നിങ്ങൾക്കും നല്ലൊരു വിൽപ്പനക്കാരനാകാം
ഡോ. സുധീർ ബാബു
സെയിൽസ് എക്സിക്യൂട്ടീവ് ഉൽപ്പന്നത്തിന്റെ മേന്മകൾ കസ്റ്റമറെ ബോധ്യപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. അയാൾ പല പ്രാവശ്യം കസ്റ്റമറെ സന്ദർശിച്ചു കഴിഞ്ഞു. ആവശ്യമായ എല്ലാ വിവരങ്ങളും കസ്റ്റമർക്ക് നൽകിക്കഴിഞ്ഞു. ഈ വിൽപ്പന ക്ലോസ് ചെയ്യാൻ സാധിക്കുമെന്ന ഉത്തമ വിശ്വാസത്തിലാണ് അയാൾ. ഉള്ളിൽ നിറഞ്ഞ പ്രതീക്ഷയോടെയും ചുണ്ടിൽ ആത്മവിശ്വാസം നിറച്ച ചിരിയോടെയും അയാൾ കസ്റ്റമറുടെ മുന്നിൽ ഇരിക്കുകയാണ്.
അപ്രതീക്ഷിതമായാണ് കസ്റ്റമർ ‘NO’ പറഞ്ഞത്. അയാൾ ഞെട്ടിപ്പോയി. അയാൾ ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നതല്ല. എത്രയോ സമയം ഈ കസ്റ്റമർക്കായി താൻ ചെലവഴിച്ചു. എത്രമാത്രം തയ്യാറെടുത്തു. എങ്കിലും അവസാനം എന്തുകൊണ്ട് ഇത് സംഭവിച്ചു? അയാൾക്ക് ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നി. ദേഷ്യം മുഖത്തേക്ക് ഇരച്ചു കയറി. മനസ്സ് നിയന്ത്രണം നഷ്ടപ്പെട്ട അയാൾ കസ്റ്റമറോട് തട്ടിക്കയറി.
ഇത് ശരിയായ സമീപനമാണോ? സെയിൽസിൽ ജോലി ചെയ്യുന്ന എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ‘NO’ എന്ന വാക്ക്. ഈ വാക്ക് കേൾക്കാത്ത ഒരു വിൽപ്പനക്കാരനും ലോകത്തുണ്ടാവില്ല. സമീപിക്കുന്ന എല്ലാ കസ്റ്റമറും ഉൽപ്പന്നം വാങ്ങിക്കില്ല. ചില സമയങ്ങളിൽ എത്രമാത്രം ആത്മാർത്ഥതയോടെ പരിശ്രമിച്ചാലും ‘NO’ ഒഴിവാക്കുവാൻ സാധ്യമല്ല. തിരസ്കരണത്തെ (Rejection) മന:സാന്നിധ്യത്തോടെയും പക്വതയോടെയും നേരിടാൻ വിൽപ്പനക്കാരന് സാധിക്കേണ്ടതുണ്ട്.
നിങ്ങൾ ഒരു സെയിൽസ് എക്സിക്യൂട്ടീവാണെങ്കിൽ എങ്ങിനെയായിരിക്കും ഈ സന്ദർഭത്തെ നേരിടുക? കസ്റ്റമർ ‘ചഛ’ പറയുമ്പോൾ ചുണ്ടിൽ ചിരി നിലനിർത്തുക എളുപ്പമല്ല. നിങ്ങളുടെ മനസ്സിലെ നിരാശ മുഖത്ത് പ്രതിഫലിക്കും. നിങ്ങൾ തളരും. നിരാശ ചിലപ്പോൾ ദേഷ്യമായി പരിണമിക്കും. നിങ്ങൾക്ക് നിങ്ങളോടു തന്നെ പുച്ഛം തോന്നും. താനൊരു കഴിവുകേട്ടവനാണെന്ന വിചാരം ഹൃദയത്തെ വേദനിപ്പിക്കും. യാഥാർത്ഥ്യ ബോധത്തോടെ ഈ അവസ്ഥയെ നേരിടുകയല്ലേ വേണ്ടത്?.
1. ഇത് ആദ്യത്തെ സംഭവമല്ല
വിൽപ്പന എന്നുമുതലുണ്ടോ അന്നുമുതൽ ‘NO’ യുമുണ്ട്. നിങ്ങൾ കേട്ട ‘NO’ സെയിൽസിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി കേൾക്കുന്നു. കസ്റ്റമർക്ക് ഇത് പറയുവാനുള്ള അവകാശമുണ്ട്. അവർക്ക് YES അല്ലെങ്കിൽ NO പറയാം. നിങ്ങൾ കരുതുന്നപോലെയാവില്ല അവർ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. കസ്റ്റമർ നിങ്ങളുടെ ഉൽപ്പന്നം വാങ്ങാം വാങ്ങാതിരിക്കാം. എല്ലാ സമയങ്ങളിലും ഒരു ‘YES’ പ്രതീക്ഷിക്കരുത്.
2. നിങ്ങളുടെ കുറ്റമോ കഴിവുകേടോ അല്ല കാരണം
മറ്റുള്ളവർ നന്നായി ഉൽപ്പന്നം വിൽക്കുമ്പോൾ എന്തുകൊണ്ട് എനിക്കത് സാധിക്കുന്നില്ല? സ്വയം വിമർശനവും ആത്മപരിശോധനയും ആവശ്യം തന്നെ. പക്ഷേ അത് സ്വയം നെഗറ്റീവിറ്റിയിലേക്ക് നയിക്കുന്ന ചിന്തയായി മാറരുത്. നിങ്ങൾ നന്നായി പരിശ്രമിച്ചിട്ടുണ്ടാകാം. കസ്റ്റമറുടെ ‘ചഛ’ മറ്റെന്തെങ്കിലും കാരണം കൊണ്ടാവാം.
സ്വയം ഇകഴ്ത്തി ചിന്തിക്കാതിരിക്കുക. സെയിൽസിൽ ‘NO’ അസാധാരണ സംഭവമൊന്നുമല്ലെന്നത് മനസ്സിൽ ആവർത്തിച്ചുറപ്പിക്കുക. കൂടുതൽ നന്നായി ഇനി തയ്യാറെടുക്കുമെന്നും പരിശ്രമിക്കുമെന്നും തീരുമാനിക്കുക. ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടു പോകുകയാണ് പ്രധാനം. സ്വയം സംശയിക്കാതിരിക്കുക. കസ്റ്റമറുടെ ‘NO’ ഒരിക്കലും വ്യക്തിപരമായി കരുതാതിരിക്കുക.
3. കസ്റ്റമറോട് ഒരിക്കലും ദേഷ്യപ്പെടരുത്
‘NO’ താൽക്കാലികമായ പ്രതികരണമാണ്. ഇന്നത്തെ ‘NO’നാളത്തെ ‘YES’ ആയി പരിണമിക്കാം. തീരുമാനമെടുക്കുവാൻ കസ്റ്റമർക്ക് പൂർണ്ണമായ സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ പ്രതീക്ഷ നിങ്ങളുടെ പ്രശ്നമാണ്. കസ്റ്റമർ ‘NO’ പറയുമ്പോൾ പ്രതീക്ഷ നിരാശയായി മാറുന്നു. അത് ദേഷ്യത്തിലേക്ക് വഴി തുറക്കും. കസ്റ്റമർ നിങ്ങളെ കബളിപ്പിച്ചതായി നിങ്ങൾക്ക് പെട്ടെന്ന് അനുഭവപ്പെടും. ഇത് യാഥാർത്ഥ്യമല്ല. നിങ്ങളുടെ മനസ്സിന്റെ തോന്നൽ മാത്രമാണ്.
ഇത്തരം സന്ദർഭങ്ങളെ മനസാന്നിധ്യത്തോടെ നേരിടാൻ സാധിക്കണം. ഒരിക്കലും ചുണ്ടിലെ ചിരി മായരുത്. ‘NO’ കസ്റ്റമറും നിങ്ങളുമായുള്ള ബന്ധത്തിൽ ഒരു വിള്ളലും വീഴ്ത്തുന്നില്ല. നിങ്ങളുടെ ഉൽപ്പന്നം എനിക്കിപ്പോൾ ആവശ്യമില്ല എന്നത് മാത്രമാണ് അതിന്റെ അർത്ഥം. നാളെ സന്ദർഭം മാറാം. ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുക. ഒരു സെക്കന്റിലെ പ്രതികരണത്തിൽ ബന്ധങ്ങൾ തകരാൻ പാടില്ല. കസ്റ്റമറോട് നന്ദിപറയുക. വീണ്ടും ബന്ധപ്പെടുവാനുള്ള ഒരു പാലം തുറന്നിടുക. നിങ്ങളെ ആ കസ്റ്റമർ മറക്കുകയേയില്ല.
4. കാരണം ചോദിച്ചറിയുക
കസ്റ്റമറുടെ തീരുമാനത്തിന് തീർച്ചയായും ഒന്നോ അതിലധികമോ കാരണങ്ങൾ കാണും. അത് അറിയുക നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുവാൻ അത് സഹായിക്കും. കസ്റ്റമറോട് ചോദിക്കൂ, അവർ നിങ്ങളോട് കാരണങ്ങൾ പറയും. അത് നിങ്ങൾക്ക് ഉൾക്കാഴ്ച നൽകും.
കസ്റ്റമറുടെ ‘NO’ഏറ്റുവാങ്ങി ഞാൻ പരാജിതനാണെന്ന ചിന്തയോടെ സ്ഥലം കാലിയാക്കരുത്. അവരെ ശ്രദ്ധയോടെ കേൾക്കുക. വിലപിടിച്ച ചില പാഠങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഭാവിയിൽ വീണ്ടും അവരെ സമീപിക്കുവാനുള്ള സാധ്യത കണ്ടെത്തുക. നിങ്ങളുടെ വ്യക്ത്വിത്വം അവരിൽ മതിപ്പുളവാക്കട്ടെ. നല്ല ബന്ധങ്ങൾ സൃഷ്ടിക്കുവാൻ വിൽപ്പനക്കാർക്ക് കഴിയേണ്ടതുണ്ട്.
5. സ്വയം മെച്ചപ്പെടുത്തുക
ഓരോ ‘NO’യും സ്വയം മെച്ചപ്പെടുത്തുവാനുള്ള അവസരങ്ങളാക്കി മാറ്റുക. ഓരോ വിൽപ്പനക്കാരനും സ്വയം തേച്ചുമിനുക്കിക്കൊണ്ടേയിരിക്കണം. ഈ പ്രക്രിയ ഒരിക്കലും അവസാനിക്കാത്ത ഒന്നാകുന്നു. കസ്റ്റമർക്ക് മുന്നിൽ താൻ അവതരിപ്പിക്കുന്ന രീതി ശരിയാണോ? അവർക്കാവശ്യമുള്ള വിവരങ്ങൾ നൽകുവാൻ തനിക്ക് സാധിക്കുന്നുണ്ടോ? തന്റെ വിശദീകരണങ്ങളിൽ എവിടെയെങ്കിലും വ്യക്തതക്കുറവ് വരുന്നുണ്ടോ? കസ്റ്റമർക്ക് താൻ പറയുന്നത് പൂർണ്ണമായി മനസ്സിലാകുന്നുണ്ടോ?
ആത്മ പരിശോധന ഈ ജോലിയുടെ ഭാഗമാണ്. ബലഹീനതകൾ (ണലമസിലലൈ)െ കണ്ടെത്തുകയും തിരുത്തുകയും ചെയ്യുക സ്വന്തം ഉത്തരവാദിത്തമാണ്. ഇതിനായി സഹായങ്ങൾ സ്വീകരിക്കാം. പരിശീലനങ്ങളിൽ പങ്കെടുക്കാം. കൂടുതൽ വായിക്കുകയും നന്നായി സംസാരിക്കുവാൻ പരിശ്രമിക്കുകയും ചെയ്യാം. സ്വന്തം ഉൽപന്നങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും എതിരാളികളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചും ആഴത്തിൽ പഠിക്കുക. കസ്റ്റമർ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ കണ്ടെത്തുക. അവയുടെ ഉത്തരങ്ങൾ മനസ്സിലാക്കുക. വിൽപ്പനയിൽ മുൻകൂട്ടിയുള്ള തയ്യാറെടുപ്പ് വളരെ അനിവാര്യമാണ്.
ഒരാളും ഒരു വിൽപ്പനക്കാരനായി ജനിക്കുന്നില്ല. വളർന്നു വരുമ്പോൾ വളരെക്കുറച്ചു പേർക്കു മാത്രമേ സ്വതസിദ്ധമായ ചില കഴിവുകൾ ലഭിക്കുന്നുള്ളൂ. അതും പൂർണ്ണമല്ല. നല്ലൊരു വിൽപ്പനക്കാരനാകുവാനുള്ള കഴിവുകൾ പരിശീലനത്തിലൂടെ വളർത്തേണ്ടതാണ്. നന്നായി സംസാരിക്കും എന്നത് നിങ്ങളെ നല്ലൊരു വിൽപ്പനക്കാരനാക്കുന്നില്ല. ഒരു കൂട്ടം പ്രത്യേക കഴിവുകൾ ഒത്തുകൂടുമ്പോഴാണ് നിങ്ങൾ ഒരു നല്ല വിൽപ്പനക്കാരനാകുന്നത്.
നല്ലൊരു വിൽപ്പനക്കാരനായി മാറുവാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം.
1. എന്താണ് ഞാൻ വിൽക്കുന്നത്?
നിങ്ങൾ വിൽക്കുന്ന ഉൽപ്പന്നം/സേവനം എന്തുമാകട്ടെ അതിനെക്കുറിച്ച് അടിമുടി പഠിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അവയെക്കുറിച്ച് ലഭ്യമായ എല്ലാ അറിവുകളും കരസ്ഥമാക്കുക. ഉൽപ്പന്നത്തെക്കുറിച്ച് കസ്റ്റമർ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. അതിലെ ഓരോ ചോദ്യത്തിനും ഉത്തരം കണ്ടെത്തുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുക.
കസ്റ്റമർ നിങ്ങളുടെ അറിവിൽ വിശ്വാസമർപ്പിക്കണം. തന്റെ സംശയങ്ങൾ തീർക്കാൻ പ്രാപ്തനായ വ്യക്തിയെ കസ്റ്റമർ വിശ്വസിച്ചു തുടങ്ങും. കസ്റ്റമറുടെ പ്രശ്നത്തിന്റെ യഥാർത്ഥ പരിഹാരം തന്റെ ഉൽപ്പന്നമാണെന്ന് ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കണം. നിങ്ങളുടെ അറിവ് വിൽപ്പനയുടെ ജീവരക്തമാകുന്നു.
2. കസ്റ്റമറെ മനസ്സിലാക്കുക
നിങ്ങൾ കൂടുതൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നയാളാവാം. ഒരു സെയിൽസ് എക്സിക്യൂട്ടീവ് അങ്ങിനെയാവണം എന്ന് നിങ്ങൾ ധരിച്ചുവെച്ചിട്ടുണ്ടാവാം. പക്ഷേ എപ്പോഴും അങ്ങിനെയല്ല. കസ്റ്റമറെ ശ്രദ്ധാപൂർവ്വം കേൾക്കാൻ നിങ്ങൾ തയ്യാറാവണം. നല്ലൊരു കേൾവിക്കാരനായാൽ മാത്രമേ കസ്റ്റമറുടെ യഥാർത്ഥ ആവശ്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ.
നിങ്ങളുടെ കസ്റ്റമറെ മനസ്സിലാക്കുവാൻ നിങ്ങൾ ആത്മാർത്ഥമായി പരിശ്രമിക്കേണ്ടതുണ്ട്. മുൻകൂട്ടി തീരുമാനിച്ചിട്ടാണ് കാണുവാൻ പോകുന്നതെങ്കിൽ കസ്റ്റമറെക്കുറിച്ച് ഒരു ബാക്ക്ഗ്രൗണ്ട് ചെക്ക്നടത്തുക. അവരുടെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ പ്രൊഫൈൽ തുടങ്ങിയവ പരിശോധിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാം.
3. സ്വയം വിലയിരുത്തുക, പോരായ്മകൾ മറികടക്കുക
നിങ്ങൾ കഴിവുള്ള വ്യക്തി തന്നെയാണ്, യാതൊരു സംശയവും അതിലില്ല. എന്നാൽ സ്വയം വിലയിരുത്താൻ ആ വിശ്വാസം ഒരു തടസ്സമാകരുത്. നിങ്ങളെ നിങ്ങൾ തിരിച്ചറിയേണ്ടത് വിൽപ്പനയുടെ പ്രധാന ഘടകമാണ്. സ്വയം അറിയാത്ത ഒരാൾക്ക് മറ്റൊരാളെ അറിയുവാൻ ബുദ്ധിമുട്ടാകും. നിങ്ങൾ നിങ്ങളുടെ ശക്തിയും പോരായ്മകളും തിരിച്ചറിയുക.
പോരായ്മകൾ പരിശീലനത്തിലൂടെ മറികടക്കാൻ സാധിക്കും. കസ്റ്റമറെ കാണുമ്പോൾ ടെൻഷൻ അടിച്ച് അവരുടെ മുന്നിൽ കൈകൾ കൂട്ടിത്തിരുമ്മുന്ന ഒരാളുണ്ടായിരുന്നു. ഇത് കസ്റ്റമർക്ക് അസ്വസ്ഥത ഉണ്ടാക്കും. അയാളുടെ പല നല്ല വിൽപ്പനകളും ഇതുമൂലം നഷ്ടപ്പെട്ടു. ആ എക്സിക്യൂട്ടീവ് ഒരു ഡോക്ടറെക്കാണുകയും പ്രതിവിധി കണ്ടെത്തുകയും ചെയ്ത് ആ അനാവശ്യ ശീലത്തിൽ നിന്നും മുക്തനായി.
മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോൾ പ്രശ്നങ്ങളുണ്ടാകാം. നിങ്ങളുടെ ശരീര ഭാഷ മറ്റുള്ളവർക്ക് അസ്വസ്ഥത ഉളവാക്കുന്നതാവാം. എങ്ങിനെ ഒരു സെയിൽസ് ക്ലോസ് ചെയ്യണം എന്നത് നിങ്ങൾക്ക് അറിയാതിരിക്കാം. കസ്റ്റമറെക്കാണുമ്പോൾ ശ്വാസം മുട്ടുന്നത് ശീലമാകാം. ഇങ്ങിനെ തിരിച്ചറിയാവുന്ന പ്രശ്നങ്ങൾ കണ്ടെത്തുക. അതിനായുള്ള പ്രതിവിധികൾ ആരായുക. പോരായ്മകളെ മാറ്റിയെടുക്കുക.
4. കസ്റ്റമറെ പിന്തുടരുക
കസ്റ്റമറെ ഒന്നോ രണ്ടോ തവണ കണ്ടുകഴിഞ്ഞ് വിൽപ്പന നടന്നില്ലെങ്കിൽ വീണ്ടും കാണാൻ മടിക്കുന്ന ധാരാളം ആളുകളുണ്ട്. കസ്റ്റമറെ വിടാതെ പിന്തുടരുക വിൽപ്പനയുടെ പ്രധാനപ്പെട്ട ഒരു തന്ത്രമാണ്. വിടാതെ പിന്തുടരുക എന്നു പറഞ്ഞാൽ എപ്പോഴും കസ്റ്റമറുടെ പിന്നാലെ കൂടുക എന്നതല്ല അർത്ഥം. വീണ്ടും അവരെ സമീപിക്കുവാൻ സാധിക്കണം. അതിനായുള്ള വാതിലുകൾ തുറന്നിട്ടു വേണം ഓരോ തവണയും പിരിയുവാൻ. സർ, ഇനിയെന്നാണ് ഞാൻ വരേണ്ടത് അല്ലെങ്കിൽ സർ, ഞാൻ വിളിക്കുന്നതിൽ വിരോധമില്ലല്ലോ എന്നൊക്കെ ചോദിക്കുവാൻ മടിക്കേണ്ടതില്ല.
നല്ല ബന്ധം സൃഷ്ടിക്കുകയാണ് ഇതിനുള്ള എളുപ്പ വഴി. നിങ്ങളെ കാണുന്നത് കസ്റ്റമർക്ക് ഇഷ്ടമുള്ള കാര്യമാക്കി മാറ്റേണ്ടത് നിങ്ങളുടെ കഴിവാണ്. നിങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തേണ്ടത് ഇതിന് സാധ്യമായ രൂപത്തിലാവണം. ഓരോ തവണ കാണുമ്പോഴും ബന്ധം ഊട്ടിയുറപ്പിക്കുക. ഇത് പിന്നീട് വിൽപ്പനയിലേക്ക് നയിക്കും.
5. സത്യസന്ധതയോടെ പെരുമാറുക
ഒരിക്കലും കസ്റ്റമറെ പറ്റിക്കാൻ ശ്രമിക്കരുത്. നിങ്ങൾ സത്യസന്ധനായ വ്യക്തിയാണെന്നും ചതിക്കുകയോ പറ്റിക്കുകയോ ചെയ്യില്ലായെന്നും കസ്റ്റമർക്ക് ബോധ്യപ്പെടേണ്ടതുണ്ട്. നിങ്ങളുടെ സംഭാഷണങ്ങളും പ്രവർത്തികളും ഇത് സാധൂകരിക്കുന്നതാവണം. ഉൽപ്പന്നം എങ്ങിനെയെങ്കിലും കസ്റ്റമറുടെ തലയിൽ കെട്ടിവെച്ചുകൊടുക്കുവാൻ ശ്രമിക്കരുത്. അവർക്ക് അതിന്റെ ശരിക്കുമുള്ള ആവശ്യമുണ്ടോ? നിങ്ങൾ ചിന്തിക്കണം, തിരിച്ചറിയണം.
തുറന്ന മനസ്സോടെ കസ്റ്റമറുമായി ആശയവിനിമയം നടത്തുക. നിങ്ങളുടെ ഉൽപ്പന്നം കസ്റ്റമർക്ക് ഉപകാരപ്പെടില്ലെങ്കിൽ അക്കാര്യം സത്യസന്ധമായി തുറന്നു പറയുക. അനാവശ്യമായ വാഗ്ദാനങ്ങൾ നൽകാതിരിക്കുക. നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുക. ഒരു കസ്റ്റമർ പല കസ്റ്റമേഴ്സിലേക്കുള്ള വഴിയാണ്. അത് അടച്ചു കളയരുത്.
6. നല്ലൊരു ടീം പ്ലെയറാകുക
നിങ്ങളൊരു ടീമിന്റെ ഭാഗമാണ്. അവർക്കൊപ്പം നിൽക്കുകയും ടീമിന്റെ പ്രയോജനത്തിനു വേണ്ടിയും ജോലി ചെയ്യുക. പണിയെടുക്കുന്ന കമ്പനിയോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തുക. ഒരേ സമയം രണ്ടു കമ്പനികൾക്കു വേണ്ടി അവരറിയാതെ ജോലി ചെയ്യുന്നവരെ കാണാം. സ്വന്തം കമ്പനിയോടും ടീമിനോടും സത്യസന്ധമായി ഇടപെടുന്ന വിൽപ്പനക്കാരൻ ഉയരങ്ങളിലേക്കെത്തും. അല്ലാത്തവർ ചെറിയ നേട്ടങ്ങൾക്കായി വലിയൊരു കരിയർ തുടക്കത്തിലേ നശിപ്പിച്ചെടുക്കും.
നല്ലൊരു വിൽപ്പനക്കാരനായി മാറുക എളുപ്പമല്ല. നിരന്തരമായ പരിശീലനവും സാധനയും പഠനവും അതിനായി ആവശ്യമുണ്ട്. തുടർച്ചയായി സ്വയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക തന്നെയാണ് അതിനുള്ള ഉത്തമമായ മാർഗ്ഗം. ചുറ്റുപാടും സംഭവിക്കുന്ന മാറ്റങ്ങളെ നിരീക്ഷിക്കുകയും അതിനനുസരിച്ച് പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പരാജയങ്ങളെ പിന്നിൽ ഉപേക്ഷിക്കുക, മുന്നിലേക്ക് നടക്കുക.