വ്യവസായ സൗഹൃദത്തിന്റെ കേരളാമോഡൽ
മനോജ് മാതിരപ്പള്ളി
കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷം പുതിയൊരു പാതയിലാണ്. മുൻപൊരിക്കലും ഉണ്ടാകാത്ത തരത്തിൽ വലുതും ചെറുതുമായ വ്യവസായസ്ഥാപനങ്ങളെല്ലാം കരുത്താർജ്ജിച്ചിരിക്കുന്നു. ബഹുഭൂരിപക്ഷം പൊതുമേഖലാസ്ഥാപനങ്ങളും നേട്ടത്തിന്റെ വഴിയിലാണ്. ഇതിനെല്ലാം പുറമെ ലക്ഷക്കണക്കിന് പുതിയ സംരംഭങ്ങളും പ്രവർത്തനം ആരംഭിച്ചു. അനേകായിരം കോടിരൂപയുടെ നിക്ഷേപവും വന്നു. ഇതൊന്നും സ്വാഭാവികമായി സംഭവിച്ചതല്ല. കഴിഞ്ഞ ആറേഴു വർഷങ്ങൾകൊണ്ട് കൃത്യമായ കാഴ്ചപ്പാടോടുകൂടി രൂപപ്പെടുത്തി യെടുത്തതാണ്. ഇതിന്റെ ഭാഗമായി മികച്ച വ്യാവസായികാന്തരീക്ഷം ഒരുക്കാൻ വിഘാതമായി നിന്ന ചട്ടങ്ങളെല്ലാം കാലാനുസൃതമായി ഭേദഗതി ചെയ്യുകയും നൂതനമായ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തു. ഇതിൽ പലതും മറ്റു സംസ്ഥാനങ്ങൾ അത്ഭുതത്തോടെ വീക്ഷിച്ചുവെന്ന് മാത്രമല്ല, മാതൃകാപരമായി അനുകരിക്കാനും ശ്രമിക്കുന്നുണ്ട്.
ചട്ടഭേദഗതിയും വ്യവസായ വികസനവും
സംരംഭകവികസനത്തിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ചട്ടങ്ങളെല്ലാം പ്രായോഗികമായി ഭേദഗതി ചെയ്യാൻ വ്യവസായ വകുപ്പ് നടപടി സ്വീകരിക്കുന്നതിലൂടെ സംസ്ഥാനത്ത് ഗുണപരമായ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. സംരംഭങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിടനമ്പർ അനുവദിക്കുന്നതിനായി ചട്ടം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് ആഴ്ചകൾ മാത്രമെ ആയിട്ടുള്ളൂ. അമ്പതുകോടി രൂപവരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്കാണ് ഇത്തരത്തിൽ കെട്ടിടനമ്പർ അനുവദിക്കുക. ഇതിനുവേണ്ടി, 2020-ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയായിരുന്നു. പുതിയ വ്യവസായ സംരംഭം ആരംഭിക്കാൻ കെ-സ്വിഫ്റ്റ് മുഖേന അപേക്ഷ സമർപ്പിക്കുമ്പോൾ കൈപ്പറ്റ് സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തുന്ന നമ്പർ താൽക്കാലിക കെട്ടിടനമ്പറായി പരിഗണിക്കുന്ന തരത്തിലാണ് ഈ ഭേഗതി. ഇതോടെ, സംസ്ഥാനത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷം ഒന്നുകൂടി ശക്തിപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
കെ-സ്വിഫ്റ്റ് മുഖേന പുതിയ സംരംഭങ്ങൾക്ക് ആവശ്യമായ പ്രവർത്തനാനുമതി ലഭ്യമാക്കുന്നുണ്ടെങ്കിലും, അവയ്ക്ക് വായ്പ നേടുന്നതിന് ഉൾപ്പെടെ കെട്ടിടനമ്പർ ആവശ്യമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കൈപ്പറ്റ് സാക്ഷ്യപത്രത്തിലെ നമ്പർ താൽക്കാലിക കെട്ടിടനമ്പറായി പരിഗണിക്കുന്നതിന് വേണ്ടിയുള്ള ചട്ട ഭേദഗതി. കാലഹരണപ്പെട്ട വ്യവസായനിയമങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച ഡോ. കെ.സി. സണ്ണി കമ്മിറ്റിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുക യായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണവകുപ്പും വ്യവസായ വകുപ്പും തുടർച്ചയായ ചർച്ചകൾ നടത്തി. ഇതുപ്രകാരം, പുതിയ സംരംഭം ആരംഭിച്ച് മൂന്നു വർഷത്തിനകം സ്ഥിരമായ കെട്ടിടനമ്പർ നേടിയാൽ മതി. അതുവരെ താൽക്കാലിക കെട്ടിടനമ്പർ എല്ലാ ആവശ്യങ്ങൾക്കും വിനിയോഗിക്കാം.
ഇത്തരത്തിൽ മികച്ചൊരു വ്യവസായ സൗഹൃദാന്തരീക്ഷം രൂപപ്പെടുത്താൻ പര്യാപ്തമായ ഒട്ടേറെ ചട്ടഭേദഗതികൾ മുൻപും ചെയ്തിട്ടുണ്ട്. ഈ രംഗത്തെ ഏഴു നിയമങ്ങളും പത്തു ചട്ടങ്ങളും ഭേദഗതി ചെയ്തുകൊണ്ട് ‘കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷണൽ ആന്റ് ഫെസിലിറ്റേഷൻ ആക്ട്’ നടപ്പാക്കിയത് വലിയൊരു മാറ്റമായിരുന്നു. കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ നിയമത്തിൽ മറ്റു വ്യവസായങ്ങളെക്കൂടി ഉൾപ്പെടുത്തിയതും നിക്ഷേപകർക്ക് ഗുണകരമായി. പത്തുകോടി രൂപവരെ നിക്ഷേപമുള്ള സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമില്ലാത്ത തരത്തിലായിരുന്നു ചട്ടം രൂപീകരിച്ചത്. എംഎസ്എംഇകളുടെ നിക്ഷേപപരിധി പിന്നീട് 50 കോടി രൂപയായി ഉയർത്തി. സംരംഭം ആരംഭിച്ച് നിശ്ചിത കാലാവധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതിയെന്ന വ്യവസ്ഥ വന്നതോടെ വൻകുതിപ്പാണ് ഈ രംഗത്തുണ്ടായത്.
കെ-സ്വിഫ്റ്റും സംരംഭകവർഷവും
സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ആവശ്യമായ അംഗീകാരപത്രങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ ഏകജാലക സംവിധാനമാണ് കെ-സ്വിഫ്റ്റ്. പുതിയൊരു സംരംഭം ആരംഭിക്കണമെങ്കിൽ വിവിധ വകുപ്പിൽപ്പെട്ട സർക്കാർ ഓഫീസുകളിലൂടെ കയറിയിറങ്ങി ആവശ്യമായ സർട്ടിഫിക്കറ്റുകൾ നേടേണ്ട സാഹചര്യമാണ് നേരത്തെ ഉണ്ടായിരുന്നത്. ഇത് സംരംഭകരെ ഏറെ ബുദ്ധിമുട്ടിക്കുകയും സംരംഭം തുടങ്ങുന്നതിൽ വലിയ കാലതാമസം വരുത്തുകയും ചെയ്യുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാൽ, കെ-സ്വിഫ്റ്റ് വന്നതിലൂടെ സംരംഭകൻ ഏകജാലക സംവിധാനം വഴി ഓൺലൈനായി അപേക്ഷ നൽകിയാൽ മാത്രം മതി. അഗ്നിശമനസേന, തൊഴിൽ, പഞ്ചായത്ത്, മുൻസിപ്പാലിറ്റി, വൈദ്യുതി, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, ഭൂഗർഭജലം, മലിനീകരണ നിയന്ത്രണ ബോർഡ്, വനം, നഗരാസൂത്രണം, ഖനനം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുടങ്ങിയ വകുപ്പുകളുടെ യെല്ലാം സേവനം കെ-സ്വിഫ്റ്റ് ലഭ്യമാക്കും.
ഇത്തരത്തിൽ, സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ കെ-സ്വിഫ്റ്റ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതോടൊപ്പം സംരംഭകവർഷം പദ്ധതി കൂടിയായതോടെ ഗ്രാമീണമേഖലയിൽ പോലും ഒട്ടേറെ പുതിയ സംരംഭങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഈ മേഖലയിൽ വൻകുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ സമാനതകളില്ലാത്ത പദ്ധതിയായിരുന്നു സംരംഭകവർഷം. 2022-23 സാമ്പത്തികവർഷം കേരളത്തിൽ ഒരുലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംരംഭകരെ സഹായിക്കുന്നതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇന്റേൺസിനെ നിയോഗിച്ചു. പുതുസംരംഭങ്ങൾ തുടങ്ങാൻ താൽപ്പര്യമുള്ളവർക്ക് ആവശ്യമായ ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശവും നൽകുകയും വായ്പ ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവരെ സഹായിക്കുകയുമാണ് ഇന്റേൺസുകൾ ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഒരുലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യം നിശ്ചിത കാലാവധി എത്തുംമുൻപേ വലിയ തോതിൽ മറികടക്കാൻ സാധിച്ചു.
ഇതേത്തുടർന്ന് നടപ്പുസാമ്പത്തികവർഷത്തിൽ സംരംഭകവർഷം-2 പദ്ധതി നടപ്പാക്കി വരികയാണ്. ഈ വർഷവും ഒരു ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങുകയെന്നതാണ് ലക്ഷ്യം. ഇതിനോടും വലിയ പ്രതികരണമാണ് പൊതുസമൂഹത്തിൽനിന്നും ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഓരോ മാസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തിലധികം പുതിയ സംരംഭങ്ങൾ പ്രവർത്തനം ആരംഭിക്കുന്നു. ഇതിന് ആനുപാതികമായ രീതിയിൽ നിക്ഷേപവും തൊഴിലവസരവും വൻതോതിൽ വർദ്ധിക്കുന്നുണ്ട്. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുക, പുതുതായി തുടങ്ങുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ 70 ശതമാനമെങ്കിലും വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പുതുസംരംഭങ്ങളുടെ വിറ്റുവരവിൽ അഞ്ചുശതമാനം വളർച്ചാനിരക്ക് ഉറപ്പാക്കുക എന്നിവയും രണ്ടാംഘട്ട പദ്ധതിയുടെ ലക്ഷ്യമാണ്. വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുമായി തദ്ദേശസ്വയംഭരണം, ടൂറിസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളെല്ലാം സഹകരിക്കുന്നുണ്ട്.
പുതിയ പദ്ധതികളിലും പ്രതീക്ഷ
കേരളം വ്യവസായസൗഹൃദ സംസ്ഥാനമാണെന്ന കാര്യത്തിൽ രാജ്യത്തെ പ്രമുഖ വ്യവസായികൾക്കും മാധ്യമങ്ങൾക്കും ഒരേ നിലപാടാണ്. ഇതിന്റെ പ്രതിഫലനം ഇവിടുത്തെ നിക്ഷേപത്തിലും ഉണ്ടാകുന്നുണ്ട്. കിൻഫ്രയുടെ കാര്യം മാത്രം ഉദാഹരണമായെടുത്താൽ ഇക്കാര്യം വ്യക്തമാകും. ഇപ്പോഴത്തെ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒന്നര വർഷത്തിനുള്ളിൽ 1800 കോടിരൂപയുടെ നിക്ഷേപം സംസ്ഥാനത്ത് കൊണ്ടുവരികയെന്ന റെക്കോർഡ് നേട്ടം കൈവരിക്കാൻ കിൻഫ്രയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ മാസത്തെ കണക്കുകൾപ്രകാരം 2023-ൽ നവംബർ മാസമായപ്പോഴേയ്ക്കും ആയിരംകോടിയുടെ നിക്ഷേപം ഇവിടെയെത്തി. ഇതുവഴി ഏഴായിരത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഇത് കേരളത്തിലെ ഏതെങ്കിലുമൊരു കിൻഫ്ര പാർക്കിന്റെ മാത്രം സ്ഥിതിയല്ല.
ടാറ്റ കൺസൾട്ടൻസി സർവീസസ് കൊച്ചിയിലെ കാക്കനാട് കിൻഫ്ര പാർക്കിൽ 600 കോടി രൂപയുടെ നിക്ഷേപമാണ് നടത്താൻ പോകുന്നത്. തിരുവനന്തപുരം കിൻഫ്ര പാർക്കിലെ രണ്ടുലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടത്തിൽ ഇതിനകം തന്നെ ടാറ്റ എലക്സി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഇതുകൂടാതെ സ്വദേശത്തും വിദേശത്തുമുള്ള മറ്റു നിരവധി കമ്പനികളും വിവിധ കിൻഫ്ര പാർക്കുകളിലായി പ്രവർത്തനം ആരംഭിക്കുകയാണ്. ജർമ്മൻ ഓട്ടോമേഷൻ കമ്പനിയായ ഡി സ്പേസ്, വിൻവിഷ്, വി-ഗാർഡ്, അഗാപ്പെ, ഹൈക്കോൺ തുടങ്ങിയ കമ്പനികളെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ കേരളത്തിന്റെ വ്യാവസായിക വികസനത്തിൽ സുപ്രധാന പങ്കുവഹിക്കാൻ കിൻഫ്രയ്ക്ക് സാധിക്കുന്നുണ്ട്. ഇതോടൊപ്പം കെ.എസ്.ഐ.ഡി.സിയും ജില്ലാ വ്യവസായകേന്ദ്രങ്ങളുമെല്ലാം മികച്ച പ്രവർത്തനം നടത്തുന്നു.
ഇതോടൊപ്പം മറ്റു നിരവധി പദ്ധതികളും വരാനുണ്ട്. ചിലതെല്ലാം ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് സുഗന്ധവ്യഞ്ജനങ്ങൾക്ക് വേണ്ടി മാത്രമായുള്ള ആദ്യത്തെ സ്പൈസസ് പാർക്ക് ഇത്തരത്തിലൊന്നാണ്. ഇടുക്കി ജില്ലയിലെ മുട്ടത്തിന് സമീപം ഒരുമാസം മുൻപാണ് 20 ഏക്കർ വിസ്തൃതിയിൽ കിൻഫ്ര സ്പൈസസ് പാർക്ക് പ്രവർത്തനം ആരംഭിച്ചത്. വിവിധയിനം സുഗന്ധ വ്യഞ്ജനങ്ങളുടെ ഉത്പാദനവും വിപണനവുമാണ് പാർക്കിന്റെ ലക്ഷ്യം. ഇപ്പോൾ തന്നെ നിരവധി സംരംഭങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. സ്പൈസസ് പാർക്കിന്റെ രണ്ടാംഘട്ടം അടുത്ത വർഷം പൂർത്തീകരിക്കാനും പദ്ധതിയുണ്ട്. കേരള റബ്ബർ പാർക്കും റൈസ് പാർക്കും ഇതേ രീതിയിൽ പ്രതീക്ഷ നൽകുന്നതാണ്. ഇതിനുപുറമെ, കണ്ണൂരിൽ പുതിയ ഐ.ടി. പാർക്ക് സ്ഥാപിക്കുന്നതിനും സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. കിൻഫ്ര ഏറ്റെടുക്കുന്ന അയ്യായിരം ഏക്കർ സ്ഥലത്തുനിന്നാവും പാർക്കിന് ആവശ്യമായ ഭൂമി കണ്ടെത്തുക.
കൊച്ചി അമ്പലമുകളിൽ നിർമ്മാണം നടന്നുവരുന്ന പെട്രോ കെമിക്കൽ പാർക്കാണ് മറ്റൊരു അഭിമാനപദ്ധതി. 1200 കോടിരൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പതിനായിരം കോടി രൂപയുടെ നിക്ഷേപം വരുമെന്നും പതിനൊന്നായിരം തൊഴിലവസരം ഉണ്ടാകുമെന്നുമാണ് വിലയിരുത്തൽ. എഫ്എസിടിയുടെ ഭൂമിവാങ്ങി 482 ഏക്കർ സ്ഥലത്താണ് പാർക്ക് സ്ഥാപിക്കുന്നത്. അടുത്ത വർഷമായിരിക്കും പെട്രോ കെമിക്കൽ പാർക്കിന്റെ ഉദ്ഘാടനം നടക്കുകയെങ്കിലും ഇതിനകം തന്നെ നിരവധി യൂണിറ്റുകൾക്ക് സ്ഥലം അനുവദിച്ചുകഴിഞ്ഞു. ഇതിൽ ചിലതെല്ലാം പ്രവർത്തനവും ആരംഭിച്ചു.
ഈ രീതിയിൽ കേരളത്തിന്റെ വൻകിട-സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖല അടിമുടി മാറുകയാണ്. ഈ മാറ്റത്തിന് കൂടുതൽ ഊർജ്ജവും വേഗതയും നൽകുന്ന പദ്ധതികളുമായി വ്യവസായ വകുപ്പും സംസ്ഥാന സർക്കാരും കരുതലോടെ ഒപ്പം നിൽക്കുന്നു.