മൈക്രോ & സ്മാൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിൽ

ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ് ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്

   സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ ഉത്പന്നങ്ങൾ/ സേവനങ്ങൾ, വിപണന/ നിർവ്വഹണ ശേഷം ഒരു നിശ്ചിത കാലയളവിനുള്ളിൽ ആയതിനു ലഭിക്കേണ്ട പ്രതിഫലം (തുക) ലഭ്യമാകുന്നതിൽ കാലതാമസം വരുകയാണെങ്കിൽ പ്രസ്തുത തുക പലിശ സഹിതം ഈടാക്കി ഉത്പാദകന് / സേവന ദാതാവിനു സമയബന്ധിതമായി നൽകാൻ പര്യാപ്തമായ അർദ്ധ ജുഡീഷ്യൽ സ്വഭാവമുള്ള ഒരു സ്റ്റാറ്റിയൂട്ടറി സംവിധാനമാണ് മൈക്രോ ആൻഡ് സ്മാൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിൽ.

   കേന്ദ്ര സർക്കാർ 2006 ൽ പാസ്സാക്കിയ MSMED നിയമം പ്രകാരമാണ് പ്രസ്തുത കൗൺസിലിന്റെ രൂപീകരണവും പ്രവർത്തനവും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ സംവിധാനം നടപ്പാക്കണമെന്നും മൂന്നിൽ കുറയാത്തതും അഞ്ചിൽ കവിയാത്തതുമായ അംഗങ്ങൾ അടങ്ങിയ ഒന്നോ അതിൽ കൂടുതലോ ഫെസിലിറ്റേഷൻ കൗൺസിലുകൾ അധികാര പരിധി നിർണ്ണയിച്ചുകൊണ്ടുള്ള സർക്കാർ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു കൊണ്ട് സ്ഥാപിക്കേണ്ടതാണ് എന്നും പ്രസ്തുത നിയമം നിഷ്കർഷിക്കുന്നു.

  ഉത്പന്നമോ/ സേവനമോ, വിപണന/ നിർവ്വഹണവുമായി ബന്ധപ്പെട്ട് തുക ലഭിക്കേണ്ടതിനെ സംബന്ധിച്ച് ഒരു കൃത്യമായ തീയതി രേഖാമൂലം നിഷ് കർഷിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത തീയതിക്കകം തുക ലഭിച്ചില്ലെങ്കിലോ രേഖാമൂലം കൃത്യമായി ഒരു തീയതി ഇല്ലെങ്കിൽ ഉത്പന്നമോ സേവനമോ ഗുണഭോക്താവ് കൈപ്പറ്റി പരമാവധി 45 ദിവസത്തിനുള്ളിൽ തുക ലഭിച്ചില്ലെങ്കിലോ ഉത്പാദകന്/ സേവനദാതാവിന് പ്രസ്തുത കൗൺസിലിനെ സമീപിക്കാവുന്നതാണ്. അപേക്ഷകർ 2006 ലെ MSMED നിയമപ്രകാരമുള്ള രജിസ്ട്രേഷൻ (ഉദ്യം/ ഉദ്യോഗ് ആധാർ) ശരിയായ രീതിയിൽ ആർജിച്ചിട്ടുള്ളവരായിരിക്കണം. അപേക്ഷകർ അവരുടെ പരാതികൾ https://samadhaan.msme.gov.in എന്ന വെബ്പോർട്ടൽ വഴി അവശ്യം വേണ്ട രേഖകൾ സഹിതം സമർപ്പിക്കണം.

  MSME സമാധാൻ വെബ് പോർട്ടലിലൂടെ സമർപ്പിക്കപ്പെടുന്ന അപേക്ഷകളുടെ ബാഹുല്യം പരിഗണിച്ച് സമയബന്ധിതമായി നീതി ലഭ്യമാക്കുന്നതിന് കേരള സർക്കാർ, 2006 ലെ MSMED, നിയമത്തിലെ വകുപ്പ് 20, 30 പ്രകാരം സംസ്ഥാന മൈക്രോ ആൻഡ് സ്മാൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിലിനു പുറമേ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ആസ്ഥാനമാക്കിക്കൊണ്ട് റീജിയണൽ മൈക്രോ ആൻഡ് സ്മാൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിലുകളും രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

 കേരള സംസ്ഥാനത്തിനു കീഴിൽ രജിസ്ട്രേഷൻ (ഉദ്യം/ ഉദ്യോഗ് ആധാർ) ആർജിച്ചിട്ടുള്ള അപേക്ഷകരിൽ നിന്നുള്ള ഒരു കോടി രൂപയ്ക്കു മേൽ അവകാശവാദം (Claim) ഉന്നയിച്ചിട്ടുള്ള അപേക്ഷകൾ തിരുവനന്തപുരം വ്യവസായ വാണിജ്യ ഡയറക്ടറേറ്റിലെ സംസ്ഥാന മൈക്രോ ആൻഡ് സ്മാൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിലിനു മുമ്പാകെ സമർപ്പിക്കാവുന്നതാണ്. ഒരു കോടി രൂപയ്ക്കു താഴെ അവകാശവാദം (Claim) ഉള്ള അപേക്ഷകളിൽ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള അപേക്ഷകൾ തിരുവനന്തപുരം റീജിയണൽ മൈക്രോ ആൻഡ് സ്മാൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിൽ (ജില്ലാ വ്യവസായ കേന്ദ്രം, തിരുവനന്തപുരം) മുമ്പാകെയും; കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ള അപേക്ഷകൾ എറണാകുളം റീജിയണൽ മൈക്രോ ആൻഡ് സ്മാൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിൽ (ജില്ലാ വ്യവസായ കേന്ദ്രം, എറണാകുളം) മുമ്പാകെയും; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ നിന്നുള്ള അപേക്ഷകൾ കോഴിക്കോട് റീജിയണൽ മൈക്രോ ആൻഡ് സ്മാൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിൽ (ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട്) മുമ്പാകെയും സമർപ്പിക്കാവുന്നതാണ്.
സംരംഭകർക്ക് ഇതുമായി ബന്ധപ്പെട്ടു ആവശ്യമുള്ള മാർഗ നിർദേശങ്ങൾക്കായി അതത് ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറൽ മാനേജർ, മാനേജർ, താലൂക്ക് വ്യവസായ ഓഫീസർ, വ്യവസായ വികസന ഓഫീസർ എന്നിവരെ സമീപിക്കാവുന്നതും ഇതിന് ആവശ്യമായ എല്ലാ കൈത്താങ്ങ് സഹായവും ഇവിടെ നിന്നും ലഭിക്കുന്നതുമാണ് . സൂക്ഷ്മ – ചെറുകിട സംരംഭകർക്ക് ആശ്വാസം പകരുന്ന ഒരു പുത്തൻ നാഴികക്കല്ലായി മൈക്രോ ആൻഡ് സ്മാൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിലുകളുടെ പ്രവർത്തനത്തെ അടയാളപ്പെടുത്താം.