മാർക്കറ്റിംഗിൽ മുന്നിലെത്താൻ ആധുനികതന്ത്രങ്ങൾ

ഡോ. സുധീർ ബാബു

രാവിലെ നിങ്ങൾ ഓഫീസിൽ പോകാൻ ഒരുങ്ങുകയാണ്. അപ്പോൾ അതാ ഭാര്യ പറയുന്നു ഇന്ന് ബാങ്കിൽ പോകേണ്ടതുണ്ട് കുട്ടിയുടെ ഫീസ് അടക്കേണ്ട ദിവസമാണ്. ബാങ്കിൽ പോയി പണം ട്രാൻസ്ഫർ ചെയ്തിട്ടേ ഓഫീസിൽ പോകാൻ സാധിക്കുകയുള്ളൂ. നിങ്ങൾ അസ്വസ്ഥനാകുന്നു. ഈ തിരക്കിൽ ഇതെല്ലാം കൂടി എങ്ങിനെ നടക്കും? നിങ്ങൾക്ക് ടെൻഷൻ അനുഭവപ്പെടുന്നു.

പെട്ടെന്ന് നിങ്ങളുടെ തലയിൽ ബൾബ്  തെളിയുന്നു. എന്തിന് ബാങ്കിൽ പോകണം പണം ട്രാൻസ്ഫർ ചെയ്യാൻ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ പോരെ! നിങ്ങൾ ഫോണിൽ നിന്നും ആപ്ലിക്കേഷനെടുത്ത് പണം സ്‌കൂളിന്റെ അക്കൗണ്ടിലേക്ക് അയയ്ക്കുന്നു. സെക്കന്റുകൾക്കുള്ളിൽ പണി കഴിഞ്ഞു. രാവിലെ തന്നെ എത്രമാത്രം സമയമാണ് ലാഭിച്ചത്. നിങ്ങൾ സന്തോഷവാനാകുന്നു.

നമ്മുടെ നിത്യജീവിതത്തിൽ മൊബൈൽ ആപ്ലിക്കേഷനുകൾ വരുത്തിയ ഇത്തരം മാറ്റങ്ങൾ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരു വ്യക്തി ഒരു ദിവസം അഞ്ചു മുതൽ ആറു മണിക്കൂർ വരെ തന്റെ സ്മാർട്ട്  ഫോൺ ഉപയോഗിക്കുന്നു എന്നതാണ് കണക്ക്. ഒരു ദിവസം തന്നെ എത്രമാത്രം മൊബൈൽ ആപ്ലിക്കേഷനുകളാണ് നാം ഉപയോഗിക്കുന്നത്. പണമിടപാടുകൾക്കായുള്ള ഗൂഗിൾ പേ മുതൽ സിനിമ കാണുവാനുള്ള നെറ്റ്ഫ്‌ളിക്‌സ് ഉൾപ്പെടെ നിരവധി മൊബൈൽ ആപ്ലിക്കേഷനുകളെ ഓരോ ദിവസവും നമ്മുടെ വിരൽത്തുമ്പുകൾ സ്പർശിക്കുന്നു.

പുതിയ മുഖം

ഇന്ന് ആധുനിക ബിസിനസിന്റെ മുഖമാണ് മൊബൈൽ ആപ്ലിക്കേഷനുകൾ. ബിസിനസ് തന്ത്രങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി അവ മാറിക്കഴിഞ്ഞിരിക്കുന്നു. ബിസിനസും ഉപഭോക്താവും തമ്മിലുള്ള അതിഗാഢമായ ബന്ധം മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ സൃഷ്ടിക്കപ്പെടുന്നു.

നാം നേരത്തെ കണ്ടപോലെ പണം ട്രാൻസ്ഫർ ചെയ്യാനോ ചെക്ക് ബുക്ക് അപേക്ഷിക്കാനോ ബാങ്ക് സന്ദർശിക്കേണ്ട ആവശ്യമേയില്ല. ബാങ്കുമായി നിരന്തരം നടത്തുന്ന ഇടപാടുകളിൽ വലിയൊരു ഭാഗം നിങ്ങൾ എവിടെയാണോ അവിടെയിരുന്ന് ചെയ്യാവുന്ന സൗകര്യം മൊബൈൽ ആപ്ലിക്കേഷൻ ഉറപ്പുവരുത്തുന്നു. ഉപഭോക്താവിന് സമയവും പണവും ലാഭമാകുന്നു. കൂടുതൽ സേവനം ഉപഭോക്താവിന് നൽകുന്നതിലൂടെ തങ്ങളുടെ ബിസിനസ് നിലനിർത്താനും അഭിവൃദ്ധിപ്പെടുത്താനും ബാങ്കിന് സാധിക്കുന്നു.

സ്മാർട്ട്‌ഫോണിലെ അത്ഭുതങ്ങൾ

നിങ്ങൾക്ക് ഒരു പാട്ട് കേൾക്കണം. എങ്ങും പോകേണ്ടതില്ല. ടേപ്പ് റെക്കോർഡറോ സിഡി പ്ലെയറോ കമ്പ്യൂട്ടറോ ഒന്നും ആവശ്യമില്ല. സ്‌പോട്ടിഫൈ മൊബൈൽ ആപ്ലിക്കേഷൻ തുറന്നാൽ മാത്രം മതി. ഇനി ഒരു സിനിമ കാണണമെങ്കിലോ നെറ്റ്ഫ്‌ളി

ക്‌സ്, ആമസോൺ പ്രൈം, ഡിസ്‌നി ഹോട്ട്സ്റ്റാർ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറായി നിൽക്കുന്നു. ഓൺലൈനിൽ ഒരു ഡ്രസ്സ് വാങ്ങേണ്ടതുണ്ട് കമ്പ്യൂട്ടർ തുറക്കേണ്ടതില്ല. അതിനും നിങ്ങളുടെ ഫോണിൽ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ്.

ഏത് തുറയിലുള്ള ബിസിനസുകളെടുത്താലും അവയെ സമീപിക്കുവാൻ ഇന്ന് നിങ്ങളുടെ കയ്യിലുള്ള സ്മാർട്ട്  ഫോണിലൂടെ സാധിക്കും. ഒരു ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാൻ ഹോസ്പിറ്റലിൽ പോയി ക്യൂ നിൽക്കേണ്ടതില്ല. ഹോസ്പിറ്റലിന്റെ മൊബൈൽ ആപ്ലിക്കേഷൻ തുറക്കൂ. ജീവിതം എത്രമാത്രം ലളിതമായിരിക്കുന്നു.

ബിസിനസുകൾക്ക് മൊബൈൽ ആപ്ലിക്കേഷൻ ആവശ്യമോ?

ആവശ്യം എന്നതിലുപരി അനിവാര്യതയായി മാറിയിരിക്കുന്നു എന്നതാണ് ഉത്തരം. ഊബർ, സ്വിഗ്ഗി തുടങ്ങിയ ബിസിനസുകളെ ശ്രദ്ധിക്കൂ. അവരുടെ ബിസിനസ് മോഡൽ തന്നെ മൊബൈൽ ആപ്ലിക്കേഷനിൽ അധിഷ്ഠിതമാണ്. ഒരു ടാക്‌സി വിളിക്കാനോ ഭക്ഷണം ഓർഡർ ചെയ്യാനോ ഒട്ടും ബുദ്ധിമുട്ടേണ്ടതില്ല. നിങ്ങളുടെ വീട്ടുമുറ്റത്ത് ബിസിനസുകൾ സേവനം ലഭ്യമാക്കുന്നു.

ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനും വരുത്തിക്കുവാനും ഇന്ന് നമ്മൾക്ക്  സാധിക്കുന്നു. ലോകത്തിന്റെ ഏതോ ഒരു കോണിലെ ചെറിയ ഫാക്ടറി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നം സ്മാർട്ട് ഫോണിലെ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലോകം മുഴുവൻ വിൽക്കപ്പെടുന്നു. ഉപഭോക്താവിന് ബിസിനസുമായി നേരിട്ട് സംവദിക്കാവുന്ന, ഇടപാടുകൾ നടത്താവുന്ന ടണലായി ഇവ മാറുന്നു.

എന്താണ് മൊബൈൽ ആപ്ലിക്കേഷനുകൾ ചെയ്യുന്നത്?

  1. ബിസിനസ് ഉപഭോക്താവിന്റെയൊപ്പം സഞ്ചരിക്കുന്നു

ബിസിനസും ഉപഭോക്താവും തമ്മിൽ നേരിട്ടുള്ള ബന്ധം ഇവിടെ ഉടലെടുക്കുന്നു. ബിസിനസ് ഏത് സമയത്തും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഉപഭോക്താവിന്റെ വിരൽത്തുമ്പിൽ ലഭ്യമാണ്. ഒരു ഉൽപ്പന്നം വാങ്ങാനോ സേവനം ആവശ്യപ്പെടാനോ ബിസിനസിനെ അന്വേഷിച്ച് ഉപഭോക്താവ് അലയേണ്ട ആവശ്യമേയില്ല. ബിസിനസുമായി വൈയക്തികമായ ബന്ധം സ്ഥാപിക്കുവാൻ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉപഭോക്താവിന് സാധിക്കുന്നു. ബിസിനസുമായുള്ള ഇടപെടലുകൾ ലളിതവും സുതാര്യവുമാകുവാൻ ഇത് കാരണമാകുന്നു.

സ്റ്റാർബുക്‌സിന്റെ ഉപഭോക്താക്കൾക്ക്  തങ്ങൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓർഡർ ചെയ്യാം. പണം അതിലൂടെ തന്നെ പേ ചെയ്യാം. റിവാർഡുകളും അവർക്കു മാത്രമായിട്ടുള്ള വ്യക്തിപരമായ ഓഫറുകളും സ്വീകരിക്കാം. സ്വാഭാവികമായും ഇത് ഉപഭോക്താക്കളുടെ ബിസിനസുമായുള്ള കൂടുതൽ സംവദനവും ഇടപാടുകളും ഉറപ്പുവരുത്തുന്നു.

  1. ഏത് സമയത്തും എവിടേയും

തന്റെ സ്മാർട്ട്  ഫോണിൽ നിന്നും മൊബൈൽ ആപ്ലിക്കേഷൻ ഏത് സമയത്തും എവിടെനിന്നും ഉപഭോക്താവിന് പ്രാപ്യമാണ്. അതായത് ബിസിനസിന്റെ സേവനം ഇടമുറിയാതെ ലഭ്യമാണെന്നർത്ഥം. ഉപഭോക്താക്കളെ ബിസിനസിൽ നിലനിർത്താനും വിൽപ്പന വർദ്ധിപ്പിക്കുവാനും ഈ ലഭ്യത സഹായകമാകുന്നു.

പാതിരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങുന്ന ഒരു യാത്രക്കാരന് ടാക്‌സി അന്വേഷിച്ച് അലഞ്ഞുതിരിയേണ്ട ആവശ്യമില്ല. തന്റെ മൊബൈലിൽ ഊബർ ആപ്ലിക്കേഷനിൽ അമർത്തേണ്ട താമസമേയുള്ളൂ. വണ്ടി റെഡി. വിശന്നു വലയുമ്പോൾ സ്വിഗ്ഗി എടുക്കൂ ഭക്ഷണം അതാ ചൂടോടെ മുന്നിലെത്തുന്നു. ഈ സൗകര്യങ്ങൾ അവഗണിക്കുവാൻ ഉപഭോക്താവിന് എങ്ങിനെയാണ് സാധിക്കുക.

ആമസോൺ മൊബൈൽ ആപ്പിൽ ലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഇവിടെ ഒരു ഉൽപ്പന്നം വാങ്ങുവാൻ ഷോപ്പ് തുറക്കാൻ കാത്തുനിൽക്കേണ്ട. ഏത് സമയത്തും എവിടെ നിന്നും ഉൽപ്പന്നം ഓർഡർ ചെയ്യാം. ക്യാൻസൽ ചെയ്യാം, പരാതി സമർപ്പിക്കാം, റിവ്യൂ നൽകാം. ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലൂടെ ബിസിനസ് എത്ര ശക്തമായിരിക്കുന്നുവെന്ന് കാണൂ.

  1. വേഗതയും കൃത്യതയും കൂടുന്നു

ബിസിനസിന്റെ വേഗതയും കൃത്യതയും വർദ്ധിക്കുന്നു. ആഭ്യന്തരമായ പ്രക്രിയകൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുവാൻ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കപ്പെടുന്നു. സ്റ്റോക്ക് മാനേജ് ചെയ്യാനും ഓർഡറുകൾ ട്രാക്ക് ചെയ്യാനും ജീവനക്കാരെ മാനേജ് ചെയ്യുവാനും  മൊബൈൽ ആപ്ലിക്കേഷൻ സഹായകമാകുന്നു. ഇതുമൂലം ഉൽപ്പാദനക്ഷമത വർദ്ധിക്കുകയും ചെലവുകൾ കുറയുകയും ചെയ്യുന്നു. ബിസിനസിന്റെ വളർച്ചയ്ക്ക് വേഗതയേറുന്നു.

ഫെഡ്എക്‌സ് മൊബൈൽ ആപ്ലിക്കേഷൻ ഓരോ പാക്കേജും കാര്യക്ഷമമായി, കൃത്യതയോടെ ട്രാക്ക് ചെയ്യാൻ അവരെ സഹായിക്കുന്നു. വാഹനങ്ങളുടെ ഗതാഗതം പ്ലാൻ ചെയ്യാനും നടപ്പിലാക്കുവാനും ഉപഭോക്താക്കൾക്ക്  മികച്ച സേവനം നൽകുവാനും ഈ മൊബൈൽ ആപ്ലിക്കേഷൻ അവർക്ക്  തുണയാകുന്നു.

  1. ആരാണ് എന്റെ ഉപഭോക്താവ്?

മൊബൈൽ ആപ്ലിക്കേഷൻ വളരെ വിലപ്പെട്ട ഡാറ്റ ശേഖരിക്കുന്നുണ്ട്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഓരോ വ്യക്തിയുടേയും ഡാറ്റ അത് ശേഖരിക്കുകയും വിശകലനത്തിന് വിധേയമാക്കുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ രീതികൾ, മുൻഗണനകൾ, ട്രെൻഡുകൾ, ശീലങ്ങൾ, സവിശേഷത എന്നിങ്ങനെ എല്ലാം വിശകലനത്തിന് വിധേയമാകുന്നു. ഓരോ ഉപഭോക്താവിനേയും വ്യക്തിപരമായി ടാർഗറ്റ് ചെയ്യുവാൻ ഡാറ്റ അനാലിസിസ് ഉപയോഗിക്കുന്നു.

ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഓരോ വ്യക്തിയുടേയും ഡാറ്റ വിശകലനത്തിന് വിധേയമാക്കി അവർക്ക് താൽപ്പര്യമുള്ള കാര്യങ്ങളും പരസ്യങ്ങളും മുന്നിലേക്കെത്തിക്കാൻ ഫേസ്ബുക്കിന് സാധിക്കുന്നു. ഈ തന്ത്രത്തിലൂടെ അവർ തങ്ങളുടെ പരസ്യ വരുമാനം വർദ്ധിപ്പിക്കുന്നു.

  1. എതിരാളികൾക്ക് മുന്നിലോടാം

എതിരാളികളെ പിന്നിലാക്കി വിപണിയിൽ കുതിച്ചോടാൻ മൊബൈൽ ആപ്ലിക്കേഷൻ ബിസിനസുകളെ പ്രാപ്തമാക്കുന്നു. മത്സരത്തിന്റെ ലോകത്ത് ഉപഭോക്താക്കളെ ചേർത്തു  നിർത്തുന്ന ബിസിനസുകൾ എതിരാളികൾക്ക് മുന്നിലെത്തുന്നു. ബിസിനസും ഉപഭോക്താവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരിക്കുവാനും മൊബൈൽ ആപ്ലിക്കേഷൻ കാരണമാകുന്നു.

പരമ്പരാഗതമായ ഹോട്ടൽ ബിസിനസുകളെ പിന്നിലാക്കി അശൃയിയ മൊബൈൽ ആപ്ലിക്കേഷൻ വിപണിയിൽ തേരോട്ടം നടത്തിയത് നിങ്ങൾ ഓർമ്മിക്കുന്നുണ്ടാവും. ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാൻ അവർ വിരൽത്തുമ്പിൽ സൗകര്യം ഏർപ്പെടുത്തി. ഉപഭോക്താക്കൾ ഈ സൗകര്യം ഇരുകൈകളും നീട്ടി സ്വീകരിച്ചു. എതിരാളികൾക്ക് മുന്നിൽ ഒരു മുഴം നീട്ടിയെറിയാൻ അവർക്ക്  ഇതിലൂടെ സാധിച്ചു.

നിങ്ങളുടെ ബിസിനസിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ആവശ്യമുണ്ടോ? ചിന്തിക്കണം. ആവശ്യമുണ്ടെങ്കിൽ അത് ഉപഭോക്താക്കളുടെ കൈകളിലേക്കെത്തിക്കാൻ ഇനിയും വൈകരുത്. ബിസിനസിൽ മുടന്തി നീങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് അനിവാര്യമാണ്. എതിരാളികൾ അത് നിർമ്മിക്കുന്നതും വിപണിയിലേക്ക് അവതരിപ്പിക്കുന്നതും കാത്തിരിക്കാതെ കാലത്തിനൊപ്പം നടക്കുക. സാങ്കേതികത ബിസിനസിന് കുതിപ്പ് നൽകും. അത് സ്വീകരിക്കുക, വളരുക.