കേരളാ ബ്രാൻഡ്

ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്‌

കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ/ നൽകുന്ന സേവനങ്ങൾ എന്നിവയ്ക്ക് ഒരു ആഗോള ഗുണനിലവാരം കൊണ്ട് വരികയും, അതുവഴി ഈ ഉത്പന്നങ്ങൾക്ക്/ സേവനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഉള്ള വിപണന സാധ്യത കൂട്ടുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് ‘കേരളാ ബ്രാൻഡ്’. ഉയർന്ന ഗുണനിലവാരം, ധാർമ്മികത, ഉത്തരവാദിത്തപരമായ വ്യാവസായിക രീതികൾ എന്നിവയോടു കൂറ് പുലർത്തിക്കൊണ്ട് കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങളെയും/ നൽകുന്ന സേവനങ്ങളെയും ആഗോള വിപണിയിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുകയും, ഇതിലൂടെ കേരളത്തിലെ വ്യവസായങ്ങൾക്ക് പൊതുവായി ഒരു സ്വത്വം സൃഷ്ടിച്ചെടുക്കുകയും ആണ് കേരള ബ്രാൻഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗുണമേന്മ, ധാർമ്മികത, ഉത്തരവാദിത്ത വ്യാവസായിക സമ്പ്രദായങ്ങൾ എന്നിവയിൽ കേരളത്തിന്റെ പ്രതിബദ്ധത ഇത് പ്രകടമാക്കുകയും സംസ്ഥാനത്തെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് “MADE IN KERALA” എന്ന സവിശേഷമായ ഐഡന്റിറ്റി സൃഷ്ടിച്ചുകൊണ്ട് ആഗോള വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് കേരളത്തിലെ സംരംഭങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

കേരളത്തിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്ന നിർമ്മാണം, മുഴുവനായും കേരളത്തിൽ തന്നെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ, ബാലവേല പ്രോത്സാഹിപ്പിക്കാത്തത്, ലിംഗ/വർഗ/ജാതി വിവേചനമില്ലാതെ പ്രവർത്തിക്കുന്ന ജോലി സ്ഥലങ്ങൾ, പരിസ്ഥിതി സൗഹൃദവും പരിസ്ഥിതി ബോധമുള്ളതുമായ പ്രവർത്തനങ്ങൾ, സുരക്ഷിതവും വൃത്തിയുള്ളതും പുരോഗമന പരവുമായ ജോലിസ്ഥലങ്ങൾ, സാങ്കേതികവിദ്യയിൽ ഊന്നിയ പ്രവർത്തനങ്ങൾ എന്നീ പ്രത്യേകതകൾ പ്രതിഫലിപ്പിക്കുന്നതാവും കേരള ബ്രാൻഡ്.

ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഈ മാനദണ്ഡങ്ങൾ പാലിക്കാൻ പ്രതിജ്ഞാബദ്ധരായ നിർമ്മാതാക്കളുടെ/സേവനദാതാക്കളുടെ വിപണന സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സംവിധാനമായി കേരള ബ്രാൻഡ് പ്രവർത്തിക്കും. പല മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ/ സേവനങ്ങൾ അതാത് മേഖലയിൽ നിർദ്ദേശിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും അനുസൃതമായി കേരള ബ്രാൻഡിന് കീഴിൽ കൊണ്ട് വരും.

കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾക്ക് ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ ‘മെയ്ഡ് ഇൻ കേരള’ എന്ന തനതായ ബ്രാൻഡ് നാമത്തിൽ അവരുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിപണനം ചെയ്യാൻ കഴിയുന്നതും, ഉയർന്ന നിലവാരമുള്ള സർട്ടിഫിക്കേഷനുകൾ നേടുന്നതിനുള്ള സാമ്പത്തിക സഹായം, അത് കയറ്റുമതി മെച്ചപ്പെടുത്തുന്നതിന് കൂടുതൽ സഹായിക്കുന്നതും, അന്താരാഷ്ട്ര വ്യാപാര മേളകളിലും മാർക്കറ്റിംഗ് എക്സ്പോകളിലും പ്രദർശിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ/സേവനങ്ങളുടെ പട്ടികയിൽ പരിഗണിക്കപ്പെടുന്നതുമായ ആനുകൂല്യങ്ങൾ ലഭ്യമാകും.

ഉൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറുള്ള നിർമ്മാതാക്കൾക്കുള്ള വിപണന സാധ്യതകൾ ഗണ്യമായി മെച്ചപ്പെടുത്താൻ കേരള ബ്രാൻഡിംഗിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നേടുന്ന ഉൽപ്പന്നങ്ങൾക്ക് ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ “MADE IN KERALA” എന്ന തനതായ ബ്രാൻഡ് നാമത്തിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ ‘കേരള ബ്രാൻഡ്’ പദ്ധതി സഹായകമാകും.

കേരള ബ്രാൻഡിന് അപേക്ഷിക്കുന്ന എല്ലാ യൂണിറ്റുകളും കേരള ബ്രാൻഡിന് കീഴിൽ വിഭാവനം ചെയ്തിട്ടുള്ള ഗുണനിലവാരം, ധാർമ്മികത, ഉത്തരവാദിത്തവ്യവസായ സമ്പ്രദായങ്ങൾ എന്നിവയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നവ ആയിരിക്കണം. www.keralabrand.industry.kerala.gov.in എന്ന പോർട്ടലിൽ സംരംഭങ്ങൾക്ക് കേരള ബ്രാൻഡിനായി അപേക്ഷിക്കാവുന്നതാണ്.