ചില്ലറ വ്യാപാര മേഖലയിൽ ചില്ലറയല്ല മാറ്റങ്ങൾ

ലോറൻസ് മാത്യു

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ചില്ലറ വിൽപ്പന മേഖല. മറ്റെല്ലാ രംഗത്തെന്ന പോലെ സംസ്ഥാനത്തെ റീടെയിൽ മേഖലയിലും മാറ്റങ്ങളുടെ കുത്തൊഴുക്കാണ്. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാർഗമാണ് വ്യാപാര രംഗം. പ്രത്യക്ഷമായും പരോക്ഷമായും 75 ലക്ഷത്തിലേറെ പേർക്ക് തൊഴിൽ നൽകുന്ന മേഖല കൂടിയാണ് ഇത്. പരമ്പരാഗത ചില്ലറ വ്യാപാരികളും ഉടമസ്ഥർ തന്നെ നേരിട്ടു നടത്തുന്ന പ്രാദേശിക ചില്ലറ വിൽപ്പന ശാലകളും ഉന്തുവണ്ടികളിൽ വിൽപ്പന നടത്തി ഉപജീവനം കഴിക്കുന്നവരും തെരുവോര കച്ചവടക്കാരും ഉൾപ്പെടുന്ന അസംഘടിത മേഖലയാണ് രാജ്യത്തെ ചില്ലറ വിൽപ്പന മേഖലയിൽ ഏറിയ പങ്കും. ഇത് ആകെയുള്ളതിന്റെ 90 ശതമാനം വരും. ചില്ലറ, മൊത്തക്കച്ചവടക്കാർ ആകെ ദേശീയ വരുമാനത്തിന്റെ 14 ശതമാനവും ആകെ തൊഴിൽ ശക്തിയുടെ 7 ശതമാനവും കൈയ്യാളുന്നു.

ഇന്ത്യയുടെ ചില്ലറ വ്യാപാര മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതോടു കൂടി ആഗോള ബ്രാൻഡുകൾ പലതും ചെറു പട്ടണങ്ങളിൽ വരെ സാന്നിധ്യമറിയിക്കുന്നുണ്ട്. ഇത് ചെറുകിട കച്ചവടക്കാരെ സാരമായി ബാധിക്കുമെന്ന് പരക്കെ വിമർശനം ഉയരുന്നുമുണ്ട്. എന്നാൽ ആഗോളവൽക്കരണത്തിന്റെ ഇക്കാലഘട്ടത്തിൽ ഇന്ത്യക്ക് മാത്രമായി മാറി നിൽക്കുവാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. ഏതൊരു മാറ്റങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുവാനും അതനുസരിച്ച് സ്വയം മാറ്റങ്ങൾ വരുത്താത്ത എന്തും തകർന്ന് പോകുമെന്നതാണ് യാഥാർത്ഥ്യം. മറ്റെല്ലാ രംഗത്തുമെന്നത് പോലെ തന്നെ സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ റീടെയിൽ രംഗത്തും പ്രതിഫലിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിൽ വമ്പൻ കമ്പനികൾ എന്നും മുന്നിലെത്തുമെന്നതാണ് സത്യം. എന്നാൽ സാങ്കേതിക വിദ്യയുടെ മാറ്റങ്ങൾക്കനുസരിച്ച് ചലിക്കുന്ന ജനങ്ങൾക്ക് മുന്നിൽ പ്രത്യേകിച്ചും യുവജനങ്ങൾക്ക് മുന്നിൽ ആ മാറ്റങ്ങൾ ഉൾക്കൊള്ളാതെ ചെറുകിട വ്യാപാരികൾക്ക് എത്ര കാലം പിടിച്ചു നിൽക്കുവാൻ കഴിയുമെന്നത് ചിന്തിക്കേണ്ടതാണ്. ചെറുകിട വ്യാപാര രംഗത്തേക്ക് ഓൺലൈൻ കമ്പനികളുടെ കടന്ന് കയറ്റം വന്നപ്പോൾ അതിനിത്ര സ്വീകാര്യത വന്നതും ജനങ്ങളുടെ ഈ മനോഭാവം കൊണ്ട് തന്നെയാണ്. എന്നാൽ ഇപ്പോൾ പോലും ഓൺലൈൻ വ്യാപാരത്തെ പഴി പറയുന്ന ബദൽ മാർഗ്ഗങ്ങൾ ആലോചിക്കാത്ത ധാരാളം ചെറുകിട വ്യാപാരികളുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സും ചെറുകിട വ്യാപാര മേഖലയും
നാമറിയാതെ, എന്നാൽ നമ്മൾ ഇടപെടുന്ന മിക്കവാറും മേഖലകളിലും ഏറെ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് എന്നത്. ഇന്റർനെറ്റും കമ്പ്യൂട്ടറും വ്യാപകമായതോട് കൂടി ഓരോ കസ്റ്റമറുടേയും വാങ്ങൽ ഹിസ്റ്ററി വിശകലനത്തിന് വിധേയമാക്കുവാൻ കഴിയുന്നുണ്ട്. ഇവിടെ കൃത്രിമ ബുദ്ധി കൂടി സമ്മേളിക്കുമ്പോൾ കാര്യങ്ങൾ മറ്റൊരു തലത്തിലേക്കെത്തുന്നു. ഓരോ കസ്റ്റമറും എന്തൊക്കെയാണ് വാങ്ങുന്നത്, കൃത്യമായ ഇടവേളകളിൽ വാങ്ങുന്ന ഉൽപ്പന്നമേത്, അവരുമായി ബന്ധപ്പെട്ട ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങളേവ, അവരുടെ വീട്ടിൽ ആരൊക്കെയുണ്ട് തുടങ്ങിയ എല്ലാ വിവരങ്ങളും കൃത്യമായി മനസ്സിലാക്കി അവർക്ക് ആവശ്യമുള്ളത് എന്തൊക്കെയാണെന്ന് പ്രവചിക്കുവാൻ ഇതിന് കഴിയും.

മുൻകാലങ്ങളിലുള്ള വിൽപ്പന ചരിത്രം, വിപണിയിലെ ട്രെൻഡ് തുടങ്ങിയവയൊക്കെ മനസ്സിലാക്കി നാളേക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങളേതൊക്കെയാണെന്ന് ഒരു പ്രെഡിക്റ്റീവ് അനാലിസിസ് നടത്തുവാൻ എ. ഐ. ക്കാകും. ഇത് സ്റ്റോക്ക് കെട്ടിക്കിടക്കുന്നത് ഒഴിവാക്കുവാനും തദ്വാരാ ഉൽപ്പാാദനക്ഷമത കൂട്ടുവാനും കാരണമാകുന്നു.

എ. ഐ. അധിഷ്ടിത ചാറ്റ്ബോട്ടുകൾ സാധാരണമായതോട് കൂടി മെസ്സേജ് വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും കസ്റ്റമറോട് തത്സമയം സംവദിക്കുവാൻ കഴിയും. അത് വഴി കസ്റ്റമർ ഫീഡ്ബാക്കും പ്രോഡക്ട് റെക്കമെൻഡേഷനും സാധ്യമാകുന്നു. അതായത് കസ്റ്റമറോട് റീടെയിൽ വ്യാപാരിക്ക് എപ്പോഴും ബന്ധം പുലർത്തുവാൻ കഴിയുന്നുവെന്നർത്ഥം.

ഇപ്പോൾ സെർച്ച് എഞ്ചിനുകളിൽ വിഷ്വൽ സെർച്ചും സാധ്യമാണ്. അത് കൊണ്ട് തന്നെ റീടെയിൽ വ്യാപാരിയുടെ മൊബൈൽ ആപ്പിൽ തങ്ങൾ ആഗ്രഹിക്കുന്ന ഉൽപ്പന്നങ്ങൾ സെർച്ച് ചെയ്ത് അത് കടയിൽ ലഭ്യമാണോ എന്ന് വിദൂരങ്ങളിലിരുന്ന് ഒരു കസ്റ്റമർക്ക് അറിയുവാൻ എ. ഐ. അധിഷ്ടിത സാങ്കേതിക വിദ്യക്കാകും.

മറ്റ് വ്യാപാരികളുടെ വിലകളുമായി താരതമ്യം ചെയ്ത് ഓട്ടോമാറ്റിക്കായി വില നിശ്ചയിക്കുവാൻ ഇനി എ. ഐ. ക്കാകും. പേയ്മെന്റിലെ തട്ടിപ്പുകൾ തടയുവാനും എ ഐ ഉപയോഗിക്കുവാൻ കഴിയും.

RFID
(Radio Frequency Identification)
RFID എന്ന നൂതന സാങ്കേതിക വിദ്യ സപ്ലേ ചെയിനിൽ ഏറെ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യുമ്പോൾ തന്നെ RFID Tag അതിൽ ഉൾപ്പെടുത്തുന്നു. ഇത് ഉൽപ്പന്നങ്ങൾ ട്രാക്ക് ചെയ്യുന്നതിന് ഉപയോഗിക്കുവാൻ കഴിയും. ഒരു സ്റ്റോറിൽ തന്നെ ഉൽപ്പന്നങ്ങൾ പെട്ടെന്ന് കണ്ടെത്തുന്നതിന് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്. ചില പ്രത്യേക താപനിലയിൽ സൂക്ഷിക്കേണ്ടുന്ന ഉൽപ്പന്നങ്ങൾക്ക് ഈ സാങ്കേതിക വിദ്യ ഏറെ സഹായകരമാണ്. മാറുന്ന താപനില അപ്പപ്പോൾത്തന്നെ മനസ്സിലാക്കുവാൻ ഇത് വഴി സാധ്യമാണ്. ആയതിനാൽ കൃത്യമായ താപ നിലയിൽ സൂക്ഷിക്കേണ്ടുന്ന ഉൽപ്പന്നങ്ങളുടെ താപനില ഓരോ സെക്കന്റിലും മനസ്സിലാക്കുവാൻ സാധ്യമാണ്.

ഡെലിവറിക്ക് ഡ്രോണുകൾ
ഇപ്പോൾത്തന്നെ പല സൂപ്പർ മാർക്കറ്റുകളിലും ഹോം ഡെലിവറിയുണ്ട്. കോവിഡിന്റൈ കാലഘട്ടത്തിൽ ആരംഭിച്ചതാണിത്. ഇനിയുള്ള കാലത്ത് ഡ്രോണുകളായിരിക്കും ഇങ്ങനെ ഡെലിവറി ചെയ്യുന്നത്. ഓർഡർ ചെയ്ത ബിരിയാണിയുമായി ഡ്രോൺ വീടിന്റെ മുറ്റത്തെത്തുന്നത് ആലോചിച്ച് നോക്കു. വളരെ വേഗത്തിൽ ജി പി എസും സെൻസറുകളും ക്യാമറയുമൊക്കെ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതേയുള്ളു. അതായത് ഇനി ഡെലിവറി ബോയിയുടെയൊക്കെ ജോലി ഭീഷണിയിലാണെന്ന് സാരം.

ഓഗ്മെന്റഡ് റിയാലിറ്റി
ആധുനിക കാലഘട്ടത്തിന്റെ സാങ്കേതിക വിദ്യയായ ഓഗ്മെന്റഡ് റിയാലിറ്റി ചില്ലറ വ്യാപാര മേഖലയിൽ മാറ്റങ്ങൾ കൊണ്ട് വരുന്ന കാലമാണ് വരുവാൻ പോകുന്നത്. വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ അവ വാങ്ങുന്നതിന് മുന്നമേ തന്നെ അത് വിർച്വൽ ആയിട്ട് ഉപയോഗിക്കുവാനുള്ള അവസരം നൽകുന്നു. ടെക്സ്റ്റൈലുകളിൽ ഇനി ഫിറ്റിങ്ങ് റൂമുകൾ വേണ്ടി വരികയില്ല എന്നർത്ഥം. ഡ്രസ്സ് മാത്രമല്ല മറ്റു വിവിധങ്ങളായ ഉൽപ്പന്നങ്ങൾ അവ ഉപയോഗിക്കുമ്പോൾ എങ്ങനെയുണ്ടാകുമെന്ന് വിർച്വലായിട്ട് അറിയുവാൻ കഴിയുന്നത് കൊണ്ട് റിട്ടേൺ വരുന്ന ഉൽപ്പന്നങ്ങളുടെ അളവ് കുറക്കുവാൻ സാധിക്കും. മാത്രവുമല്ല പഠനങ്ങൾ കാണിക്കുന്നത് വിർച്വലായിട്ട് ഉൽപ്പന്നങ്ങൾ പരീക്ഷിച്ച് നോക്കുന്നതിൽ 63 ശതമാനത്തോളം ഉപഭോക്താക്കളും അവ വാങ്ങുവാനായി താൽപ്പര്യം കാണിക്കുന്നുണ്ടെന്നാണ്.

സ്വയം അറിയുന്ന റാക്കുകൾ
ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് എന്നത് ഒരു യാഥാർത്ഥ്യമാണിന്ന്. അതായത് ഇന്റർനെറ്റിലധിഷ്ടിതമായ ഉപകരണങ്ങൾ പരസ്പരം സംവദിക്കുന്ന കാലം. ഇത് റീടെയിൽ മേഖലയിൽ പ്രയോജനപ്പെടുത്തുവാൻ കഴിയും. ഒരു സൂപ്പർമാർക്കറ്റിലെ റാക്കുകൾ എപ്പോഴും നിറഞ്ഞിരുന്നാൽ മാത്രമേ ഉപഭോക്താക്കൾക്ക് ഒരു താൽപ്പര്യമുണ്ടാവുകയുള്ളു. ഇത് സൂപ്പർമാർക്കറ്റുകൾ നടത്തുന്നവർ നേരിടുന്ന ഒരു വെല്ലുവിളിയാണിന്ന്. ഇനിയുള്ള കാലം സൂപ്പർ മാർക്കറ്റിലെ റാക്കുകൾക്ക് അവയിലുള്ള ഉൽപ്പന്നങ്ങൾ കുറവായി വരുന്നതോ അല്ലായെങ്കിൽ അതിന്റെ കാലാവധി കഴിയുന്ന കാര്യമോ ഓട്ടോമാറ്റിക്കായി അറിയുവാൻ കഴിയുകയും ആ വിവരം മാനേജ്മെന്റിനെ അറിയിക്കുവാനോ കഴിയും. അതായത് ഷെൽഫുകളും സ്മാർട്ടാകുന്നുവെന്നർത്ഥം. ഒരു ഉൽപ്പന്നം അതിന്റെ സ്ഥാനം മാറിയിരുന്നാൽ പോലും ഇത്തരം ഷെൽഫുകൾക്ക് അത് തിരിച്ചറിയുവാൻ കഴിയും. ഒപ്പം സൂപ്പർമാർക്കറ്റിലേക്ക് സ്ഥിരമായി ഉൽപ്പന്നങ്ങളെത്തിക്കുന്ന ഉൽപ്പാദകരേയും ഓട്ടോമാറ്റിക്കായി വിവരം അറിയിക്കുവാനും കഴിയും. സ്മാർട്ട് ഷെൽഫുകൾ സ്റ്റാർട്ടപ്പുകൾക്ക് സാധ്യതയുള്ള മേഖലയാണ്. WISESHELF, TECH SHELFE തുടങ്ങിയവയൊക്കെ ഈ രംഗത്തെ സ്റ്റാർട്ടപ്പുകളാണ്.

ആളില്ലാത്ത ഷോറൂമുകൾ
നാട്ടിൻ പുറത്തെ പലചരക്ക് കടയിൽ നിന്ന് സൈക്കിൾ ടയറും ഉരുട്ടിക്കൊണ്ട് പത്രപേപ്പറിൽ പരിപ്പും മറ്റും വാങ്ങി കൊണ്ടിരുന്ന കാലഘട്ടം പലർക്കും ഓർമ്മയുണ്ടാകും. അവിടെ നിന്ന് സൂപ്പർ മാർക്കറ്റിലേക്കും പിന്നീട് മാളുകളിലേക്കും നമ്മുടെ ഷോപ്പിങ്ങ് മാറ്റപ്പെട്ടിട്ട് അധികം നാളുകളൊന്നുമായിട്ടില്ല. ഇനിയിപ്പോൾ പണം വാങ്ങുവാൻ ആരും തന്നെയില്ലാത്ത, സാധനങ്ങൾ എടുത്ത് തരുവാൻ പോലും ആരുമില്ലാത്ത കടകളാകും നാം കാണുവാൻ പോകുന്നത്. അമേരിക്കയിൽ ഇപ്പോൾത്തന്നെ ആഗോള റീടെയിൽ രംഗത്തെ ഭീമനായ ആമസോൺ Amazon Go എന്ന പേരിൽ അമേരിക്കയിൽ ഇത്തരം ഷോപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ന്യൂയോർക്കിൽത്തന്നെ 5 എണ്ണത്തിന് മുകളിലുണ്ട് ഇത്തരം ഷോറൂമുകൾ. ആമസോൺ ഗോ യുടെ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുകയാണ് ആദ്യ പടി. അതിലുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഉള്ളിൽ കയറാം. ആവശ്യമുള്ള സാധനങ്ങൾ റാക്കിൽ നിന്നും എടുക്കുമ്പോൾത്തന്നെ കാർട്ടിൽ ചേർക്കപ്പെടുകയും തിരിച്ച് വെക്കുകയാണെങ്കിൽ കാർട്ടിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യും. പിന്നീട് ഷോപ്പിൽ നിന്ന് ഇറങ്ങുമ്പോൾ നമ്മുടെ അക്കൗണ്ടിൽ നിന്നും സാധനങ്ങളുടെ വില ഡെബിറ്റ് ആവുകയും ചെയ്യും. എറണാകുളത്ത് വൈറ്റിലയിൽ ഇത്തരമൊരു ഷോറൂം ഈയിടെ പ്രവർത്തനമാരംഭിക്കുകയുണ്ടായി. ഷോപ്പുകളിൽ ജീവനക്കാരില്ലായെന്നോർക്കുക. സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോൾ ചില ജോലികൾ നഷ്ടപ്പെടുകയും പക്ഷേ ചില പുതിയ ജോലികൾ ഉദയം ചെയ്യുകയും ചെയ്യുമെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇങ്ങനെ ഒരു പ്രാവശ്യം ഇത്തരം ഷോറൂമുകളിൽ നിന്ന് സാധനങ്ങൾ വാങ്ങിച്ചാൽ നമ്മുടെ വിവരങ്ങൾ അവരുടെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉപഭോക്താക്കളുടെ വാങ്ങൽ ഹിസ്റ്ററി ഇങ്ങനെ സ്റ്റോർ ചെയ്യുന്നതിലൂടെ അവരുടെ താൽപ്പര്യത്തിനനുസരിച്ച് ഉല്പ്പന്നങ്ങൾ എത്തിക്കുവാൻ കഴിയും. എന്നാൽ ഇവിടെ ചോദ്യ ചിഹ്നമാകുന്നത് നമ്മുടെ ഡേറ്റയാണ്. അതായത് സ്വകാര്യത എത്ര മാത്രം സംരക്ഷിക്കപ്പെടുമെന്നുള്ളത് ആശങ്കയുണർത്തുന്ന വസ്തുതയാണ്.

മാറ്റങ്ങളുടെ കാറ്റ് റീടെയിൽ രംഗത്ത് ആഞ്ഞടിക്കുമ്പോൾ ക്ഷീണം സംഭവിക്കുന്നത് മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുവാൻ കഴിയാത്തവർക്കാണ്, മാറ്റങ്ങളോട് മുഖം തിരിച്ച് നിൽക്കുന്നവർക്കാണ്. ഗൂഗിൾ പേ പോലുള്ള ഡിജിറ്റൽ പേയെ്മെന്റ് സംവിധാനങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും വന്ന കാലഘട്ടത്തിൽ ഇതൊന്നും എന്നെ ബാധിക്കില്ല, എനിക്ക് പൈസ നോട്ടായിത്തന്നെ വേണമെന്ന് വാശി പിടിച്ച കച്ചവടക്കാർ നമ്മുടെ മുന്നിലുണ്ടായിരുന്നു. കാലക്രമത്തിൽ അവർക്കും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറേണ്ടി വന്നുവെന്നത് വർത്തമാന കാല ചരിത്രം. ഡിജിറ്റൽ ക്യാമറ വന്നപ്പോൾ മാറുവാൻ തയ്യാറാകാത്ത സ്റ്റുഡിയോക്കാർക്ക് നഷ്ടപ്പെട്ടത് തങ്ങളുടെ ബിസിനസ്സ് ആണെന്നത് തിരിച്ചറിഞ്ഞത് വൈകി മാത്രം ആയിരുന്നു. മാറ്റങ്ങളെ പഴി പറഞ്ഞിരുന്നാൽ ഈ അതിവേഗ കാലഘട്ടത്തിൽ നാം പിന്നോട്ട് പോകുമെന്നത് മുൻകാല ചരിത്രങ്ങൾ നമ്മളെ ഓർമ്മിപ്പിക്കുന്നു.