വരുന്നു… ഡ്രൈവറില്ലാത്ത കാലം
സാങ്കേതിക വിദ്യ എപ്രകാരമാണ് മനുഷ്യ ജീവിതത്തെ മാറ്റി മറിക്കുകയെന്നോ ഇനിയുള്ള കാലം അതെന്തെല്ലാം മാറ്റങ്ങൾ മനുഷ്യന്റെ ദൈനം ദിന ജീവിതത്തിലുണ്ടാക്കുമെന്നോ ഇപ്പോൾ പ്രവചിക്കുക അസാധ്യമെന്ന് തന്നെയാണ് മാറ്റങ്ങളുടെ ഈ കാലഘട്ടത്തെ ഗൗരവമായി വീക്ഷിക്കുന്ന ആർക്കും മനസ്സിലാവുക. ഒന്നുറപ്പാണ് ഇന്നുള്ള പല തൊഴിൽ മേഖലകളും താമസംവിനാ അപ്രത്യക്ഷമാവുകയും തൽസ്ഥാനത്ത് പുത്തൻ തൊഴിലവസരങ്ങൾ ഉടലെടുക്കുകയും ചെയ്യും. അതിലൊന്നാണ് ഇനിയുള്ള കാലഘട്ടത്തിൽ ഡ്രൈവർമാർ അപ്രസക്തമാവുമെന്ന പ്രവചനം. കാരണം ഡ്രൈവറില്ലാ വാഹനങ്ങളുടെ നിര തന്നെ അണിയറയിലൊതുങ്ങുന്നുണ്ട്. ചിലതൊക്കെ ഇപ്പോൾ നിരത്തിലിറങ്ങി കഴിഞ്ഞു. അമേരിക്കയിൽ ഇപ്പോൾത്തന്നെ മലയാളികൾ പലർക്കും ഡ്രൈവറില്ലാ കാറുകൾ ഉണ്ട്. ടെസ്ല, ഗൂഗിൾ, യൂബർ തുടങ്ങിയ വമ്പന്മാമരാണ് ഇതിന് പിറകിൽ.
വാഹനങ്ങളിൽ നിന്ന് ഡ്രൈവർമാർ അപ്രത്യക്ഷരാകുന്ന കാലം ഏറെ വിദൂരമല്ലെന്ന് അടുത്തിടെ പഠന റിപ്പോര്ട്ട് പുറത്തുവന്നിരുന്നു. ഗവേഷക സ്ഥാപനമായ ഐഡിടെക്എക്‌സ് 2021 സെപ്തംബറിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2046 ആകുമ്പോഴേക്കും യു.എസിൽ പ്രതിവർഷം മൂന്ന് ട്രില്ല്യൺ മൈലുകൾ യാത്ര ചെയ്യുന്ന തലത്തിലേക്ക് ഓട്ടോണമസ് കാറുകൾ വികസിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2050-ഓടെ ലോകത്തിലെ എല്ലാ ഗതാഗത മേഖലയിലേക്കും ഓട്ടോണമസ് വാഹനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുമെന്നുമാണ് ഐഡിടെക്
എക്‌സ് വിലയിരുത്തുന്നത്.
എന്താണ് ഡ്രൈവറില്ലാ വാഹനങ്ങൾ
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മനുഷ്യരുടേതായ യാതൊരു ഇടപെടലും കൂടാതെ ഓട്ടോമാറ്റിക്കായി ഓടുന്ന വാഹനങ്ങളാണ് ഇവ. കൃത്രിമ ബുദ്ധിയും സെൻസറുകളും ക്യാമറകളും, ജി പി എസും എല്ലാം ഇതിന്റെ പിറകിലുണ്ട്.
6 ലെവലുകൾ
മനുഷ്യൻ പൂർണ്ണമായും ഡ്രൈവർ ഇല്ലാത്ത കാറുകളിലേക്കെത്തിച്ചേർന്നത് 6 സ്റ്റേജുകളിലൂടെയാണ്.
1. സീറോ ലെവൽ എന്നറിയപ്പെടുന്ന ഇതിൽ യാതൊരു വിധത്തിലുള്ള മാനുഷിക ഇടപെടലുകളുമില്ല.
2. ലെവൽ ഒന്നിൽ ആക്‌സിലേറ്റർ, സ്റ്റീയറിങ്ങ് എന്നിവയിലൊന്നിൽ ഓട്ടോമേഷൻ കൊണ്ടു വന്നു.
3. ലെവൽ രണ്ടിലാവട്ടെ അഡ്വാൻസഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്ന രീതിയാണ് ഉണ്ടായത്. സ്റ്റീയറിങ്ങ്, ആക്‌സിലേറ്റർ എന്നിവ രണ്ടിലുമാണ് ഓട്ടോമേഷൻ കൊണ്ട് വന്നത്. എന്നിരുന്നാലും ഡ്രൈവറുടെ സഹായം ആവശ്യമാണ്.
4. അഡ്വാൻസ്ഡ് ഡ്രൈവർ സിസ്റ്റം എന്ന ഈ രിതി ഭാഗീകമായി ഓട്ടോ മാറ്റിക് ആണെന്ന് പറയുവാൻ കഴിയും.
5. ലെവൽ 5 ൽ എത്തിയപ്പോഴാകട്ടെ പല സന്ദർഭങ്ങളിലും ഓട്ടോമാറ്റിക്കായി ഓടുന്ന കാറുകളിലേക്കെത്തപ്പെട്ടു.
6. ഈ ലെവലിലാണ് പൂർണ്ണമായും ഡ്രൈവറില്ലാതെ ഓടുന്ന കാറുകളിലേക്ക് എത്തപ്പെട്ടത്. 5 ജി സാങ്കേതിക വിദ്യയിലാണ് ഇത് പ്രവർത്തിക്കുന്നത്. അറമുശേ്‌ല ഇൃൗശരല ഇീിൃേീഹ ടെക്‌നോളജിയും ഇവിടെ ഉപയോഗിക്കുന്നുണ്ട്. മുമ്പിലുള്ള വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുവാൻ ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
പ്രവർത്തനം എങ്ങനെ
ക്യാമറകൾ ഉൾപ്പെടെയുള്ള വിവിധങ്ങളായ സെൻസറുകളുടെ സഹായത്തോടെയാണ് ഇത്തരം വാഹനങ്ങൾ പ്രവർത്തിക്കുന്നത്. റെഡാർ, ലിഡാർ, അൾട്രാ സോണിക് സെൻസറുകൾ, ജി പി എസ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഇവ വാഹനത്തിന്റെ എല്ലാ വശങ്ങളും സ്‌കാൻ ചെയ്തു കൊണ്ടിരിക്കും. ചുറ്റുമുള്ള വാഹനങ്ങൾ, ട്രാഫിക് ബോർഡുകൾ, സിഗ്‌നലുകൾ, റോഡ് മാർക്കിങ്ങുകൾ തുടങ്ങിയവയെല്ലാം സ്‌കാൻ ചെയ്യും.
വിവിധങ്ങളായ സെൻസറുകളിൽ നിന്നുള്ള ഡേറ്റകൾ പ്രോസസ് ചെയ്യുന്നത് വഴി വാഹനത്തിന്റെ ചുറ്റുപാടുകളെപ്പറ്റി ധാരണ ലഭ്യമാക്കുന്നു. ജി പി എസ് വഴിയാണ് വാഹനത്തിന്റെ നിലവിലുള്ള പൊസിഷൻ മനസ്സിലാക്കുന്നത്. ലഭിച്ചതായ ഡേറ്റകളെ അനലൈസ് ചെയ്തു സ്പീഡിന്റെ കാര്യത്തിലും, ബ്രേക്കിന്റെ കാര്യത്തിലുമെല്ലാം തീരുമാനങ്ങളെടുക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സിസ്റ്റമാണ്. വളരെ സങ്കീർണ്ണമായ ഒരു അൽഗോരിതമാണ് ഇതിന് പിറകിലുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സിസ്റ്റം കാറിന്റെ കണ്ട്രോൾ റൂമിലേക്ക് ഈ വിവരങ്ങളയയ്ക്കുകയും കണ്ട്രോൾ സിസ്റ്റം നിർണ്ണായകമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. സെൻസറുകളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങളനുസരിച്ച് ഓരോ നിമിഷവും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നുണ്ടിവിടെ. ട്രാഫിക് സിഗ്‌നലുകളും റോഡ് ജ്യോമട്രിയും ലൈൻ മാർക്കിങ്ങുകളുമുൾപ്പെടെയുള്ള റോഡിലെ എല്ലാ വിവരങ്ങളും അടങ്ങിയ ഒരു മാപ്പിങ്ങ് സിസ്റ്റം എപ്പോഴും ഇതിന് കൂട്ടായി ഉണ്ടായിരിക്കും. ഓട്ടോണമസ് ആയ പല വാഹനങ്ങളിലും മറ്റ് ഇത്തരത്തിലുള്ളവാഹനങ്ങളുമായി സംവദിക്കുവാനുള്ള സംവിധാനം ഉണ്ടായിരിക്കും.
ഗുണ ദോഷങ്ങൾ
ഡ്രൈവറില്ലാ വാഹനങ്ങളുടെ ഏറ്റവും പ്രധാന ഗുണമായി വിലയിരുത്തപ്പെടുന്നത് സുരക്ഷയാണ്. പൂർണ്ണമായും ഓട്ടോ മാറ്റിക് സെന്‌സപറുകളാൽ നിയന്ത്രിക്കപ്പെടുന്നയിവിടെ അപകടങ്ങളുണ്ടാകുവാനുള്ള സാധ്യത കുറവാണെന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം വാഹനങ്ങൾക്ക് പരസ്പരം സംവേദിക്കുവാൻ കഴിയുമെന്നതിനാൽത്തന്നെ ട്രാഫിക് ജാം കുറക്കുവാൻ കഴിയുമെന്ന് വിവക്ഷിക്കുന്നു. പ്രായാധിക്യം മൂലം ഡ്രൈവിങ്ങ് അസാധ്യമായിട്ടുള്ളവർക്കുള്ള അത്താണിയാകും ഇത്തരം വാഹനങ്ങൾ. പരിസ്ഥിതി സൗഹാർദ്ദമായതാണ് ഇത്തരം വാഹനങ്ങൾ. യാത്രികന് ഡ്രൈവ് ചെയ്യേണ്ട ആവശ്യമില്ലാത്തത് കൊണ്ട് തന്നെ ആ സമയം വായിക്കുകയോ മറ്റ് പ്രയോജനപ്രദമായ കാര്യങ്ങൾ ചെയ്യുവാനോ കഴിയുന്നു. ഇത്തരം വാഹനങ്ങൾ യാത്രക്കാരനെ നിർദ്ദിഷ്ട സ്ഥലത്ത് എത്തിച്ചിട്ട് സ്വയം പാർക്ക് ചെയ്യുന്നതിനാൽ പാർക്കിങ്ങ് കണ്ട് പിടിക്കുവാൻ യാത്രക്കാരൻ മിനക്കെടേണ്ടതില്ല. മനുഷ്യരേക്കാൾ ട്രാഫിക് നിയമങ്ങളനുസരിക്കുന്നവയായിരിക്കും ഇത്തരം വാഹനങ്ങളെന്നതിനാൽ അപകട സാധ്യത കുറയുന്നു. ഇത് മുന്നോട്ട് വെക്കുന്ന സംരംഭക സാധ്യതകളും തൊഴിലവസരങ്ങളും ഏറെയാണ്.
എന്നാൽ സാങ്കേതികമായി വലിയ വെല്ലുവിളികൾ നിറഞ്ഞതാണ് ഈ രംഗം. ഇത്രയും ഓട്ടോമാറ്റിക്കായ സംവിധാനങ്ങളൊരുക്കുകയെന്നത് ഏറെ വിഷമകരമായ ഒന്നാണ്. ആയതിനാൽത്തന്നെ പൂർണ്ണ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. വരും നാളുകളിൽ ഇത്തരം വാഹനങ്ങൾ സാധാരണമാകുമ്പോൾ ജോലി ഇല്ലാതെ വരുന്നത് ഡ്രൈവർമാരുടേതാണ്. ഇതുയർത്തുന്ന സാമൂഹിക പ്രശ്‌നങ്ങൾ ഇന്നേ ചർച്ച ചെയ്യേണ്ടതാണ്. ഇത്തരം വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന ഡേറ്റ അനവധിയാണ്. ഇത് മുന്നോട്ട് വെക്കുുന്ന സുരക്ഷാ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. നമ്മുടെ ഇൻഫ്രാസ്ട്രക്ചർ ഇത്തരം കാറുകൾക്കനുയോജ്യമായി മാറ്റിയെടുക്കുകയെന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞയൊന്നാണ്. കനത്ത മഴ പോലുളള മുൻ കൂട്ടി പ്രവചിക്കുവാൻ കഴിയാത്തവയെ കൈകാര്യം ചെയ്യുകയെന്നുള്ളത് ഏറെ ശ്രമകരമായ ഒന്നാണ്.
സാധ്യതകൾ
ഭാവിയിൽ ഡ്രൈവറില്ലാത്ത വാഹനങ്ങൾ നിരത്ത് കീഴടക്കുമ്പോൾ എം എസ് എം ഇ മേഖലക്ക് അത് മുന്നോട്ട് വെക്കുന്ന സാധ്യതകളും വെല്ലുവിളികളും ഏറെയാണ്. ട്രക്കുകളിലൂടെയുള്ള ചരക്ക് നീക്കത്തിന് ഏറെ ഫലപ്രദമായ ഒന്നാണിത് എന്നതിനാൽ സംരംഭകർക്ക് ഏറെ ലാഭത്തിൽ ചരക്ക് നീക്കം ഇതിലൂടെ സാധ്യമാണ്. തൊഴിലാളികളുടെ കൂലി ഗണ്യമായി കുറക്കുവാൻ ഈ സംവിധാനത്തിന് സാധ്യമാണ്. ദിവസം 24 മണിക്കൂറും ഈ വാഹനങ്ങൾ ഓടുമെന്നതിനാൽ ചരക്ക് നീക്കം കൂടുതൽ കാര്യക്ഷമമായി നടത്തുവാൻ കഴിയും. ടൂറിസം രംഗത്ത് ഇത്തരം വാഹനങ്ങൾ പുത്തനുണർവ്വ് സമ്മാനിക്കും.
ഒപ്പം ഡ്രോൺ ഓപ്പറേറ്റേഴ്‌സ് പോലെ ഇത്തരം വാഹനങ്ങളുടെ ഓപ്പറേറ്ററുകളും ആവശ്യമായി വരുന്നതിനാൽ ഒരു പുതിയ തൊഴിലവസരം ഉയർന്ന് വരാം. ഈ മേഖലക്ക് പ്രത്യേകം സോഫ്റ്റ് വെയറുകൾ ആവശ്യമായതിനാൽ ഇതിന്റെ ഡവലപ്പർമാരും എഞ്ചിനീയർമാരും കൂടുതലായി ആവശ്യമായി വരും. ഇത്തരം വാഹനങ്ങളുടെ സെൻസർ ടെക്‌നിഷ്യന്മാരും സേഫ്റ്റി ഓപ്പറേറ്റർമാരും ഇനിയുള്ള കാലത്ത് ആവശ്യമായി വരും. ഇത്തരം വാഹനങ്ങൾ സാങ്കേതികമായി ഉന്നത നിലവാരത്തിലുള്ളതിനാൽ ഇതിന്റെ സർവീസും പരിപാലനവും ഒരു തൊഴിൽ മേഖലയായി ഉയർന്ന് വരും.
വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും ഭാവിയിലെ താരം ഇത്തരം വാഹനങ്ങളാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.