ബൗഫന്റ് ക്യാപ്പ് നിർമ്മാണം

ഡോ. ബൈജു നെടുങ്കേരി

കേരളത്തിൽ ഭക്ഷ്യ സംസ്കരണ വ്യവസായം മുന്നേറ്റത്തിന്റെ പാതയിലാണ്. കേരളത്തിൽ അടുത്ത കാലത്തായി നിരവധി ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന കാർഷിക വിളകളുടെ സംസ്കരണവും മൂല്യവർദ്ധനവും മുൻനിർത്തിയാണ് ടി യൂണിറ്റുകളുടെ പ്രവർത്തനം. വീടുകളിൽ വ്യവസായം ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയതോടുകൂടി ഉപജീവനസംരംഭം എന്ന നിലയിൽ നിരവധിയാളുകൾ ചെറുകിട ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ ആരംഭിച്ചു. കയറ്റുമതി ലക്ഷ്യമിട്ട് ലോകോത്തര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന കമ്പനികളും കേരളത്തിൽ പ്രവർത്തിച്ച് വരുന്നുണ്ട്. സമുദ്രോൽപന്ന കയറ്റുമതിയിലും കേരളത്തിന് നല്ലൊരു പങ്കാളിത്തമുണ്ട്.

     അതുകൊണ്ട് തന്നെ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളിലെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന ഉൽപ്പന്നങ്ങൾക്കും കേരളത്തിൽ നല്ല വിപണിയുണ്ട്. കേരളത്തിൽ ഭക്ഷ്യ സംസ്കരണ വ്യവസായത്തിൽ ധാരാളമായി ആവശ്യമുള്ള ഉൽപ്പന്നമാണ് ബൗഫന്റ് ക്യാപ്പ് അഥവാ ഡിസ്പോസിബിൾ ഹെയർ ക്യാപ്പ്.

എന്താണ് ബൗഫന്റ് ക്യാപ്പ്
     ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളിൽ പ്രവർത്തിക്കുന്നവർ പ്രോസസ്സിംഗ് ഏരിയയിൽ പ്രവേശിക്കുമ്പോൾ തലമുടി മുഴുവനായി മറച്ചുകൊണ്ട് ധരിക്കുന്ന ഡിസ്പോസിബിൾ ഹെയർ ക്യാപ്പാണ് ബൗഫന്റ് ക്യാപ്പ്. കനം കുറഞ്ഞ പോളി പ്രൊപ്പലീൻ ഫാബ്രിക്കിൽ നിന്നാണ് ബൗഫന്റ് ക്യാപ്പുകൾ നിർമ്മിക്കുന്നത്. ഇതിനായി ഓട്ടോമാറ്റിക് യന്ത്രങ്ങൾ ലഭ്യമാണ്.

കേരളത്തിലെ സാധ്യതകൾ
     ഭക്ഷ്യോൽപന്നങ്ങളുടെ സംസ്കരണശാലകൾ, കാറ്ററിംഗ് യൂണിറ്റുകൾ, ഹോട്ടലുകൾ, മത്സ്യ ഉൽപന്ന കയറ്റുമതി ശാലകൾ, ചെറുകിട ഭക്ഷ്യ ഉൽപന്ന നിർമ്മാതാക്കൾ, സുഗന്ധ വ്യജ്ഞന സംസ്കരണ കേന്ദ്രങ്ങൾ, ലബോറട്ടറികൾ, ഹോസ്പിറ്റലുകൾ തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലെല്ലാം ബൗഫന്റ് ക്യാപ്പുകൾ ആവശ്യമുണ്ട്. ഒരു ഷിഫ്റ്റിൽ ഒരു തൊഴിലാളിക്ക് ഒന്ന് വീതം ബൗഫന്റ് ക്യാപ്പുകളാണ് ഉപയോഗിക്കുന്നത്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ബൗഫന്റ് ക്യാപ്പുകൾ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിൽ നിർമ്മിക്കാനായാൽ വലിയ അവസരം പ്രധാനം ചെയ്യുന്ന ഒരു സംരംഭമാണ് ബൗഫന്റ് ക്യാപ്പുകളുടെ നിർമ്മാണം.

മാർക്കറ്റിംഗ്
     ഹോട്ടലുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ, ചെറുകിട ഭക്ഷ്യ ഉൽപ്പാദകർ, സമുദ്രോൽപ്പന്ന കയറ്റുമതിക്കാർ തുടങ്ങിയ ബൾക്ക് ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുന്ന രീതിയാണ് ഏറ്റവും ലാഭകരം.  1000 ക്യാപ്പുകൾ നിറച്ച ബോക്സുകളിൽ വിൽപ്പനക്ക് എത്തിക്കാം. നേരിട്ട് ഓർഡർ ശേഖരിച്ച് പാഴ്സൽ വഴിയോ കൊറിയർ വഴിയോ അയച്ച് നൽകാം. ചെറിയ ഉപഭോക്താക്കൾക്കായി 500 എണ്ണം, 200 എണ്ണം, 100 എണ്ണം തുടങ്ങിയ ചെറിയ പായ്ക്കുകളും വിപണി യിലെത്തിക്കാം. ചെറിയ പായ്ക്കുകളുടെ വിൽപ്പനയ്ക്ക് വിതരണക്കാരെ നിയോഗിക്കുന്നതാണ് നല്ലത്. വലിയ പായ്ക്കുകളും ചെറിയ പായ്ക്കുകളും തമ്മിൽ വിലയിലും വിത്യാസങ്ങളുണ്ടാകും. കേരളത്തിൽ തന്നെ നിർമ്മിക്കുന്ന ഉൽപ്പന്നം എന്ന ലേബലിൽ മാർക്കറ്റ് ചെയ്യുന്നത് ഗുണകരമാകും.

അസംസ്കൃത വസ്തു
     8 മുതൽ 10 വരെ ഴാെ ഉള്ള പോളി പ്രൊപ്പിലീൻ ഫാബ്രിക്കിൽ നിന്നാണ് ബൗഫന്റ് ക്യാപ്പുകൾ നിർമ്മിക്കുന്നത്.  കേരളത്തിൽ ഇത്തരം ഫാബ്രിക്കുകൾക്ക് ഡീലർമാരുണ്ട്.   പ്രധാനമായും നീല, പച്ച, വെള്ള നിറങ്ങളിലുള്ള ക്യാപ്പുകളാണ് വിപണിയിലുള്ളത്.  അതാത് കളറുകളിലുള്ള ഫാബ്രിക്കുകൾ ഉപയോഗിച്ചാണ് ക്യാപ്പുകൾ നിർമ്മിക്കുന്നത്. വലിയ റോളുകളായാണ് ഇത്തരം ഫാബ്രിക്കുകൾ ലഭിക്കുന്നത്.  റോളുകൾ നേരിട്ട് യന്ത്രത്തിൽ ലോഡ് ചെയ്യാനാകും. പായ്ക്കിങ്ങിനായി കോർഗേറ്റഡ് കാർട്ടൺ, ഡ്യൂപ്ളെക്സ് കാർട്ടൺ, പ്ലാസ്റ്റിക്ക് കവറുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. 100 എണ്ണം വീതം പ്ലാസ്റ്റിക്ക് കവറുകളിൽ നിറച്ച് സീൽ ചെയ്ത് കോർഗേറ്റഡ് കാർട്ടണുകളിൽ പായ്ക്ക് ചെയ്താണ് വിപണിയിലെത്തിക്കുന്നത്. ചെറിയ പായ്ക്കുകൾക്ക് ഡ്യൂപ്ളെക്സ് കാർട്ടണുകൾ ഉപയോഗിക്കും.

നിർമ്മാണ രീതി
     നിർമ്മാണത്തിന് പൂർണ്ണമായും ഓട്ടോമാറ്റിക്ക് യന്ത്രമാണ് ഉപയോഗിക്കുന്നത്. 21′-24′ എന്നീ സൈസുകളാണ് പ്രധാനമായും നിർമ്മിക്കുന്നത്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് 21′ ബൗഫന്റ് ക്യാപ്പുകളാണ്. പോളിപ്രോപ്പലിൻ ഫാബ്രിക്ക് റോൾ യന്ത്രത്തിൽ ലോഡ് ചെയ്ത് അളവുകളും സെറ്റ് ചെയ്ത് കഴിഞ്ഞാൽ യന്ത്രം തനിയെ നിർമ്മാണം നടത്തും. ഒരു മണിക്കൂറിൽ 5000 ക്യാപ്പുകൾ നിർമ്മിക്കാം. ടി ക്യാപ്പുകൾ പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നതാണ് നിർമ്മാണ രീതി. രണ്ട് ജീവനക്കാരാണ് നിർമ്മാണത്തിനും പായ്ക്കിങ്ങിനുമായി ആവശ്യമായി വരിക.

മൂലധന നിക്ഷേപം
   പ്രതിദിനം 40000 ബൗഫന്റ് ക്യാപ്പുകൾ നിർമ്മിക്കുന്നതിന് ശേഷിയുള്ള യന്ത്രം
ബൗഫന്റ് ക്യാപ്പ്  നിർമ്മാണ യന്ത്രം – 9,80,000
പ്രവർത്തന മൂലധനം                  – 2,50,000
ഇതര ചിലവുകൾ                         –     50,000
ആകെ                                        – 12,80,000

പ്രവർത്തന വരവ് ചിലവ് കണക്ക്

ചിലവ്
പ്രതിദിനം 40000 ക്യാപ്പുകൾ ഉല്പാദിപ്പിക്കുന്നതിന്റെ ചിലവ്
ഫാബ്രിക്കിന്റെ വില                       – 9800
വേതനം                                         – 1000
വൈദ്യുതി ചാർജ്                      –   250
ഇതര ചിലവുകൾ                      –   200
പായ്ക്കിങ് & ട്രാൻസ്പോർട്ടിംഗ് – 1500
ആകെ                                     – 12750

വരവ്
പ്രതിദിനം 40000 ക്യാപ്പുകൾ വിറ്റഴിക്കുമ്പോൾ ലഭിക്കുന്നത് 40000 x 0.60 = 24,000

ലാഭം
24000 – 12750 = 11,250

യന്ത്രങ്ങൾ പരിശീലനം
ബൗഫന്റ് ക്യാപ്പ് നിർമ്മാണ യന്ത്രവും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും.
0485 – 2999990, 9446713767

ലൈസൻസ്
ഉദ്യം രജിസ്ട്രേഷൻ, കെ-സ്വിഫ്റ്റ്, ജി എസ് ടി, പായ്ക്കിംഗ് ലൈസൻസ് എന്നിവ നേടി വ്യവസായം ആരംഭിക്കാം.