പ്രവർത്തനലാഭം കൈവരിച്ച് ചരിത്രനേട്ടവുമായി കൊച്ചി മെട്രോ

മനോജ് മാതിരപ്പള്ളി

കൊച്ചി മെട്രോ റെയിൽ പ്രവർത്തനം ആരംഭിച്ചതോടെ കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വലിയൊരു മാറ്റമാണ് സംഭവിച്ചത്. ദീർഘകാലത്തേക്ക് വൻനഷ്ടത്തിൽ പ്രവർത്തിക്കേണ്ടി വരുമെന്ന വാദഗതികളെല്ലാം തള്ളിക്കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രവർത്തനലാഭം കൈവരിക്കാൻ മെട്രോയ്ക്ക് സാധിച്ചുവെന്നത് കേരളത്തിനാകെ അഭിമാനമാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) നേതൃത്വത്തിൽ 2017 ജൂണിൽ സർവീസ് ആരംഭിച്ച മെട്രോ 2022-23 സാമ്പത്തികവർഷം ആയപ്പോഴേയ്ക്കും 5.35 കോടിരൂപയുടെ പ്രവർത്തനലാഭമാണ് കൈവരിച്ചിട്ടുള്ളത്. മറ്റെല്ലാ മേഖലകളെയും പോലെ കെഎംആർഎല്ലിനെയും പ്രതിസന്ധിയിലാക്കിയ കോവിഡ് രോഗവ്യാപനം സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇതിനും മുൻപുതന്നെ കൊച്ചി മെട്രോ പ്രവർത്തനലാഭം നേടുമായിരുന്നുവെന്ന കാര്യത്തിൽ തർക്കമില്ല.

 പരമാവധി യാത്രക്കാരെ ആകർഷിക്കുന്നതിനുവേണ്ടി കെഎംആർഎൽ നിരന്തരമായി നടത്തിവന്നിരുന്ന പ്രചാരണപരിപാടികളും പ്രവർത്തനച്ചെലവ് കുറച്ചതുമെല്ലാം ഓപ്പറേഷണൽ പ്രോഫിറ്റ് എന്ന നേട്ടം കൈവരിക്കാൻ സഹായകമായിട്ടുണ്ട്. ഇതോടൊപ്പം, അനുദിനമെന്നോണം കൂടുതൽ വാഹനങ്ങൾ കൊച്ചിയുടെ നിരത്തിലിറങ്ങുകയും നഗരത്തിൽ ഗതാഗതക്കുരുക്ക് വർദ്ധിച്ചതും പതിനായിരക്കണക്കിന് യാത്രക്കാരെ മെട്രോയെ ആശ്രയിക്കാൻ പ്രേരിപ്പിച്ചു. ആലുവയിൽനിന്നും തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള എസ്.എൻ. ജംഗ്ഷൻ വരെയാണ് നിലവിൽ മെട്രോ സർവീസ് നടത്തുന്നത്. ഡിസംബർ-ജനുവരി ആകുമ്പോഴേയ്ക്കും തൃപ്പൂണിത്തുറ സ്റ്റേഷനും പ്രവർത്തനം ആരംഭിക്കും. ഇതോടെ, കെഎംആർഎല്ലിന്റെ പ്രവർത്തനലാഭത്തിൽ കൂടുതൽ വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ, രണ്ടാംഘട്ടം കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ വൻമുന്നേറ്റം ഉണ്ടാക്കാനാവുമെന്നും കണക്കാക്കപ്പെടുന്നു.

കാര്യക്ഷമമായ പ്രവർത്തനം
സർവീസ് ആരംഭിച്ചതിനു ശേഷമുള്ള ഓരോ ഘട്ടത്തിലും കൃത്യമായ കാഴ്ചപ്പാടോടെ ആയിരുന്നു കെഎംആർഎല്ലിന്റെ പ്രവർത്തനം. അതുകൊണ്ടുതന്നെ യാത്രക്കാരുടെ എണ്ണത്തിലും പ്രവർത്തനച്ചെലവിലും ഉണ്ടായ ഏറ്റക്കുറച്ചിലുകൾ സാവധാനം നേട്ടത്തിലേക്ക് നയിച്ചു. സർവീസ് തുടങ്ങിയ 2017 ജൂണിൽ പ്രതിദിനം ശരാശരി 59,894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. തുടർന്നുള്ള ഏതാനും മാസങ്ങളിൽ ഇത്രയും യാത്രക്കാരെ ആകർഷിക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് സ്ഥിതിമാറി. 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം പേരായിരുന്നു യാത്രക്കാർ. എന്നാൽ കോവിഡ് കാലം ആയപ്പോഴേയ്ക്കും വൻപ്രതിസന്ധി നേരിടേണ്ടി വന്നു. 2021 മെയ് മാസം 5300 യാത്രക്കാർ മാത്രമാണ് കൊച്ചി മെട്രോയെ ആശ്രയിച്ചത്.
എന്നാൽ, പിന്നീട് അങ്ങോട്ട് വളർച്ചയുടെ കാലമായിരുന്നു. കെഎംആർഎല്ലിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണ പരിപാടികളും ഓഫറുകളുമെല്ലാം ഇതിന് സഹായകമായി. 2022 സെപ്തംബറിനും നവംബറിനുമിടയ്ക്ക് യാത്രക്കാരുടെ ശരാശരി എണ്ണം 75000 കടന്നു. 2023 ജനുവരിയിലെ ശരാശരി യാത്രക്കാർ എൺപതിനായിരത്തിൽ അധികമാവുകയും പിന്നീട് സ്ഥിരതയോടെ വർദ്ധിച്ച് ഒരു ലക്ഷത്തിന് മുകളിൽ എത്തുകയും ചെയ്തു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഐഎസ്എൽ മത്സരം നടന്ന ഇക്കഴിഞ്ഞ സെപ്തംബർ 22-ന് മാത്രം125,950 യാത്രക്കാരാണ് മെട്രോറെയിലിനെ ആശ്രയിച്ചത്. കളി കാണാൻ എത്തിയവർക്കും പൊതുജനങ്ങൾക്കും സൗകര്യപ്രദമായ രീതിയിൽ കൂടുതൽ സമയം മെട്രോ സർവീസ് നടത്തിയതും പ്രതിദിന യാത്രക്കാരുടെ എണ്ണം സർവകാല റെക്കോർഡിലെത്താൻ കാരണമായി.

കൂടുതൽ യാത്രക്കാർ മെട്രോയിലേക്ക് എത്തിയതിനൊപ്പം കെഎംആർഎല്ലിന്റെ വരുമാനവും ക്രമാനുഗതമായി വർദ്ധിച്ചു. 2022-23 സാമ്പത്തികവർഷത്തിൽ മെട്രോയുടെ ഫെയർബോക്സ് വരുമാനം 75.49 കോടി രൂപയായി ഉയർന്നു. 2021-22 നെ അപേക്ഷിച്ച് 485 ശതമാനത്തിന്റെ വർദ്ധനയായിരുന്നു ഇത്. ഇതോടൊപ്പം നോൺ ഫെയർ ബോക്സ് വരുമാനത്തിലും മികച്ച വളർച്ചയുണ്ടായി. 2020-21 വർഷത്തെ നോൺ ഫെയർ ബോക്സ് വരുമാനം 41.42 കോടി രൂപയായിരുന്നുവെങ്കിൽ ഇക്കഴിഞ്ഞ സാമ്പത്തികവർഷം അത് 58.55 കോടി രൂപയായി വർദ്ധിച്ചു. എന്നുവെച്ചാൽ, ഫെയർ ബോക്സ് വരുമാനവും നോൺ ഫെയർ ബോക്സ് വരുമാനവും ഒരുമിച്ചാക്കുമ്പോഴുള്ള ഓപ്പറേഷണൽ റവന്യു 2020-21 സാമ്പത്തികവർഷത്തെ 54.32 കോടിരൂപയിൽ നിന്ന് 2022-23 ആയപ്പോൾ 134.04 കോടി രൂപയായി ഉയർന്നു. 145 ശതമാനം വളർച്ചയാണിത്. ഇതിൽനിന്നും 5.35 കോടിരൂപ പ്രവർത്തന ലാഭമായി മാറുകയും ചെയ്തു.

2022-23 വർഷം മെട്രോയുടെ രണ്ടു സ്റ്റേഷനുകൾകൂടി പ്രവർത്തനം ആരംഭിച്ചെങ്കിലും മുൻവർഷത്തെക്കാൾ പതിനഞ്ചുശതമാനം വർദ്ധന മാത്രമെ പ്രവർത്തനച്ചെലവിൽ ഉണ്ടായുള്ളൂ. എന്നാൽ, ചെലവുചുരുക്കൽ നടപടികളിലൂടെയും മറ്റും ഇതിലധികം ഓപ്പറേഷണൽ റവന്യു നേടാനും കഴിഞ്ഞു. അങ്ങനെയാണ് കൊച്ചി മെട്രോറെയിലിന് ചരിത്രത്തിൽ ആദ്യമായി പ്രവർത്തനലാഭം കൈവരിക്കാൻ സാധിച്ചത്. മെട്രോ പദ്ധതി യാഥാർത്ഥ്യമാക്കാൻ വേണ്ടിയെടുത്ത വായ്പാത്തുകയുടെയും പലിശയുടെയും നികുതികളുടെയും തിരിച്ചടവിന് സർക്കാരിനെ സഹായിക്കുകയാണ് കെഎംആർഎല്ലിന്റെ ലക്ഷ്യം. തിരിച്ചടവും നികുതിയും അടച്ചുതുടങ്ങിയ കാലം മുതൽ സംസ്ഥാന സർക്കാരാണ് അത് ചെയ്തുവരുന്നത്.

വികസനപ്രവർത്തനങ്ങളും സജീവം
കൊച്ചി മെട്രോ റെയിലിന്റെ തുടർച്ചയായ വികസനപദ്ധതികളും സജീവമായി നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായി എസ്.എൻ. ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 1.20 കിലോമീറ്റർ ദൈർഘ്യം വരുന്ന ഒന്നാംഘട്ട ബി പദ്ധതിയുടെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഡിസംബറിലോ ജനുവരിയിലോ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കും. ഇതിനുപുറമെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 11.2 കിലോമീറ്റർ നീളം വരുന്ന രണ്ടാംഘട്ട പദ്ധതിക്ക് ആവശ്യമായ ഭൂമിഏറ്റെടുക്കൽ പലയിടങ്ങളിലും പൂർത്തിയായിക്കഴിഞ്ഞു. ഭൂമി ഏറ്റെടുത്ത് കെഎംആർഎല്ലിന് കൈമാറുന്നത് ജില്ലാഭരണകൂടമാണ്. കാക്കനാട്, ഇടപ്പള്ളി സൗത്ത് വില്ലേജുകളിലെ ഭൂമിയാണ് ആദ്യം ഏറ്റെടുത്തത്. ഭൂഉടമകൾക്കുള്ള നഷ്ടപരിഹാരം നൽകിയും കടയുടമകൾക്കും കച്ചവടക്കാർക്കുമായി പുനരധിവാസ പാക്കേജ് അനുവദിച്ചുമായിരുന്നു ഭൂമി ഏറ്റെടുക്കൽ.

രണ്ടാംഘട്ടത്തിനായി 2577 കോടിരൂപയുടെ പ്രൊജക്ട് റിപ്പോർട്ടാണ് കെഎംആർഎൽ കേന്ദ്രത്തിന് സമർപ്പിച്ചതെങ്കിലും ഇത് 1957.05 കോടിരൂപയായി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഈ തുകയിൽ 1571.05 കോടിരൂപയും സംസ്ഥാനത്തിന്റെ വിഹിതമാണ്. ബാക്കി തുക മാത്രമെ കേന്ദ്രവിഹിതമായി നൽകുന്നുള്ളൂ. ഈ നിലയിൽ, പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾക്ക് 2022 സെപ്തംബറിൽ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. അതിനുശേഷം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ദ്രുതഗതിയിലാക്കി. വൈകാതെ, 1571.05 കോടിരൂപയുടെ സംസ്ഥാനവിഹിതം കൂടി ഉൾപ്പെടുത്തി പദ്ധതിക്കായി 1957.05 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. കെഎംആർഎൽ നേരിട്ടാണ് രണ്ടാംഘട്ടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്.

രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന കാക്കനാട് സ്പെഷ്യൽ ഇക്കണോമിക് സോണിന് സമീപമുള്ള മെട്രോ സ്റ്റേഷന്റെ എൻട്രി, എക്സിറ്റ് നിർമ്മാണം നേരത്തെ ആരംഭിച്ചിരുന്നു. തുടർന്ന് കിൻഫ്ര പാർക്ക്, ഇൻഫോ പാർക്ക്, ചിറ്റേത്തുകര സ്റ്റേഷനുകളുടെ നിർമ്മാണത്തിനായി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ടെൻഡർ ക്ഷണിച്ചു. ഇതിന്റെ തുടർനടപടികൾ കൂടി പൂർത്തിയാക്കിയ ശേഷം മറ്റു സ്റ്റേഷനുകളുടെയും നിർമ്മാണത്തിനുള്ള നടപടി ആരംഭിക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ 11 സ്റ്റേഷനുകളാണ് രണ്ടാംഘട്ടത്തിൽ ഉണ്ടാവുക. ഇപ്പോഴത്തെ സാഹചര്യത്തിൽ 2025 ആകുമ്പോഴേയ്ക്കും രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാക്കി മെട്രോ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. അൻപതിനായിരത്തിലധികം ജീവനക്കാരുള്ള ഇൻഫോപാർക്കിലേക്ക് മെട്രോ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും കെഎംആർഎല്ലിന്റെ വരുമാനത്തിലും വൻകുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് നിഗമനം.

യാഥാർത്ഥ്യമായ സ്വപ്നം
യഥാർത്ഥത്തിൽ കൊച്ചി മെട്രോറെയിൽ വലിയൊരു സ്വപ്നസാക്ഷാത്ക്കാരം ആയിരുന്നു. 1999-ൽ ഇ.കെ. നായനാർ സർക്കാരായിരുന്നു ഇത്തരമൊരു പദ്ധതിക്കായി സാധ്യതാപഠനം നടത്തിയത്. പിന്നീട്, 2004-ൽ പദ്ധതിക്കുവേണ്ടി വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി. 2007-ലെ എൽഡിഎഫ് സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകുകയും ദക്ഷിണ റെയിൽവേയിൽനിന്നും അഡീഷണൽ ജനറൽ മാനേജരായി റിട്ടയർ ചെയ്ത ആർ. ഗോപിനാഥൻനായരെ സ്പെഷ്യൽ ഓഫീസറായി നിയമിക്കുകയും ചെയ്തു. തുടർന്നുവന്ന സർക്കാരാണ് ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മലയാളിയായ ഇ. ശ്രീധരൻ മുഖ്യഉപദേഷ്ടാവായുള്ള ഡെൽഹി മെട്രോറെയിൽ കോർപറേഷന് (ഡിഎംആർസി) ആയിരുന്നു നിർമ്മാണച്ചുമതല.

2009 ജൂൺ ഇരുപത്തിരണ്ടാം തീയതി പന്ത്രണ്ടാം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ആസൂത്രണ കമ്മീഷൻ കൊച്ചി മെട്രോറെയിലിന് തത്വത്തിൽ അംഗീകാരം നൽകി. 2010 മാർച്ച് 19-ന് മെട്രോ അനുബന്ധ വികസനപദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരവും ലഭിച്ചു. 2011 ജൂൺ പതിനെട്ടാം തീയതി മുഖ്യമന്ത്രി ചെയർമാനും ടോം ജോസ് എം.ഡി.യുമായി കെഎംആർഎൽ രൂപീകരിച്ചു. 2012 സെപ്തംബർ പതിമൂന്നിന് അന്നത്തെ പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ നിർമ്മാണം ഉദ്ഘാടനം ചെയ്തു. 2013 സെപ്തംബർ 30-ന് കലൂരിൽ മെട്രോറെയിലിന്റെ ആദ്യസ്റ്റേഷൻ നിർമ്മാണം ആരംഭിച്ചു. 2015 സെപ്തംബർ നാലിന് മെട്രോയുടെ പുതിയ ലോഗോയും ട്രെയിൻ ഡിസൈനും നിലവിൽ വന്നു. 2016 ജനുവരി പന്ത്രണ്ടാം തീയതി ആദ്യസെറ്റ് കോച്ചുകൾ മുട്ടം യാർഡിലെത്തി. പതിനൊന്ന് ദിവസങ്ങൾക്കുശേഷം യാർഡിൽ തന്നെ അവയുടെ പരീക്ഷണഓട്ടം തുടങ്ങി. മാർച്ച് 21-ന് മുട്ടം മുതൽ ഇടപ്പള്ളി വരെ പരീക്ഷണ ഓട്ടം നടത്തി. സുരക്ഷാപരിശോധനയും നടപടിക്രമങ്ങളുമെല്ലാം പൂർത്തിയാക്കി 2017 ജൂൺ പതിനേഴാംതീയതി കൊച്ചി മെട്രോ റെയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ കൊച്ചി മെട്രോയ്ക്കുള്ളത്. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചി യൂണിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ, ടൗൺഹാൾ, എം.ജി. റോഡ്, മഹാരാജാസ് കോളേജ്, എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട, വടക്കേക്കോട്ട, എസ്.എൻ. ജംഗ്ഷൻ, തൃപ്പൂണിത്തുറ എന്നിവയാണ് ഈ സ്റ്റേഷനുകൾ. രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ പതിനൊന്ന് സ്റ്റേഷനുകൾ കൂടി പുതിയതായി വരും. ഇതിനിടെ, പദ്ധതിയുടെ മൂന്നാംഘട്ട മായി ആലുവയിൽനിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മെട്രോറെയിൽ നിർമ്മിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.