കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭകത്വ പ്രവർത്തനങ്ങൾക്ക് മുതൽ കൂട്ട്
ആഷിക്ക് കെ പി
എല്ലാ സംരംഭകരും പ്രവർത്തിക്കുന്നത് സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അതിലൂടെ സംരംഭങ്ങൾ പടുത്തുയർത്ത് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. ഈ നാട്ടിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും ആ നാടിനോട് ചില ബാധ്യതകളും കടപ്പാടുകളും ഉണ്ട്. സാമൂഹ്യ മൂല്യങ്ങളെയും സാമൂഹ്യ നീതിയെയും മുറുകെ പിടിച്ചു കൊണ്ടായിരിക്കണം ഒരു വ്യക്തികളും ജീവിക്കേണ്ടതും പ്രവർത്തിക്കേണ്ടതും. അതുകൊണ്ടുതന്നെ ഒരു ബിസിനസ് സ്ഥാപനം സാമൂഹ്യ നിർമ്മിതിയിൽ അവിഭാജ്യ ഘടകമാണ്. ആയതിനാൽ അവർ ചെയ്യുന്ന ഏതൊരു പ്രവർത്തനത്തിലും സാമൂഹ്യബോധം നിലനിർത്തേണ്ടതാണ്. ഓരോ ഘട്ടത്തിലും ഇത്തരം സാമൂഹ്യ പ്രതിബദ്ധത ഉയർത്തിക്കാട്ടുമ്പോഴാണ് ഒരു രാഷ്ട്ര പുരോഗതിയിൽ സംരംഭകർക്ക് പങ്കാളിയാവാൻ കഴിയുന്നത്.
ആദ്യകാലങ്ങളിൽ സംരംഭകത്വത്തിന്റെ ഏകലക്ഷ്യം ലാഭം നേടുകയും അത് വർദ്ധിപ്പിക്കുകയും മാത്രം ആയിരുന്നു. എന്നാൽ ആദ്യകാലം തൊട്ടുതന്നെ നിയമം മൂലമോ മറ്റോ നിർബന്ധമാക്കാതിരുന്നിട്ടും തൻറെ സംരംഭകത്വ പ്രവർത്തനങ്ങളിൽ സാമൂഹ്യ ഉത്തരവാദിത്വബോധം നിലനിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ലാഭമെന്ന ഏക ചിന്തയിൽ സംരംഭങ്ങൾ മാറിയപ്പോഴാണ് സാമൂഹിക ഉത്തരവാദിത്വം നിറവേറ്റേണ്ടത് ഒരു ബാധ്യതയാണെന്ന് സർക്കാർ സംവിധാനങ്ങളിലൂടെ ബോധ്യപ്പെടുത്തേണ്ടി വന്നത്. സംരംഭകന്റെ സാമൂഹ്യ ഉത്തരവാദിത്വം ഏതൊക്കെയെന്ന് കൃത്യമായി നിർവചിച്ചിട്ടില്ലെങ്കിലും ഏറെ സാമൂഹ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് സമൂഹത്തിന്റെ അഭിവൃദ്ധിക്ക് സംരംഭകന് പ്രവർത്തിക്കാൻ കഴിയുന്നതാണ്. സാമൂഹ്യ ഉത്തരവാദിത്വം എന്നാൽ ഒരു സംരംഭകന്റെ സംരംഭകത്തിന് സഹായിക്കുന്ന തൻറെ ചുറ്റുമുള്ള ഒരു ബിസിനസ് ഇക്കോസിസ്റ്റത്തിൽ ഉള്ള എല്ലാ പ്രവർത്തനങ്ങളെയും കരുതലോടെയും മേന്മയോടെയും ഉയർത്തിക്കൊണ്ടു വരിക എന്നത് കൂടിയാണ്. ഒരു ബിസിനസ് സിസ്റ്റത്തിൽ ഉപഭോക്താവ് തൊഴിലാളി സർക്കാർ സമൂഹം ഇവരൊക്കെ ഉൾപ്പെടുന്നു അതുകൊണ്ടുതന്നെ സാമൂഹ്യ ഉത്തരവാദിത്വം എന്നത് എങ്ങിനെ നിർബന്ധമാക്കിയാലും സംരംഭകൻ അത് നൈതികമായി പരിഗണിച്ചുകൊണ്ട് ഉയർന്ന മൂല്യബോധത്തോടെ കൂടി കണ്ടാൽ മാത്രമേ പ്രാവർത്തികമായി മാറ്റാൻ കഴിയുകയുള്ളൂ. ഇത് ഒരു കേവലമായ ഉത്തരവാദിത്വം മാത്രമല്ല മറിച്ച് അത്തരം സംരംഭങ്ങളുടെ വളർച്ചക്കും ഉയർച്ചയ്ക്കും വിജയത്തിനും കാരണമായി മാറുന്ന പ്രക്രിയ കൂടിയാണ്.
ഒരു സംരംഭം സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്ത് ഒരു പ്രവർത്തനം നടത്തുന്നതിലൂടെ ആ സംരംഭത്തിന് വളരാനും പൊതുജനങ്ങളുടെ ഇടയിൽ ഒരു ബ്രാൻഡ് സൃഷ്ടിക്കാനും കഴിയുന്നു. ഇതിലൂടെ അവർ നടത്തുന്ന എല്ലാ ബിസിനസ് പ്രവർത്തനങ്ങൾക്കും സാമൂഹ്യ അംഗീകാരം ലഭിക്കുന്നു. കൂടാതെ പല സാമൂഹ്യ പ്രോജക്ടുകളും ഏറ്റെടുത്ത് നടത്തുന്നതിലൂടെ സർക്കാർ നിയന്ത്രണങ്ങൾ ഒഴിവായി എളുപ്പം സംരംഭ പ്രവർത്തനങ്ങൾ ചെയ്യാവുന്ന തരത്തിലേക്ക് നിയമപരമായ അംഗീകാരവും ലഭിക്കുന്നു.
നമ്മുടെ നാട്ടിൽ ഇന്ന് ധാരാളം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിയമപരമായി മാത്രം ഇതിനെ തടയാൻ കഴിയണമെന്നില്ല. സ്വാഭാവികമായും നിയമത്തോടൊപ്പം ബോധവൽക്കരണം അല്ലെങ്കിൽ മറ്റു പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. സംരംഭങ്ങൾക്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയിലൂടെ ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിന്റെ ജീർണ്ണതകളെ പരിഹരിക്കാൻ കഴിയും. ഒരു സംരംഭം എന്ന് പറയുന്നത് കേവലം ഒരു ബിസിനസ് പ്രക്രിയ മാത്രമല്ല അതിനു പിന്നിൽ അറിവും കഴിവും ഭരണപാഠവും ഉള്ള ഒരു കൂട്ടം ആളുകളും പ്രക്രിയകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം അറിവിനെയും സാമ്പത്തിക പ്രവർത്തനങ്ങളെയും സമൂഹത്തിന്റെ പ്രശ്നങ്ങൾ ദൂരീകരിക്കാൻ ഉപയോഗിച്ച് കഴിഞ്ഞാൽ മറ്റ് ചിലവുകൾ ഒന്നും ഇല്ലാതെ പല സാമൂഹ്യ പ്രശ്നങ്ങളെയും പരിഹരിക്കാൻ കഴിയും. ഇതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പാരിസ്ഥിതിക പ്രവർത്തനങ്ങളും. വായുമലിനീകരണം ജലമലിനീകരണം മണ്ണു മലിനീകരണം തുടങ്ങിയ മിക്ക പാരിസ്ഥിതിക പ്രശ്നങ്ങളും നമ്മുടെ പ്രകൃതി വിഭവങ്ങളെ മാത്രമല്ല മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്നു പരിസ്ഥിതിയെ കുറിച്ചുള്ള അറിവും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളും സംരംഭങ്ങൾ ഏറ്റെടുത്ത് നടത്തുമ്പോൾ സർക്കാരിനും സമൂഹത്തിനും വിശിഷ്യാ അടുത്ത തലമുറയ്ക്കും ഈ ഭൂമിയിൽ അതിജീവിക്കാനുള്ള സാഹചര്യം സംരംഭ പ്രവർത്തനങ്ങളോടൊപ്പം ചെയ്യാൻ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയിലൂടെ സംരംഭത്തിന് കഴിയും. ഇതുപോലെ തന്നെയാണ് മറ്റു സാമൂഹ്യ പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തുക എന്നുള്ളത്. സുരക്ഷിതം അല്ലാത്ത ജോലി സാഹചര്യങ്ങൾ, താമസസൗകര്യങ്ങൾ, അഴിമതി, പൊതുഭരണ സംവിധാനങ്ങളുടെ സുതാര്യതയില്ലായ്മ, തൊഴിൽ മേഖലയിലെ അനാശാസ്യ പ്രവർത്തനങ്ങൾ എന്നിവ പരിഹരിക്കാൻ സാങ്കേതികമായും സാമ്പത്തികമായും കഴിയുന്നവയാണ് മിക്ക സംരംഭക പ്രവർത്തനങ്ങളും. ഇങ്ങനെ സംരംഭക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിലൂടെ ഒരു സംരംഭകന് തന്റെ സംരംഭത്തെ ഉയർത്തികൊണ്ടുവരിക മാത്രമല്ല സാമൂഹ്യ പുന:സൃഷ്ടിക്ക് വലിയ അളവിൽ സഹായിക്കാനും കഴിയും. ലാഭം കൊണ്ടുമാത്രം ഒരു സംരംഭത്തിനും ദീർഘനാൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. സമൂഹത്തിൽ അവയുടെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒരു സംരംഭകൻ സാമൂഹ്യ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതും നൈതികത ഉയർത്തിപ്പിടിച്ച് ബിസിനസ് പ്രവർത്തനങ്ങൾ പാരിസ്ഥിതിക പ്രവർത്തനങ്ങൾ, സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കൽ, തന്റെ ബിസിനസിനെ ചുറ്റുമുള്ള ഓരോരുത്തരും നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കൽ എന്നിവ ഏറ്റെടുത്ത് നടത്തേണ്ടതാണ്. നിശ്ചയമായും അത്തം സംരംഭങ്ങൾക്ക് പ്രശസ്തിയും മൂല്യവും വർദ്ധിപ്പിക്കാനും ഉപഭോക്താക്കളുടെയും സമൂഹത്തിന്റെയും വിശ്വാസവും ആദരവും പിടിച്ചുപറ്റുവാനും മികച്ച തൊഴിലാളികളെ വാർത്തെടുക്കുവാനും സർക്കാരിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും വലിയ സഹായങ്ങൾ ലഭിക്കുവാനും പരിസ്ഥിതിയെ സംരക്ഷിക്കുവാനും കഴിയും. ധാരാളം സംരംഭങ്ങൾ പലരീതിയിൽ സാമൂഹ്യ സംരംഭകത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റു സ്ഥാപനങ്ങൾക്ക് സംഭാവന കൊടുക്കുക, അവ ഏറ്റെടുത്തു നടത്തുക, പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, തൊഴിലാളികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നിവയൊക്കെ പരമ്പരാഗതമായി ചെയ്യുന്ന സാമൂഹ്യ ഉത്തരവാദിത്വ പ്രവർത്തനങ്ങളാണ്.
ചില സാമൂഹ്യ സംരംഭകത്വ പ്രവർത്തന മാതൃകകൾ:
ഔട്ഡോർ ക്ലോത്തിങ് കമ്പനി സ്ഥാപനമായ പാറ്റഗോണിയയുടെ സ്ഥാപകൻ യുവാൻ ചൗ ഇനാർഡ് സാമൂഹ്യ സംരംഭങ്ങളിലൂടെ ലോകപ്രശസ്ത നേടിയ വ്യക്തിയാണ്. തരിശും ഉപയോഗ ശൂന്യവുമായ പൊതു ഭൂമിയിൽ അവശിഷ്ട നിർമ്മാജനവും പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളുടെ പുനരുൽപാദനവും നടത്തി ആഗോള പ്രശസ്തി നേടാൻ കഴിഞ്ഞിട്ടുണ്ട് ഈ സംരംഭകന്.
ഷൂ നിർമ്മാണ കമ്പനിയായ ടോംസ് ബ്ലേക്ക് മൈകോസ്കി ഒരാൾക്ക് ഒരു മോഡൽ, എന്ന രീതിയിൽ ലോകത്തിലെ വികലാംഗരായ പ്രത്യേകം പാദരക്ഷകൾ വേണ്ട കുട്ടികൾക്ക് അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പാദരക്ഷകൾ ഉണ്ടാക്കി നിർമ്മിക്കുന്ന സാമൂഹ്യ സംരക്ഷണ പ്രവർത്തനങ്ങൾ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നു.
വാർബി പാർക്കർ സഹസ്ഥാപകരായ നീൽ ബ്ലൂമെന്റാൾ ഗിൽ ബോവ എന്നിവരോടൊപ്പം തൻറെ കണ്ണട നിർമ്മാണ ഫാക്ടറിയിൽ വച്ച് ഓരോ കണ്ണടകൾ നിർമിക്കുമ്പോഴും മറ്റൊരു കണ്ണട ലോകത്തിലെ ഏതെങ്കിലും ഒരു പാവപ്പെട്ടവന് നിർമ്മിച്ചു നൽകുവാൻ തീരുമാനിക്കുകയും കോടിക്കണക്കിന് ആളുകൾക്ക് അവരുടെ കാഴ്ച പ്രശ്നം പരിഹരിക്കുവാനും കഴിയുന്ന പ്രവർത്തനം നടത്തുന്നു. ബെൻ ആൻഡ് ജെറി സ്ഥാപകരായ ബെൻ കോഹനും ജെറി ഫീൽഡും സാമൂഹ്യ സംരംഭ പാരിസ്ഥിതി പ്രവർത്തനങ്ങളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് സമൂഹത്തിൽ വലിയ സന്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. ഓഹരിയുടെ 1% വിൽപ്പനയുടെ 1% എന്നിവ സംരംഭക പ്രവർത്തനങ്ങളിൽ നൽകുന്ന സെയിൽസ് ഫോഴ്സ് സ്ഥാപനത്തിൻറെ സിഇഒ ആയ മാർക്ക് ബെനി ഓഫ് സാമൂഹ്യ ഉത്തരവാദിത്തങ്ങൾ എങ്ങനെ നിറവേറ്റാമെന്ന് കൃത്യമായി കാണിച്ചു തരുന്നു. ആഗോളവ്യാപകമായി ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംരംഭകരെ ചൂണ്ടിക്കാണിച്ചത് ഇതുപോലുള്ള മെച്ചപ്പെട്ട സാമൂഹ്യ ഉത്തരവാദിത്ത പ്രവർത്തനങ്ങൾ നമുക്ക് നടത്താൻ കഴിയും എന്നുള്ളതാണ്. വലിയ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തണമെന്നല്ല മറിച്ച് അത് എങ്ങനെ നടത്താമെന്നാണ് ഇതിലൂടെ കാണിക്കുന്നത്.
ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ ടാറ്റ ട്രസ്റ്റിലൂടെ രത്തൻ ടാറ്റ തന്നെ നേതൃത്വം നൽകുന്നവയാണ്. ടാറ്റാ ഫൗണ്ടേഷൻ വ്യത്യസ്ഥങ്ങളായ ഒട്ടേറെ സി എസ് ആർ പ്രവർത്തനങ്ങളാണ് ആരോഗ്യ സംരക്ഷണം വിദ്യാഭ്യാസം സാമൂഹ്യ വികസനം തുടങ്ങി നടത്തിവരുന്നത്. ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ എന്ന സ്ഥാപനം ആരോഗ്യ രംഗത്ത് ആഗോള പ്രശസ്തി നേടിയ സംരംഭമായി മാറിയിരിക്കുന്നു. ആകാശ് അംബാനിയുടെ നേതൃത്വത്തിൽ നടത്തുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ സാമൂഹ്യ സംരംഭക പ്രവർത്തനങ്ങളിൽ ഏറെ എടുത്തു പറയാവുന്ന ഒരു പ്രോജക്ട് ആണ് പ്രോജക്ട് ധൈര്യ എന്നത്. ആയിരക്കണക്കിന് സ്മാർട്ട് ഫോണുകൾ ഡാറ്റ ഉൾപ്പെടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ടി നിർധനരായ ഗ്രാമീണ മേഖലകളിലെ കുട്ടികൾക്ക് നൽകിക്കൊണ്ട് ലോകത്തിന് തന്നെ ഒരു മാതൃക കാണിക്കാൻ അവർക്ക് കഴിഞ്ഞു. ഇൻഫോസിസ് സ്ഥാപകനായ നാരായൺ മൂർത്തി വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾക്കും നൽകുന്ന സംഭാവനകൾ ഏറെയാണ്. ഇൻഫോസിസ് ഫൗണ്ടേഷൻ ആരംഭിച്ചിട്ടുള്ള ഗ്രാമീണ സ്കൂളുകളും ഹോസ്പിറ്റലുകളും ഗ്രാമീണ വികസനത്തിന് ഇന്ന് ഒരു പുതിയ മാനം നൽകുന്നു. കുമാരമംഗളം ബിർളയുടെ ആദിത്യ ബിർള ഗ്രൂപ്പ് ഇതേപോലെതന്നെ സ്കൂളുകളിലും ഹോസ്പിറ്റലുകളിലും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും നൽകിവരുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര ഒട്ടേറെ പാരിസ്ഥിതിക ഉത്തരവാദിത്ത പ്രവർത്തനങ്ങളും, വിദ്യാഭ്യാസ പ്രവർത്തനങ്ങളും, തൊഴിൽ അധിഷ്ഠിത പരിശീലനങ്ങളും നൈപുണ്യ വികസന പ്രവർത്തനങ്ങളും, നിർധനരായ യുവാക്കൾക്കും യുവതികൾക്കും ഗ്രാമീണ മേഖലകളിൽ സൗജന്യമായി നൽകിക്കൊണ്ട് സാമൂഹ്യ ഉത്തരവാദപ്രവർത്തനങ്ങൾക്ക് ഒരു വേറിട്ടവഴി തന്നെ തുറന്നിട്ടുണ്ട്.
കേരളത്തിൽ എടുത്തു പറയാവുന്ന ഒരു സംരംഭകത്വ സാമൂഹ്യ പ്രവർത്തനമാണ് സാജൻ പിള്ളയുടെ യുഎസ്ടി ഗ്ലോബൽ എന്ന മൾട്ടി നാഷണൽ ഡിജിറ്റൽ ടെക്നോളജി സർവീസ് കമ്പനി നടത്തുന്ന പ്രവർത്തനങ്ങൾ. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം പാരിസ്ഥിതിക പ്രവർത്തനങ്ങൾ എന്നിവ ഏറ്റെടുത്തുകൊണ്ട് അവർ സാമൂഹ്യ നിർമ്മിതിയിൽ പങ്കാളികളാകുന്നു. കിറ്റക്സ് ഗാർമെൻറ് ഇതേപോലെ തന്നെ സാമൂഹ്യ സംരംഭ രംഗത്ത് ധാരാളം വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളുടെ ആശുപത്രി, സ്കൂൾ എന്നിവ ഇതിനുദാഹരണങ്ങളാണ്. ടെക്നോപാർക്ക് സിഇഒ ഹൃഷികേഷ് നായരുടെ ആഭിമുഖ്യത്തിൽ നൈപുണി വികസനം, സ്റ്റാർട്ടപ്പുകളുടെ സഹായം എന്നിവയ്ക്ക് വേണ്ട പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. കല്യാൺ ജ്വല്ലറി ഉടമയായ ടി എസ് കല്യാണരാമൻ ദാരിദ്ര നിർമ്മാർജന പ്രവർത്തനങ്ങൾക്ക് വേണ്ടി കേരളത്തിൽ ഒട്ടേറെ സാമൂഹ്യ ഉത്തരവാദിത്വമുള്ള പ്രോജക്ടുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇതേപോലെ തന്നെ ജ്വല്ലറി മേഖലകളിലെ പ്രമുഖരായ മലബാർ ഗോൾഡ് വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നൽകുവാനും പാവപ്പെട്ടവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകുവാനും ധാരാളം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അടാട്ട് എന്ന തൻറെ ഗ്രാമത്തിലെ മുഴുവൻ പാവപ്പെട്ട വിദ്യാർത്ഥികളെയും ഉന്നത വിദ്യാഭ്യാസം നൽകിക്കൊണ്ട് മുന്നേറുവാൻ ശോഭ ഡെവലപ്പേഴ്സ് നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ്. ഇങ്ങനെ ചെറുതും വലുതുമായ ധാരാളം സംരംഭക സാമൂഹ്യ ഉത്തരവാദിത്ത പ്രവർത്തനങ്ങൾ സംരംഭകർക്ക് ഏറ്റെടുത്തു നടത്താവുന്നതാണ്. വലിയ വലിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് പകരം തങ്ങളുടെ ലാഭത്തിൽ ചെറിയ ഒരു തുക മാറ്റിവെച്ച് തൊഴിലാളികളുടെ സഹായത്തോടുകൂടി ഒറ്റക്കെട്ടായി സമൂഹത്തിലെ പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക പ്രവർത്തനങ്ങളിൽ മുഖ്യ സ്ഥാനത്ത് നിൽക്കുന്ന മൈക്രോ സംരംഭങ്ങൾക്ക് നമ്മുടെ സാമൂഹ്യ പുന:സൃഷ്ടിയും അതോടൊപ്പം മെച്ചപ്പെട്ട മാതൃക സൃഷ്ടിക്കാനും കഴിയുന്നു.