പഴയ ഫുഡ് ഡെലിവറി ബോയ്; ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ

TS Chandran
റ്റി. എസ്. ചന്ദ്രൻ
 
26 വയസിനുള്ളിൽ ഒരു ബിസിനസ് കണ്ടെത്തി ഏറ്റെടുത്ത് നടത്തി വിജയിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് അഖിൽ. എറണാകുളം ജില്ലയിലെ കളമശ്ശേരി ഉദ്യോഗമണ്ഡൽ എന്ന സ്ഥലത്ത് റെയിൻബോ ഗോലി സോഡ എന്ന പേരിലാണ് ഇദ്ദേഹത്തിന്റെ ബിസിനസ്. നിരവധി പ്രതിസന്ധികൾ തരണം ചെയ്തു. ജീവിക്കാൻ പല പണികളും ചെയ്തു. അവസാനം ഒരു ബിസിനസ് കണ്ടെത്തുവാൻ കഴിഞ്ഞു. മികച്ച വിജയമായി എന്നുള്ളതാണ്. 
 
 
എന്താണ് ബിസിനസ്
 
പഴയ കാലത്തെ സോഡയാണ് ഗോലി സോഡ. വിപണിയിൽ നിന്നും അപ്രത്യക്ഷമായ ഗോലി സോഡ പുനരാവിഷ്‌കരിക്കുകയാണ് അഖിൽ. ഗോലി സോഡ മാത്രമല്ല ഉണ്ടാക്കുന്നത്, ഫ്‌ളേവറുകൾ ചേർത്ത കോള (ഗോലി കുപ്പിയിൽ) നിർമ്മിച്ച് വിൽക്കുന്നുണ്ട്. നൊസ്റ്റാൾജിക് ഫീലിംഗ് ഉണ്ടാക്കാൻ മാത്രമല്ല മികച്ച ഗുണനിലവാരത്തിലും, ആസ്വാദ്യകരമായ രുചികളിലും ഇത് വിപണിയിൽ എത്തിക്കുന്നു. ചില്ല് കുപ്പി ഉപയോഗിക്കുന്നതിനാൽ കൂടുതൽ പരിസ്ഥിതി സൗഹൃദവും ആക്കിയിരിക്കുന്നു. പേരയ്ക്ക, ആപ്പിൾ, കിവി, ജിഞ്ചർ തുടങ്ങി എട്ടിൽ പരം ഫ്‌ളേവറുകളിലാണ് ഇപ്പോൾ ഫ്‌ളേവേർഡ് സോഡകൾ നിർമ്മിക്കുന്നത്. 
 
5 വർഷം ഡെലിവറി ബോയ്
 
+2 വാണ് അഖിലിന്റെ വിദ്യാഭ്യാസ യോഗ്യത. സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം തുടർന്ന് പഠിക്കുവാൻ കഴിഞ്ഞില്ല. മികച്ച ഒരു ഫുഡ്‌ബോൾ പ്ലെയർ കൂടിയായിരുന്നു അഖിൽ. സെവൻസിന് കളിക്കാൻ പോകുമായിരുന്നു. ജില്ലാ ടീമിൽ ഉണ്ടായിരുന്നു. പക്ഷെ സ്ഥിരമായ ഒരു വരുമാനം ഇല്ല. സീസണുകളിലാണ് ഫുഡ്‌ബോൾ കളി ലഭിക്കുക. അല്ലാത്തപ്പോൾ യാതൊരു വരുമാനവും കിട്ടില്ല. സ്ഥിരമായ വരുമാനമില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതി വന്നു. 
 
അങ്ങനെ വല്ലപ്പോഴും ലഭിക്കുന്ന ഫുട്‌ബോൾ കളിക്കൊപ്പം ഒരു ജോലി കൂടി നോക്കാൻ നിർബന്ധിതനായി. അതാണ് ഫുഡ് ഡെലിവറി ബോയ്. വലിയ കഷ്ടപ്പാടായിരുന്നു. ഓർഡർ എടുക്കണം, സപ്ലൈ ചെയ്യണം, ഏറെ യാത്ര ചെയ്യണം. പക്ഷേ അതിനനുസരിച്ചുള്ള വരുമാനവുമില്ല. 500- 800 രൂപയാണ് ഈ രീതിയിൽ ലഭിച്ചിരുന്നത്. പെട്രോൾ ചാർജ്ജും പോയിക്കഴിഞ്ഞാൽ മിച്ചം ഒന്നും കാണില്ല. അദ്ധ്വാനത്തിന് ഒരു കുറവും ഇല്ല. 
 
അച്ഛന്റെ പണ്ടത്തെ ബിസിനസ്
 
ഏകദേശം 10 വർഷം മുമ്പ് വരെ അച്ഛന് സോഡ യൂണിറ്റ് ഉണ്ടായിരുന്നു. അത് ഗോലി സോഡയായിരുന്നു. എന്തുകൊണ്ട് അത് പുനരാരംഭിച്ചു കൂടാ എന്ന് ചിന്തിച്ചു. അങ്ങനെ അതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. ആവശ്യമായ അന്വേഷണവും പഠനവും നടത്തി. വിപണിയിൽ നിന്നും വളരെ മികച്ച പ്രതികരണം ലഭിച്ചതോടെ സംരംഭം തുടങ്ങാനുള്ള വഴികൾ ആലോചിച്ചു. ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാൻ പല കാരണങ്ങളുണ്ട്. 
* അച്ഛൻ നടത്തിയിരുന്ന ബിസിനസ് അത് കണ്ടു
പഠിച്ച് പരിചയം.
* കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാനാകും എന്ന കണ്ടെത്തൽ
* വിപണിയിൽ അന്വേഷിച്ചപ്പോൾ ലഭിച്ച മികച്ച പ്രതികരണം
* അസംസ്‌കൃത വസ്തുക്കൾ ഏറെ/ തീരെ ആവശ്യമില്ലാത്ത ഒരു ബിസിനസ്
* മികച്ച ലാഭവിഹിതം നേടാനുള്ള സൗകര്യം. 
ഇവയെല്ലാം പരിഗണിച്ചാണ് ഗോലി സോഡയിലേക്ക് നുരഞ്ഞ് പതഞ്ഞ് എത്തിച്ചേരുന്നത്. 
 
മുദ്ര യോജന വഴി വായ്പ
 
മുദ്ര യോജന പദ്ധതിപ്രകാരം 8 ലക്ഷം രൂപ വായ്പ എടുത്താണ് സംരംഭം തുടങ്ങുന്നത്. 6 ലക്ഷം രൂപയുടെ മെഷിനറികളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കി. ഫില്ലിംഗ് യൂണിറ്റ്, ചേമ്പർ, വാട്ടർ ഫിൽറ്റർ, വാഷിംഗ് യൂണിറ്റ് എന്നീ മെഷിനറി സൗകര്യങ്ങളാണ് ആവശ്യമുണ്ടായിരുന്നത്. മുദ്ര യോജന പ്രകാരം അവ വാങ്ങി സ്ഥാപിച്ച് ഉൽപാദനം തുടങ്ങി. വാടക കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. മൂന്ന് തൊഴിലാളികളാണ് ഇപ്പോൾ സ്ഥാപനത്തിൽ ഉള്ളത്. വിവാഹിതനാണ് അഖിൽ. റോസിക്കുട്ടി അൽഫോൻസയാണ് ഭാര്യ. കുപ്പികൾ, വെള്ളം, ലേബലിംഗ്, ഗ്യാസ് തുടങ്ങിയവയാണ് സ്ഥാപനത്തിന് വേണ്ട അസംസ്‌കൃത വസ്തുക്കൾ. തീരെ ചെറിയ നിക്ഷേപം മാത്രമേ ഈ രീതിയിൽ ആവശ്യമുള്ളൂ. 
 
മൊത്ത വിതരണക്കാർ
 
ഗോലി സോഡ പൂർണമായും വിതരണക്കാർക്കാണ് നൽകുന്നത്. ചെറുകിട ഷോപ്പുകളിൽ നൽകുന്നില്ല. വിതരണ സ്ഥാപനവുമായി ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച് എത്ര സോഡ ഉണ്ടാക്കിയാലും അവർ എടുത്തു കൊള്ളും. കൃത്യമായ പണവും ലഭിക്കും.
 
ഫ്‌ളേവറുകൾ ചേർത്ത സോഡ (കോള) പ്രാദേശികമായ ഷോപ്പുകൾ വഴിയാണ് വിൽക്കുന്നത്. ക്രെഡിറ്റ് നൽകാറില്ല. സ്വന്തം വാഹനമുണ്ട്. അതിലാണ് വിതരണം നടത്തുന്നത്. വിതരണം നടത്തുവാൻ സെയിൽസ്മാൻ ഉണ്ട്. ഇടക്ക് അഖിലും വിപണിയിൽ ഇറങ്ങും.
 
ഗോലി സോഡ ഉൽപന്നങ്ങൾക്ക് നല്ല ഡിമാന്റ് ഉണ്ട്. ഇപ്പോൾ ഇത് തീരെ സീസണൽ ഉൽപന്നമല്ല. മഴക്കാലത്തും വലിയ ഒരു കുറവ് വിൽപനയിൽ ഉണ്ടാകുന്നില്ല. ഏകദേശം 10 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നടക്കുന്നു എന്ന് പറയാം. 20% ആണ് ഇപ്പോൾ ലഭിച്ചു വരുന്ന അറ്റാദായം.
 
ഫുഡ് സാമഗ്രികൾ വിതരണം ചെയ്ത് പ്രതിദിനം 500- 800 രൂപ ലഭിച്ചിരുന്ന പയ്യൻ, 6 ലക്ഷം രൂപ മുടക്കി ഒരു ലഘു സംരംഭം തുടങ്ങിയപ്പോൾ വന്ന മാറ്റം നോക്കൂ. പ്രതിമാസം ഏകദേശം 2 ലക്ഷം രൂപയോളം സമ്പാദിക്കാൻ കഴിയുന്നു. മൂന്ന് പേർക്ക് നേരിട്ട് തൊഴിലും നൽകുകയാണ് ഈ യുവാവ്.  FSSAI, Local Body, Water testing  എല്ലാം നേടിയിട്ടുണ്ട് ഇദ്ദേഹം. 
 
പ്ലാസ്റ്റിക് ബോട്ടിൽ സോഡകൾ
 
കല്ല് കുപ്പി സോഡകൾ മാത്രമാണ് ഇപ്പോൾ അഖിൽ ഉണ്ടാക്കി വിൽക്കുന്നത്. ഇതിനുള്ള പ്രധാന പോരായ്മ കൊണ്ട് നടക്കാൻ ബുദ്ധിമുട്ടുന്നു എന്നുള്ളതാണ്. അത്തരം ആവശ്യക്കാരെ ഉദ്ദേശിച്ചുകൊണ്ട് പ്ലാസ്റ്റിക് ബോട്ടിൽ ഗോലി സോഡകൾ കൂടി നിർമ്മിക്കാൻ ഉദ്ദേശിക്കുകയാണ് അഖിൽ. അതിന്റെ സാമ്പിൾ പരീക്ഷിച്ചു കഴിഞ്ഞു. അടുത്ത മാസം തന്നെ അതും വിപണിയിൽ എത്തിക്കാൻ കഴിയും. അതോടെ കച്ചവടം ഇരട്ടിയാക്കാനാകും എന്നാണ് പ്രതീക്ഷ.
 
പുതുസംരംഭകർക്ക്
നഷ്ടം വരാൻ സാധ്യതയില്ലാത്ത ഒരു ബിസിനസാണ് ഇത്. വേണ്ട രീതിയിൽ ശ്രദ്ധിച്ചാൽ നല്ല നേട്ടം ഉണ്ടാക്കുകയും ചെയ്യാം. പെറ്റ് ബോട്ടിൽ സോഡകളും, ഗോലി സോഡകളും, കോള (ഫ്‌ളേവർ ചേർന്ന സോഡ) എല്ലാം നിർമ്മിച്ച് വിൽക്കാൻ കഴിയണം. 5 ലക്ഷം രൂപയുടെ മെഷിനറി സ്ഥാപിച്ചു കൊണ്ട് ഈ ബിസിനസിലേയ്ക്ക് വരാനാകും. 5 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ഉണ്ടാക്കിയെടുത്താൽ പോലും ഒരു ലക്ഷം രൂപ അറ്റാദായമുണ്ടാക്കാം. പ്രാദേശിക വിപണിയെപ്പറ്റി പഠിച്ച ശേഷം വേണം ബിസിനസിലേക്ക് ഇറങ്ങുവാൻ. 
 
വിലാസം:
അഖിൽ. എം. കെ
റെയിൻബോ ഗോലി സോഡ
ഏലൂർ ഡിപ്പോ ജംഗ്ഷൻ, 
ഉദ്യോഗ്മണ്ഡൽ. പി. ഒ
എറണാകുളം- 683501, 9061366233