ഭക്ഷ്യ സംസ്‌കരണം പുത്തൻ ട്രെൻഡുകൾ
ലോറൻസ് മാത്യു
മനുഷ്യരാശി ഉള്ളിടത്തോളം നിന്ന് പോകില്ലാത്ത ഒരു ബിസിനസ്സ് ഉണ്ടെങ്കിൽ അതിൽ ഏറ്റവും മുന്നിലുള്ളത് ഭക്ഷ്യ സംസ്‌കരണം ആയിരിക്കും. ലോകത്തിലെത്തന്നെ ഏറ്റവും വലിപ്പമേറിയ ഒന്നാണ് ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായ രംഗം. ലോകത്ത് ഏറ്റവും കൂടുതൽ പാലും സ്‌പൈസസും ഉല്പ്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലാണ്. പച്ചക്കറികളുടേയും പഴങ്ങളുടേയും ഉൽപാദനത്തിൽ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. 2020 ൽ 263 മില്ല്യൻ യു എസ് ഡോളറായിരുന്ന ഇന്ത്യയിലെ ഭക്ഷ്യസംസ്‌കരണ വ്യവസായത്തിന്റെ മൂല്യം 2025 ആകുമ്പോൾ 470 മില്ല്യൻ അമേരിക്കൻ ഡോളറാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിലെ തന്നെ ഉയർന്ന ജന സംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നത് ഒരു അനുഗ്രഹമായി മാറുന്നത് ഇവിടെയാണ്. ആയതിനാൽത്തന്നെ ഈ മേഖലയിലുള്ള സംരംഭങ്ങൾക്ക് സാധ്യതയേറെയാണ്. അത് കൊണ്ട് തന്നെ പരീക്ഷണാർത്ഥം പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറങ്ങുന്നുമുണ്ട്. ആരോഗ്യ കാര്യങ്ങളിൽ ഇപ്പോൾ മനുഷ്യർ ബദ്ധ ശ്രദ്ധാലുക്കളായി മാറിയതിനാൽ ഭക്ഷ്യ സംസ്‌കരണ രംഗത്ത് ഇറങ്ങുന്ന നൂതന ഉൽപന്നങ്ങളും മറ്റ് അനുബന്ധ കാര്യങ്ങളും ഈ ദിശയിലേക്ക് കൂടി ലക്ഷ്യം വെച്ചുള്ളതാണ്.
പുത്തൻ ട്രെൻഡുകൾ
നൂതനങ്ങളായ ഉൽപന്നങ്ങളാണ് ഇപ്പോൾ ഈ രംഗത്ത് ഉണ്ടാകുന്നത്. സ്ത്രീകളുടെ ഉയർന്ന ജോലി നിരക്കും പിന്നെ തിരക്കേറിയ ജീവിതവും റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഉൽപന്നങ്ങൾക്ക് സാധ്യതയേറുന്ന ഘടകമായി വർത്തിച്ചിട്ടുണ്ട്. ഫുഡ് കമ്പനികൾ ഇപ്പോൾ ഗവേഷണത്തിന് ഏറെ പ്രാമുഖ്യം കൊടുക്കുന്നുണ്ട്. മില്ലറ്റുകളാണ് ഇപ്പോൾ തരംഗം. മില്ലറ്റുകളിൽ നിന്നുള്ള കുക്കീസ് പോലുള്ള ഉൽപന്നങ്ങൾ ഇപ്പോൾ ധാരാളമായി വിപണിയിലുണ്ട്. വിവിധ തരങ്ങളായ സ്‌നാക്‌സുകൾ, കേക്ക് പോലുള്ള നിരവധി ഉൽപന്നങ്ങൾ ഇപ്പോൾ വിപണിയിൽ ഇറങ്ങുന്നുണ്ട്.
പ്ലാസ്റ്റിക് പാക്കിങ്ങിൽ നിന്നും ബയോ ഡീഗ്രഡബിൾ ആയ പ്ലാസ്റ്റിക് പാക്കിങ്ങിലേക്ക് കമ്പനികൾ മാറുകയാണ്. കോൺ സ്റ്റാർച്ചും, പൊട്ടറ്റോ സ്റ്റാർച്ചും കരിമ്പുമെല്ലാം ഇത്തരം പ്ലാസ്റ്റിക്കുകളുടെ ബേസ് ആവുന്നുണ്ട്. ഇത്തരം പ്ലാസ്റ്റിക് പാക്കിങ്ങുകളുടെ ഉൽപാദനം ഒരു സംരംഭകമായി വളർത്താൻ കഴിയുമെങ്കിലും താരതമേന്യ ഉയർന്ന വില ഒരു പ്രതികൂല ഘടകമാണ്.
പേപ്പർ ഉപയോഗിച്ചുള്ള പാക്കിങ്ങ് മാത്രമല്ല, മുളയും പാളയും ഒക്കെ പാക്കിങ്ങിൽ ഇപ്പോൾ താരമാവുകയാണിപ്പോൾ. തവിടും ജെലാറ്റിൻ ഫിലിമുമൊക്കെയാണ് പുത്തൻ പാക്കിങ്ങ് മെറ്റീരിയലുകൾ. ഓട്ടോമേഷനാണ് ഇപ്പോൾ താരം. മനുഷ്യാധ്വാനം കുറച്ചിട്ട് എല്ലാ രംഗത്തും യന്ത്ര സഹായത്താൽ കാര്യങ്ങൾ ചെയ്യുകയെന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. പ്രോസസിങ്ങിന്റെ കാര്യത്തിലല്ല മറിച്ച് സപ്ലൈ ചെയിനിൽ വരെ സാധ്യമായിടത്തെല്ലാം ഓട്ടോമേഷൻ നൽകുകയെന്നതാണിത്. കാരണം ഭക്ഷ്യ സംസ്‌കരണ വ്യവസായ രംഗം കൂടുതലായും തൊഴിലാളികളെ ആശ്രയിച്ചിരിക്കുന്നയൊന്നാണ്. ചിലവിന്റെ 30 ശതമാനത്തോളം ശമ്പളമായി മാറുന്നുണ്ടിവിടെ. ആയതിനാൽത്തന്നെ ഓട്ടോമേഷൻ കൂടുതലായി വരുന്നത് ഉൽപാദനച്ചിലവ് ഗണ്യമായി കുറക്കുന്നതിന് സഹായകരമാകും.
ന്യൂട്രാസ്യൂട്ടിക്കൽസ് എന്നയൊരു കൺസെപ്റ്റ് ആണിപ്പോൾ ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളിലുള്ളത്. അതായത് ഭക്ഷ്യ വസ്തുക്കളിൽ ന്യൂട്രിഷണൽ സപ്ലിമെന്റുകൾ ഉൾപ്പെടുത്തുകയെന്നതാണിത്. ഭക്ഷണം തന്നെ ഒരു ഔഷധമായി വരിക എന്നതാണിത്. മെഡിസിൻ വാല്യു ഉള്ള ഭക്ഷ്യോൽപന്നങ്ങൾ കൂടുതലായി ഉണ്ടാക്കുകയെന്നതിലേക്ക് വ്യാവസായിക രംഗം തിരിഞ്ഞിരിക്കുന്നുവെന്നർത്ഥം. ഒരു ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനിയായ ഢഛഘഘ ടഅചഠഋ ഇത്തരത്തിലുള്ള ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നയൊന്നാണ്.
ഭക്ഷ്യ വിതരണത്തിന് ഇ കൊമേഴ്‌സിന്റെ സഹായം ആണ് ഇപ്പോൾ കമ്പനികൾ കൂടുതലായി തേടുന്നത്. സൊമാറ്റോയും സ്വിഗ്ഗി പോലുള്ളവ ഇപ്പോൾ നമ്മുടെ നാട്ടിലും സർവ്വ സാധാരണമായിരിക്കുന്നു.
എൃലല്വ ഉൃ്യശിഴ ആണ് ഈ രംഗത്തെ മറ്റൊരു ഇന്നോവേഷൻ. ആദ്യം ചൂടാക്കുകയും പിന്നീട് വാക്വത്തിലൂടെ കടത്തി വിടുകയുമാണ് ചെയ്യുന്നത്. ഈ രീതി ഉപയോഗിക്കുമ്പോൾ രുചിക്കോ മണത്തിനോ ഒന്നും മാറ്റം സംഭവിക്കുന്നില്ലായെന്ന് മാത്രമല്ല കൂടുതൽ കാലം കേട് കൂടാതെ ഇരിക്കുവാനും സാധിക്കുന്നു. ഫ്രൈ ചെയ്യുവാൻ വാക്വം ആണ് ഇപ്പോൾ പല കമ്പനികളിലും ഉപയോഗിക്കുന്നത്. ഈ രീതിയിൽ ചെയ്യുമ്പോൾ എണ്ണയുടെ അളവ് ഗണ്യമായി കുറക്കുവാൻ സാധിക്കുന്നു. മാത്രമല്ല ഈ രീതിയിൽ ചെയ്യുമ്പോൾ ഫാറ്റിന്റെ അളവ് ഗണ്യമായി കുറക്കുവാനും അത് വഴി കൂടുതൽ ആരോഗ്യ പ്രദമായിട്ട് ഉൽപന്നങ്ങൾ ഉണ്ടാക്കുവാൻ കഴിയും.
3 ഡി പ്രിന്റിങ്ങ് ആണ് ഈ രംഗത്തെ പുതിയ ട്രെൻഡ്. വരും കാലങ്ങളിൽ വ്യവസായിക ലോകത്ത് തന്നെ നിരവധി മാറ്റങ്ങളുണ്ടാക്കുവാൻ പര്യാപ്തമായ ഒന്നാണ് അഡിറ്റീവ് മാനുഫാക്ച്വറിങ്ങ് എന്ന പേരിലും അറിയപ്പെടുന്ന 3 ഡി പ്രിന്റിങ്ങ്. ഈ സാങ്കേതിക വിദ്യയുടെ ചുവട് പിടിച്ച് മോഡലിങ്ങ് അസംസ്‌കൃത സാമഗ്രികൾക്ക് പകരം ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷ്യ അസംസ്‌കൃത വസ്തുക്കൾ നിറച്ച് ഇഷ്ടമുള്ള ഫ്‌ളേവറിലും രൂപത്തിലും ഉണ്ടാക്കുകയാണ് ത്രി ഡി ഫുഡ് പ്രിന്റിങ്ങിൽ ചെയ്യുന്നത്. ഭക്ഷ്യ യോഗ്യമായ പേസ്റ്റുകൾ, പൗഡറുകൾ, ക്രീമുകൾ എന്നിങ്ങനെ വിവിധ വസ്തുക്കൾ മഷിക്ക് പകരമായി ഈ ഭക്ഷണ അച്ചടിയന്ത്രത്തിൽ ഉപയോഗിക്കുന്നു. റെസ്റ്റോറന്റുകൾ മുതൽ വീടുകൾ വരെ ആവശ്യാനുസരണം വലിപ്പമുള്ള ഫുഡ് പ്രിന്ററുകൾ ഇന്ന് ലഭ്യമാണ്.
റോബോട്ടിക്‌സിന്റെ കടന്ന് കയറ്റമാണ് ഈ രംഗത്തെ മറ്റൊരു മാറ്റം. ഭക്ഷ്യ സംസ്‌കരണത്തിന്റെ വിവിധ തലങ്ങളിൽ ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. ഭക്ഷ്യോൽപാദനത്തിൽ മാത്രമല്ല അതിന്റെ വിതരണത്തിലുമെല്ലാം ഇന്ന് റോബോട്ടിക്‌സിന്റെ സ്വാധീനം ഉണ്ട്. ഫുഡ് ഡെലിവറി ആപ്പുകൾ ഇനി ഭക്ഷണം വിതരണം ചെയ്യുവാൻ പോകുന്നത് ഡ്രോണുകൾ ഉപയോഗിച്ചായിരിക്കും.
2019 ലെ കണക്ക് അനുസരിച്ച് ഏകദേശം 2.5 ബില്യൺ ഡോളറിന്റെ വലിപ്പമുണ്ട് ഇന്ത്യയില ചോക്ക്‌ലേറ്റ് വിപണിക്ക്. ഇതിലുപയോഗിക്കുന്ന പഞ്ചസാരയുടെ അമിത അളവ് ഗുരുതര രോഗങ്ങൾക്ക് കാരണമായി ഭവിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഷുഗറിന്റെ അളവ് ഗണ്യമായി കുറക്കുന്നതിലേക്കാണ് കമ്പനികളുടെ ശ്രദ്ധ. ആരോഗ്യപ്രദമായ ഒരു ഭക്ഷണ ശൈലിയിലേക്ക് ജനം തിരിഞ്ഞപ്പോൾ അതിനനുസരിച്ച് മാറ്റം വരുത്തുകയാണ് കാഡ്ബറീസും, ഡയറി മിൽക്കും പോലുള്ള ഈ രംഗത്തെ വമ്പന്മാരും.
പഴങ്ങളിൽ നിന്ന് ജ്യൂസ് ഉണ്ടാക്കുവാൻ കോൾഡ് പ്രസ് എന്നയൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രോളിക് പ്രസ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. അധികമായി ചൂട് ഉപയോഗിക്കപ്പെടാത്തതിനാൽ ഈ രീതിയിൽ രൂചി നഷ്ടപ്പെടുന്നില്ലായെങ്കിലും വളരെ കുറച്ച് ജ്യൂസ് മാത്രമേ ഉൽപാദിപ്പിക്കുവാൻ കഴിയുകയുള്ളു. ആയതിനാൽ തന്നെ സെൻട്രി ഫ്യൂഗൽ ജ്യൂസറുകളാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ആരോഗ്യപ്രദം കോൾഡ് പ്രസ് തന്നെയാണ്.
ജഹമാെമ ഠൃലമാേലി േഇവമായലൃ
ഭക്ഷ്യ സംസ്‌കരണത്തിൽ കോൾഡ് പ്ലാസ്മ ഇപ്പോൾ വ്യപകമായി ഉപയോഗിക്കുന്നുണ്ട്. പച്ചക്കറികളും പാലുമൊക്കെ സംസ്‌കരിക്കുവാൻ ആണ് ഈ രീതി ഉപയോഗിക്കുന്നത്. ഇത് ചൂട് ഉപയോഗിക്കാത്ത ഒരു സാങ്കേതിക വിദ്യയാണ്. അയോണുകളുടെ സാന്നിധ്യമാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. ആയതിനാൽത്തന്നെ വളരെ ഹെൽത്തിയായ ഒരു സംസ്‌കരണ രീതിയാണിത്.
ഏറ്റവും കൂടുതൽ അവസരങ്ങളുള്ള ഒരു ബിസിനസ് മേഖലയാണ് ഭക്ഷ്യ സംസ്‌കരണം. എന്നാൽ ആധുനിക സാങ്കേതിക വിദ്യകൾ ക്ലീനിങ്ങ് മുതൽ വിതരണം വരെ ഉപയോഗിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് പിടിച്ച് നിൽക്കുവാൻ കഴിയുകയുള്ളു.