പി. എം. വിശ്വകർമ്മ പദ്ധതി
ജി. കൃഷ്ണപിള്ള
ഹിന്ദു വിശ്വാസ പ്രകാരം ലോക സ്രഷ്ടാവാണ് വിശ്വകർമ്മാവ്. ‘വിശ്വം’ എന്നാൽ ലോകം ‘കർമ്മാവ്’ എന്നാൽ സ്രഷ്ടാവ്. ഹൈന്ദവരുടെ ആദ്യ ഗ്രന്ഥമായ ഋഗ്വേദത്തിൽ കാണുവാൻ കഴിയുന്ന നാമമാണ് വിശ്വകർമ്മാവ്. പ്രപഞ്ച ശിൽപി കൂടിയാണ് വിശ്വകർമ്മാവ് എന്ന് വിശ്വസിക്കുന്നു. ലോകശിൽപിയായ വിശ്വകർമ്മാവിന്റെ പിൻഗാമികളാണ് വിശ്വകർമ്മജർ. പരമ്പരാഗത തച്ചുശാസ്ത്ര വിദഗ്ദ്ധരാണിവർ. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഇവർ കാണപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ജാതിപ്പേരുകളാണുള്ളത്. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ പൊതുവെ ഇവർ ‘ആചാരി’ എന്നാണ് അറിയപ്പെടുന്നത്. തടി, സ്വർണം, ഇരുമ്പ് എന്നിവയിൽ മനോഹരമായ വസ്തുക്കൾ ഇവർ രൂപകൽപന ചെയ്യുന്നു. അവരുടെ കുലത്തൊഴിലുമായി ബന്ധപ്പെട്ടാണ് സാധാരണ ഇവരെ അറിയപ്പെടുന്നത്.
ഇന്ത്യൻ ഗ്രാമ- നഗരങ്ങളിലെ പരമ്പരാഗത കൈതൊഴിലാളികളെയും കരകൗശല വിദഗ്ദ്ധരെയും പിന്തുണയ്ക്കുന്ന പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് 2023 സെപ്റ്റംബർ 17-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പി. എം. വിശ്വകർമ്മ പദ്ധതി. സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേയ്ക്കും ആഗോള മൂല്യ ശൃംഖലയിലേയ്ക്കും പരമ്പരാഗത കൈത്തൊഴിലാളികളെയും കരകൗശല വിദഗ്ദ്ധരെയും ഉയർത്തുന്നതിനാണ് പി. എം. വിശ്വകർമ്മ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. പി. എം. വിശ്വകർമ്മ യോജന എന്ന പേരിലും ഈ പദ്ധതി അറിയപ്പെടുന്നു. 2023- 24 മുതൽ 2027- 28 വരെ പദ്ധതിയുടെ സാമ്പത്തിക ചെലവ് 13,000 കോടി രൂപ പ്രതീക്ഷിയ്ക്കുന്നു. സൂക്ഷ്മ- ചെറുകിട – ഇടത്തരം സംരംഭ മന്ത്രാലയം (Ministry of MSME) പദ്ധതി നടപ്പിലാക്കുന്നതിന്റെ ദേശീയ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നു. സംസ്ഥാന സർക്കാരുകളുടെ പിന്തുണയോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ തലത്തിൽ സ്റ്റിയറിങ്ങ് കമ്മറ്റിയും, സംസ്ഥാന തലത്തിൽ മോണിറ്ററിങ്ങ് കമ്മറ്റിയും, ജില്ലാ തലങ്ങളിൽ നിർവ്വഹണ ഏജൻസികളും ഉൾപ്പെട്ട ത്രിതല സംവിധാനമാണ് പദ്ധതി നിർവ്വഹണത്തിന്റെ മേൽനോട്ടവും നടത്തിപ്പും ചെയ്യുന്നത്.
ലക്ഷ്യങ്ങൾ (Objective)
(1) കരകൗശല വിദഗ്ദ്ധരെയും കൈത്തൊഴിലാളികളെയും വിശ്വകർമ്മരായി അംഗീകരിക്കാൻ പ്രാപ്തരാക്കുക.
(2) കരൗശല വിദഗ്ദ്ധരുടെയും കൈത്തൊഴിലാളികളുടെയും നൈപുണ്യം വർദ്ധിപ്പിക്കുക.
(3) കരകൗശല വിദഗ്ദ്ധർ, കൈത്തൊഴിലുകൾ എന്നിവരെ ആഭ്യന്തരവും ആഗോളവുമായ മൂല്യശൃംഖലകളിലേയ്ക്ക് പരിധികളില്ലാതെ സംയോജിപ്പിക്കുക
(4) കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരമ്പരാഗത വിശ്വകർമ്മ തൊഴിലാളികളുടെ ഗുരു- ശിഷ്യ പാരമ്പര്യം അഥവാ കുടുംബാധിഷ്ഠിത പരിശീലനം ശക്തിപ്പെടുത്തുക.
(5) ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക.
(6) നിർമ്മിക്കുന്ന ഉൽപന്നങ്ങൾക്ക് സർക്കാർ പിന്തുണ ഉറപ്പാക്കുക
(7) പരമ്പരാഗത കരകൗശല വിദഗ്ദ്ധരെയും കൈത്തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ സമ്പുഷ്ടമായ സാംസ്‌കാരിക പൈതൃകം നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക.
നേട്ടങ്ങൾ (Benefits)
(1) അംഗീകാരം (Recognition)
പി. എം. വിശ്വകർമ്മ സർട്ടിഫിക്കറ്റും ഐ. ഡി. കാർഡും നൽകി കരകൗശല വിദഗ്ദ്ധരെയും കൈത്തൊഴിലാളികളെയും അംഗീകരിക്കുക.
(2) വൈദഗ്ദ്ധ്യം ഉയർത്തുക (Skill upgradation)
5 മുതൽ 7 ദിവസം വരെ അടിസ്ഥാന പരിശീലനവും 15 ദിവസം വരെ അതിൽ കൂടുതലും അഡ്വാൻസ് പരിശീലനവും നൽകുക. 15 ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിദിനം 500 രൂപ വീതം സ്റ്റൈപ്പൻഡ്.
(3) ഉപകരണങ്ങൾ വാങ്ങുന്നതിന് സഹായം (Assistance to Tool Kits)
അടിസ്ഥാന പരിശീലനം ആരംഭിയ്ക്കുമ്പോൾ തന്നെ 15,000 രൂപ ഇ-വൗച്ചർ രൂപത്തിൽ ഉപകരണങ്ങൾ വാങ്ങുന്നതിന് സഹായം നൽകുന്നതാണ്.
(4) വായ്പ പിന്തുണ (Loan Support)
രണ്ട് ഘട്ടങ്ങളിലായി 5% പലിശ നിരക്കിൽ ജാമ്യ രഹിത വായ്പ സഹായം. 18 മാസ കാലാവധിയിൽ ഒരു ലക്ഷം രൂപയും 30 മാസ കാലാവധിയിൽ 2 ലക്ഷം രൂപയും ലഭ്യമാക്കുന്നതാണ്. അടിസ്ഥാന പരിശീലനം പൂർത്തീകരിക്കുമ്പോൾ ഒരു ലക്ഷം രൂപയും ഡിജിറ്റൽ പണമിടപാട് മുഖേന ആദ്യ വായ്പ തിരിച്ചടവ് കൃത്യമാക്കുകയോ അഡ്വാൻസ് പരിശീലനം പൂർത്തീകരിക്കുകയോ ചെയ്യുന്നവർക്ക് രണ്ടാമത്തെ വായ്പ ലഭിക്കുന്നതാണ്.
(5) ഡിജിറ്റൽ പണമിടപാട് (Digital Transactions)
പ്രതിമാസം പരമാവധി 100 ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്ന ഗുണഭോക്താക്കൾക്ക് ഓരോ ഇടപാടിനും ഒരു രൂപ വീതം പ്രോത്സാഹന സഹായം ലഭിക്കുന്നതാണ്.
(6) വിപണന പിന്തുണ (Marketing Support)
കരകൗശല വിദഗ്ദ്ധർക്കും കൈത്തൊഴിലുകാർക്കും അവരുടെ ഉൽപന്നങ്ങൾക്ക് ഗുണനിലവാര സർട്ടിഫിക്കറ്റും, ബ്രാൻഡിംഗ് എന്നിവ നടത്തി ഓൺലൈൻ വിപണി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉൽപന്നങ്ങൾ വിപണനം നടത്തുന്നതിന് പിന്തുണ നൽകുന്നതാണ്.
പദ്ധതിയുടെ പരിരക്ഷ
164 പിന്നോക്ക വിഭാഗങ്ങളിലുൾപ്പെട്ട 30 ലക്ഷം കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 18 പരമ്പരാഗത വിഭാഗങ്ങളെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. താഴെപ്പറയുന്ന 18 വിഭാഗങ്ങൾ പി. എം. വിശ്വകർമ്മ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അർഹരാണ്.
- ഫിഷ്‌നെറ്റ് മേക്കർ
- തയ്യൽക്കാരൻ (ഡാർസി)
- അലക്കുകാരൻ (ധോബി)
- ഗാർലാന്റ് മേക്കർ (മാലക്കാർ)
- ബാർബർ (നായി)
- പരമ്പരാഗത പാവയും ടോയ് മേക്കർ
- കൊട്ട/ പായ്/ ചൂല് നിർമ്മാതാക്കൾ, കയർ നെയ്ത്തുകാർ
- മേസൺ (രാജ് മിസ്ത്രി)
- കോബ്ലർ/ ഷൂസ്മിത്ത്/ ഫുട്‌വെയർ ആർട്ടിസൻസ്
- ശിൽപി, കല്ല് കൊത്തുന്നവർ
- കുശവൻ
- സ്വർണ്ണപ്പണിക്കാർ
- ലോക്ക് സ്മിത്ത്
- ചുറ്റികയും ടൂൾകിറ്റ് മേക്കറും
- കമ്മാരൻ (ലോഹർ)
- കവചക്കാരൻ
- ബോട്ട് മേക്കർ
- ആശാരി (സുതാർ)
അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ
(1) ഒരു ഇന്ത്യൻ റസിഡന്റ്
(2) കരകൗശല വിദഗ്ദ്ധർ/ കൈത്തൊഴിലുകാർ ആയിരിക്കണം
(3) പ്രായം 18 വയസ് പൂർത്തീകരിക്കണം. പ്രായപരിധിയില്ല
(4) പി. എം. ഇ. ജി. പി./ മുദ്ര മുതലായ പദ്ധതികളുടെ പ്രയോജനം ലഭിക്കാത്തവർ
അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ
- ആധാർ കാർഡ്
- വോട്ടർ ഐ. ഡി
- തൊഴിൽ തെളിവ്
- മൊബൈൽ നമ്പർ
- ബാങ്ക് അക്കൗണ്ട് നമ്പർ
- വരുമാന സർട്ടിഫിക്കറ്റ്
- പാസ്‌പോർട്ട് സൈസ് ഫോട്ടോ
- പാൻകാർഡ് നമ്പർ
- ഇ-മെയിൽ ഐ. ഡി
- ഡൊമിസൈൽ സർട്ടിഫിക്കറ്റ്
ആനുകൂല്യം ലഭിക്കുന്നതിന് അർഹതയില്ലാത്തവർ
- കിസാൻ ക്രെഡിറ്റ് കാർഡ് പ്രകാരം പരമാവധി 50,000 രൂപയിൽ കൂടുതൽ ആനുകൂല്യം വാങ്ങുന്നവർ
- പ്രതിമാസ ശമ്പളം 10,000 രൂപയിൽ കൂടുതൽ വാങ്ങുന്നവർ
- ആദായ നികുതി അടയ്ക്കുന്നവർ
- തൊഴിൽ നികുതി അടയ്ക്കുന്നവർ
അപേക്ഷിക്കേണ്ട വിധം
- pmvishwakarma.gov.in.2024 എന്ന ലിങ്ക് വഴി അപേക്ഷിക്കണം
- യോഗ്യരായ കരകൗശല വിദഗ്ദ്ധരും കൈത്തൊഴിലുകാരും പി. എം. വിശ്വകർമ്മ പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
- ഗുണഭോക്താവ് അവരുടെ മൊബൈൽ നമ്പറിന്റെയും ആധാർ കാർഡിന്റെയും സഹായത്തോടെ പി. എം. വിശ്വകർമ്മ പോർട്ടലിൽ ആദ്യം രജിസ്റ്റർ ചെയ്യണം.
- പി.എം. വിശ്വകർമ്മ യോജന വെബ്‌സൈറ്റിൽ ഒ. ടി. പി. പ്രാമാണീകരണത്തിലൂടെ മൊബൈൽ നമ്പറും ആധാർ കാർഡും പരിശോധിയ്ക്കും.
- പരിശോധിച്ച് ഉറപ്പിച്ചതിനു ശേഷം പി. എം. വിശ്വകർമ്മ യോജനയുടെ രജിസ്‌ട്രേഷൻ ഫോം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും.
- പ്രത്യക്ഷപ്പെടുന്ന ഫോമിൽ കരകൗശല വിദഗ്ദ്ധർ/ കൈത്തൊഴിലുകാർ മുതലായവരുടെ പേര്, മേൽവിലാസം, വ്യാപാരം/ തൊഴിലുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൂരിപ്പിക്കുക
- അതിനുശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- ഭാവി ആവശ്യങ്ങൾക്കായി പി. എം. വിശ്വകർമ്മ ഡിജിറ്റൽ ഐ. ഡിയും സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്യുക.
- പി. എം. വിശ്വകർമ്മ പോർട്ടലിൽ ലോഗിൻ ചെയ്ത് പദ്ധതിയുടെ വിവിധ ഘടകങ്ങളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
- ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യണം.
- പരിശോധന സമിതിയുടെ പരിഗണനയ്ക്കായി ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക. പരിശോധന സമിതിയായി പ്രവർത്തിക്കുന്നതിന് പദ്ധതിയുടെ ദേശീയ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന സൂക്ഷ്മ- ചെറുകിട- ഇടത്തരം മന്ത്രാലയം സംസ്ഥാനങ്ങളിൽ എം. എസ്. എം. ഇ ഇൻസ്റ്റിറ്റ്യൂട്ടുകളെയും സംസ്ഥാന വ്യവസായ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
- അപേക്ഷയിൽ പരാമർശിക്കുന്ന വാണിജ്യ ബാങ്കുകൾ/ പ്രാദേശിക/ ഗ്രാമീൺ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഓൺലൈനായി തന്നെ അപേക്ഷ പരിശോധന സമിതി സമർപ്പിക്കുന്നു. ഈ ധനകാര്യ സ്ഥാപനങ്ങൾ പി.എം.വിശ്വകർമ്മ പദ്ധതിപ്രകാരം ഈടില്ലാത്ത വായ്പകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നു.
പി. എം. വിശ്വകർമ്മ പദ്ധതിയും കേരളവും
കേരളത്തിൽ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ഈ പദ്ധതി സഹായകരമാകുന്നതാണ്. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം നിലനിർത്തുന്നതിനും, വനിത ശാക്തീകരണത്തിന്റെയും ടൂറിസത്തിന്റെയും വളർച്ചയ്ക്കും പി.എം.വിശ്വകർമ്മ പദ്ധതി പിന്തുണയാകുന്നതാണ്. കേരളത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറിയെ പദ്ധതിയുടെ നടത്തിപ്പിനായി കേരള സർക്കാർ അധികാരപ്പെടുത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് കരകൗശല വികസന കോർപറേഷൻ ലിമിറ്റഡ് (കാഡ്‌കോ) എം.ഡി യെ നിർവ്വഹണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.