ഓൺലൈൻ വിപണിയിൽ നാട്ടുൽപന്നങ്ങളുടെ കല്ലിയൂർ പെരുമ

ഡോ. സൗമ്യ ബേബി

വിളവെടുക്കുന്ന കാർഷികോത്പന്നങ്ങൾ ഇടനിലക്കാർക്ക് കൈമാറുമ്പോൾ പലപ്പോഴും ഉത്പാദനച്ചെലവിന് ആനുപാതികമായ വില ലഭിക്കാത്തത് കർഷകർക്ക് വലിയ തിരിച്ചടിയാകാറുണ്ട്. കൃഷിക്കാരിൽനിന്നും സംഭരിക്കുന്ന ഉത്പന്നങ്ങൾ ഉപഭോക്താക്കളുടെ പക്കലെത്തുമ്പോൾ വില ഇരട്ടിയാകുമെങ്കിലും അതിന്റെ നേട്ടം മുഴുവനും ഇടനിലക്കാർക്കാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ ഗ്രാമപഞ്ചായത്തിലുള്ള കർഷകർ സംസ്ഥാനത്തിനാകെ മാതൃകയാവുന്നത്. ഇവർ വിളവെടുക്കുന്ന ഉത്പന്നങ്ങൾ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനത്തിലൂടെ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തുന്നു. സ്വാഭാവികമായും ഇടനിലക്കാർ കൈവശപ്പെടുത്തിയിരുന്ന പണംകൂടി ഉത്പാദകർക്ക് ലഭിക്കുകയും കൃഷി ലാഭത്തിലാകാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്തു. ഏതൊരു ഉത്പന്നത്തിനും നേരത്തെ ലഭിച്ചിരുന്നതിനേക്കാൾ കിലോഗ്രാമിന് അഞ്ചുരൂപയെങ്കിലും കർഷകർക്ക് ഇപ്പോൾ കൂടുതലായി കിട്ടുന്നുണ്ട്. 

ഗ്രാമപഞ്ചായത്ത്, കാർഷിക വികസനസമിതി, കാർഷിക കർമ്മസേന, കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ സഹകരണത്തോടെ കല്ലിയൂർ കൃഷിഭവനാണ് ഇവിടുത്തെ നാട്ടുത്പന്നങ്ങളുടെ ഓൺലൈൻ വിപണിക്ക് ചുക്കാൻ പിടിക്കുന്നത്. പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് എട്ടുമാസം മാത്രമെ ആയിട്ടുള്ളുവെങ്കിലും ഇതിനകം തന്നെ മികച്ച നേട്ടം കൈവരിച്ചുകഴിഞ്ഞു. കാർഷികവിളകളുടെ നടീൽ മുതൽ പരിചരണവും വിളവെടുപ്പും സംസ്‌കരണവും കച്ചവടവും വരെയുള്ള എല്ലാ കാര്യങ്ങളിലും കൂടുതൽ ശാസ്ത്രീയസമീപനം സ്വീകരിച്ചുകൊണ്ടാണ് കല്ലിയൂരിലെ നാട്ടുമനുഷ്യർ വിപണിയെ കൈപ്പിടിയിലാക്കുന്നത്. അങ്ങനെ കൃഷിയിലൂം വിപണനത്തിലുമെല്ലാം സംസ്ഥാനത്തിനാകെ അനുവർത്തിക്കാവുന്ന കല്ലിയൂർ മാതൃക രൂപപ്പെടുകയാണ്. ഫ്രഷായ ഉത്പന്നങ്ങൾ ലഭിക്കുന്നതിന് പുറമെ ഉപഭോക്താക്കൾക്ക് ഇതിന്റെ സാമ്പത്തികനേട്ടവും ഉണ്ടാകുന്നുണ്ട്.

കല്ലിയൂർ ഗ്രീൻസ് എന്ന ബ്രാൻഡ് നെയിം

കല്ലിയൂർ പഞ്ചായത്തിലുള്ള 212 കൃഷിക്കൂട്ടങ്ങൾ വിളവെടുക്കുന്ന ഉത്പന്നങ്ങളാണ് ഓൺലൈൻ മാർക്കറ്റിംഗിലൂടെ വിറ്റഴിക്കുന്നത്. ഇവ കമ്പോളത്തിൽ എത്തിക്കാനായി മുൻനിര വ്യാപാരകേന്ദ്രങ്ങളുടെ മാർക്കറ്റിംഗ് രീതി തന്നെ അവലംബിച്ചു. ‘കല്ലിയൂർ ഗ്രീൻസ്’ എന്ന ബ്രാൻഡ് നെയിം സ്വീകരിക്കുന്നത് അങ്ങനെയാണ്. ടെക്‌നോപാർക്ക് ആസ്ഥാനമായ ഐഒഎസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സഹകരണത്തോടെ ഡിജിറ്റൽ ഓർഡറിംഗ് സംവിധാനം ഒരുക്കി. ഇതിലുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ഏതൊരാൾക്കും കല്ലിയൂർ ഗ്രീൻസ് സ്റ്റോറിൽ പ്രവേശിക്കാം. തുടർന്ന്, ലളിതമായ നടപടിക്രമങ്ങളിലൂടെ ആവശ്യമുള്ള ഉത്പന്നങ്ങൾക്ക് ഓർഡർ നൽകാം. സ്ഥിരം ഉപഭോക്താക്കൾക്കായി ‘ലരമ ോലിൗ’ എന്ന പേരിൽ ആൻഡ്രോയ്ഡ് ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പണമടയ്ക്കാനുള്ള സൗകര്യവും ഇവിടെതന്നെ ഒരുക്കിയിരിക്കുന്നു. ഇതിനുപുറമെ വാട്‌സാപ്പിലൂടെയും ആവശ്യമായ ഉത്പന്നങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്.

”സംസ്ഥാനവ്യാപകമായി ‘ഞങ്ങളും കൃഷിയിലേക്ക്’ എന്നൊരു പദ്ധതി കൃഷിവകുപ്പ് നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കല്ലിയൂർ ഗ്രാമപഞ്ചായത്തിലും കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കപ്പെട്ടു. ശാസ്ത്രീയമായ കൃഷിരീതിയിലൂടെ ഉയർന്ന വിളവ് ലഭിച്ചപ്പോൾ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കാനുള്ള സാധ്യതകളെപ്പറ്റിയും ആലോചിക്കേണ്ടി വന്നു. അങ്ങനെയാണ്, എട്ടുമാസം മുൻപ് കല്ലിയൂർ ഗ്രീൻസ് എന്ന പേരിൽ ഇത്തരമൊരു ഓൺലൈൻ വിപണന സംവിധാനം രൂപപ്പെടുന്നത്. അത് എല്ലാവരും ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ വളരെ നല്ല പ്രവർത്തനം കാഴ്ചവെക്കാൻ ഇപ്പോഴും സാധിക്കുന്നുണ്ട്. ഉത്പന്നങ്ങളുടെ സംസ്‌കരണത്തിനും മറ്റും ആവശ്യമായ കൂടുതൽ യന്ത്രസാമഗ്രികൾ വാങ്ങാൻ കഴിഞ്ഞാൽ ഇനിയും നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതിന് ആവശ്യമായ ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ്;” കല്ലിയൂരിലെ കൃഷി ഓഫീസറായ സ്വപ്ന പറയുന്നു.

കാർഷികമേഖല ആയതിനാൽ ഉത്പന്നങ്ങൾക്ക് കല്ലിയൂരിൽ വിപണനസാധ്യത കുറവാണ്. അതുകൊണ്ട്, തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് വിൽപ്പനയിൽ അധികവും. ഓണക്കാലത്തും മികച്ച വിറ്റുവരവ് നേടാൻ കല്ലിയൂർ ഗ്രീൻസിന് കഴിഞ്ഞു. സദ്യയ്ക്ക് ആവശ്യമായ വിഭവങ്ങളടങ്ങിയ കിറ്റ്, ഫ്രഷായിട്ടുള്ള പച്ചക്കറികൾ, ശർക്കരവരട്ടി, ഉപ്പേരി, ഇഞ്ചിക്കറി, വിവിധയിനം അച്ചാറുകൾ തുടങ്ങി പ്രത്യേകമായ ഓണവിഭവങ്ങളും തയ്യാറാക്കിയിരുന്നു. ഇതിനെല്ലാം വലിയ സ്വീകാര്യതയും ലഭിച്ചു. അഞ്ചുപേരുള്ള ഒരു കുടുംബത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിറച്ച 150 കിറ്റുകൾക്കാണ് ഒരു സ്ഥാപനം മാത്രം ഓർഡർ നൽകിയത്. ഇതിനുപുറമെ, മറ്റു സ്ഥാപനങ്ങളും സംഘടനകളും ഓർഡർ ചെയ്തതും പലരും വ്യക്തിഗതമായി വാങ്ങിയതുമായ കിറ്റുകളും ഏറെയാണ്. കൃത്യമായ കാഴ്ചപ്പാടോടെ പ്രവർത്തിച്ചാൽ കൂറ്റൻ കമ്പനികളുടെ വിപണനസംവിധാനത്തെ പോലും മറികടക്കാൻ നമ്മുടെ നാട്ടുകൂട്ടായ്മകൾക്ക് സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കല്ലിയൂർ ഗ്രീൻസ്.

ഉത്പന്നങ്ങളും ഉത്പാദനവും

കല്ലിയൂരിൽനിന്നും ലഭിക്കുന്ന എല്ലാ തരത്തിലുള്ള കാർഷികോത്പന്നങ്ങളുടെയും പരമാവധി വിപണനസാധ്യതകൾ നിലവിൽ വിനിയോഗിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫ്രഷായ ഉത്പന്നങ്ങൾ നേരിട്ടും മൂല്യവർദ്ധിതമാക്കിയുമെല്ലാം കച്ചവടത്തിന് തയ്യാറാക്കുന്നു. വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ വെവ്വേറെയും സാമ്പാർ, അവിയൽ, തോരൻ, മെഴുക്കുപുരട്ടി, എരിശ്ശേരി തുടങ്ങിയവയ്ക്കുവേണ്ടി കട്ട് വെജിറ്റബിൾസായും ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്. ഇതിനായി പ്രത്യേക യൂണിറ്റുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, മുളപ്പിച്ച പച്ചക്കറികളും ലഭ്യമാണ്. ഇതിനുപുറമെ, നാടൻ കുത്തരിയും പച്ചരിയും വയനാടൻ രീതിയിൽ ഉത്പാദിപ്പിച്ച നെല്ലിനങ്ങളായ നെന്മേനി, ചിറ്റുണ്ടി, കെട്ടിനാട്ടി തുടങ്ങിയവയും ഓൺലൈൻ വിപണിയിലൂടെ നൽകിവരുന്നു. ഇവയെല്ലാം പ്രാദേശികമായി ഉത്പാദിപ്പിക്കുന്നവയാണ്.

എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തയ്യാറാക്കുന്ന ഒട്ടേറെ മൂല്യവർദ്ധിത ഉത്പന്നങ്ങളും ഇവിടെനിന്നും ഉപഭോക്താക്കളെ തേടിയെത്തുന്നു. തദ്ദേശീയമായി ഉത്പാദിപ്പിച്ചെടുത്ത മഞ്ഞൾപ്പൊടി, അരിയുത്പന്നങ്ങൾ, ചക്കയിൽനിന്നുണ്ടാക്കിയ 10 മൂല്യവർദ്ധിത ഉത്പന്നങ്ങൾ, മസാലപ്പൊടികൾ, കേക്കുകൾ, ഏത്തക്കായപ്പൊടി, മരച്ചീനി ഉത്പന്നങ്ങൾ, ചമ്മന്തിപ്പൊടികൾ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. ആകെയുള്ള കൃഷിക്കൂട്ടങ്ങളിൽ 13 എണ്ണം മൂല്യവർദ്ധിത ഉത്പന്നനിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിലൂടെ, ഓരോ വിളയുടെയും പരമാവധി വരുമാനസാധ്യത പ്രയോജനപ്പെടുത്താനും ഇവർക്ക് സാധിക്കുന്നു. കഴിയുന്നിടത്തോളം ഉത്പന്നങ്ങൾ മൂല്യവർദ്ധിതമാക്കി വിറ്റഴിച്ചാൽ മാത്രമെ കർഷകർക്കും കൂടുതൽ വരുമാനം ലഭിക്കുകയുള്ളൂ. ഇപ്പോൾ കാർഷികോത്പന്നങ്ങൾ സംഭരിക്കുന്ന ഇടനിലക്കാരായ വൻകിട സ്ഥാപനങ്ങളിൽ പലതും ഇങ്ങനെയാണ് ലാഭമുണ്ടാക്കുന്നത്. കല്ലിയൂർ ഗ്രീൻസും പ്രയോജനപ്പെടുത്തുന്നത് ഇതേ സാധ്യതകൾ തന്നെയാണ്.

കായലും കരയും പാടശേഖരങ്ങളുമെല്ലാമുള്ള കല്ലിയൂർ മേഖല പല ഭക്ഷ്യവിളകളുടെയും ഉത്പാദനത്തിൽ സ്വയംപര്യാപ്തമാണ്. പ്രതിദിനം ശരാശരി നാലു മെട്രിക് ടൺ കാർഷികോത്പന്നങ്ങൾ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ”വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള സ്വാശ്രയ കർഷകവിപണികളിലൂടെയും ചാലക്കമ്പോളത്തിലൂടെയും മറ്റു ചെറുകിട കച്ചവടക്കാരിലൂടെയുമാണ് ഇവയുടെ വിൽപ്പന നടക്കുന്നത്. ഓൺലൈൻ മാർക്കറ്റ് വികസിപ്പിച്ചെടുത്തതോടെ ഓരോ ആഴ്ചയും ശരാശരി മൂന്ന് മെട്രിക് ടൺ ഉത്പന്നങ്ങൾ അതിലൂടെ വിറ്റഴിക്കാൻ സാധിക്കുന്നുണ്ട്. ഉത്പന്നങ്ങൾക്ക് ന്യായവില ലഭിച്ചതോടെ കർഷകരുടെ ആത്മവിശ്വാസവും വർദ്ധിച്ചു. ഈ രീതിയിൽ കൂടുതൽ ആളുകളെ കാർഷികമേഖലയിലേക്ക് ആകർഷിക്കാനും സാധിക്കും;” കൃഷി ഓഫീസർ സ്വപ്ന കൂട്ടിച്ചേർക്കുന്നു.

പിന്തുടരാവുന്ന മാതൃക

കാർഷികരംഗത്ത് മൂല്യവർദ്ധിത ഉത്പന്നനിർമ്മാണത്തിലും ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടുള്ള വിപണനത്തിലും സോഷ്യൽമീഡിയ ഉപയോഗിച്ചുള്ള കച്ചവടത്തിലുമെല്ലാം സംസ്ഥാനത്തിനാകെ അനുവർത്തിക്കാവുന്ന മാതൃകയാണ് കല്ലിയൂരിൽ വിജയകരമായി മുന്നോട്ടു പോകുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം നടപ്പാക്കിയ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി വൻവിജയമാവുകയും ഇത്തവണ രണ്ടാംഘട്ടം നടപ്പാക്കുകയും ചെയ്ത സാഹചര്യത്തിൽ കല്ലിയൂർ മോഡൽ വിപണനസംവിധാനത്തിന് പ്രാധാന്യം ഏറെയുണ്ട്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഇരുപത്തയ്യായിരത്തിലധികം കൃഷിക്കൂട്ടങ്ങളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽനിന്നും ഒരു പഞ്ചായത്തിന്റെ പരിധിയിലുള്ള 212 കൃഷിക്കൂട്ടങ്ങളിൽനിന്നുള്ള ഉത്പന്നങ്ങളുടെ മാത്രം വിപണനത്തിനായി രൂപീകരിക്കപ്പെട്ടതാണ് കല്ലിയൂരിലെ ഓൺലൈൻ വിപണി. സമാനരീതിയിൽ മറ്റു സ്ഥലങ്ങളിലും ഇത് നടപ്പാക്കാനായാൽ കാർഷികമേഖലയ്ക്ക് വൻനേട്ടമാകും.

ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കുകയും അതിലൂടെ കർഷകന് സ്ഥിരവരുമാനം ഉറപ്പാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്താൽ ഒട്ടേറെ പേരെ ഈ രംഗത്തേക്ക് ആകർഷിക്കാൻ കഴിയും. സ്ത്രീകളും യുവാക്കളും പ്രവാസികളുമെല്ലാം ഉൾപ്പെടുന്ന ഗ്രൂപ്പുകളാണ് കൃഷിക്കൂട്ടങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓരോ ഗ്രൂപ്പിലും പത്ത് അംഗങ്ങൾ വീതമുണ്ടാവും. പരമാവധി ആളുകളിൽ കാർഷികസംസ്‌കാരം ഉണർത്തുക എന്നതാണ് കൃഷിക്കൂട്ടങ്ങളുടെ രൂപീകരണത്തിന് പിന്നിലുള്ള ലക്ഷ്യം. ഇതിലൂടെ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാനും സുരക്ഷിതഭക്ഷണം ഉറപ്പാക്കാനും കഴിയുമെന്ന് കണക്കാക്കപ്പെടുന്നു. ഓരോ ഗ്രൂപ്പുകളും ഒരുമിച്ചോ പലയിടങ്ങളിലായോ കുറഞ്ഞത് രണ്ടേക്കർ സ്ഥലത്തെങ്കിലും കൃഷി ചെയ്യണം. ഇതിന് ആവശ്യമായ ഭൂമി കണ്ടെത്താൻ കൃഷിവകുപ്പ് സഹായിക്കുകയും വേണ്ടത്ര വിത്തും തൈകളും ലഭ്യമാക്കുകയും ചെയ്യും. വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനായി പൂർണ്ണമായും ജൈവകൃഷിയാണ് കൃഷിക്കൂട്ടങ്ങൾ അനുവർത്തിക്കുന്നത്. സ്‌കൂളുകൾ, കോളേജുകൾ, രാഷ്ട്രീയസംഘടനകൾ, മതസംഘടനകൾ എന്നിവയെയും പദ്ധതിയുടെ ഭാഗമാക്കുന്നുണ്ട്.

ഇതിനിടെ, ചിങ്ങം ഒന്നാംതീയതി കാപ്‌കോ (കേരള അഗ്രോ ബിസിനസ് കമ്പനി) എന്ന കാർഷികോത്പന്ന വിപണനകമ്പനി രൂപീകരിച്ച സർക്കാർ നടപടിയും കൃഷിക്കാർക്ക് ഗുണകരമാകും. കാർഷികോത്പന്നങ്ങൾ കൃഷിക്കാർക്ക് ലാഭകരമാകുന്ന വിലയിൽ വിപണനം ചെയ്യുകയും അവ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുകയുമാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉത്പന്നങ്ങളുടെ സംഭരണവും സംസ്‌കരണവും നടത്തും. തുടർന്ന്, ദേശീയ അന്തർദ്ദേശീയ തലത്തിലുള്ള ഉത്പന്നവിപണനമാണ് കമ്പനി ലക്ഷ്യമിടുന്നത്. കാപ്‌കോയ്ക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം കർഷകർക്ക് കൈമാറുകയും ചെയ്യും. ഇത്തരത്തിൽ, കാർഷികരംഗത്തെ ഉത്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ കാര്യങ്ങളും നേരിട്ടുചെയ്യാൻ കൃഷിക്കാരെ പ്രാപ്തരാക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.