‘സാഫി’ലൂടെ മീൻ വിപണിയിലെ മികവുമായി മിനി
ഇന്ദു കെ.പി.
കുടുംബത്തിന്റെ വിശപ്പടക്കാൻ തൃശൂർ പുല്ലഴി സ്വദേശിയായ മിനി ആരംഭിച്ച മീൻ വിൽപന, ഇന്ന് ഇരുപതോളം കുടുംബങ്ങളുടെ കൂടി ജീവിത മാർഗ്ഗമായി മാറിയിരിക്കുകയാണ്. തിരസ്‌കരിക്കപ്പെടുമ്പോഴാണ് തിരിച്ചറിവുകൾ ഉണ്ടാകുന്നതെന്ന യാഥാർത്ഥ്യം സ്വന്തം ജീവിതത്തിലൂടെ വെളിവാകുകയായിരുന്നു മിനിക്ക്. ഒന്നര വയസ്സും ഒന്നര മാസവും പ്രായമായ രണ്ട് പെൺകുഞ്ഞുങ്ങളുമായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുമ്പോൾ മിനിയുടെ പ്രായം ഇരുപത്തിയൊന്ന്. ജീവിതം അവസാനിപ്പിക്കണമെന്ന തോന്നൽ ഒരു വശത്ത് ശക്തമാകുമ്പോഴും ജീവൻ നൽകിയ കുട്ടികളുടെ മുഖം അതിനനുവദിക്കാതെ മറുവശത്ത് വേദനയായി. കുട്ടികൾക്ക് ഭക്ഷണത്തിനായി വീടുകളിൽ കയറിയിറങ്ങി ചായ വിൽപന നടത്തി. എന്നാൽ ഒരു ദിവസം പരമാവധി ലഭിക്കുന്ന മുപ്പത്തിയഞ്ച് രൂപ ഒന്നിനും തികയാതെ വന്നപ്പോഴാണ് റോഡരികിൽ മീൻ വിൽപന ആരംഭിച്ചത്. അതിലൂടെ കൂടുതൽ വരുമാനം ലഭിച്ചു. അതാണ് മിനിയുടെ ജീവിതയാത്രയെ മാറ്റിമറിച്ചത്.
സാഫിന്റെ സഹായത്തോടെ തൃശൂർ ജില്ലയിലെ ഒളരി, പുല്ലഴി എന്നീ സ്ഥലങ്ങളിലാണ് മിനിയുടെ നേതൃത്വത്തിൽ ‘മീൻ തട്ട്’ ആദ്യം ആരംഭിക്കുന്നത്. ഗുണനിലവാരമുള്ള മത്സ്യം വീടുകളിൽ നേരിട്ട് എത്തിച്ചു നൽകി തുടങ്ങിയപ്പോൾ ആവശ്യക്കാരേറെയായി. മീൻ തട്ട് എന്നതിൽ നിന്നും ‘മീൻ കട’ എന്നതിലേക്ക് മിനി കച്ചവടം വിപുലീകരിച്ചു. മിനിയുടെ നാല് മീൻ കടകൾ മികച്ച രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ദിവസം ഏകദേശം 500 കിലോ മത്സ്യം വരെ വിൽപന നടത്തുന്നുണ്ട്. 2018 ലാണ് മിനി കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ സാഫ് നെ കുറിച്ചും അതിലൂടെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും മനസ്സിലാക്കുന്നത്. കേരളത്തിലെ തീരദേശങ്ങളിലെ മത്സ്യ തൊഴിലാളി വനിതകളെ ശാക്തീകരിക്കുന്നതിനും സ്വയം തൊഴിൽ കണ്ടെത്തുന്നതിനുമായി വിവിധ തരം പദ്ധതികൾ നടപ്പിലാക്കുന്ന ഒന്നാണ് സാഫ് (ടീരശല്യേ ളീൃ അശൈേെമിരല ീേ എശവെലൃ ണീാലി). അഞ്ചു പേരടങ്ങുന്ന വനിത സംഘങ്ങൾക്ക് സബ്‌സിഡിയോടു കൂടി അഞ്ചു ലക്ഷം രൂപ വരെ ഇവർ വായ്പകൾ അനുവദിക്കുന്നു. മധുര പലഹാര യൂണിറ്റ്, മീൻ കടകൾ, ടെയിലറിങ്ങ് ഗാർമെന്റ് യൂണിറ്റുകൾ, കാറ്ററിങ്ങ് യൂണിറ്റ് തുടങ്ങി പല സംരംഭങ്ങൾക്കും സഹായങ്ങൾ നൽകുന്നുണ്ട്. തൃശൂർ ജില്ലയിൽ ഏകദേശം 300 ലധികം സംരംഭങ്ങളിലൂടെ ആയിരത്തിലധികം സ്ത്രീകൾ സാഫിന്റെ ഗുണഭോക്താക്കളാണ്.
പുലർച്ച രണ്ടു മണി മുതലാണ് മിനിയുടെ ഒരു ദിവസം ആരംഭിക്കുന്നത്. അഴിക്കോട്, മുനമ്പം, പൊന്നാനി, കൂരിക്കുഴി തുടങ്ങിയ ഹാർബറുകളിൽ നിന്നും സ്വന്തം വാഹനത്തിൽ മിനി നേരിട്ട് പോയാണ് മത്സ്യം എടുക്കുന്നത്. ഫോർ വീലർ ലൈസൻസുള്ള മിനി തന്നെയായിരിക്കും പലപ്പോഴും ഡ്രൈവറും. ഏഴു മണി മുതൽ മീൻ കടകളിൽ വിൽപന ആരംഭിക്കും. വൃത്തിയാക്കിയ മീൻ ആവശ്യക്കാർക്ക് വീടുകളിലും എത്തിച്ചു നൽകും. ഈ ആവശ്യത്തിനായി മൂന്ന് ടൂ വീലറും സ്വന്തമായി വാങ്ങിയിട്ടുണ്ട്. ജോലിക്കാരുടെ കൂലി, ഭക്ഷണം തുടങ്ങി എല്ലാ ചെലവുകൾ ഉൾപ്പടെ ഒരു ദിവസം 25000 രൂപ വരെ ചെലവ് വരുന്നുണ്ടെന്ന് മിനി പറയുന്നു. നോമ്പ്, ട്രോളിംഗ് കാലങ്ങൾ ഇവർക്ക് വറുതിയുടേതാണ്. ഈ കാലയളവിൽ തൊഴിലാളികൾക്ക് കൂലി നൽകുന്നത് വലിയ പശ്‌നമായതിനാലും അവർക്ക് മറ്റു തൊഴിലുകൾ ലഭ്യമല്ലാതെ വരുന്നതിനാലും പുതിയതായി ഒരു ഹോട്ടൽ കൂടി ആരംഭിച്ചിരിക്കുകയാണ് മിനി. തന്റെ തൊഴിലാളികൾക്കാവശ്യമായ ഭക്ഷണവും ഒരു വരുമാന മാർഗവുമാണ് ഇതിലൂടെ കണ്ടെത്തുന്നത്. അഞ്ചു മണിക്ക് ഉണരുന്ന അടുക്കളയിൽ നിന്ന് പ്രഭാത ഭക്ഷണം മുതൽ അത്താഴവും ലഭ്യമാണ്.
എല്ലാ വരവ്-ചെലവ് കണക്കുകളും കൈകാര്യം ചെയ്യുന്നതും മിനി തന്നെയാണ്. സാഫിന്റെ മാസത്തിലുള്ള പരിശോധനകളും കൃത്യമായി നടത്തുന്നുണ്ട്. രണ്ട് പെൺകുട്ടികളെ പഠിപ്പിച്ചതും വിവാഹം കഴിച്ചയച്ചതും ഈ തൊഴിലിലൂടെ തന്നെയാണ്. മീൻ വിൽപ്പനക്കാരിയായതിനാൽ പൊതു ഇടങ്ങളിൽ നിന്നും സുഹൃത്തുക്കൾക്കിടയിൽ നിന്നും ധാരാളം അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പൊരുതി ജയിച്ചതിന്റെ സന്തോഷം മിനിക്കുണ്ട്. പണത്തിന്റെ പിൻബലത്തോടെ വിദേശങ്ങളിലേക്ക് തൊഴിലന്വേഷിച്ചു പോകുന്നവർ പലരും നമ്മുടെ നാട്ടിലെ തൊഴിൽ സാധ്യതകളെ കുറിച്ച് ശരിയായി മനസ്സിലാക്കുന്നില്ലെന്ന് ഇവർ പറയുന്നു. ശുഭാപ്തിവിശ്വാസവും കഠിനാദ്ധ്വാനവുമുണ്ടെങ്കിൽ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണ് മിനിയെന്ന സംരംഭക.