മറ്റൊരു ചുവട് വെയ്പ്

ശ്രീ. എസ്. ഹരികിഷോര്‍ ഐ.എ.എസ്
ഡയറക്ടര്‍, വ്യവസായ വാണിജ്യ വകുപ്പ്
 
ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വികസ്വര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സർക്കാരിന്റെ ശക്തമായ ഇടപെടൽ ചെറുകിട വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് സഹായകരമാകുന്നു. രാജ്യത്തിന്റെ വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ആധാരം ഇവിടത്തെ ചെറുകിട വ്യവസായത്തിന്റെ വളർച്ചയാണ്. 2006- ലെ നിയമത്തിന് മുമ്പ് ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖല പ്രവർത്തിച്ചിരുന്നത് 1951-ലെ വ്യവസായ (ഡവലപ്മെന്റ് & റെഗുലേഷൻ) നിയമം അനുസരിച്ചായിരുന്നു. 2006- ലെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭ വികസന നിയമം അനുസരിച്ച് ‘വ്യവസായം’ എന്ന വാക്കിന് പകരം ‘സംരംഭം’ എന്ന പദം ഉപയോഗിച്ച് വരുന്നു. ഈ നിയമം അനുസരിച്ച് സേവന- ഉൽപാദന മേഖലയിൽ വരുന്ന സംരംഭങ്ങളെ മൈക്രോ, സ്മാൾ, മീഡിയം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. യന്ത്രങ്ങളിലും യന്ത്രോപകരണങ്ങളിലും നിക്ഷേപിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സംരംഭങ്ങളെ സൂക്ഷ്മം – ചെറുകിടം – ഇടത്തരം എന്നിങ്ങനെ തരംതിരിക്കുന്നത്. 
 
2006- ലെ നിയമത്തിലെ 15 മുതൽ 24 വരെയുള്ള വകുപ്പുകളിൽ എം. എസ്. ഇ കൾ നടത്തുന്ന പണമിടപാടുകളെ സംബന്ധിച്ച് തർക്കമുണ്ടാകുമ്പോൾ അത് പരിഹരിക്കുന്നതിന് എം. എസ്. ഇ ഫെസിലിറ്റേഷൻ കൗൺസിൽ രൂപീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇതനുസരിച്ച് എല്ലാ സംസ്ഥാന സർക്കാരുകളും യൂണിയൻ പ്രദേശങ്ങളും എം. എസ്. ഇ സപ്ലൈയേഴ്സിന് പണം കൊടുക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തുമ്പോൾ ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് മൈക്രോ സ്മാൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിൽ (എം. എസ്. ഇ. എഫ്. സി) രൂപീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഒരു എം. എസ്. ഇ സപ്ലെയറിൽ നിന്നും എം. എസ്. ഇ ബയർ വാങ്ങുന്ന സാധനങ്ങളുടെ വില 45 ദിവസത്തിനുള്ളിൽ കൊടുക്കാത്ത പക്ഷം എം. എസ്. ഇ സപ്ലൈയർക്ക് എം. എസ്. ഇ ബയർക്ക് എതിരെ എം. എസ്. ഇ ഫെസിലിറ്റേഷൻ കൗൺസിൽ മുമ്പാകെ കേസ് ഫയൽ ചെയ്ത് തർക്കം പരിഹരിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന പരാതിയിൻമേൽ 90 ദിവസത്തിനകം കൗൺസിൽ പരിഹാരം കാണുന്നതായിരിക്കും. അതാത് സംസ്ഥാനങ്ങളിലെ വ്യവസായ വാണിജ്യ ഡയറക്ടറായിരിക്കും ഇതിന്റെ അദ്ധ്യക്ഷൻ. സംസ്ഥാന സർക്കാർ ഈ കൗൺസിൽ കൃത്യമായി യോഗം ചേരുന്നുണ്ടെന്നും ലഭിക്കുന്ന അപേക്ഷകൾ 90 ദിവസത്തിനകം തീർപ്പാകുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്. അതാത് സംസ്ഥാനങ്ങളിലെ എം. എസ്. ഇ. എഫ്. സി (MSEFC)  മുമ്പാകെ ഫയൽ ചെയ്യുന്ന ഓൺലൈൻ കേസുകളുടെ കാര്യത്തിൽ മുൻകൈ എടുക്കേണ്ടത് ഉഇ (MSME) യുടെതാണ്. 
 
കേരളത്തെ മൂന്ന് മേഖലകളായി തരംതിരിച്ച് ഫെസിലിറ്റേഷൻ കൗൺസിൽ രൂപീകരിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവയെ ഉൾപെടുത്തി തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഫെസിലിറ്റേഷൻ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതാണ്. രണ്ടാമത്തെ ഫെസിലിറ്റേഷൻ കേന്ദ്രം എറണാകുളം കേന്ദ്രീകരിച്ച് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾക്കു വേണ്ടി പ്രവർത്തിക്കും. മൂന്നാമത്തെ ഫെസിലിറ്റേഷൻ കേന്ദ്രം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോഡ് തുടങ്ങിയ ജില്ലകൾക്കു വേണ്ടി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നതാണ്. ചുരുക്കത്തിൽ എം. എസ്. ഇ ഫെസിലിറ്റേഷൻ കൗൺസിൽ സൂക്ഷ്മ ചെറുകിട സംരംഭകരുടെ സ്ഥായിയായ വളർച്ചയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും സഹായകരമായി തീരുന്ന മറ്റൊരു ചുവട് വയ്പാണ്.