സംരംഭവികസനത്തിൽ പുതിയ ചരിത്രം രചിച്ച് നിയമപരിഷ്‌കാരങ്ങൾ

റ്റി. എസ്. ചന്ദ്രൻ

സംരംഭ പ്രോത്സാഹനത്തിന് ചരിത്രപരമായ നിയമ നിർമ്മാണമാണ് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നടന്നത്. 30 ദിവസത്തിനുള്ളിൽ സംരംഭങ്ങൾക്ക് അനുമതി ലഭിക്കാൻ നിയമം കൊണ്ടുവന്നു. അത് പൂർണ തോതിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. മുൻകൂർ ലൈസൻസ് എടുക്കാതെ തന്നെ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നിയമവും ഈ കാലഘട്ടത്തിൽ കൊണ്ടുവന്നു. വർഷങ്ങളായി സംരംഭകർ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളാണ് ഈ നിയമ നിർമാണങ്ങളിലൂടെ യാഥാർത്ഥ്യമായത്. കേരളത്തിലെ ലൈസൻസിംഗ് സമ്പ്രദായം അടിമുടി പരിഷ്‌കരിക്കുകയായിരുന്നു. ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ ലൈസൻസുകൾ സമ്പാദിക്കാൻ കഴിയുന്ന സാഹചര്യവും പുതിയ നിയമനിർമാണത്തെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായി.

30 ദിവസത്തിനുള്ളിൽ ലൈസൻസ്

2017 -18 മുതൽ നിരവധി പരിഷ്‌കാരങ്ങളാണ് സംസ്ഥാന സർക്കാർ കൊണ്ടുവന്നത്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമമാണ് 2018 ലെ കേരള ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട്. പഞ്ചായത്ത് രാജ്/ മുനിസിപ്പൽ ആക്ട് ഉൾപ്പെടെ 7 നിയമങ്ങളും 10 ചട്ടങ്ങളും  ഭേദഗതി ചെയ്തു കൊണ്ടാണ് ഈ ചരിത്രപരമായ നിയമം സംസ്ഥാനത്ത് കൊണ്ടുവന്നത്. സംസ്ഥാനത്തെ സംരംഭക ലൈസൻസിംഗ് സമ്പ്രദായം അപ്പാടെ തിരുത്തി എഴുതിയ ഒരു നിയമമായിരുന്നു ഇത്.

പഞ്ചായത്ത്/ മുൻസിപ്പൽ ലൈസൻസുകളുടെ പേര് തന്നെ മാറ്റി. അസഹ്യവും ആവൽക്കരവുമായ ലൈസൻസ് എന്നതുമാറ്റി ഫാക്ടറികൾ, വ്യാപാരങ്ങൾ, സംരംഭകത്വ പ്രവർത്തനങ്ങൾ, മറ്റു സേവനങ്ങൾക്കുള്ള ലൈസൻസ് എന്നാക്കി ലൈസൻസിനെ തന്നെ വ്യവസായ സൗഹൃദമാക്കി.

ലൈസൻസുകളുടെ കാലാവധി അഞ്ചു വർഷം വരെ എന്ന് നിശ്ചയിച്ചു. നിശ്ചിത ഫീസ് അടച്ചാൽ സ്വമേധയാ പുതുക്കാൻ സൗകര്യം ഓൺലൈനിൽ കൊണ്ടുവന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാനുള്ള അധികാരം പരിമിതപ്പെടുത്തി. ഏതെങ്കിലും ഒരു സ്ഥാപനം അതിന്റെ പ്രവർത്തനഫലമായി മാലിന്യം ഉണ്ടാക്കുന്നു എന്ന പരാതി വന്നാൽ ഇക്കാര്യത്തിൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് പോലുള്ള സ്ഥാപനത്തിന്റെ  റിപ്പോർട്ട് തേടേണ്ടതും പ്രശ്‌നം കണ്ടെത്തിയാൽ അത് പരിഹരിക്കാൻ മതിയായ സമയം സംരംഭകന് നൽകേണ്ടതുമാണ്. സാങ്കേതിക വകുപ്പിന്റെ നിയമം അനുസരിച്ച് അത് പരിഹരിച്ചില്ലെങ്കിൽ മാത്രമേ സ്ഥാപനം നിർത്തിവയ്ക്കാൻ ഉത്തരവ് നൽകാൻ കഴിയൂ എന്ന് ഈ നിയമം അനുശാസിക്കുന്നു.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡം അനുസരിച്ച് 25 തൊഴിലാളികളിൽ താഴെയുള്ള ഗ്രീൻകാറ്റഗറിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്തി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപന ലൈസൻസ് നൽകുന്നതാണ്.

സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ സെൽ നിലവിൽ വന്നു. അപേക്ഷയിൻമേലുള്ള പരിശോധനകളും ഓൺലൈൻ സംവിധാനങ്ങളും ഫലപ്രദമായും സമയബന്ധിതമായും നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നത് ഈ സെൽ ആയിരിക്കും. കേരള സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിനു വേണ്ടി സംയുക്ത അനുമതി നൽകാനും ഈ സെല്ലിന് അധികാരം ഉണ്ടായിരിക്കും.

ഭൂഗർഭജലം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ പ്രസ്തുത ബ്ലോക്കിൽ അനുവദിച്ചിരിക്കുന്ന അളവുവരെ വെള്ളം എടുക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ മതി എന്ന് വ്യവസ്ഥ ചെയ്തു. ലിഫ്റ്റുകളും, എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നതിനുള്ള ലൈസൻസിന്റെ കാലാവധി ഒരു വർഷത്തിൽ നിന്നും മൂന്നു വർഷമായി ഉയർത്തി.

കറന്റ് കണക്ഷൻ എടുക്കുന്നതിന് വേണ്ട രേഖകൾ സമർപ്പിച്ചാൽ മതി എന്ന് വ്യക്തമാക്കി. സംരംഭകന്റെ തിരിച്ചറിയൽ രേഖയും നിയമപരമായി വസ്തുവിന്മേലുള്ള അധികാരരേഖയുമാണ് ഹാജരാക്കേണ്ടത്.

മൂന്ന് തൊഴിൽ നിയമങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സംവിധാനം നിലവിൽവന്നു. നോക്കു കൂലി നിർത്തലാക്കി.

വകുപ്പുകൾ തമ്മിലുള്ള സംയുക്ത പരിശോധന രീതികൾ ആവിഷ്‌കരിച്ചു. പരിശോധനകൾ റിസ്‌കിന്റെ അടിസ്ഥാനത്തിൽ  മാത്രം മതി എന്നും ലഘൂകരിച്ചു.

എല്ലാ ലൈസൻസിനു വേണ്ടിയുള്ള അപേക്ഷകൾക്കും ഒരേയൊരു ഫോം ഉപയോഗിച്ചാൽ മതി എന്ന നിയമം കൊണ്ടുവന്നു.

ഏകജാലക സംവിധാനത്തിൽ പൊതു സോഫ്റ്റ് വെയർ കൊണ്ടുവന്നു. കെ – സ്വിഫ്റ്റ് (Kerala single window interface for fast and transparent clearance) എന്നതാണ് പുതിയ സംവിധാനം. ഇതിലൂടെ അപേക്ഷിക്കുന്ന വ്യക്തിക്ക് 30 ദിവസത്തിനുള്ളിൽ ലൈസൻസ് കൊടുക്കുന്ന തരത്തിലേക്ക് സംവിധാനം പരുവപ്പെടുത്തി. 30 ദിവസത്തിനുള്ളിൽ തീരുമാനമെടുത്തില്ലാ എങ്കിൽ ലൈസൻസ് കിട്ടിയതായി  രേഖ ലഭിക്കും. സംരംഭവുമായി മുന്നോട്ടു പോകാം. പ്രൊഫഷണൽ നികുതിദാതാക്കളുടെ രജിസ്‌ട്രേഷൻ നടപടികൾ ലഘൂകരിച്ചു. ചീഫ് ടൗൺ പ്ലാനിങ് ഓഫീസറെ അപ്പീൽ അധികാരി ആക്കി മാറ്റി. കെട്ടിട നിർമ്മാണ അനുമതികൾ ഇനി ജില്ലാ തലത്തിൽ തന്നെ ടൗൺ പ്ലാനറിൽ നിന്നും ലഭിക്കുന്ന സാഹചര്യമുണ്ടാകും.

ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നുള്ള നിരാക്ഷേപപത്രം ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫാർമ സ്ഥാപനങ്ങൾ, എന്നിവയ്ക്ക് മാത്രം ബാധകമാക്കി. മറ്റ് സ്ഥാപനങ്ങൾ എടുക്കേണ്ടതില്ല.

ഭൂഗർഭ ജലത്തിന്റെ വിനിയോഗം പുന:ചക്രമണം എന്നിവയിലും സംരംഭകർക്ക് അനുകൂലമായ നിയമനിർമ്മാണങ്ങൾ നടന്നു.

പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറിയുടെ ചുമതലകൾ മറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറാം എന്ന് വ്യവസ്ഥ ചെയ്തു. തന്മൂലം സെക്രട്ടറിയുടെ അഭാവത്തിലും അപേക്ഷകളിൽ നടപടിയെടുക്കാൻ കഴിയും.

മുൻകൂർ ലൈസൻസുകൾ ഒഴിവാക്കുന്നു

സംരംഭ പ്രോത്സാഹന രംഗത്ത് വന്ന മറ്റൊരു സുപ്രധാന നിയമ നിർമ്മാണമാണ് മുൻകൂർ ലൈസൻസുകൾ ഒഴിവാക്കിക്കൊണ്ട് സംരംഭം തുടങ്ങാൻ സാഹചര്യം ഒരുക്കുന്നു എന്നത്. കോളേജുകളിൽ നിന്നും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക്  തൊട്ടടുത്ത  ദിവസം  തന്നെ  സംരംഭങ്ങൾ ആരംഭിക്കുവാൻ കഴിയും. ലൈസൻസിനായി വർഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതി ഉണ്ടാവുകയില്ല. മുൻകൂർ ലൈസൻസുകൾ എടുക്കാതെ സംരംഭം ആരംഭിക്കുവാൻ ഈ നിയമം അനുമതി നൽകുന്നു. 2019 ലെ കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ട് ആണ് ഇപ്രകാരം അനുമതി നൽകുന്നത്.

പത്തു കോടിയിൽ താഴെ നിക്ഷേപം വരുന്നതും റെഡ് കാറ്റഗറിയിൽ വരാത്തതുമായ സംരംഭങ്ങളാണ് ഇങ്ങനെ ആരംഭിക്കാൻ കഴിയുക.  മൂന്നു വർഷത്തിനു ശേഷം ആറു മാസത്തിനുള്ളിൽ ആവശ്യമായ ലൈസൻസുകൾ സമ്പാദിച്ചാൽ മതിയാകും

ഈ കാലയളവിൽ പരിശോധനകൾ പോലും പാടില്ല എന്ന് ഈ നിയമം വ്യക്തമാക്കുന്നു. ഇതിനായി സംരംഭകർ സ്വയം നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കെ – സ്വിഫ്റ്റ് വഴി ഒരു കൈപ്പറ്റ് ചീട്ട് വാങ്ങിയാൽ മതി. ഇത് ഓൺലൈൻ വഴി ലഭിക്കുന്നു എന്നതിനാൽ നടപടികളും ലളിതമാണ്. കെട്ടിടത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നമ്പർ ലഭിക്കാത്തതു മൂലം കഷ്ടപ്പെടുന്ന സംരംഭകർക്ക് ആശ്വാസം പകർന്നു കൊണ്ട് കെ – സ്വിഫ്റ്റ് വഴി തന്നെ കെട്ടിടങ്ങൾക്ക് താൽക്കാലിക നമ്പർ നൽകുന്നതിന് നിയമം ഭേദഗതി ചെയ്തിരിക്കുന്നു. പഞ്ചായത്ത്/ മുൻസിപ്പൽ രാജ് ആക്ട് ഉൾപ്പെടെ ആറ് നിയമങ്ങൾ ഭേദഗതി ചെയ്താണ് ഈ നിയമം കൊണ്ടുവന്നത് എന്നതിനാൽ സംരംഭകർക്ക് എല്ലാവിധ നിയമപരിരക്ഷയും ലഭിക്കുന്നു.

നാനോ സംരംഭങ്ങൾക്ക് 

ലൈസൻസ് വേണ്ട

5 എച്ച്.പി. യിൽ താഴെ പവർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന നാനോ സംരംഭങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതിയിൽ നിന്നും പൂർണമായും ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് കുടുംബ സംരംഭങ്ങൾക്കും ലഘു സംരംഭങ്ങൾക്കും വലിയ ആശ്വാസം പകരുന്ന നടപടിയാണ്. 2020 ജനുവരി 21 നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ പോന്ന വലിയ ഒരു കാൽവെപ്പാണ് ഇത്.

കെട്ടിട നിർമ്മാണ ചട്ടങ്ങളിലും ഇളവുകൾ

കെട്ടിട നിർമ്മാണ ആവശ്യത്തിന് കൂടുതൽ ഭൂമി ഉപയോഗിക്കത്തക്ക വിധത്തിൽ കവറേജ് ഏരിയയും ഫ്‌ളോർ ഏരിയയും തമ്മിലുള്ള അനുപാതം വർദ്ധിപ്പിച്ചുകൊണ്ട് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഫയർ ആൻഡ് റെസ്‌ക്യൂവിന്റെ നിരാക്ഷേപപത്രം ആയിരം ചതുരശ്ര മീറ്ററിൽ താഴെയും ഉയരം 15 മീറ്റർ താഴെയും വരുന്ന കെട്ടിടങ്ങൾക്ക് വാങ്ങേണ്ടതില്ല, സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതി എന്ന് നിയമം അനുശാസിക്കുന്നു.

കേരളം പതിനഞ്ചാം റാങ്കിലേക്ക്

2022 ലെ വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളത്തിന്റെ നില പതിനഞ്ചാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നു. 2019 ൽ കേരളം 28-ാം സ്ഥാനത്ത് ആയിരുന്നു. മേൽ നിയമ പരിഷ്‌കാരങ്ങളാണ് ഈ നേട്ടം ഉണ്ടാക്കാൻ സഹായിച്ചത്. കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ആഭ്യന്തര വ്യാപാര വ്യവസായ പ്രോത്സാഹന വകുപ്പാണ് (Development for promotion of industry and internal trade) സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന വ്യവസായ സൗഹൃദ അന്തരീക്ഷത്തെ മുൻനിർത്തി റാങ്കിംഗ് അനുവദിക്കുന്നത്. ഇത് കേരളത്തിന് ലഭിച്ച വലിയ അംഗീകാരമാണ്.

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ സംരംഭകർക്ക് അനുകൂലമായി സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള നിയമ നിർമ്മാണങ്ങൾ അമൂല്യങ്ങളാണ് എന്ന് കൂടി ഇത് തെളിയിക്കുന്നു. കേരളം നടപ്പിലാക്കിയ ഒരു ലക്ഷം സംരംഭങ്ങൾ എന്ന ക്യാമ്പയിൻ കേന്ദ്ര ഗവൺമെന്റിന്റെ പ്രത്യേക അഭിനന്ദനങ്ങൾക്ക് പാത്രമായി എന്നതും ശ്രദ്ധേയം.

ജില്ലകൾ തോറുമുള്ള പരാതി പരിഹാര സംവിധാനം, ടെക്‌നോളജി ക്ലിനിക്കുകൾ, പരിഷ്‌കരിച്ച പരിശോധന സംവിധാനങ്ങൾ, സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങുന്നതിനുള്ള ലഘൂകരിച്ച നടപടികൾ, പത്തു കോടിക്ക് മുകളിലുള്ള സ്ഥാപനങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ അനുമതി നൽകുന്ന സംവിധാനം, തുടങ്ങിയവ എല്ലാം തന്നെ സംരംഭ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സർക്കാർ കൈക്കൊണ്ട ഊർജ്ജിത നടപടികളാണ്.

(സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)