപനം തുടങ്ങിയാൽ അത് വിജയിക്കുമെന്ന് ഏകദേശം ഉറപ്പാക്കി കഴിഞ്ഞു. പിന്നീട് ഏതു മേഖലയിൽ എങ്ങനെ തുടങ്ങണമെന്നായി ചിന്ത. കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ലാഭകരമായി മുന്നേറുന്ന പല സ്ഥാപനങ്ങളുടെയും വിജയ രഹസ്യങ്ങളും മാർക്കറ്റിംഗും തന്ത്രങ്ങളും പഠിക്കുകയായിരുന്നു അടുത്ത ഘടകം. അപ്പോഴാണ് ഒരു കാര്യം കൃത്യമായി മനസ്സിലാവുന്നത്. ഗുണമേന്മയുള്ള ഏതൊരു സേവനവും സാധാരണക്കാരന് താങ്ങാവുന്ന രീതിയിൽ നൽകിയാൽ പരസ്യങ്ങളോ മറ്റു ആകർഷകമായ ഒന്നുമില്ലാതെ ആളുകൾ അതിലേക്ക് വന്നുചേരും എന്നുള്ള കാര്യം. ഏതൊരു സ്ഥാപനത്തിൻറെയും വിജയത്തിൻറെ രഹസ്യവും ഉപഭോക്താക്കളുടെ സംതൃപ്തി തന്നെയാണ് എന്നാണ് ഈ വനിത സംരംഭകയുടെ അന്നും ഇന്നുമുള്ള അഭിപ്രായം. ഒരു ജോലിക്ക് വേണ്ടി മറ്റുള്ളവരുടെ ഇടയിൽ ക്യൂ നിന്ന് ഇൻറർവ്യൂവിൽ പങ്കെടുത്ത് ഏതെങ്കിലും ഒരു സ്വകാര്യ സ്ഥാപനത്തിൽ ചെറിയ ശമ്പളത്തിൽ മുഴുവൻ സമയവും ചെലവഴിച്ച് ജോലി ചെയ്യുന്ന കൂട്ടത്തിൽ കേവലം ഒരു അധ്യാപികയാവാൻ നസീറ തയ്യാറായിരുന്നില്ല. മറിച്ച് തന്റേതായ ഒരു വിദ്യാഭ്യാസ സ്ഥാപനം, തൻറെ സ്വപ്നങ്ങളും ചിന്തകളും പ്രാവർത്തികമാക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം, മറ്റുള്ളവന് ഗുണകരമായി പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നിങ്ങനെയൊക്കെയായിരുന്നു ചിന്ത. ലാഭത്തെക്കുറിച്ചോ അതിൻറെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചോ അസ്വസ്ഥയായിട്ടില്ല എന്നാണ് നസീറ പറഞ്ഞത്. മറിച്ച് എങ്ങനെ, എപ്പോൾ, തുടങ്ങണം എന്നുള്ള ഒരു നല്ല ആസൂത്രണം തയ്യാറാക്കുകയും കൃത്യമായ ധാരണ ഉണ്ടാക്കുവാൻ ഒരു കോച്ചിംഗ് സെൻററിൽ പ്രവർത്തിക്കുകയും ചെയ്തു. അതിലൂടെ ഒരു ഓൺലൈൻ സംരംഭം വിജയിപ്പിക്കാൻ വേണ്ട തന്ത്രങ്ങൾ, പ്രായോഗിക ഘടകങ്ങൾ എന്തൊക്കെയാണ് എന്ന് കൃത്യമായി മനസ്സിലാക്കുകയും ചെയ്തു. അതിനു ശേഷം ഒരു ഓൺലൈൻ ആപ്പ് ആരംഭിക്കുവാനുള്ള തയ്യാറെടുപ്പായിരുന്നു. ധാരാളം ആപ്പ് ഡെവലപ്പേഴ്സിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കുകയും ശേഷം തൻറെ സംരംഭക സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ഉതകുന്ന ഒരു ആപ്പ് ആരംഭിക്കുകയും ചെയ്തു. കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എബിക്ക് ലേണിങ് ആപ്പിന്റെ തുടക്കം ആയിരുന്നു അത്. പിന്നീട് തൻറെ അധ്യാപന പരിചയത്തിലൂടെയും മറ്റു രീതികളിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ കൃത്യമായ പരസ്യങ്ങൾ നൽകിക്കൊണ്ടും വിദ്യാർത്ഥികളെ ആകർഷിക്കുകയും ചെയ്തു. തുടക്കത്തിൽ കുറച്ചു കുട്ടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അഡ്മിഷൻ എടുത്ത ഓരോ വിദ്യാർത്ഥിയെയും വിജയിപ്പിക്കാൻ വേണ്ട വ്യക്തിഗത പരിശീലനങ്ങൾ ചെറിയ ഫീസുമാത്രം ഈടാക്കി കോച്ചിംഗ് നടത്തിയപ്പോൾ കുട്ടികൾ തന്നെ വലിയ പ്രോത്സാഹികരായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഇത് തന്നെ സംബന്ധിച്ചിടത്തോളം വലിയ മോട്ടിവേഷൻ നൽകി എന്നതാണ് ഒരു സംരംഭക എന്ന നിലയിൽ തുടർന്ന് പ്രവർത്തിക്കുവാൻ നസീറയ്ക്ക് ഉണ്ടായ പ്രചോദനം. കോഴ്സിന് ചേർന്ന ഓരോ കുട്ടികളും വിജയിക്കുകയും കൂടി ചെയ്തപ്പോൾ അത് വലിയ ആവേശമായി മാറി. സംസ്ഥാന ശരാശരി പത്തിൽ താഴെയായപ്പോൾ മുഴുവൻ കുട്ടികളും ആദ്യതവണ ജയിച്ചു എന്നത് വലിയ അത്ഭുതമായി മാറി കഴിഞ്ഞിരുന്നു. കോഴ്സിൽ ചേർന്ന കുട്ടികൾ തന്നെ മറ്റുള്ളവരെ എബിക് ലേണിംഗ് ആപ്പിലേക്ക് പറഞ്ഞയക്കാൻ തുടങ്ങി. തൻറെ മുന്നിൽ വരുന്ന ഓരോ കുട്ടിയെയും മനസ്സിലാക്കി അവരുടെ കഴിവും കഴിവുകേടും പഠിച്ച് അവർക്കുവേണ്ട കൃത്യമായ കൗൺസിലിംഗ് നൽകി അവരെ ഒരു മത്സരപരീക്ഷ ജയിക്കാനുള്ള സ്വന്തമായ പ്രേരണ ഉണ്ടാക്കുകയും ആണ് ലേണിംഗ് ആപ്പിലൂടെ പ്രാഥമികമായി നസീറ ചെയ്തത്. തൻറെ സംരംഭം വിജയിപ്പിക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അധ്യാപക സുഹൃത്തുക്കളെ തിരഞ്ഞെടുക്കുകയായിരുന്നു പിന്നീട്. ഇംഗ്ലീഷ് അധ്യാപികയായ സഫയുടെ വരവ് അതിന് ഒരു ഊർജ്ജം നൽകി. പിന്നീട് ഒരു കൂട്ടം അധ്യാപകരെ വാർത്തെടുക്കുകയായിരുന്നു ചെയ്തത്. തൻറെ സഹപ്രവർത്തകരിലൂടെ കൃത്യമായ ക്ലാസുകൾ നൽകി ഫീഡ്ബാക്കുകൾ എടുത്തുകൊണ്ട് ഓരോ കുട്ടിയെയും സംതൃപ്തിയോടെ പരീക്ഷയ്ക്കിരുത്തി 20 ൽ താഴെ സംസ്ഥാന ശരാശരി വിജയം ഉണ്ടാകുമ്പോൾ ഇത്രയും കാലമായി 90 ശതമാനത്തിൽ മുകളിൽ തന്റെ സ്ഥാപനത്തിൽ വിജയം ഉണ്ടാക്കാൻ കഴിഞ്ഞത് കഠിനാധ്വാനവും കൂട്ടായ പരിശ്രമവുമാണ്. ലാഭം എത്രയായാലും ചിലവ് കഴിച്ചു ബാക്കി നിശ്ചിത ശതമാനം സ്ഥാപനത്തിൻറെ വളർച്ചയ്ക്ക് എടുക്കുകയും പങ്കാളികളായ സഹപ്രവർത്തകർക്ക് അതിൻറെ വിഹിതം നൽകുകയും ചെയ്തുകൊണ്ട് തൻറെ കോച്ചിംഗ് ആപ്പിനെ മെല്ലെ മെല്ലെ വളർത്തുകയും വിജയകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു. ഏകദേശം പതിനായിരത്തോളം കുട്ടികൾക്ക് നേരിട്ടും അതിൻറെ ഇരട്ടിയോളം ആളുകൾക്ക് അല്ലാത്ത രീതിയിലും സേവനം നൽകുന്ന തരത്തിൽ ഇന്ന് ഒരു ക്ലിപ്തബാധ്യത പങ്കാളിത്ത സ്ഥാപനമായി രജിസ്റ്റർ ചെയ്തു ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സ്റ്റാർട്ടപ്പ് സംരംഭമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ വനിതാ സംരംഭകരുടെ കോച്ചിംഗ് ആപ്പ്.