സംരംഭകത്വ വിദ്യാഭ്യാസം എന്തിന്? എങ്ങിനെ ? എവിടെ ?
ആഷിക്ക്കെ.പി
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ സംരംഭകത്വത്തിന് പ്രസക്തി ഏറെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സംരംഭകർ ഒരു പുതിയ ചാലകശക്തിയായി നവീനവൽക്കരണത്തിനും തൊഴിൽ സൃഷ്ടിപ്പിനും സാമ്പത്തിക വളർച്ചക്കും നിദാനമായിക്കൊണ്ടിരിക്കുന്നു. വാണിജ്യ വ്യാവസായിക രംഗങ്ങൾ മത്സരാധിഷ്ഠിതവും അനുദിനം മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നതും കൊണ്ട് തന്നെ സംരംഭകത്വ വിദ്യാഭ്യാസം ഇന്ന് വലിയ പ്രാധാന്യം ഉള്ളതാണ്. സംരംഭകത്വ വിദ്യാഭ്യാസം ഒരു വ്യക്തിയെ മാനസികമായ വളർച്ചയ്ക്കും കഠിനാധ്വാനത്തിനും സംരംഭകത്വങ്ങളെ കുറിച്ചുള്ള അറിവിനും അതിലൂടെ സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുത്ത് വിജയിച്ച് മുന്നേറാം എന്നുള്ള മാനസികാവസ്ഥയിലേക്കും എത്തിക്കുന്നു. ഇത്തരം മാനസികാവസ്ഥ സാധാരണ വിദ്യാഭ്യാസം കൊണ്ട് ഉണ്ടാവണമെന്നില്ല എന്നതുകൊണ്ട് തന്നെ സംരംഭകത്വ വിദ്യാഭ്യാസം ആധുനിക കാലത്ത് ഏറെ പ്രസക്തമാണ്.
ഒരു സംരംഭകന് അയാളുടെ സംരംഭകത്വ യാത്രയിൽ ഒട്ടേറെ വെല്ലുവിളികളും പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നു. അപ്പോഴൊക്കെ അതിന് കൃത്യമായും ശാസ്ത്രീയമായും നേരിടാനുള്ള ഒരു മാനസികാവസ്ഥ, നവീനവൽകൃതമായ ചിന്തകൾ, പ്രശ്‌ന പരിഹാര ശേഷി, തീരുമാനമെടുക്കാനുള്ള കഴിവ്, നേതൃപാടവം, മാറ്റങ്ങൾ ഉൾക്കൊള്ളാനും വെല്ലുവിളികളെ നേരിടാനും ഉള്ള കഴിവ്, പുതിയ അവസരങ്ങൾ കണ്ടെത്താനും അതിലൂടെ പുതിയ സംരംഭങ്ങൾ കെട്ടിപ്പടുക്കാനും ഉള്ള ശ്രമം എന്നിവ സംരംഭകത്വം വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു.
സംരംഭകത്വ വിദ്യാഭ്യാസത്തിൻറെ മറ്റൊരു പ്രാധാന്യം അത് സർഗാത്മക പ്രശ്‌ന പരിഹാരത്തിന് മുതൽക്കൂട്ടാവും എന്നുള്ളതാണ്. ഒരു ബിസിനസുകാരൻ അനുദിനം ധാരാളം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും സമയാസമയങ്ങളിൽ അതിനുള്ള പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട് ഇത്തരം വിമർശനാത്മകവും ക്രിയാത്മകവുമായ ചിന്തകളെ പരിപോഷിപ്പിക്കുകയും അതിലൂടെ കൃത്യമായ പരിഹാരങ്ങൾ ഉണ്ടാക്കാനുള്ള നൈപുണി കൈവരിക്കുകയും ചെയ്താൽ മാത്രമേ ആധുനിക ലോകത്ത് ഒരാൾക്ക് ഒരു സംരംഭം തുടങ്ങാനും അത് വിജയകരമായി മുന്നോട്ടു കൊണ്ടു പോകാനും കഴിയുകയുള്ളൂ. നവീനവൽകൃതവും നൈപുണീകേന്ദ്രീകൃതവുമായ ഒരു സംസ്‌കാരം വിദ്യാഭ്യാസത്തിലൂടെ പലപ്പോഴും ലഭിക്കുന്നില്ല. കാരണം അറിവിനോ നൈപുണിക്കോ മാത്രം പ്രാധാന്യം നൽകുന്ന പരമ്പരാഗത വിദ്യാഭ്യാസമാണ് ഇന്നും നടക്കുന്നത്. അതുകൊണ്ടുതന്നെ ലോക വിപണിയിൽ അറിവിനോ നൈപുണിക്കോ ഉപരിയായി മറ്റു പല ശേഷികളും കൈവരിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ ഒരാൾക്ക് ആഗോളതലത്തിൽ സ്വന്തമായി സംരംഭം വിജയിപ്പിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ സംരംഭക വിദ്യാഭ്യാസം അനിവാര്യമാണ്. ആധുനിക ലോകത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതി അറിവ് നേടലിന് പ്രാമുഖ്യം നൽകുന്നതാണ്.
നൈപുണിക്കും പരിശീലനത്തിനും പ്രാധാന്യം നൽകുന്ന സ്ഥാപനങ്ങൾ അഥവാ യൂണിവേഴ്‌സിറ്റികൾ തുലോം കുറവാണ്. അതുകൊണ്ടുതന്നെ സംരംഭകത്വ വിദ്യാഭ്യാസം എത്രത്തോളം പ്രസക്തമാണ് എന്നത് ചിന്തിക്കേണ്ടതാണ്. അതിവേഗം മാറിവരുന്ന ഒരു ലോകക്രമത്തിൽ വ്യത്യസ്തവും വൈവിധ്യവുമാകുന്ന അറിവുകൾ ഒരേസമയം കരസ്ഥമാക്കാനും സാമ്പത്തിക ഭരണ ശേഷിയും വിപണന സാമർത്ഥ്യവും നേതൃപാടവവും ആശയവിനിമയശേഷിയും ഒരേസമയം ആർജിക്കേണ്ടതും ആവശ്യമാണ്. സംരംഭകത്വ വിദ്യാഭ്യാസം ഒരു വ്യക്തിയെ ഇത്തരത്തിലുള്ള പ്രായോഗിക നൈപുണികൾ കരസ്ഥമാക്കാൻ സഹായിക്കുകയും അതിലൂടെ അയാൾക്ക് ഇഷ്ടപ്പെട്ട ഒരു സംരംഭം തിരഞ്ഞെടുക്കാനോ ഇഷ്ടപ്പെട്ട സ്വയം തൊഴിലിൽ ഏർപ്പെടാനോ സ്വന്തമായി അതിൽ ഗവേഷണം നടത്തി പടിപടിയായി അതിനെ വൈവിധ്യവൽക്കരിച്ച് ആസൂത്രണവും സംഘാടകത്വവും സാമ്പത്തിക മേൽക്കോയ്മയും ഉണ്ടാക്കി മുന്നോട്ടു ലാഭകരമായി തന്റെ സംരംഭത്തെ നയിക്കാനോ സഹായിക്കുന്നു . അതുപോലെതന്നെയാണ് റിസ്‌ക് ടേക്കിംഗ് അഥവാ അപകടങ്ങൾ ഏറ്റെടുക്കുക എന്ന പരമപ്രധാനമായ ഒരു ശേഷി കൈവരിക്കുക എന്നത്. പലപ്പോഴും നമ്മുടെ വിദ്യാഭ്യാസത്തിൽ റിസ്‌ക് ടേക്കിംഗ് എന്താണെന്നും എങ്ങനെയാണ് അപകടങ്ങൾ വന്നാൽ അതിനെ നേരിടേണ്ടത് എന്നും പ്രായോഗികമായി പഠിപ്പിക്കുന്നില്ല. കോമേഴ്‌സ് വിദ്യാർത്ഥികൾ പോലും റിസ്‌ക് ടേക്കിംഗ് എന്ന വിഷയം കേവലം തിയറിയായി പഠിപ്പിക്കുകയല്ലാതെ അതിൻറെ പ്രായോഗിക വശങ്ങളിലേക്ക് കൊണ്ടുപോകുന്നില്ല. സംരംഭകത്വ വിദ്യാഭ്യാസത്തിൻറെ ഏറ്റവും വലിയ പ്രസക്തി അതിലൂടെ ഒരു റിസ്‌ക് എങ്ങനെ മുൻകൂട്ടി കാണാമെന്നും ആ
റിസ്‌കിനെ എങ്ങനെ ലഘൂകരിക്കാം എന്നും അഥവാ അവിചാരിതമായി ഒരു റിസ്‌ക് വന്നാൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്നും പഠിപ്പിക്കുകയാണ്. ഇത് സംരംഭകർക്ക് മാത്രമല്ല ഏതു സംവിധാനവും മുന്നോട്ടുകൊണ്ടുപോകുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്.
സംരംഭകത്വ വിദ്യാഭ്യാസത്തിന്റെ മറ്റൊരു പ്രാധാന്യം അത് ഇന്നത്തെ ലോകവുമായി ഒരാളെ അടുപ്പിക്കുന്നു എന്നുള്ളതാണ്. ആധുനിക ലോകത്ത് വിദ്യാഭ്യാസം അറിവ് നിർമ്മിക്കുന്ന മാർഗമായും നൈപുണിയും തൊഴിലും ബിസിനസും മറ്റൊരു മേഖലയായും മാറിക്കൊണ്ടിരിക്കുന്നു. സംരംഭകത്വ വിദ്യാഭ്യാസത്തിലൂടെ വിപണിയെക്കുറിച്ചും ഉപഭോക്താക്കളുടെ ആവശ്യങ്ങളെ കുറിച്ചും സാങ്കേതികത എങ്ങിനെ ഒരു ഉൽപാദന വിതരണ വിനിമയ പ്രക്രിയയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു. ഇത് സാമ്പത്തിക വാണിജ്യ പ്രവർത്തനങ്ങളിൽ ഇഷ്ടംപോലെ അവസരങ്ങൾ ഒരാൾക്ക് ഉണ്ടാക്കുവാൻ സഹായിക്കുന്നു.
സംരംഭകത്വ വിദ്യാഭ്യാസത്തിന്റെ മറ്റൊരു കാതലായ വശം അത് സാമൂഹ്യ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുള്ളതാണ്. സംരംഭകത്വം ലാഭത്തിന് മാത്രമല്ല മറിച്ച് സാമൂഹിക പുരോഗതിക്കും സാമൂഹ്യ മാറ്റത്തിന് ഉതകുന്ന പ്രക്രിയകളിൽ ഏർപ്പെടുവാനും ഒരാളെ പ്രേരിപ്പിക്കുന്നു എന്നതുമാണ്. അതുകൊണ്ടുതന്നെ സംരംഭകത്വ വിദ്യാഭ്യാസം സാമൂഹ്യ പാരിസ്ഥിതിക മേഖലകളുമായി ചേർത്താൽ ഒരു ഭാഗത്ത് വിദ്യാഭ്യാസത്തിൻറെ പരമപ്രധാനമായ ലക്ഷ്യം നിറവേറ്റാൻ കഴിയുകയും ഉന്നതമായ വ്യാപാര രൂപങ്ങൾക്ക് മുതൽക്കൂട്ടാവുകയും ചെയ്യും. ഇത് സമൂഹത്തിനും നാടിനും പുരോഗതി ഉണ്ടാകാനും അതിലൂടെ അത്തരം സാമൂഹ്യ സംരംഭങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് ഉയരുവാനും ഉള്ള അവസരങ്ങൾ ഉണ്ടാക്കുന്നു .
ഇങ്ങനെ സംരംഭകത്വ വിദ്യാഭ്യാസം കേവലം ഒരു ബിസിനസ് എന്തെന്ന് പഠിപ്പിക്കുന്നതിനപ്പുറം വിശാലമായ ലക്ഷ്യങ്ങളും ഉന്നതമായ അവസരങ്ങളും സാധ്യതകളും ഉള്ളതാണ്. ഇത് മാറിക്കൊണ്ടിരിക്കുന്ന മത്സരാധിഷ്ഠിതമായ ലോകത്ത് ഒരാളുടെ മൈൻഡ് സെറ്റ് കൃത്യമായി ട്യൂൺ ചെയ്യുവാനും ഉയർത്തുവാനും സർഗാത്മകമായ പ്രശ്‌നപരിഹാര ശേഷി ഉണ്ടാക്കുവാനും സഹായിക്കുന്നു. ഇതിലൂടെ ഒരാൾക്ക് ഏതൊരു സംരംഭം ഏറ്റെടുക്കാനും റിസ്‌ക്കുകൾ തരണം ചെയ്യാനും മറ്റു മനുഷ്യരുമായും സമൂഹവുമായും ഏറെ എളുപ്പത്തിൽ ഇടപഴകാനും അതിലൂടെ സാമൂഹ്യ പ്രശ്‌നങ്ങളെ നേരിടാനും കഴിയുന്നു.
സംരംഭകത്വ വിദ്യാഭ്യാസത്തിൽ കഴിഞ്ഞ കുറെ കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യ വലിയ പുരോഗതി നേടിക്കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളെന്നോ നഗരങ്ങൾ എന്നോ ഉള്ള വ്യത്യാസമില്ലാത്ത രീതിയിൽ ചെറുതും വലുതുമായ സംരംഭകത്വ വിദ്യാഭ്യാസ പരിശീലന പരിപാടികൾ കേന്ദ്രവും സംസ്ഥാനവും മുൻകൈയെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു. സംരംഭകത്വത്തിനുള്ള അറിവും നൈപുണിയും മനോഭാവവും മാറ്റിക്കൊണ്ട് സംരംഭകത്വ യാത്രയിൽ പല വിദ്യാർത്ഥികളെയും മറ്റു തൊഴിൽരഹിതരെയും ആകർഷിക്കുവാൻ ഇതിലൂടെ കഴിയുന്നു. സംരംഭകത്വ വിദ്യാഭ്യാസപുരോഗതിക്കുവേണ്ടി ഇന്ന് സർക്കാർ ധാരാളം പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. സംരംഭകത്വത്തിന്റെ പ്രാധാന്യവും അത് സാമ്പത്തിക വികസനത്തിന് അനിവാര്യമാണോ എന്നുള്ള കാര്യവും കണക്കിലെടുത്തുകൊണ്ട് ഇന്ന് സ്റ്റാർട്ടപ്പ് ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്നീ പദ്ധതികളിലൂടെ സാമ്പത്തിക സഹായങ്ങളും മെന്റർഷിപ്പ് തുടങ്ങിയ പരിപാടികളും നടത്തി സംരംഭകത്വത്തിന് വലിയ സഹായങ്ങൾ ആണ് നൽകിക്കൊണ്ടിരിക്കുന്നത്. മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകൾ ആയി പ്രവർത്തിക്കുന്നുണ്ട്. അതിന് വലിയതോതിൽ സഹായവും സർക്കാർതലത്തിൽ ലഭിക്കുന്നുണ്ട്. അതുപോലെതന്നെയാണ് വെഞ്ചർ ക്യാപിറ്റൽ നിക്ഷേപ പദ്ധതികൾ എന്നിവ സർക്കാർ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നത്. വ്യാവസായിക വികസനത്തിനും സംരംഭകത്വ മനോഭാവം ആർജിക്കുന്നതിനും ധാരാളം പ്ലാറ്റ്‌ഫോമുകൾ ഉണ്ട്. ഇവയുടെ ആഭിമുഖ്യത്തിൽ വർക്ക്‌ഷോപ്പുകളും കോൺഫറൻസുകളും ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നു. അങ്ങനെ സംരംഭക വിദ്യാഭ്യാസത്തിന് വലിയ തോതിൽ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. കേരളത്തിലെ സംരംഭകത്വ വികസനത്തിന് സ്റ്റാർട്ടപ്പ് ഇന്ത്യ ഇനീഷ്യേറ്റീവിലൂടെ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതി പ്രകാരം സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നവർക്ക് ടാക്‌സ് ബെനിഫിറ്റ്, മൂന്നുവർഷത്തെ നികുതി അവധി, ക്യാപിറ്റൽ ഗെയിൻ നികുതിയിൽ നിന്നുള്ള ഒഴിവാക്കൽ തുടങ്ങി ധാരാളം സഹായങ്ങളും സാമ്പത്തിക സഹായങ്ങളും ഫാസ്റ്റ് ട്രാക്കിംഗ് അപ്ലിക്കേഷൻ പോലെയുള്ള മറ്റു സൗകര്യങ്ങളും നൽകി വരുന്നു.
അതുപോലെതന്നെ വിദ്യാർത്ഥി സംരംഭകത്വത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു സംരംഭകത്വ വിദ്യാഭ്യാസ പദ്ധതിയാണ് അടൽ ഇന്നവേഷൻ മിഷൻ . ഈ പരിപാടിയിൽ ടിങ്കറിംഗ് ലാബുകൾ, ഇൻകുബേഷൻ സെൻററുകൾ , ന്യൂ ഇന്ത്യ ചലഞ്ചസ് മുതലായ പരിപാടികളിലൂടെ സംരംഭകത്വത്തിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് നൈപുണീ വികസനത്തിനും സാമ്പത്തിക സഹായം ലഭിക്കുന്നതിനും മെന്ററിങ്ങിനും ഒട്ടേറെ സൗകര്യങ്ങൾ ഉണ്ട് . ഏതൊരു വിദ്യാർത്ഥി സംരംഭകർക്കും ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ നിധി പ്രയാസ് എന്ന പരിപാടി പ്രഥമ സംരംഭകർക്ക് സാമ്പത്തിക സഹായം അടക്കമുള്ള പല ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വിദ്യാർത്ഥി സംരംഭകർക്ക് ഏറെ പ്രയോജനപ്പെടുത്താവുന്ന ഒരു പദ്ധതിയാണ് ഇത്. അതുപോലെതന്നെ കേരള സ്റ്റാർട്ടപ്പ് മിഷൻ വ്യത്യസ്തവും വൈവിധ്യവുമാർന്ന ധാരാളം പരിപാടികളാണ് വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. അത് കേവലം പരിപാടികൾ മാത്രമല്ല സംരംഭകത്വത്തിനെ കുറിച്ചുള്ള അറിവും അത് തുടങ്ങാനുള്ള നൈപുണിയും നടത്തിക്കൊണ്ടുപോവാനുള്ള മാനേജ്‌മെൻറ് പാടവവും പോസിറ്റീവ് മനോഭാവവും സൃഷ്ടിച്ച് അവർക്ക് സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള സാമ്പത്തികവും സാങ്കേതികവുമായ വ്യത്യസ്ത പരിശീലനങ്ങൾ നൽകുന്നു. കേരള സർക്കാർ ആരംഭിച്ച മറ്റൊരു വിദ്യാർത്ഥി സംരംഭകത്വ വികസന പരിപാടിയാണ് സ്റ്റുഡൻറ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെൻറ് പദ്ധതി എന്നത്. വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുവാനും സംരംഭകത്വ സാഹചര്യം സൃഷ്ടിക്കുവാനും ഇത് ഏറെ സഹായിക്കുന്നു. സീഡ് ഫണ്ടിങ് വെഞ്ചർ ക്യാപ്പിറ്റൽ ഫണ്ട് എന്ന രീതിയിൽ മൂലധന സഹായങ്ങൾ കേരള സർക്കാർ നൽകുകയും അതിലൂടെ വിദ്യാർഥി സംരംഭകർക്ക് തുടക്കത്തിൽ വലിയ സഹായം ലഭിക്കുകയും ചെയ്യുന്നു. ഇതുപോലെതന്നെ വലിയ വ്യവസായങ്ങളുമായിട്ടും മറ്റും കൂടിച്ചേർന്നുകൊണ്ട് വിദ്യാർഥി സംരംഭകത്വത്തിന് പ്രോത്സാഹനം നൽകുവാൻ വേണ്ടി ധാരാളം പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
സംരംഭകത്വ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സംരംഭകത്വ വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയ അന്തർദേശീയ തലത്തിൽ പ്രശസ്തമായ ഒട്ടേറെ സ്ഥാപനങ്ങൾ ഉണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ബാംഗ്ലൂരിൽ എൻ എസ് രാഘവൻ സെൻറർ ഫോർ എൻറർ പ്രണർഷിപ്പ് ലേർണിംഗ് എന്ന സ്ഥാപനം സംരംഭകർക്ക് വ്യത്യസ്തമായ കോഴ്‌സുകൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ഇവിടെ ഫാമിലി ബിസിനസ്, സംരംഭകത്വ വിദ്യാഭ്യാസം, മാനേജ്‌മെൻറ് വിദ്യാഭ്യാസം തുടങ്ങിയ കോഴ്‌സുകൾ നൽകിക്കൊണ്ട് സംരംഭകരെ വൈവിധ്യമാർന്ന രീതിയിൽ സഹായിക്കുന്നു.
അതേപോലെതന്നെ സംരംഭകത്വം വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാവുന്ന മറ്റൊരു പ്രമുഖ സ്ഥാപനമാണ് ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് (ഐ എസ് ബി). ഐ. എസ്.ബി യുടെ ആഭിമുഖ്യത്തിൽ ഡി ലാബുകൾ, ഇൻകുബേഷൻ സെൻററുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഇത് പുതിയ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും മെന്റർഷിപ്പ് തേടുന്നവർക്കും ഫണ്ടിങ്ങിനും നിക്ഷേപകരുമായുള്ള നെറ്റ്വർക്ക് ഉണ്ടാക്കാനും വ്യവസായ വിദഗ്ധരുമായി സംവദിക്കുവാനുമുള്ള നേരിട്ടുള്ള ധാരാളം പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതുപോലെതന്നെ പ്രമുഖമായ മറ്റൊരു സംരംഭകത്വ വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെ . ഐഐടി ബോംബെയുടെ സൊസൈറ്റി ഫോർ ഇന്നവേഷൻ ആൻഡ് മെന്റർഷിപ്പ് പുതുതായി സംരംഭം ആരംഭിക്കുന്നവർക്കും നിലവിലെ സംരംഭകർക്കും സാമ്പത്തിക സഹായങ്ങളും മറ്റു സാങ്കേതിക സഹായങ്ങളും നൽകുന്നു. മറ്റൊരു പ്രമുഖ സ്ഥാപനമാണ് ഇ ഡി ഐ ഐ അഥവാ എൻറർപ്രണർഷിപ്പ് ഡെവലപ്‌മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സ്ഥാപനം. സംരംഭകത്വത്തിന്റെ വിവിധ തലങ്ങളെ കുറിച്ചും സംരംഭകത്വ മേഖലയിൽ കൃത്യമായ അറിവ് നൽകുന്നതിനും ഗവേഷണത്തിനും പരിശീലനത്തിനും ഉതകുന്ന ഓട്ടോണമസ് സ്ഥാപനമാണ് ഇ ഡി ഐ ഐ.
മറ്റൊരു പ്രമുഖ സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറർഷിപ്പ് ആൻഡ് സ്മാൾ ബിസിനസ് യൂണിറ്റ് ഡെവലപ്‌മെൻറ് എന്ന സ്ഥാപനം. സാങ്കേതിക വകുപ്പിന്റെ കീഴിൽ സംരംഭകത്വ വികസനത്തിനും സ്വയംതൊഴിൽ പരിശീലനത്തിനും ചെറുകിട കുടിൽ വ്യവസായ പ്രോത്സാഹനങ്ങൾക്കും വേണ്ടി ധാരാളം പരിശീലനങ്ങളും മറ്റും നൽകുന്ന ദേശീയതലത്തിൽ വളരെ പ്രശസ്തമായ ഒരു സ്ഥാപനമാണ് എൻ ഐ ഇ എസ് ബി യു ഡി . എൻജിനീയറിങ്ങിലും മറ്റു പരമ്പരാഗത കോഴ്‌സുകളിലും പഠിക്കുന്ന കുട്ടികൾക്ക് അവരുടെ പഠനത്തോടൊപ്പം സംരംഭകത്വ വിദ്യാഭ്യാസം ലഭിക്കുന്നതിന് ഉതകുന്ന ധാരാളം സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഇന്ന് ലഭ്യമാണ്. പഠനത്തോടൊപ്പം സംരംഭകത്വ വിദ്യാഭ്യാസവും സാധ്യമാകാൻ സഹായിക്കുന്നു എന്നതാണ് ഇത്തരം സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പ്രത്യേകത.
ഇതിനുപുറമേ സംരംഭകത്വ വിദ്യാഭ്യാസത്തിന് ഇന്ത്യക്ക് പുറത്തും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ഉണ്ട്. അമേരിക്കയിലെ സ്റ്റാൻഡ് ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ സ്റ്റാൻഡ് ഫോർഡ് ബിരുദ സ്‌കൂൾ സ്റ്റാൻഡ് ഫോർഡ് സാങ്കേതിക പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി ആഗോളതലത്തിൽ സംരംഭകത്വ വിദ്യാഭ്യാസത്തിന് ഏറെ പ്രചാരം സിദ്ധിച്ച സ്ഥാപനമാണ്. അമേരിക്കയിലെ ഹാർഡ്വർഡ് ബിസിനസ് സ്‌കൂൾ സംരംഭകരെ സഹായിക്കുവാൻ ധാരാളം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ബിസിനസ് സ്‌കൂളിൻറെ ആഭിമുഖ്യത്തിൽ സംരംഭകത്വം വികസനത്തിനുവേണ്ടി ആദർ റോക്ക് സെൻറർ ഫോർ എന്റർപ്രണർഷിപ്പ് ധാരാളം പരിപാടികളും എങ്ങനെ സംരംഭം നടത്തി വിജയിക്കാം എന്നതിനെക്കുറിച്ചും പ്രായോഗിക പരിശീലനങ്ങൾ നൽകുന്നു.
അമേരിക്കയിലെ മസാച്ചുസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കീഴിലുള്ള മാർട്ടിൻ ട്രസ്റ്റ് സെൻറർ ഫോർ എന്റർപ്രണർഷിപ്പ് എന്ന സ്ഥാപനം സംരംഭകത്വ വിദ്യാഭ്യാസത്തിന് ഏറെ പ്രശസ്തമാണ്.
ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിഡ്ജിന്റെ കീഴിലുള്ള ജഡ്ജ് ബിസിനസ് സ്‌കൂൾ , ഫ്രാൻസിലെ ഐ എൻ എസ് ഇ എ ഡി, അമേരിക്കയിലെ ബാപ്‌സൺ കോളേജ് എന്നിവയും സംരംഭകത്വ വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ അനുയോജ്യമായ വലിയ പ്രമുഖമായ സ്ഥാപനങ്ങളാണ്.
സംരംഭകത്വ വിദ്യാഭ്യാസം എന്നത് ഇന്ന് ഏറെ പ്രചാരം സൃഷ്ടിക്കുകയും വിദ്യാർത്ഥികളെ ആകർഷിക്കുകയും ചെയ്യുന്ന ഒന്നാണ്. സംരംഭകത്വത്തിലേക്ക് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് സംരംഭകത്വ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനും പ്രൊഫഷണൽ ആയി ഒരു സംരംഭം എങ്ങനെ തുടങ്ങുകയും എങ്ങനെ നടത്തിക്കൊണ്ടു പോവുകയും ലാഭകരമായി അത് തുടർച്ചയായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയും ചെയ്യുന്നു എന്ന് ഔപചാരികമായ പഠനത്തിലൂടെ കഴിയും. പണമുള്ളവൻ ബിസിനസ് ചെയ്യട്ടെ എന്നും അവനു കീഴിൽ പണിയെടുക്കാൻ നമുക്ക് പഠിക്കാം എന്നുമുള്ള ധാരണകൾ മാറ്റിക്കൊണ്ട് ആധുനിക സമൂഹം സ്വന്തമായി ഒരു സംരംഭം തുടങ്ങി അത് വിജയിപ്പിക്കാം എന്ന തലത്തിലേക്ക് മാറേണ്ടതുണ്ട്. ലോകം അതിവേഗം മാറുന്ന ഒരു ഘട്ടത്തിൽ കൃത്യമായ സംരംഭകത്വ വിദ്യാഭ്യാസം ആധുനിക കാലത്ത് വലിയ മുതൽക്കൂട്ടാവും എന്നുള്ള കാര്യത്തിൽ സംശയമില്ല.