വ്യവസായ കേരളം മാറുന്നു

ജി. കൃഷ്ണപിള്ള
സേതുമാധവനും അദ്ദേഹത്തിന്റെ ദാക്ഷായണി ബിസ്ക്കറ്റും ഇനി വെറും കഥ മാത്രം. 1993-ൽ പ്രിയദർശൻ സംവിധാനം ചെയ്ത മിഥുനം എന്ന സിനിമയിൽ മോഹൻലാൽ വേഷപ്പകർച്ച നൽകിയ സേതുമാധവൻ എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ദാക്ഷായണി ബിസ്കറ്റും ഇന്നൊരു പഴങ്കഥയാണ്. കേരളത്തെ സംരംഭങ്ങൾ തുടങ്ങാൻ ഏറ്റവും അനുകൂലമായതും സൗഹൃദവുമായ ഒരു ഇടമാക്കി മാറ്റുന്നതിനുള്ള പദ്ധതികളും സേവനങ്ങളും നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുക എന്നതാണ് സംസ്ഥാന വ്യവസായ വകുപ്പിന്റെ ലക്ഷ്യം. കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ ഊർജിതമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വ്യവസായ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നു. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം 28- ൽ നിന്ന് 15-ാം റാങ്കിലേക്ക് ഉയർന്നിരിക്കുന്നു. സംരംഭങ്ങൾ ആരംഭിക്കുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവന്നതും നയപരമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കിയതും ആണ് കേരളത്തിന്റെ ഈ നേട്ടത്തിന് അടിസ്ഥാനം. ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ (EODB) സൂചികയിൽ ഇന്ത്യയിലെ മികച്ച 10 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്താണ്?

കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കുന്നതിനും അതുവഴി വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ ഊർജ്ജിതമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
(1) 2018- ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും നിയമം
[Kerala Investment Promotion and Facilitation Act-2018]
സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും സംസ്ഥാന സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. അതനുസരിച്ച് സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നതിന് അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമം, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ, കേരള മുൻസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ എന്നിവയിൽ പ്രധാനപ്പെട്ട ഭേദഗതികൾ വരുത്തിയിട്ടുണ്ട്. (സർക്കുലർ 75/ആർഡി3/2019/തസ്വഭവ തീയതി 29/03/19) 2018-ലെ നിയമത്തിലൂടെ സംരംഭങ്ങൾ ആരംഭിക്കുതിനുള്ള ലൈസൻസിങ്ങ് സമ്പ്രദായത്തിൽ സമൂലമായ ഭേദഗതികൾ കൊണ്ടുവന്നു. മുൻകൂർ ലൈസൻസുകൾ കരസ്ഥാമാക്കാതെ തന്നെ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയമത്തിലുണ്ട്. വളരെ വേഗത്തിൽ (30 ദിവസത്തിനുള്ളിൽ) സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള അനുമതി ഈ നിയമപ്രകാരം ലഭ്യമാണ്. ഫാക്ടറികൾ, വ്യാപാരങ്ങൾ, സംരംഭകത്വ പ്രവർത്തനങ്ങൾ മറ്റ് സേവനങ്ങൾക്കുള്ള ലൈസൻസ് എന്ന പുതിയ നാമധേയത്തിലാണ് ലൈസൻസ് നൽകുന്നത്.
2018-ലെ നിയമത്തിന്റെ മറ്റ് സവിശേഷതകൾ
- ലൈസൻസുകളുടെ കാലാവധി 5 വർഷം വരെ.
- ഓൺലൈനായി എളുപ്പത്തിൽ പുതുക്കാവുന്നതാണ്.
- പഞ്ചായത്ത്/ മുൻസിപ്പൽ സെക്രട്ടറിയുടെ അഭാവത്തിൽ അധികാരപ്പെടുത്തിയിട്ടുള്ള മറ്റ് ഉദ്യോഗസ്ഥർക്കും ലൈസൻസ് നൽകാവുന്നതാണ്.
- സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പിന് വിഘാതമായി നിൽക്കുന്ന സ്റ്റോപ്പ് മെമ്മോ സമ്പ്രദായത്തിൻമേലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കുറച്ചു.
- മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്റ്റോപ്പ് മെമ്മോ നൽകാൻ പാടുള്ളൂ.
- എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള അവസരം സംരംഭകന് ലഭ്യമാക്കണം. ആ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മാത്രം സ്റ്റോപ്പ് മെമ്മോ നൽകാവുന്നതാണ്.
- മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഗ്രീൻ വിഭാഗത്തിൽ വരുന്ന 25-ൽ താഴെ മാത്രം തൊഴിലാളികളുള്ള സംരംഭങ്ങൾക്ക് അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് നൽകാവുന്നതാണ്.
(2) 2019-ലെ കേരള സൂക്ഷ്മ- ചെറുകിട- ഇടത്തരം- സംരംഭ ഫെസിലിറ്റേഷൻ ആക്ട്
[Kerala Micro – Small-Medium Enterprise Facilitation Act 2019]
ബാങ്ക് വായ്പ എടുത്തിട്ട് സംരംഭങ്ങൾ ആരംഭിക്കുന്നതിന് തദ്ദേശ സ്വയം ഭരണ ലൈസൻസ് കിട്ടുന്നതിന് സംരംഭകർ ദീർഘനാൾ കാത്തിരിക്കുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാത്തതുകൊണ്ട് ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടവ് നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇക്കാരണത്താൽ സംരംഭം തുടങ്ങുക എന്ന സ്വപ്നം പലർക്കും പാതി വഴിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. സംരംഭകരുടെ ഈ ദുരവസ്ഥ പരിഹരിക്കുന്നതിനുവേണ്ടിയാണ് 2019- മുതൽ സംസ്ഥാന സർക്കാർ കെ- സ്വിഫ്റ്റ് (K-Swift) എന്ന ഓൺലൈൻ സംവിധാനത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് കെ- സ്വിഫ്റ്റ് (K-Swift – Kerala Single Window Interface For Fast and Transparent Clearance) എന്ന ഓൺലൈൻ സംവിധാനം നടപ്പിലാക്കിയതിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. സംരംഭകർക്ക് വേണ്ട അനുമതികൾ (Clearance) സമയബന്ധിതമായി നൽകുന്നതിനുവേണ്ടി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 21 വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ച് കൊണ്ടുള്ള വേഗതയേറിയതും സുതാര്യവുമായ ഏകജാലക സംവിധാനമാണ് (Single Window Clearance System) കെ- സ്വിഫ്റ്റ്. കേരളത്തിലേയ്ക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും അതുവഴി കേരളം കൂടുതൽ വ്യവസായ സൗഹൃദമാക്കുന്നതിനും ഈ ഏകജാലക സംവിധാനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി കേരളത്തിന് അനുയോജ്യമായത് സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളാണ്. ഈ തരത്തിലുള്ള കൂടുതൽ സംരംഭങ്ങൾക്ക് ആരംഭം കുറിക്കുന്നതിന് കെ- സ്വിഫ്റ്റിലൂടെ കഴിഞ്ഞിട്ടുണ്ട്.

കെ- സ്വിഫ്റ്റും തദ്ദേശ സ്വയംഭരണ ലൈസൻസും
പുതിയതായി ആരംഭിക്കുന്നതും മലിനീകരണ ബോർഡിന്റെ റെഡ് വിഭാഗത്തിൽ ഉൾപെടാത്തതുമായ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് കെ- സ്വിഫ്റ്റ് വഴി അക്നോളജ്മെന്റ് എടുക്കാം. നെൽവയൽ- തണ്ണീർതട നിയമപ്രകാരം തടസ്സമുള്ള സ്ഥലത്ത് ആരംഭിക്കുന്ന സംരംഭങ്ങൾ, 2016-ലെ കേരള- നഗര- ഗ്രാമാസൂത്രണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമി വിനിയോഗിച്ച് ആരംഭിക്കുന്ന സംരംഭങ്ങൾക്ക് കെ-സ്വിഫ്റ്റിന് അർഹതയുണ്ടായിരിക്കുകയില്ല. 10 കോടിയിൽ താഴെ നിക്ഷേപമുള്ളതും മലിനീകരണ ബോർഡിന്റെ ചുവപ്പ് വിഭാഗത്തിൽ ഉൾപ്പെടാത്തതുമായ സംരംഭങ്ങൾ മുൻകൂർ ലൈസൻസില്ലാതെ ആരംഭിക്കാവുന്നതാണ്.
കെ-സ്വിഫ്റ്റും കെട്ടിട നമ്പരും
[K-Swift and Building Number]
2019- ലെ നിയമപ്രകാരം 50 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് മുൻകൂർ കെട്ടിട നമ്പർ ഇല്ലാതെ തന്നെ സംരംഭത്തിന് തുടക്കം കുറിക്കാവുന്നതാണ്. കെ-സ്വിഫ്റ്റ് വഴി അപേക്ഷ നൽകുമ്പോൾ ലഭിക്കുന്ന കെ-സ്വിഫ്റ്റ് നമ്പരിനെ 3 വർഷത്തേയ്ക്ക് താൽക്കാലിക കെട്ടിട നമ്പർ (Temporary Building Number) ആയി പരിഗണിക്കാവുന്നതാണ്. (സ: ഉ. (അച്ചടി) നമ്പർ 59/2023/വ്യവ. തീയതി 01-11-2023)
കെ-സ്വിഫ്റ്റ് എങ്ങനെ എടുക്കാം?
- സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ വേേു//ംംം.സംെശള.േസലൃമഹമ.ഴീ്.ശി എന്ന സമഗ്രമായ ഓൺലൈൻ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി കെ-സ്വിഫ്റ്റ് അക്നോളജ്മെന്റ് സർട്ടിഫിക്കറ്റ് നേടാവുന്നതാണ്.
- ആവശ്യമായ രേഖകൾ ഉപയോഗിച്ച് ‘ടശഴി ൗു’ ചെയ്യണം.
- രജിസ്ട്രേർഡ് മെയിൽ ഐ ഡിയിലേക്ക് ഒരു ലോഗിൻ പാസ്വേർഡ് ഉൾപ്പെടെ ഒരു മെയിൽ ലഭിക്കുന്നതാണ്.
- ലോഗിൻ ക്ലിക്ക് ചെയ്യുക. മെയിലിൽ ലഭിച്ച യൂസർ ഐ ഡി യും പാസ്വേർഡും ഉപയോഗിക്കുക. യൂസർ ഐ. ഡി. എന്നത് മെയിൽ ഐ.ഡി. തന്നെയായിരിക്കും
- ആദ്യ ലോഗിൻ ചെയ്യുമ്പോൾ പാസ്വേർഡ് മാറ്റുക.
- യൂസർ ഐഡിയും പുതിയ പാസ്വേർഡും ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്യുക.
- അതനുസരിച്ച് വിശദാംശങ്ങൾ പൂരിപ്പിക്കുക.
- അവസാന സമർപ്പണത്തിനോടൊപ്പം ഓൺലൈനായി ഫീസ് അടയ്ക്കുക.
- ഉടൻ തന്നെ പ്രിന്റർ വഴി ഒരു അക്നോളജ്മെന്റ് മെമ്മോ ലഭിക്കും
കെ-സ്വിഫ്റ്റിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ
ഏക ഉടമസ്ഥത സംരംഭകർക്ക് താഴെപ്പറയുന്ന രേഖകൾ ആവശ്യമാണ്:-
- ആധാർ കാർഡ്
- പാൻ കാർഡ്
- ഫോട്ടോ
- ഒപ്പ്
- കരം അടച്ച രസീത്
- സംരംഭത്തിന്റെ പേര്
- ബന്ധപ്പെട്ട വ്യക്തിയുടെ മൊബൈൽ നമ്പർ, ഇ- മെയിൽ ഐഡി
- കെട്ടിടത്തിന്റെ മൊത്തം വിസ്തീർണ്ണം
- സംരംഭത്തിന്റെ മൊത്തം നിക്ഷേപം
മുകളിൽ പ്രതിപാദിച്ചത് കൂടാതെ പങ്കാളിത്ത സ്ഥാപനങ്ങൾ/ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾക്ക് അവരുടെ കമ്പനിയുടെ പാൻകാർഡ് വേണം.
കെ- സ്വിഫ്റ്റിന്റെ പ്രത്യേകതകൾ
- ഇ- മെയിൽ ഐ ഡി യും മൊബൈൽ നമ്പരും നൽകി കൊണ്ട് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താനാകും.
- സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 21 സർക്കാർ വകുപ്പുകൾ/ ഏജൻസികളിൽ നിന്നുമുള്ള അനുമതികൾ ഒരു ഏകജാലക സംവിധാനം വഴി ലഭ്യമാകുന്നു.
- ഒരു ഏകജാലക സംവിധാനമായതുകൊണ്ട് സംരംഭകരുടെ സമയം ലാഭിയ്ക്കുവാൻ കഴിയുന്നതാണ്.
- 21 വകുപ്പുകളിൽ നിന്നുമുള്ള അനുമതി ലഭിക്കുന്നതിന് ഒറ്റ അപേക്ഷ മതിയാകും.
(Through Application Form CAF)
- ലൈൻ ഡിപ്പാർട്ട്മെന്റുകളുടെ പരിശോധന കുറയ്ക്കുവാൻ കഴിയുന്നു.
- അപേക്ഷയുടെ നിലവിലെ അവസ്ഥ ഓൺലൈൻ ട്രാക്കിങ്ങ് (Online Tracking) മുഖേന മനസ്സിലാക്കുവാൻ കഴിയുന്നതാണ്.
- അപേക്ഷയുടെ നടപടിക്രമങ്ങളും അംഗീകാരവും വളരെ വേഗത്തിലുള്ളതും സുതാര്യവുമായ ഓൺലൈൻ സംവിധാനം മുഖേനയാണ്.
- എസ്. എം. എസ്/ ഇ-മെയിൽ മുഖേന ലളിതമായതും എളുപ്പത്തിലുള്ളതുമായ വെരിഫിക്കേഷൻ സാധ്യമാകുന്നു.
(3) 2021- ലെ കേരള സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) നിയമം
2019- ലെ പ്രസ്തുത നിയമത്തിന്റെ 2019 (16) ഭേദഗതി ചെയ്തു.

(4) സംരംഭങ്ങൾക്കുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി
കേരള പഞ്ചായത്ത് / മുൻസിപ്പൽ നിർമ്മാണ ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഏരിയകൾ (Plinth & Floor Area) തമ്മിലുള്ള അനുപാതം വർദ്ധിപ്പിച്ച് കൊണ്ട് ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി സംരംഭങ്ങൾക്ക് കെട്ടിടം നിർമ്മിക്കുമ്പോൾ കൂടുതൽ ഭൂമി കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയുന്നതാണ്. വിസ്തീർണ്ണം 1000 സ്ക്വയർ മീറ്ററിൽ താഴെയും പൊക്കം 15 മീറ്ററിൽ താഴെയുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ഫയർ ആന്റ് റെസ്ക്യൂ വകുപ്പിന്റെ എൻ. ഒ. സി ആവശ്യമില്ല. കെട്ടിട നിർമ്മാണ അനുമതികൾ നൽകുന്നതിന് ജില്ലാ ടൗൺ പ്ലാനറെ അധികാരപ്പെടുത്തിയിട്ടുണ്ട്.
(5) ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആന്റ് ഫെസിലിറ്റേഷൻ സെൽ (IPF Cell)
സംസ്ഥാന, ജില്ല എന്നിവിടങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ സമയബന്ധിതമായി തീർപ്പ് കൽപിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിനുള്ള സംവിധാനമാണ് ഐ. പി. എഫ് സെൽ. കേരള ഏകജാലക ക്ലിയറൻസ് ബോർഡിനു വേണ്ടി (Kerala State Single Window Clearance Board) സംയുക്ത അനുമതി നൽകുന്നതിനുള്ള അധികാരവും ഈ സെല്ലിനാണ്. ഒരു പൊതു സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഈ സംവിധാനം പ്രവർത്തിക്കുന്നത്. വളരെ വേഗത്തിൽ സംരംഭകന് ഈ സംവിധാനത്തിലൂടെ സേവനം ലഭിക്കുന്നു.
(6) സൂക്ഷ്മ- ചെറുകിട- ഇടത്തരം ക്ലിനിക്ക് (MSME Clinic)
സൂക്ഷ്മ- ചെറുകിട ഇടത്തരം സംരംഭങ്ങൾ സംശയരഹിതമായി ആരംഭിക്കുന്നതിനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ ഉപദേശങ്ങൾ നൽകുന്നതിനുവേണ്ടി എല്ലാ ജില്ലകളിലും എം. എസ്. എം. ഇ ക്ലിനിക്കുകൾ ആരംഭിച്ചു. വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം തെളിയിച്ചവരെ ഓരോ ജില്ലകളിലും സംരംഭകരെ സഹായിക്കാനുള്ള പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംരംഭത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കാവശ്യമായ ലൈസൻസിങ്, മാർക്കറ്റിംഗ്, ധനകാര്യം, സാങ്കേതികം, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, ആശയങ്ങളുടെ സ്പഷ്ടീകരണം കയറ്റുമതി തുടങ്ങിയ വിവിധ വിഷയങ്ങളിൽ സംരംഭകർക്ക് ഉണ്ടാകുന്ന സംശയങ്ങൾ വ്യക്തമായി പരിഹരിക്കുന്നതിന് എം. എസ്. എം. ഇ ക്ലിനിക്കുകളിലൂടെ കഴിയുന്നു.
(7) പരാതി പരിഹാര സംവിധാനം
ഇന്ത്യയിൽ ആദ്യമായി സംസ്ഥാനതല, ജില്ലാതല ഓൺലൈൻ പരാതി പരിഹാര സംവിധാനം പ്രവർത്തനം ആരംഭിച്ചത് കേരളത്തിലാണ്. സംരംഭങ്ങളുടെ പരാതികൾക്ക് 30 ദിവസത്തിനകം തീർപ്പ് കൽപ്പിക്കുന്ന ഓൺലൈൻ സംവിധാനമാണിത്. 10 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കളക്ടർ അദ്ധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാ സമിതി പരിശോധിക്കും. 10 കോടിയ്ക്ക് മുകളിലുള്ള
പരാതികളും ജില്ലാ സമിതി തീരുമാനത്തിലുള്ള അപ്പീലും സംസ്ഥാന സമിതി പരിശോധിക്കുന്നതാണ്. സംസ്ഥാന സമിതിയുടെ കൺവീനർ സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടറും ചെയർമാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്. സംസ്ഥാന തല ജില്ലാ സമിതിക്ക് സിവിൽ കോടതിയ്ക്കു തുല്യമായ അധികാരവുമുണ്ട്. സേവനം നൽകാൻ നിയുക്തനായ ഉദ്യോഗസ്ഥൻ മതിയായ കാരണം കൂടാതെ കാലതാമസം വരുത്തുകയോ വീഴ്ച വരുത്തുകയോ ചെയ്താൽ പിഴ ചുമത്താനും വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യാനും ഈ സമിതിക്ക് അധികാരമുണ്ട്.


മുകളിൽ പ്രതിപാദിച്ച കെ- സ്വിഫ്റ്റ് നിയമങ്ങൾ, ചട്ടങ്ങൾ മുതലായവയെല്ലാം കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനുള്ള ചുവട് വയ്പുകളാണ്.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്
മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)