പ്ലാസ്റ്റിക് സാധ്യതകളുടെ വ്യവസായം

 

ലോറൻസ് മാത്യു

ഒരു പക്ഷേ മനുഷ്യ നിർമ്മിതമായ വസ്തുക്കളിൽ ഒരേ സമയം ഏറ്റവും പ്രയോജനപ്രദമായ ഒന്നും അതേ സമയം തന്നെ പരിസ്ഥിതിക്ക് ഏറ്റവും ഹാനികരവുമായ വസ്തുവും എന്നത് പ്ലാസ്റ്റിക് ആവാം. ഇന്നത്തെ പരിതസ്ഥിതിയിൽ പ്ലാസ്റ്റിക്കിനെ ഒഴിവാക്കിക്കൊണ്ട് ഒരു ജീവിതം സാധ്യമല്ല എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. അത്ര മേൽ മനുഷ്യ ജീവിതത്തോട് ഇഴുകി ചേർന്നിരിക്കുന്ന ഒന്നാണത്. പ്ലാസ്റ്റിക് നിരോധനം എന്നൊക്കെ നമ്മൾ കേൾക്കാറുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ചിന്തിച്ചാൽ അത് അസാധ്യമാണെന്ന് കാണാം. നിരോധനം എന്നത് പ്ലാസ്റ്റിക് കവറുകളിൽ മാത്രം ഒതുങ്ങുന്നയൊന്നാണ് എന്ന് ചിന്തിച്ചാൽ മനസ്സിലാവും. എന്നാൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന നിരവധി മേഖലകളുണ്ട്. ഇത്ര മേൽ ഭാരം കുറഞ്ഞതും ഒപ്പം തന്നെ ഉപയോഗപ്രദവുമായ മറ്റൊരു വസ്തു ഇല്ല എന്ന് കാണാം. ഇത് ഒരു പെട്രോളിയം ഡെറിവേറ്റീവ് ആണ്. അതായത് പെട്രോകെമിക്കലിൽ പെടുന്നയൊന്ന്. ലോകമാകമാനം വ്യാപിച്ച് കിടക്കുന്നയൊന്നാണ് പ്ലാസ്റ്റിക് വ്യവസായ മേഖല. ഏകദേശം 420 ബില്യൺ ഡോളറിന്റെ വ്യവസായമാണിത്. ഇതിൽ 40 ശതമാനത്തോളം പാക്കേജിങ്ങ് മേഖലയിലാണ്. വാഹന നിർമ്മാണം, ഹെൽത്ത് കെയർ, ഇലക്ട്രോണിക്സ്, കൺസ്ട്രക്ഷൻ, കൺസ്യൂമർ ഗുഡ്സ് തുടങ്ങി നിരവധി വ്യവസായങ്ങളുടെ നട്ടെല്ലാണ് പ്ലാസ്റ്റിക് എന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കുന്നത് ചൈനയാണ്. നോർത്ത് അമേരിക്കയും യൂറോപ്പുമാണ് തൊട്ട് പിറകിൽ. ഇന്ത്യയിൽ മാത്രം 40 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന 110000 കോടി രൂപ വിലമതിക്കുന്ന വ്യവസായമാണ് പ്ലാസ്റ്റിക്കിന്റേത്.

പ്ലാസ്റ്റിക് ഒരു പെട്രോളിയം ഡെറിവേറ്റീവ് ആയതിനാൽ മണ്ണിൽ ലയിക്കുന്നയൊന്നല്ല. ആയതിനാലാണ് അത് പരിസ്ഥിതിക്ക് ഏറ്റവും ഹാനികരമായി ഭവിക്കുന്നത്. പരമാവധി വേസ്റ്റേജ് ഒഴിവാക്കുകയെന്നതാണ് ഇതിനൊരു പോംവഴി. 3 R അനുവർത്തിക്കുകയെന്നതാണ് ഇതിന് പരിഹാരമായി ചെയ്യാവുന്നത്. അതായത് Reduce, Reuse and Recycle. പരമാവധി ഉപയോഗം കുറച്ച് സാധ്യമായ മറ്റ് മെറ്റീരിയലുകളിലേക്ക് മാറുകയെന്നതാണ് റെഡ്യൂസ് എന്നത് കൊണ്ടർത്ഥമാക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കാതെ വീണ്ടും ഉപയോഗിച്ച് കൊണ്ടേയിരിക്കുക എന്നതാണ് റീയൂസ് എന്നത്. ഉപയോഗിച്ച പ്ലാസ്റ്റിക് വസ്തുക്കൾ രൂപമാറ്റം വരുത്തി വീണ്ടും മറ്റുൽപ്പന്നങ്ങളാക്കി മാറ്റുന്നതാണ് റീസൈക്കിളിൽ ചെയ്യുന്നത്.

എന്നാൽ സാങ്കേതിക വിദ്യ ഏതൊരു വ്യവസായത്തിലും ഏറെ മാറ്റങ്ങൾ തീർക്കുമെന്നത് നിസ്തർക്കമുള്ള വസ്തുതയാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത പ്ലാസ്റ്റിക്ക് എന്ന ആശയത്തിലേക്ക് മനുഷ്യൻ എത്തിച്ചേർന്നിട്ട് കാലങ്ങൾ ഏറെയായി. അതായത് ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്. ഒരു പ്ലാസ്റ്റിക് മെറ്റീരിയൽ ജൈവാധിഷ്ഠിതമോ ബയോഡീഗ്രേഡബിൾ അല്ലെങ്കിൽ രണ്ടും ആണെങ്കിൽ ബയോപ്ലാസ്റ്റിക് എന്ന് നിർവചിക്കപ്പെടുന്നു. അതായത്, ബയോപ്ലാസ്റ്റിക്സ് ബയോബേസ്ഡ് അല്ലെങ്കിൽ ബയോഡീഗ്രേഡബിൾ ആകാം, അല്ലെങ്കിൽ രണ്ടും അടങ്ങിയിരിക്കാം.ബയോബേസ്ഡ് എന്നാൽ ഒരു വസ്തു അല്ലെങ്കിൽ ഉൽപ്പന്നം ഭാഗികമായി ബയോമാസിൽ നിന്ന് (സസ്യങ്ങൾ) ഉരുത്തിരിഞ്ഞതാണ്. ബയോബേസ്ഡ് എന്നാൽ ബയോഡീഗ്രേഡബിൾ എന്നല്ല. ബയോപ്ലാസ്റ്റിക്സിന് ഉപയോഗിക്കുന്ന ബയോമാസ് എക്സ്പ്രഷൻ അർത്ഥമാക്കുന്നത് ഉൽപ്പന്നത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്, ഉദാഹരണത്തിന്, ധാന്യം, കരിമ്പ് അല്ലെങ്കിൽ സെല്ലുലോസ്.

പരിസ്ഥിതിയിലെ സൂക്ഷ്മാണുക്കൾ കൃത്രിമ അഡിറ്റീവുകളുടെ ആവശ്യമില്ലാതെ തന്നെ പദാർത്ഥങ്ങളെ ജലം, കാർബൺ ഡൈ ഓക്സൈഡ്, കമ്പോസ്റ്റ് എന്നിവയുടെ സ്വാഭാവിക പദാർത്ഥങ്ങളായി മാറ്റുന്ന ഒരു രാസ പ്രക്രിയയാണ് ബയോഡീഗ്രേഡേഷൻ. സ്ഥലം, താപനില, ഈർപ്പം, മെറ്റീരിയൽ, പ്രയോഗം തുടങ്ങിയ പാരിസ്ഥിതിക സാഹചര്യങ്ങളെ ആശ്രയിച്ചാണ് ബയോഡീഗ്രേഡേഷൻ പ്രക്രിയ. ബയോഡീഗ്രേഡേഷൻ ഒരു വസ്തുവിന്റെ ഉറവിടവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് അതിന്റെ രാസഘടനയുമായി ബന്ധപ്പെട്ടതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 100 ശതമാനം ബയോ അധിഷ്ഠിത പ്ലാസ്റ്റിക്കുകളും ബയോഡീഗ്രേഡബിൾ അല്ല.

അനതിവിദൂരമായ ഭാവിയിൽ കണ്സ്ട്രക്ഷൻ മേഖലയിൽ ട്രെൻഡിംഗായി മാറുവാൻ പോകുന്നയൊന്നാണ് വുഡ് പ്ലാസ്റ്റിക് കോമ്പോസിറ്റ് എന്നത്. തടിക്ക് പകരമായി ഉപയോഗിക്കാവുന്ന ഇത് തടിയുടേയും പ്ലാസ്റ്റിക്കിന്റേറയും ഒരു മിശ്രിതമായി കണക്കാക്കാം. അറക്കപ്പൊടി, തടിയുടെ പൾപ്പ്, മുള തുടങ്ങിയവയൊക്കെ ഉപയോഗിച്ച് ഇത് ഉണ്ടാക്കാവുന്നതാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ തടിയുടെ വർക്ക്ഷോപ്പുകളിൽ നിന്നും ലഭിക്കുന്ന വേസ്റ്റ് ഉപയോഗിച്ച് ഇതുണ്ടാക്കുവാൻ കഴിയുമെന്നതാണ്.

നാനോ കോമ്പോസിറ്റുകളാണ് പ്ലാസ്റ്റിക് വ്യവസായത്തിലെ ഒരു പുത്തൻ ട്രെൻഡ്. ഒന്ന് മുതൽ നൂറ് നാനോ മീറ്റർ വരെ വലിപ്പമുള്ളതായ പാർട്ടിക്കിളുകളാണ് നാനോ മെറ്റീരിയൽ എന്നറിയപ്പെടുന്നത്. ഇത് പ്ലാസ്റ്റിക്കിൽ ചേർക്കുന്നതിനെയാണ് നാനോ കോമ്പോസിറ്റുകൾ എന്ന് പറയുന്നത്. ഇത് വഴി പ്ലാസ്റ്റിക്കിന്റെ പ്രോപ്പർട്ടിക്ക് വ്യത്യാസം വരുന്നു. Strength, Durability, Heat Resistance തുടങ്ങിയവയൊക്കെ ഇത് വഴി വർദ്ധിപ്പിക്കുവാൻ കഴിയും. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, മെഡിക്കൽ തുടങ്ങിയ മേഖലകളിലൊക്കെ നാനോ കോമ്പോസിറ്റുകൾ വ്യപകമായി ഉപയോഗിക്കുന്നുണ്ട്.

ബയോ നാനോ കോമ്പോസിറ്റുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. നാനോ പാർട്ടിക്കിളുകൾ പ്ലാസ്റ്റിക്കിൽ ചേർത്ത് അതിന്റെ പ്രോപ്പർട്ടിക്ക് മാറ്റം വരുത്തുന്നതാണ് നാനോ കോമ്പോസിറ്റ് എങ്കിൽ, ചേർക്കുന്ന നാനോ പാർട്ടിക്കിളുകൾ ുഹമി,േ മിശാമഹ മിറ ാശരൃീീൃഴമിശാെ എന്നിവയിൽ നിന്ന് എടുക്കുമ്പോൾ അത് ബയോ നാനോ കോമ്പോസിറ്റ് എന്ന് അറിയപ്പെടുന്നു. plant, animal and microorganism, cellulose, lignin and hemicellulose എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. മെഡിക്കൽ ഇംപ്ലാന്റ്സ് പോലുള്ളവയുണ്ടാക്കുവാൻ ഇത് ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഫുഡ് പ്രോസസിങ്ങ് പോലുള്ള വ്യവസായങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ഉപയോഗശൂന്യമാകുന്ന പ്ലാസ്റ്റിക്കുകൾ പുനരുപയോഗിക്കുന്നതിന്റെ ആവശ്യകതയും സാധ്യതയും ഇന്ന് ലോകമാകെ മനസ്സിലാക്കിയിട്ടുണ്ട്. ആയതിനാൽ ഈ നിലക്കുള്ള ഗവേഷണങ്ങൾ തുറന്നിടുന്ന സാധ്യതകൾ ഏറെയാണ്. ഇത് തുറക്കുന്നത് വലിയൊരു വ്യവസായത്തിലേക്കാണ്. കോൺക്രീറ്റ് കട്ടകൾക്ക് പകരമായി ഉപയോഗിക്കുവാൻ കഴിയുന്ന കട്ടകൾ വേസ്റ്റ് പ്ലാസ്റ്റിക്കിൽ നിന്നും ഉണ്ടാക്കുവാൻ കഴിയും. കെനിയയിൽ ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സ്റ്റാർട്ടപ്പ് ഉയർന്ന് വന്നിട്ടുണ്ട്. ഒപ്പം വസ്ത്രങ്ങൾ, ഫർണീച്ചറുകൾ തുടങ്ങിയവയൊക്കെ പ്ലാസ്റ്റിക്കിൽ നിന്നും ഉണ്ടാക്കുവാൻ കഴിയും.

3 D പ്രിന്റിങ്ങ് വ്യപകമായതോട് കൂടി പ്ലാസ്റ്റിക് ഉൽപ്പാദനത്തിൽ കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. മറ്റേതൊരു വ്യവസായത്തിലും 3 ഡി പ്രിന്റിങ്ങ് കൊണ്ട് വന്ന മാറ്റങ്ങൾ പോലെ പുത്തൻ മെഷിനറികൾ ഈ മേഖലയിലും ആവശ്യമായി വന്നിരിക്കുന്നു. വളരെ കുറഞ്ഞ അളവിലുള്ള വേസ്റ്റ് മാത്രമേ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നുള്ളു.

ഉൽപ്പാദന രംഗത്തെ സസ്റ്റയിനബിൾ എന്ന കൺസ്പെ്റ്റ് ഈ മേഖലയിലും ഉണ്ട്. കുറഞ്ഞ വേസ്റ്റ്, കൂറഞ്ഞ ഊർജ്ജ ഉപഭോഗം, കുറഞ്ഞ ചിലവിൽ ചെയ്യുക തുടങ്ങിയവയൊക്കെ ഇന്ന് ഈ വ്യവസായത്തിലും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഒപ്പം റിസൈക്ലിങ്ങ് പ്രോസസിലേക്ക് കെമിക്കൽ പ്രോസസ് വന്നിരിക്കുന്നു.

പ്ലാസ്റ്റിക് വ്യവസായം ഏറെ സാധ്യതകൾ ഉള്ളയൊന്നാണ്. എന്നാൽ പ്ലാസ്റ്റിക് നിരോധനം എന്ന പേര് പറഞ്ഞ് പൊതുജനങ്ങൾക്കിടയിൽ അവമതിയുണ്ടാക്കുന്നത് ശരിയായ പ്രവണതയല്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനാണ് നിരോധനം എന്നത് പലർക്കും ഇത് വരെ മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. അതിലുപരി മറ്റ് എത്രയോ വ്യവസായങ്ങളുടെ ആണിക്കല്ലാണ് പ്ലാസ്റ്റിക് എന്നത്. പ്ലാസ്റ്റിക്കിന്റെ പ്രോപ്പർട്ടികളിൽ മാറ്റം വരുത്തുവാനുള്ള ഗവേഷണങ്ങൾ തുടരേണ്ടിയിരിക്കുന്നു. ഒപ്പം റിസൈക്കിളിന്റെ വ്യവസായ സാധ്യതകളിലേക്ക് നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ഈ മേഖലയിൽ പുത്തൻ സ്റ്റാർട്ടപ്പുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു.