തിരിച്ചുവരവിന് ഒരുങ്ങുന്ന ടെക്സ്റ്റയിൽ മേഖല

മനോജ് മാതിരപ്പള്ളി

വിവിധ കാരണങ്ങളാൽ പ്രതിസന്ധി നേരിട്ടിരുന്ന ടെക്സ്റ്റയിൽ മേഖലയുടെ തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റയിൽ മില്ലുകൾക്ക് 10.5 കോടി രൂപ പ്രവർത്തന മൂലധനമായി അനുവദിച്ചത് ഇതിന്റെ ഭാഗമായാണ്. അടച്ചിട്ടിരുന്ന അഞ്ച് സ്പിന്നിംഗ് മില്ലുകൾക്ക് വീണ്ടും പ്രവർത്തനം ആരംഭിക്കുവാൻ ഈ സഹായധനം പ്രയോജനപ്പെടും. ആലപ്പുഴ ജില്ലയിലെ പ്രഭുറാം മിൽസ്, കോട്ടയം ജില്ലയിലെ കോട്ടയം ടെക്സ്റ്റയിൽസ്, മലപ്പുറം ജില്ലയിലെ എടരിക്കോട് ടെക്സ്റ്റയിൽസ്, തൃശ്ശൂർ ജില്ലയിലെ സീതാറാം ടെക്സ്റ്റയിൽസ്, തൃശ്ശൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ എന്നിവയാണ് വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കുന്നത്. ഇതിൽ, തൃശ്ശൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ സഹകരണരംഗത്ത് ടെക്‌സ്‌ഫെഡിന്റെ കീഴിലും മറ്റുള്ളവ ടെക്സ്റ്റയിൽ കോർപറേഷന്റെ നിയന്ത്രണത്തിലുമാണ് പ്രവർത്തിക്കുന്നത്.

തുണിത്തരങ്ങളുടെയും നൂലുത്പന്നങ്ങളുടെയും അനിയന്ത്രിതമായ ഇറക്കുമതിയും ആഗോള സാമ്പത്തികമാന്ദ്യവും കോവിഡ് രോഗവ്യാപനവും റഷ്യ-ഉക്രയിൻ യുദ്ധവുമെല്ലാം രാജ്യമെമ്പാടുമുള്ള ടെക്സ്റ്റയിൽ മേഖലയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതോടൊപ്പം, അസംസ്‌കൃതവസ്തുക്കളുടെ വിലവർദ്ധനയും ഉയർന്ന വൈദ്യുതിനിരക്കും മൂലം ഉത്പാദനച്ചെലവ് വർദ്ധിച്ചതും വിപണിയിലെ മാന്ദ്യവും കൂടിയായതോടെ തിരിച്ചടിയുടെ ആഘാതം ഇരട്ടിയായി. ഇതേത്തുടർന്ന്, കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ടെക്സ്റ്റയിൽ കോർപറേഷൻ നിയന്ത്രിക്കുന്ന സ്പിന്നിംഗ് മില്ലുകൾ ഉൾപ്പെടെയുള്ളവ അടച്ചുപൂട്ടിയിരുന്നു. സ്വാഭാവികമായും, സംസ്ഥാന സർക്കാരിന് കീഴിലുള്ള ടെക്സ്റ്റയിൽ മില്ലുകളും പ്രതിസന്ധിയിലായി. ഇത്തരത്തിൽ പ്രവർത്തനം നിർത്തിവെച്ച മില്ലുകളാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. ജീവനക്കാരുടെ തൊഴിലും വേതനവും ഇതിലൂടെ സംരക്ഷിക്കപ്പെടുന്നു. ആദ്യഘട്ട പ്രവർത്തന മൂലധനം എന്ന നിലയ്ക്കാണ് ഇപ്പോഴത്തെ 10.5 കോടിരൂപയുടെ ധനസഹായം.

കൂടുതൽ ഉത്പന്നങ്ങൾ

ഏതു രംഗത്തായാലും പൊതുമേഖലയുടെ സവിശേഷത ഉത്പന്നങ്ങളുടെ ഗുണമേന്മ തന്നെയാണ്. ലാഭേച്ഛയേക്കാൾ ഉപഭോക്താവിന്റെ സംതൃപ്തിക്കും ആരോഗ്യത്തിനും മുൻതൂക്കം നൽകുന്നുവെന്നതാണ് ഇതിന് കാരണം. കൂടുതൽ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്ന ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങളും തൊഴിലാളികളും തയ്യാറാവില്ല. സ്വാഭാവികമായും ഇത്തരമൊരു നയം സ്വീകരിക്കുമ്പോൾ ഉത്പാദനച്ചെലവിലും കാര്യമായ വർധനയുണ്ടായേക്കാം. എന്നാൽ, ഇതിനെ മറികടക്കാനായി വിപണിവില വർദ്ധിപ്പിക്കാൻ സാധിക്കുകയില്ല എന്നത് ഈ മേഖല നേരിടുന്ന വെല്ലുവിളിയാണ്. ഉത്പന്ന വൈവിധ്യവൽക്കരണത്തിലൂടെ ഇതിനെ അതിജീവിക്കാനാണ് പലപ്പോഴുമുള്ള ശ്രമം. ടെക്സ്റ്റയിൽ മേഖലയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

സ്വകാര്യകമ്പനികളെ പോലെ കാലാനുസൃതമായ ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിൽ കേരള ടെക്സ്റ്റയിൽ കോർപറേഷൻ ലിമിറ്റഡും അതിന് കീഴിലുള്ള സ്പിന്നിംഗ് മില്ലുകളും തയ്യാറാവുന്നുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏതാനും ആഴ്ചകൾക്ക് മുൻപ് വിപണിയിലെത്തിയ കോട്ടൺ, ബ്ലെൻഡഡ് റെഡിമെയ്ഡ് ഷർട്ടുകൾ. ടെക്സ്റ്റയിൽ കോർപറേഷന്റെ കീഴിൽ കണ്ണൂർ ജില്ലയിലെ പിണറായിയിൽ പ്രവർത്തിക്കുന്ന ഹൈടെക് വീവിംഗ് മിൽസിലും ആലപ്പുഴ ജില്ലയിലെ കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസിലും നിർമ്മിച്ചവയാണ് ഇവ. ഉത്പന്ന വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരമൊരു നടപടി സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ ഗ്രീൻഫീൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച സ്ഥാപനങ്ങൾ ആയതിനാൽ ഇവിടെ നിർമ്മിക്കുന്ന റെഡിമെയ്ഡ് ഷർട്ടുകൾ ‘ഗ്രീൻ ഫീൽഡ്’ എന്ന ബ്രാൻഡ് പേരിലാണ് കമ്പോളത്തിൽ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് നൽകിക്കൊണ്ട് വ്യവസായമന്ത്രി പി. രാജീവാണ് ഇവ വിപണിയിൽ അവതരിപ്പിച്ചത്.

നേരത്തെ ടെക്സ്റ്റയിൽ കോർപറേഷൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് നൂൽ ഉത്പാദനത്തിൽ മാത്രമായിരുന്നു. എന്നാൽ, സർക്കാരിന്റെ പുതിയ സമീപനത്തിന്റെ ഭാഗമായി ഉത്പന്ന നിർമ്മാണവും ആരംഭിച്ചു. അങ്ങനെ വ്യത്യസ്തവും ഗുണമേന്മയേറിയതുമായ മാസ്‌കുകളും ബെഡ്ഷീറ്റുകളുമെല്ലാം കമ്പോളത്തിലെത്തി. കൂടാതെ, യൂണിഫോം തുണിത്തരങ്ങളും ഉത്പാദിപ്പിച്ചു തുടങ്ങി. ഇതിനെല്ലാം ശേഷമാണ് ഗ്രീൻഫീൽഡ് ബ്രാൻഡിലുള്ള റെഡിമെയ്ഡ് ഷർട്ടുകളുടെയും വിപണനം ആരംഭിച്ചിട്ടുള്ളത്. വിവിധ ശ്രേണികളിലായി പുറത്തിറക്കുന്ന ഷർട്ടുകളുടെ വില 600 രൂപ മുതലാണ്. വൈവിധ്യവൽക്കരണത്തിന് പുറമെ ടെക്സ്റ്റയിൽ മേഖലയുടെ തിരിച്ചുവരവ് ത്വരിതഗതിയിൽ ആക്കുന്നതിനായി ആധുനികവൽക്കരണവും നടക്കുന്നുണ്ട്. ഉത്പന്നനിർമ്മാണത്തിനായി ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളെല്ലാം ഇത്തരത്തിലുള്ളവയാണ്.

കരുതലും കൈത്താങ്ങും

പൊതുമേഖലയെ നിലനിർത്താനായി സഹായധനം നൽകുന്ന പതിവുരീതിയിൽനിന്നും വ്യത്യസ്തമാണ് മുൻസർക്കാരിന്റെയും ഇപ്പോഴത്തെ സർക്കാരിന്റെയും പ്രവർത്തനങ്ങൾ. ഉത്പന്ന വൈവിധ്യവൽക്കരണത്തിലൂടെയും ആധുനികവൽക്കരണത്തിലൂടെയും മാർക്കറ്റിംഗിലൂടെയുമെല്ലാം ഓരോ സ്ഥാപനത്തിന്റെയും നിലനിൽപ്പ് ഉറപ്പാക്കുന്നതിനുള്ള നയപരിപാടികളാണ് ഈ കാലഘട്ടത്തിൽ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. നഷ്ടത്തിലായിരുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമായതിന്റെ കാരണവും മറ്റൊന്നല്ല. സമാനമായ രീതിയിലുള്ള കരുതലും കൈത്താങ്ങും ടെക്സ്റ്റയിൽ മേഖലയ്ക്കും ലഭിക്കുന്നുണ്ട്. കൂടുതൽ നിക്ഷേപം, കൂടുതൽ തൊഴിൽ, കൂടുതൽ വരുമാനം എന്ന കാഴ്ചപ്പാടോടെ 2021-2030 കാലഘട്ടത്തിലായി നടപ്പാക്കിവരുന്ന ടെക്സ്റ്റയിൽ മാസ്റ്റർപ്ലാനിന് രൂപംനൽകിയത് തന്നെ ഉദാഹരണമാണ്. ഇതിന്റെ ഭാഗമായി 31 പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. 11 ഹ്രസ്വകാല പദ്ധതികളും 11 മിഡ് ടേം പദ്ധതികളും ഒൻപതു ദീർഘകാല പദ്ധതികളും ഉൾപ്പെടുന്നതാണ് മാസ്റ്റർ പ്ലാൻ.

വിവിധ പദ്ധതികൾ നടപ്പാക്കി തുടങ്ങിയതോടെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ വ്യത്യസ്ത കാലയളവുകളിലായി പല സ്പിന്നിംഗ് മില്ലുകൾക്കും ലാഭം കൈവരിക്കാൻ സാധിച്ചു. ടെക്സ്റ്റയിൽ കോർപറേഷന്റെ കീഴിലുള്ളതും സഹകരണമേഖലയിൽ ഉള്ളതുമായ മലബാർ സ്പിന്നിംഗ് ആന്റ് വീവിംഗ് മിൽ, ചെങ്ങന്നൂർ പ്രഭുറാം മിൽസ്, ആലപ്പുഴ സ്പിന്നിംഗ് മിൽ, മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ, മാൽകോടെക്‌സ്-പ്രിയദർശിനി മില്ലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ദീർഘവീക്ഷണത്തോടെയുള്ളതും ഫലപ്രദമായതുമായ പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്താൽ ടെക്സ്റ്റയിൽ മേഖലയെ പൂർണ്ണമായും കൈപിടിച്ചുയർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ചുരുങ്ങിയ കാലത്തേക്ക് ആണെങ്കിലും പ്രവർത്തനലാഭം കൈവരിച്ച ശേഷം വീണ്ടും നഷ്ടത്തിലേക്ക് പോയ മില്ലുകൾ നേരിടുന്ന വെല്ലുവിളികളും ഇതോടൊപ്പം പരിഹരിക്കപ്പെടും. ഈ മേഖലയ്ക്ക് അടിയന്തിരസഹായമായി 10.5 കോടിരൂപ നൽകിയതും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ തന്നെ ഭാഗമാണ്. ഈ മേഖലയിൽ ഘട്ടംഘട്ടമായുള്ള നവീകരണപരിപാടികളാണ് നടപ്പാക്കിവരുന്നത്.

2016-ൽ ഇടതുസർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം ടെക്സ്റ്റയിൽ മേഖലയ്ക്ക് നൽകിയ പരിഗണനയും ആവിഷ്‌കരിച്ച പദ്ധതികളും ഒട്ടേറെയുണ്ട്. ഇതിൽ പലതും പൂർത്തിയാവുകയും മറ്റുചിലത് ഇതിനായുള്ള വിവിധ ഘട്ടങ്ങളിലുമാണ്. മലബർ സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ്, മാൽകോടെക്‌സ്, കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ എന്നിവിടങ്ങളിൽനിന്നും ഇക്കാലത്ത് നൂൽ കയറ്റുമതി ആരംഭിക്കാനായി. ആലപ്പുഴ സഹകരണ മില്ലിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ടെക്സ്റ്റയിൽ കോർപറേഷന്റെ കീഴിലുള്ള കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മില്ലിലും ഉദുമ ടെക്സ്റ്റയിൽ മില്ലിലും പിണറായി ഹൈടെക് വീവിംഗ് മില്ലിലും ഉത്പാദനം ആരംഭിച്ചു. കണ്ണൂർ സഹകരണ സ്പിന്നിംഗ് മില്ലിനും ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിനും ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചു. കോമളപുരം സ്പിന്നിംഗ് മില്ലിന്റെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ആധുനികവൽക്കരണം നടപ്പാക്കുകയും ചെയ്തു. എൻസിഡിസിയുടെ സഹകരണത്തോടെ മലപ്പുറം, കണ്ണൂർ, ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലുകളുടെ നവീകരണം, കെഎസ്ടിസി അംഗനവാടി ടീച്ചർമാർക്കായുള്ള ഓവർകോർട്ട് തയ്യാറാക്കൽ. സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിക്കായുള്ള നൂൽ വിതരണം തുടങ്ങി മറ്റു നിരവധി പ്രവർത്തനങ്ങളും ഇതോടൊപ്പമുണ്ട്.

വസ്ത്രമേഖലയിലെ വ്യാപാരസാധ്യത

വസ്‌ത്രോത്പാദനത്തിലും വിപണനത്തിലും രാജ്യത്ത് വമ്പൻ സാധ്യതകളാണ് നിലനിൽക്കുന്നത്. ശക്തമായ ആഭ്യന്തരവിപണിയും രാജ്യാന്തരവിപണിയും എല്ലാ അർത്ഥത്തിലും ഈ രംഗത്ത് ഇന്ത്യക്ക് ഗുണകരമായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്പാദന-കയറ്റുമതി മേഖലകളിലൊന്ന് ടെക്സ്റ്റയിൽ വ്യവസായമാണ്. പത്തുലക്ഷം കോടി രൂപയുടേതാണ് ഇവിടുത്തെ വസ്ത്രവ്യവസായം. മറ്റൊരു രാജ്യത്തെയും ആശ്രയിക്കാതെ വസ്ത്രവ്യവസായത്തിൽ ആവശ്യത്തിലധികം ആഭ്യന്തരോത്പാദനം കൈവരിക്കാൻ ഇന്ത്യക്ക് സാധിക്കുന്നു. ഇറക്കുമതിയുണ്ടെങ്കിൽ പോലും അത് ലോകകമ്പോളത്തിലേക്ക് വീണ്ടും കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടത്തിവരുന്നതാണ്. വസ്ത്രകയറ്റുമതിയിൽ ഇപ്പോൾ ഇന്ത്യക്ക് ആഗോളതലത്തിൽ രണ്ടാംസ്ഥാനമുണ്ട്. ഒന്നാംസ്ഥാനത്തുള്ള രാജ്യം ചൈനയാണ്. നിലവിൽ രാജ്യമെമ്പാടുമുള്ള വലിയ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞാൽ ഈ രംഗത്ത് ചൈനയുടെ കുത്തക തകർക്കുകയെന്നത് വലിയ ബുദ്ധിമുട്ടാവില്ല.

            കരുത്തുറ്റ ആഭ്യന്തരവിപണിയും അന്താരാഷ്ട്ര കമ്പോളവും ഉള്ളതുകൊണ്ട് തന്നെ കേരളത്തിന്റെ ടെക്സ്റ്റയിൽ വ്യവസായത്തിനും വലിയ പ്രതീക്ഷയുണ്ട്. ഭക്ഷണത്തിന്റെയും മരുന്നിന്റെയും കാര്യത്തിൽ എന്നതുപോലെ ഒരിക്കലും ഡിമാൻഡ് കുറയില്ലെന്ന പ്രത്യേകതയും ഈ മേഖലയുടെ സവിശേഷതയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം കൈത്തറി എന്ന ടെക്സ്റ്റയിൽ ബ്രാൻഡിന് ആഗോളതലത്തിലുള്ള അംഗീകാരം വൻ കരുത്താണെന്നതിൽ തർക്കമില്ല. സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം വിജയകരമായി നടപ്പാക്കുകയും ഈ വർഷം കൂടുതൽ കരുത്തോടെ തുടരുകയും ചെയ്യുന്ന ‘ഒരു വർഷം ഒരുലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളിൽ ടെക്സ്റ്റയിൽ സംരംഭങ്ങളും പ്രവർത്തിച്ചു വരുന്നുണ്ട്. വനിതകളും യുവജനങ്ങളുമെല്ലാം ഈ രംഗത്തേക്ക് കടന്നുവരുന്നത് കൈത്തറിയുടെയും മറ്റും നൂതന കാഴ്ചപ്പാടോടെയുള്ള വൈവിധ്യവൽക്കരണത്തിനും കമ്പോളനേട്ടത്തിനും സഹായകമാകുമെന്നാണ് വിലയിരുത്തൽ.

            അതേസമയം ഈ രംഗത്ത് കേന്ദ്രസർക്കാരിൽ നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തത് കേരളത്തിന് തിരിച്ചടിയായിട്ടുണ്ട്. കൈത്തറി വസ്ത്രങ്ങൾക്ക് വലിയ രീതിയിൽ ഗുണകരമാകുമായിരുന്ന ടെക്സ്റ്റയിൽ പാർക്ക് കേരളത്തിന് ലഭിച്ചിരുന്നെങ്കിൽ ഈ രംഗത്ത് വമ്പൻ നേട്ടമുണ്ടാകുമായിരുന്നു. എന്നാൽ തമിഴ്‌നാട്, കർണാടക, തെലങ്കാന തുടങ്ങിയ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മെഗാ ടെക്സ്റ്റയിൽ പാർക്കുകൾ അനുവദിച്ചപ്പോഴും കേരളത്തെ കേന്ദ്രസർക്കാർ തഴയുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളാണ് ഇവിടുത്തെ ടെക്സ്റ്റയിൽ വ്യവസായത്തിന് കൈത്താങ്ങായിട്ടുള്ളത്.