മണ്ണിലൂടെ സംരംഭകൻ

രാജേഷ്. കെ. കെ

ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിപ്ലോമ നേടിയ ശേഷം സൗദി അറേബ്യയിൽ ജോലിക്ക് പോയ എറണാകുളം എടയ്ക്കാട്ടുവയൽ സ്വദേശി ജോബി 2017-ൽ നാട്ടിൽ തിരികെ എത്തിയത് പിറന്ന മണ്ണിനോടുള്ള സ്‌നേഹം കൊണ്ടാണ്. പാരമ്പര്യ കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം സ്വന്തമായുള്ള 7 ഏക്കറിന് പുറമെ 8 ഏക്കർ ഭൂമി കൂടി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു. മണ്ണിൽ പൊന്നും വിളയിച്ചു. 2018 ൽ വൈറ്റില നെല്ലു ഗവേഷണ കേന്ദ്രം, പൊക്കാളി കൃഷിയിലെ പരീക്ഷണത്തിന് തെരഞ്ഞെടുത്തതിൽ ഒരാൾ ജോബിയായിരുന്നു. 300 കിലോ പൊക്കാളി വിത്ത് നെല്ലു ഗവേഷണത്തിന് തിരികെ നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

പുതിയ ആശയം

35 വർഷം ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ എഞ്ചിനീയർ ആയി ജോലി നോക്കിയ ബന്ധു, വീട് നിർമാണത്തിന് മണ്ണ് കൊണ്ടുള്ള കട്ട ഉപയോഗിച്ചതാണ് മണ്ണിൽ പുതിയ സംരംഭം തുടങ്ങാൻ ജോബിയ്ക്ക് പ്രേരണയായത്. മണ്ണ് കൊണ്ടുള്ള കട്ടയുടെ മേന്മ തിരിച്ചറിഞ്ഞ് അതിൽ സംരംഭം ആരംഭിക്കുന്നതിനായി ഇറങ്ങി തിരിച്ച ജോബിയ്ക്ക് വ്യവസായ വാണിജ്യ വകുപ്പ് കൂട്ടായെത്തി. മുളന്തുരുത്തി ബ്ലോക്ക് വ്യവസായ ഓഫീസ് വഴി ജങഋഏജ പദ്ധതിപ്രകാരം ലോണിണ് അപേക്ഷിച്ചു. ബാങ്ക് ഓഫ് ബറോഡ വഴി ലോൺ ലഭിച്ചു. 35% സർക്കാർ സബസ്ഡിയോടെ സംരംഭം ആരംഭിച്ചു.

സംരംഭക ലൈസൻസുകൾ കെ- സ്വിഫ്റ്റ് വഴി (K-SWIFT)

സംരംഭം തുടങ്ങുന്നതിനുള്ള കെട്ടിട നിർമാണ പെർമിറ്റ്, കെട്ടിട നിർമ്മാണം പൂർത്തീകരിച്ച ശേഷം കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ, വൈദ്യുത കണക്ഷൻ ലഭിക്കുന്നതിനുളള അപേക്ഷ, മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള ലൈസൻസ് എന്നിവ വ്യവസായ വകുപ്പിന്റെ ഏകജാലക ക്ലിയറൻസ് സംവിധാനം വഴിയാണ് അപേക്ഷിച്ചത്. സുതാര്യമായും വേഗതയിലും സംരംഭക ലൈസൻസുകൾ ലഭ്യമാകുന്നതിന് സഹായകരമാണ് ഏകജാലക സംവിധാനമെന്നും കൂടുതൽ സംരംഭകർ ഇതിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണം എന്നുമാണ് ജോബിയുടെ അഭിപ്രായം.

മൺകട്ട നിർമ്മാണ രീതി

വെട്ടുകല്ല് മണ്ണ് യന്ത്ര സംവിധാനത്തിലൂടെ പൊടിച്ചെടുക്കുകയാണ് ആദ്യഘട്ടം. 40 ചതുരശ്രയടി വെട്ടുകല്ല് പൊടിയിൽ 25 കിലോഗ്രാം സിമന്റും ആവശ്യത്തിന് വെള്ളവും ചേർത്ത് യന്ത്ര സംവിധാനത്തിൽ നന്നായി കുഴച്ചെടുക്കുകയാണ് അടുത്ത ഘട്ടം. അതിനുശേഷം ഹൈഡ്രോളിക് പ്രസ്സ് ഉപയോഗിച്ച് 35 ടൺ സമ്മർദ്ദം നൽകി മോൾഡിൽ അമർത്തിയാണ് കട്ട നിർമ്മിക്കുന്നത്. 16*6*8 സൈസിലാണ് കട്ട നിർമ്മിക്കുന്നത്. 37 രൂപയാണ് വില.

മൺകട്ടയുടെ പ്രത്യേക ഗുണങ്ങൾ

35 ടൺ സമ്മർദ്ദം നൽകി നിർമ്മിക്കുന്നതിനാൽ കട്ടയ്ക്കുള്ളിൽ വെട്ടുകല്ലിലെ പോലെ വായു ഉണ്ടാവില്ല. അതിനാൽ കൃമി, കീടങ്ങളുടെ ശല്യം ഉണ്ടാവുന്നില്ല. വെട്ടുകല്ലിനേക്കാൾ ബലവുമുണ്ട്. ആരക്കുന്നം ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജിന്റെ ലാബിൽ ഇത് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

മിനുസമായ പുറം ഭാഗമായതിനാൽ തേയ്ക്കാതെ പുട്ടിയടിച്ച് പെയിന്റടിക്കാം. നിർമ്മാണത്തിന് വളരെ കുറച്ച് പരുക്കനെ ആവശ്യമുള്ളൂ. വളരെ എളുപ്പം നല്ല ആകൃതിയിൽ പൊട്ടിച്ചെടുക്കാം. ഇതൊക്കെക്കൊണ്ട് നിർമ്മാണ ചെലവ് വളരെ കുറവാണ്. മണ്ണ് കൊണ്ടുള്ള കട്ട ആയതിനാൽ മുറിക്കുള്ളിലെ താപനില അന്തരീക്ഷ താപനിലയേക്കാൾ കുറവായിരിക്കും.

പരിസ്ഥിതി സൗഹൃദമായി കേരളീയ വാസ്തു ഭംഗിയോടെ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ് ഈ കട്ടകൾ. കോട്ടയം, ആലപ്പുഴ ജില്ലകളിൽ റിസോർട്ട്, സ്വിമ്മിംഗ് പൂളുകൾ എന്നിവ ഈ കട്ടകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്.

സ്വന്തം സംരംഭം സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താനുള്ള സാമൂഹ്യ പ്രതിബദ്ധതയും ജോബിയിൽ നിന്നുണ്ടായി. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നവർക്ക് ഇളവോടു കൂടി പരിസ്ഥിതി സൗഹൃദ കട്ടകൾ നൽകി അദ്ദേഹം മാതൃക കാണിച്ചു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ആർ. ജയകുമാറിന്റെ നിർലോഭമായ സഹായവും ഇതിന് കരുത്തേകി. കൂടുതൽ ഓർഡറുകൾ വന്നതോടു കൂടി പുതിയ ഒരു പ്ലാന്റ് കൂടി സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോൾ പ്രതിദിനം 2400 കട്ടകളാണ് പ്ലാന്റിൽ ഉൽപാദിപ്പിക്കുന്നത്.

അടുത്ത സംരംഭം

പ്ലാസ്റ്റിക് മാലിന്യം കൊണ്ട് കെട്ടിട നിർമ്മാണ കടകളും തറയിൽ വിരിക്കുന്ന ടൈലുകളും നിർമ്മിക്കുക എന്ന പുതിയ പ്രൊജക്ട് നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജോബി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസും ആരക്കുന്നം ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി നടത്തിയ ‘ഐഡിയത്തോൺ’ എന്ന സംരംഭ ആശയ മത്സരത്തിൽ ഈ പ്രോജക്ടിന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് വലിയ താപനിലയിൽ മണ്ണ് ചേർത്ത് കട്ടയാക്കുകയാണ് നിർമ്മാണ രീതി. വലിയ താപനിലയിൽ ഉപയോഗിക്കാവുന്ന ഫർണസ് ഇറക്കുമതി ചെയ്യേണ്ടി വരും. അതുകൊണ്ട് ഏകദേശം 3 കോടി രൂപയാണ് പ്രോജക്ട് തുക പ്രതീക്ഷിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതി സൗഹൃദമായി നിർമ്മാർജ്ജനം ചെയ്യുവാൻ കഴിയുന്ന ഈ പ്രോജക്ട് പ്രായോഗിക തലത്തിലേയ്ക്ക് എത്തിക്കുന്നതിനുള്ള മുഖ്യ തടസ്സവും ഇതാണ്. അത് എങ്ങനെ പരിഹരിക്കാം എന്ന ചിന്തയിലാണ് ജോബി.

പുരസ്‌കാരങ്ങൾ

കൃഷിയിലും സംരംഭ രംഗത്തും നിരവധി അംഗീകാരങ്ങൾ ഈ ചെറിയ കാലയളവിനുള്ളിൽ ജോബിയെ തേടിയെത്തി. 2017-18 വർഷം മികച്ച കർഷകനുള്ള എടയ്ക്കാട്ടു വയൽ പഞ്ചായത്തിന്റെ പുരസ്‌കാരം ലഭിച്ചു. 2021-22 ൽ സമ്മിശ്ര കർഷകനുള്ള ജില്ലാതല (എറണാകുളം) പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം നേടി. സംരംഭക മികവിന് ബാങ്ക് ഓഫ് ബറോഡയുടെ ആദരവ് 2022-23 വർഷം ലഭിച്ചു. 2023 ൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസും ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജും  (ആരക്കുന്നം) സംയുക്തമായി സംഘടിപ്പിച്ച ‘ഐഡിയത്തോൺ’ മത്സരത്തിൽ മികച്ച ആശയമായി തെരഞ്ഞെടുക്കപ്പെട്ടു. (പ്ലാസ്റ്റിക് മാലിന്യം കൊണ്ട് കട്ട ഉണ്ടാക്കുന്നത്)

കുടുംബം

കർകഷനായ വർഗീസ്. പി. കെ. യുടെയും ചിന്നമ്മ വർഗീസിന്റെയും മകനാണ്. ഭാര്യ മീന. റിക്‌സൺ ജോബി, റിയ ജോബി എന്നിവരാണ് മക്കൾ

ഫോൺ നമ്പർ: 9744170830,    9544924110

(തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസറാണ് ലേഖകൻ)