അവസരങ്ങളുടെ പറുദീസ തീർത്ത് കയറ്റുമതി സംരംഭകത്വം

ആഷിക്ക് കെ പി

ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കും പുരോഗതിക്കും ഒഴിച്ചുകൂടാൻ കഴിയാത്തതാണ് കയറ്റുമതിയിൽ ഉണ്ടാകേണ്ട വർദ്ധന. ഇറക്കുമതിയേക്കാൾ കയറ്റുമതി കൂടുമ്പോഴാണ് പ്രധാനമായും ഒരു രാജ്യം വികസ്വര രാജ്യത്തിൽ നിന്ന് വികസിത രാജ്യമായിട്ട് മാറുന്നത്. ഇന്ത്യ ഇന്ന് കയറ്റുമതി രംഗത്ത് വളരെ മുന്നിൽ നിൽക്കുന്ന ഒരു രാജ്യമാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളിൽ ഇന്ത്യ കയറ്റുമതി വ്യാപാരത്തിൽ വലിയ കുതിച്ചുചാട്ടം ആണ് നടത്തിയത്. കയറ്റുമതി മേഖലയിൽ ധാരാളം അവസരങ്ങളും ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ട്.

2018 – 19 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ കയറ്റുമതി 330 ബില്യൺ ആയിരുന്നു. ജ്വല്ലറി, ജെംസ്, തുണിത്തരങ്ങൾ, എൻജിനീയറിങ് വസ്തുക്കൾ, കെമിക്കലുകൾ തുടങ്ങിയവ ഈ കൂട്ടത്തിൽ പെടുന്നു. പ്രധാനമായും വികസ്വര വികസിത രാജ്യങ്ങളിലേക്ക് ഈ കാലയളവിൽ ഇന്ത്യയ്ക്ക് സാധനങ്ങൾ കയറ്റുമതിചെയ്യാൻ കഴിഞ്ഞു.

2019 -20 ൽ ഇന്ത്യൻ കയറ്റുമതിയിൽ ഒരു ചെറിയ കുറവ് ഉണ്ടായെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിൽ ലോക രാജ്യങ്ങൾക്കു വേണ്ട സാധന സേവന സാമഗ്രികൾ ഉണ്ടാക്കി വിപണനം ചെയ്ത് കയറ്റുമതിരംഗത്ത് ഒരു കുതിച്ചുചാട്ടം തന്നെ നടത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. 314 ബില്യൺ ആയിരുന്നു 2019 – 20ലെ കയറ്റുമതിയിൽ നിന്ന് ഇന്ത്യക്ക് നേടാൻ കഴിഞ്ഞത്. പ്രത്യേകിച്ച് കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽ രംഗത്ത് ഇന്ത്യയ്ക്ക് വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു.

 

2020 – 21 ൽ അവിചാരിതമായി വന്ന കോവിഡ് ലോകരാജ്യങ്ങളിലെ പോലെ തന്നെ ഇന്ത്യൻ കയറ്റുമതിയെ ഏറെ ബാധിച്ചിട്ടുണ്ട്. എങ്കിലും 290 ബില്യൺ വരുമാനം ഇന്ത്യക്ക് ലഭിചിട്ടുണ്ട്. കാർഷിക, ഇലക്ട്രോണിക്‌സ്, കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ വരുമാനം ഉണ്ടാക്കാൻ ഈ കാലയളവിൽ ഇന്ത്യയ്ക്ക് കഴിഞ്ഞു.

2021 – 22 ൽ 380 ബില്യൺ ആയി ഇന്ത്യൻ കയറ്റുമതി പുരോഗതി പ്രാപിച്ചു.
2022 – 23 ൽ ഇന്ത്യ കയറ്റുമതിയിൽ ഏറെക്കുറെ വലിയ പുരോഗതിയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര ഗവൺമെൻറ് കയറ്റുമതി പ്രോൽസാഹനത്തിനും വർദ്ധനയ്ക്കും വേണ്ടി ധാരാളം പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. ബിസിനസ് രംഗത്തെ ആശയങ്ങൾ, വ്യാപാര നയങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, കമ്പോള അധിഷ്ഠിത മത്സരത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ, തുടങ്ങി വ്യത്യസ്ഥവും വൈവിധ്യവും ആയി മാറുന്ന ധാരാളം പദ്ധതികൾ കയറ്റുമതി പുരോഗതിക്ക് വേണ്ടി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കയറ്റുമതി വ്യാപാരത്തിന് ഏറെ സാധ്യതകളുള്ള രാജ്യമാണ്. കാരണം ഇപ്പോഴും ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണിയിൽ വലിയ ആകർഷകത്വവും ഡിമാന്റുമാണ് ഉള്ളത്. അതോടൊപ്പം തന്നെ ധാരാളം ആളുകൾ ഗ്രാമീണ മേഖലകളിലും കുടിൽ വ്യവസായ മേഖലകളിലും നൈപുണി ഉള്ളവരായി ഉണ്ട്. ഇവരെ ചെറിയ പരിശീലനം കൊടുത്തും പ്രോത്സാഹിപ്പിച്ചും കയറ്റുമതിരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഇന്ത്യൻ കയറ്റുമതി കുത്തനെ കൂടുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഇന്ത്യൻ കയറ്റുമതിയിൽ മൊത്തം കയറ്റുമതി ഉൽപ്പന്നങ്ങളുടെ 40- 45 ശതമാനം ഗ്രാമീണ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത് പോകുന്നത് എന്നതാണ് യാഥാർത്ഥ്യം. ഇവയിൽ ഭൂരിഭാഗവും ചെറുകിട കുടിൽ മേഖലകളിലും സംരംഭകത്വം മേഖലകളിലും പ്രവർത്തിക്കുന്ന മൈക്രോ സ്മാൾ സംരംഭങ്ങളാണ്. അതുകൊണ്ടുതന്നെ സംരംഭകർക്ക് ഇത്തരത്തിലുള്ള എല്ലാ മേഖലകളിലും കയറ്റുമതിക്ക് സാധ്യതകൾ ഉണ്ട് . ഇന്ത്യക്കാരില്ലാത്ത ലോകരാജ്യങ്ങൾ ഇല്ലാത്തതു കൊണ്ട് തന്നെ ഇന്ത്യൻ കാർഷിക ഉത്പന്നങ്ങൾ, ഭക്ഷ്യവിഭവങ്ങൾ ഒക്കെ തന്നെ വിദേശികൾ ആയിട്ടുള്ള ഇന്ത്യക്കാരുടെ ഇടയിൽ വേഗം തന്നെ വിറ്റഴിയുന്നുണ്ട്. വിദേശികൾക്കും ഏറെ ആകർഷണീയമാണ് ഇന്ത്യൻ ഉൽപന്നങ്ങൾ. അതുപോലെതന്നെ നമ്മുടെ കരകൗശല ഉത്പന്നങ്ങളും പല ഗ്രാമീണ വിഭവങ്ങളും ലോകത്തിൽ പലയിടത്തും വലിയ ഡിമാൻഡ് ആണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കൃത്യമായ ആസൂത്രണവും വിപണി സാധ്യത പഠനവും നടത്തി നൂതനവും സർഗാത്മകവുമായ പ്രവർത്തനങ്ങളിലൂടെ കയറ്റുമതി വ്യവസായം വർധിപ്പിക്കാൻ ഇന്ത്യക്ക് കഴിയും. കേരളവും കയറ്റുമതി വ്യവസായത്തിന് വളരെ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ്. കേരളത്തിലെ ഗ്രാമീണ ഉൽപ്പന്നങ്ങൾ വിദേശ രാജ്യങ്ങൾക്ക് വലിയ പ്രിയമാണ്. കൈത്തറി, കരകൗശല വസ്തുക്കൾ, കാർഷിക ഉത്പന്നങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, എന്നിവയൊക്കെ ഇന്ത്യയിൽ കേരളത്തിലെ വിദേശരാജ്യങ്ങളിൽ വലിയ ഡിമാൻഡ് ആണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പ്രകൃതി വിഭവങ്ങളാലും മനുഷ്യ വിഭവങ്ങളാലും ഏറെ സമ്പന്നമാണ് നമ്മുടെ നാട്. വളരെ ചെറിയ ചിലവിൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനും കയറ്റുമതി ചെയ്യാനും ഉള്ള അവസരങ്ങൾ നമ്മുടെ നാട്ടിൽ ഇന്നുണ്ട് . അതുകൊണ്ടുതന്നെ കയറ്റുമതി വ്യവസായത്തെ പ്രോത്സാഹിപ്പിച്ചാൽ സംസ്ഥാനത്തിന് മാത്രമല്ല ഇന്ത്യക്കാകെയും അതൊരു മാതൃകയായി മാറും. പ്രത്യേകിച്ച് വിവര സാങ്കേതിക വിദ്യകളും സോഫ്റ്റ്വെയർ സേവനങ്ങളും ഇന്ന് വലിയ അവസരങ്ങളാണ് കയറ്റുമതി മേഖലയിൽ സംരംഭകർക്ക് തുറന്നിട്ടുള്ളത്. ഇതിന് രണ്ടിനും കേരളം ഏറെ സാധ്യതയുള്ള സംസ്ഥാനമാണ്. ലോകത്ത് തന്നെ മാതൃകയാകുന്ന മേഖലയായി ഇന്ത്യയിലെ ഐടി സെക്ടർ മാറിക്കൊണ്ടിരിക്കുകയാണ്. എത്രയോ ഏറെ കഴിവും നൈപുണ്യമുള്ള സോഫ്റ്റ്വെയർ എൻജിനീയർമാർ നിറഞ്ഞുനിൽക്കുന്ന രാജ്യമാണ് നമ്മുടെ നാട്. അവരുടെ നൈപുണികളെ സംരംഭകത്വവുമായി കൂട്ടിയിണക്കിയാൽ സോഫ്റ്റ്വെയർ വികസനം, ഐടി കൺസൾട്ടിംഗ് സേവനങ്ങൾ, ഈകോമേഴ്‌സ് പരിഹാരങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും വലിയ അവസരമാണ് ഉണ്ടാവുക. ഏറെക്കുറെ ധാരാളം ആളുകൾക്ക് വിജയപ്രദമായ ജീവിതം നയിക്കാനും സംരംഭകത്വത്തിന്റെ അനന്തമായ സാധ്യതകളെ ചൂഷണം ചെയ്യാനും ഇതിലൂടെ കഴിയും . അതുപോലെതന്നെയാണ് ടെക്‌സ്‌റ്റൈൽ ഗാർമെന്റ് മേഖലകളും. പരമ്പരാഗതമായി ഇന്ത്യൻ കയറ്റുമതിയെ പിടിച്ചുനിർത്തുന്നത് ടെക്സ്റ്റയിൽ ഗാർമെന്റ് വ്യവസായങ്ങൾ ആണ്. ഇന്നും സംരംഭകർ ടെക്സ്റ്റയിൽ ഗാർമെന്റ് മേഖലയുടെ അനന്തമായ സാധ്യതകളെ പൂർണമായി ഉപയോഗപ്പെടുത്തിയിട്ടില്ല. തുണിത്തരങ്ങൾക്കപ്പുറം ഫാബ്രിക്കുകൾ, അപാരലുകൾ, വീടിന് ആവശ്യമായ വസ്തുക്കൾ തുടങ്ങി ഇന്ത്യൻ പൈതൃകത്തെയും ഇന്ത്യൻ ഹാൻഡ്‌ലൂമിനെയും ഒക്കെ ഇനി ഏറെ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകവിപണി കീഴടക്കാൻ കഴിയുന്നതാണ്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിയും വളർച്ചയുടെ പാതയിലാണ്. ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ നൈപുണിയുള്ള പ്രൊഫഷണൽസ് നമ്മുടെ നാട്ടിൽ ഉണ്ട് . ഇത് ചെലവ് കുറഞ്ഞ രീതിയിൽ ഉൽപാദനവും മാർക്കറ്റിംഗും നടത്താൻ ഇന്ത്യയെ സഹായിക്കുന്നു. ആയുർവേദ ഉത്പന്നങ്ങൾ, ഹോമിയോ ഉത്പന്നങ്ങൾ തുടങ്ങി ലോകമാകെ ഡിമാൻഡ് ഉള്ള എത്രയോ ഫാർമസിയൂട്ടിക്കൽ കമ്പനികൾക്ക് സംരംഭകത്വ സാധ്യതകളാണ് ഇന്ത്യയിൽ ഉള്ളത്. ഇതുപോലെതന്നെ കാർഷിക ഉൽപ്പന്നങ്ങളിലും ഭക്ഷ്യ വിഭവ ഉൽപ്പന്നങ്ങളിലും കയറ്റുമതിക്ക് വലിയ സാധ്യതകളാണ് നമ്മുടെ മുന്നിൽ ഉള്ളത്. സ്‌പൈസസ്, ചായ, കോഫി, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, സംസ്‌കരിച്ച ഭക്ഷ്യവിഭവങ്ങൾ, നാടൻ കാർഷിക ഉത്പന്നങ്ങൾ എന്നിവയ്ക്ക് ക്വാളിറ്റി ഉറപ്പാക്കിയും പ്രത്യേക ബ്രാൻഡ് കൊടുത്തും അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചും കയറ്റുമതി ചെയ്യാനും ലോക വിപണികണ്ടെത്താനും മികച്ച സംരംഭകത്വ വിജയം ഉറപ്പാക്കാനും കഴിയും. പാരമ്പര്യേതര ഊർജ്ജ ഉൽപാദന മേഖലകളിലും അതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും ഇന്ത്യൻ സംരംഭകർക്ക് വലിയ സാധ്യതകളാണ് വിദേശ രാജ്യങ്ങളിൽ ഉണ്ടാവുക. നമ്മുടെ കയറ്റുമതി ഇത്തരം മേഖലകളിൽ ഇപ്പോഴും പുരോഗതി പ്രാപിച്ചിട്ടില്ല. എന്നാൽ സംരംഭകർക്ക് അനേകം സംരംഭകത്വ സാധ്യതകളാണ് ഇത്തരത്തിൽ ഉണ്ടാവുക. സോളാർ പാനൽ നിർമ്മാണം, ബയോ മാസ് സാങ്കേതിക വിദ്യകൾ, എനർജി എഫിഷ്യൻറ് സൊല്യൂഷൻസ്, മറ്റു പാരമ്പര്യേതര ഊർജ്ജ ഉൽപാദന സംവിധാനങ്ങൾ എന്നിവയൊക്കെ ചെറുകിട കുടിൽ വ്യവസായ സാങ്കേതിക സംരംഭകത്വ മേഖലകളിൽ വളർത്തിക്കൊണ്ടു വരാൻ കഴിയുന്നതാണ്. നമ്മുടെ കരകൗശല ഉൽപ്പന്നങ്ങൾക്ക് ലോകമാകമാനം ഇപ്പോഴും വലിയ വിപണിയാണ് ഉള്ളത്. അതുപോലെതന്നെ നമ്മുടെ ജ്വല്ലറി, കളിമൺ പാത്രങ്ങൾ, ടെക്‌സ്‌റ്റൈൽസ്, വീട് അലങ്കാരവസ്തുക്കൾ തുടങ്ങിയവയ്‌ക്കൊക്കെ ലോക വിപണിയിൽ വലിയ മാർക്കറ്റ് ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ കയറ്റുമതി മേഖലയിൽ സംരംഭകത്വ വിജയ സാധ്യത ഉറപ്പാക്കാവുന്ന ഒട്ടേറെ മേഖലകളാണ് നമ്മുടെ ചുറ്റും ഉള്ളത്. ഇത്തരം അവസരങ്ങളെ തിരഞ്ഞു പിടിക്കുകയും തുടങ്ങുകയും ചെയ്തു കഴിഞ്ഞാൽ സംരംഭകത്വത്തെ സംബന്ധിച്ചിടത്തോളം അനന്തമായ സാധ്യതകളാണ് തുറന്ന് കിട്ടുക. ഹെർബൽ, ആയുർവേദിക് പ്രോഡക്ടുകൾ, ഖാദി ഉത്പന്നങ്ങൾ, കാർപെറ്റുകൾ തുടങ്ങിയവയ്‌ക്കൊക്കെ വിദേശരാജ്യങ്ങളിൽ എന്നും വിപണി സാധ്യത ഉള്ളതാണ്. ഇന്ത്യൻ കയറ്റുമതി വ്യാപാരം വലിയതോതിൽ ഇന്നും ലോകവിപണിയിൽ നിൽക്കുന്നു. ഗ്രാമീണ മേഖലകളിൽ ഇടത്തരം കുടിൽ വ്യവസായം നടത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന വിജയിച്ച ധാരാളം സംരംഭകർ നമ്മുടെ നാട്ടിലുണ്ട് .

ഗ്രീൻ ഗോൾഡ് സീഡ് ഉടമയായ രമേഷ് ബാബു ഒരു ഗ്രാമീണ കാർഷിക സംരംഭകനാണ്. അഗ്രികൾച്ചറൽ ബയോ ടെക്‌നോളജി എന്ന അദ്ദേഹത്തിൻറെ സംരംഭകത്തിലൂടെ പുതിയ ഹൈബ്രിഡ് വിത്തുകൾ ഉത്പാദിപ്പിച്ച് കന്നുകാലി തീറ്റയും വിത്ത് കയറ്റുമതിയും നടത്തി വലിയ സംരംഭകനായി ലോകത്തുള്ള കൃഷിക്കാർക്ക് ഇടയിൽ വേണ്ട ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് മുന്നേറുന്ന സംരംഭകനായി ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം മാറിയിരിക്കുന്നു. ഇതേപോലെ തന്നെ കാർഷിക മേഖലയിൽ വലിയ മുന്നേറ്റം നടത്തിയ സംരംഭകനാണ് ചമൻലാൽ സേട്ടിയ. സേട്ടിയ റൈസ് മിൽ ഉടമയായ ചമൻ ലാൽ പഞ്ചാബിൽ ഒരു ചെറിയ ഗ്രാമീണ റൈസ്മിൽ ആരംഭിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തു. ബിസിനസ് മെച്ചപ്പെടുത്തി ഇന്ന് പ്രീമിയം ക്വാളിറ്റി ബസുമതി അരികൾ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കയറ്റുമതി ചെയ്തുകൊണ്ട് വലിയ നേട്ടം കൊയ്തു കൊണ്ടിരിക്കുന്നു. ഗ്രാമീൺ ഹെൽത്ത് കെയർ ഉടമയായ വിജയപ്രകാശിന്റെ സംരംഭവും ഇത്തരത്തിൽ നമുക്ക് അനുകരിക്കാവുന്നതാണ്. ആരോഗ്യ സുരക്ഷ സേവനരംഗത്ത് ഒട്ടേറെ പുതിയ സേവന വിതരണ മോഡലുകൾ, ടെലി മെഡിസിൻ സൊല്യൂഷൻസ് എന്നിവ നടത്തിയ ആളാണ് വിജയപ്രകാശ്. ഇന്ന് അദ്ദേഹത്തിൻറെ ഗ്രാമീൺ ഹെൽത്ത് കെയർ സർവീസസ് എന്ന സ്ഥാപനം കയറ്റുമതിരംഗത്ത് വലിയ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ സിഇഒ ആയ മഹേന്ദ്ര പട്ടേൽ ഗ്രാമീണ മേഖലകളിൽ ഒട്ടേറെ നൂതനമായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഹെർബൽ മെഡിസിൻ, അഗ്രികൾച്ചറൽ ടൂൾസ് ആൻഡ് ക്രാഫ്റ്റ് എന്നിവ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യൻ കയറ്റുമതിയിൽ നിസ്ഥുല സ്ഥാനം വഹിക്കുന്ന സംരംഭകനാണ് മഹേന്ദ്ര പട്ടേൽ. രാജ്യം പത്മശ്രീ നൽകി ആദരിച്ച പി .വി . കണ്ണൻ എന്ന വോർട്ടക്‌സ് എൻജിനീയറിങ്ങിന്റെ സ്ഥാപകൻ ഗ്രാമീണ മേഖലകളിൽ എടിഎമ്മുകൾ ആരംഭിക്കുകയും അത് വിവിധ രാജ്യങ്ങളിലേക്ക് നിർമ്മിച്ചു കൊടുക്കുകയും ചെയ്തുകൊണ്ട് ഗ്രാമീണ മേഖലകളിലെ സാമ്പത്തിക രംഗത്ത് വലിയ സംഭാവനകൾ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിൽ അദ്ദേഹത്തിൻറെ ഉത്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്തു പോകുന്നുണ്ട്. ഇവരൊക്കെ കേവലം പ്രതീകങ്ങൾ മാത്രമാണ്. എത്രയോ സംരംഭകർ ഇനിയും ഇത്തരത്തിൽ ഉണ്ട് . അതുകൊണ്ടുതന്നെ കയറ്റുമതി വ്യവസായത്തിലധിഷ്ഠിതമായ സംരംഭകത്വത്തിന് ഇന്ത്യയിൽ ഇനിയും ധാരാളം അവസരങ്ങൾ ഉണ്ട്. ഇവിടെ കേരളത്തിൻറെ പ്രാധാന്യം പ്രത്യേകം എടുത്തു പറയേണ്ടതാണ് കാരണം അഭ്യസ്തവിദ്യരായ ഒട്ടേറെ ചെറുപ്പക്കാർ, സാങ്കേതിക വിദ്യകൾ എന്നിവയൊക്കെ നമ്മുടെ നാട്ടിൽ ഉണ്ട് . ഇവരെ കൂട്ടിയിണക്കി വളരെ ആസൂത്രിതമായും ശാസ്ത്രീയമായും ഒരു കയറ്റുമതി സംരംഭകത്വത്തിന് അവസരം ഒരുക്കിയാൽ നമ്മുടെ നാട്ടിൽ ഒരു ഭാഗത്ത് സംരംഭകത്വ വികസനവും മറുഭാഗത്ത് വൻതോതിൽ കയറ്റുമതി അവസരങ്ങളും ഉണ്ടാവും. ഇത് കേരളത്തിൽ ഒരു പുതിയ മാതൃക തന്നെ സംരംഭകത്വത്തിൽ സൃഷ്ടിക്കും എന്നുള്ളത് ഉറപ്പാണ്. ഇപ്പോൾതന്നെ കേരളം ഇന്ത്യക്ക് തന്നെ മാതൃകയായ രീതിയിൽ കയറ്റുമതി രംഗത്ത് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. കാർഷിക രംഗത്ത് പ്രത്യേകിച്ച് സ്‌പൈസസ് , കുരുമുളക്, ഇഞ്ചി, കശുവണ്ടി തുടങ്ങിയവയ്ക്ക് ഇപ്പോൾതന്നെ വിദേശരാജ്യങ്ങളിൽ വലിയ ഡിമാൻഡ് ഉണ്ട് .അന്താരാഷ്ട്ര ഗുണനിലവാരം ഉറപ്പിച്ചാൽ മറ്റുപല വാണിജ്യവിളകൾക്കും ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും ഇപ്പോഴും വലിയ കയറ്റുമതി സാധ്യതയാണ് കാണുന്നത്. തേങ്ങ ഉൽപ്പന്നങ്ങൾ, വെളിച്ചെണ്ണ, ഭക്ഷ്യ സംസ്‌കരണ വസ്തുക്കൾ, ബ്രഷുകൾ, കോക്കനട്ട് മിൽക്ക് പൗഡർ, തുടങ്ങിയവയ്ക്ക് ഒക്കെ വലിയ കയറ്റുമതി സാധ്യത ഉണ്ട്. കടൽ മത്സ്യങ്ങൾക്കും അതിനോടനുബന്ധിച്ച ഉൽപ്പന്നങ്ങൾക്കും വമ്പിച്ച വിപണി സാധ്യതയാണ് ഉള്ളത്. ചായ, കോഫി, പഴങ്ങൾ, പച്ചക്കറികൾ, സംസ്‌കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയൊക്കെ ഉണ്ടാക്കാൻ അടിസ്ഥാന സൗകര്യങ്ങളും നൈപുണിയും കേരളത്തിന് ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരം മേഖലകളെ വികസിപ്പിക്കുകയും സംരംഭകത്വ സാധ്യതകൾ പഞ്ചായത്ത് തോറും ഉണ്ടാക്കുകയും അതിന് കൃത്യമായ അന്താരാഷ്ട്ര ഗുണമേന്മ നിലവാരം ഉറപ്പാക്കുകയും ചെയ്താൽ ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന കയറ്റുമതി സംസ്ഥാനമായി കേരളം മാറുമെന്ന് ഉറപ്പാണ്. ഈസ്റ്റേൺ കോണ്ടി മെൻസ് എന്ന സ്‌പൈസസ് കയറ്റുമതി ചെയ്യുന്ന സ്ഥാപനം, സൗത്ത് ഇന്ത്യൻ എക്‌സ്‌പോർട്ടേഴ്‌സ്, കേരള ഫീഡ് ലിമിറ്റഡ്, ഇൻഗ്രീഡിയൻസ് ലിമിറ്റഡ്, മത്സ്യഫെഡ്, എന്നിവയുടെ പ്രവർത്തനങ്ങളെ സംരംഭകത്വ സാധ്യതകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് സമാനഗതിയുള്ള ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങിയാൽ സംരംഭകത്വത്തിന് വലിയ ഒരളവോളം മുന്നേറാൻ കഴിയും. ആന്ധ്രപ്രദേശുകാരനായ വിജയ് ദളപതിയുടെ ദോശ പ്ലാസ വയനാട്ടുകാരനായ മുസ്തഫയുടെ ഐഡി ഫ്രഷ്, ജാക്ക് ഫ്രൂട്ട് 365 എന്നിവ ഇന്ത്യയ്ക്ക് തന്നെ മാതൃകയായ കയറ്റുമതി സംരംഭങ്ങളായി മാറിയിട്ടുണ്ട്.

സംരംഭകത്വത്തിന് കയറ്റുമതി സാധ്യതകൾ അനന്തവും ആകർഷകത്വവും ആണെങ്കിലും ചില പ്രധാനപ്പെട്ട സംഗതികൾ അവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒന്ന് ഗുണമേന്മ ഉറപ്പുവരുത്തുക എന്നതാണ്. പല ഉൽപ്പന്നങ്ങൾക്കും ലോകവിപണിയിൽ സ്ഥാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതിന്റെ കാരണം ഗുണമേന്മ സ്ഥായിയായി ഉറപ്പുവരുത്താൻ കഴിയുന്നില്ല എന്നതുകൊണ്ടാണ്. മാലിന്യവും മായവും ഇല്ലാത്ത ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഏതൊരു ഉൽപ്പന്നവും ലോക വിപണിയിൽ കാലുറപ്പിക്കാൻ നമുക്ക് കഴിയും. രണ്ട്, അന്താരാഷ്ട്ര നിലവാരം കൃത്യമായി ഉറപ്പുവരുത്തുക എന്നതാണ്. അന്താരാഷ്ട്ര നിലവാരത്തിന് കൃത്യമായ മാനദണ്ഡം ഉണ്ട് അത്തരം മാനദണ്ഡങ്ങൾ ഏതൊക്കെയാണെന്നും എങ്ങനെയാണ് അവ കരസ്ഥമാക്കേണ്ടത് എന്നതും സംരംഭകർ കൃത്യമായി മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടതാണ്. ഇൻറർനാഷണൽ ബ്രാൻഡിംഗ് നിർബന്ധമായും ഉണ്ടാക്കാൻ ശ്രമിക്കേണ്ടതാണ്.

മറ്റൊന്ന്, അന്താരാഷ്ട്ര വിപണിയിലെ ട്രെൻഡ് മനസ്സിലാക്കിക്കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്നതാണ്. ആകർഷകവും നൂതനവും ആയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക, വിപണി പഠനം കൃത്യമായി നടത്തുക, സാങ്കേതിക വിദ്യകളെ ഒരുമിച്ച് കൂട്ടുക എന്നിവ കയറ്റുമതി വ്യവസായത്തിൽ ആഗ്രഹിക്കുന്ന സംരംഭകർ നിർബന്ധമായും പാലിക്കേണ്ട സംഗതികൾ ആണ് .
നമ്മുടെ കയറ്റുമതി മേഖല ചില പ്രശ്‌നങ്ങൾ ഇപ്പോഴും നേരിടുന്നുണ്ട്. അവ എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടത് തന്നെയാണ്. അതിലൊന്ന് അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്‌നമാണ്. തുറമുഖങ്ങൾ, റോഡുകൾ, റെയിൽവേ, ലോജിസ്റ്റിക് നെറ്റ്വർക്ക് തുടങ്ങിയവയിൽ ഉണ്ടാവുന്ന പോരായ്മകൾ ചിലവ് വർദ്ധിപ്പിക്കുകയും കാര്യക്ഷമത കുറയ്ക്കുകയും ചെയ്യുന്നുണ്ട്. വെയർ ഹൗസുകളുടെ അപര്യാപ്തതയും കയറ്റുമതിയെ വലിയതോതിൽ ബാധിക്കുന്നുണ്ട്.
കയറ്റുമതി വ്യവസായം നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നമാണ് സങ്കീർണമായ നിയമ നടപടികളും നിയന്ത്രണങ്ങളും. അതുപോലെതന്നെ കയറ്റുമതിയിൽ ഏർപ്പെടുന്ന സംരംഭകർ ധാരാളം സാമ്പത്തിക പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. കയറ്റുമതി വ്യവസായത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ, പ്രത്യേകിച്ച് പലിശ രഹിത വായ്പകൾ നൽകാനും സാങ്കേതിക വികസനത്തിനും വിപണി വികസനത്തിനും ആവശ്യമായ വായ്പ ലഭിക്കാനും ഇന്നും സുതാര്യമായ ഒരു സംവിധാനവും നമ്മുടെ നാട്ടിൽ വന്നിട്ടില്ല. ഏറെ സാധ്യതകൾ ഉള്ള കയറ്റുമതി മേഖലയെ വിശാലമായ അർത്ഥത്തിൽ പരിഗണനയ്‌ക്കെടുത്ത് വേണ്ട പ്രോത്സാഹനങ്ങൾ നൽകിയാൽ ഇന്ത്യയ്ക്ക് മാതൃകയാകുന്ന തരത്തിൽ സംരംഭകരെ വാർത്തെടുക്കാനും സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാനും കഴിയും.