1071 കോടി രൂപയുടെ വ്യവസായ നിക്ഷേപം ഉറപ്പാക്കി നിക്ഷേപക സംഗമം അവസാനിച്ചു
വ്യവസായ വാണിജ്യ വകുപ്പ് കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി 02/ 03/ 2023 വ്യാഴാഴ്ച നിക്ഷേപ സംഗമം സംഘടിപ്പിച്ചു ഹൈലൈറ്റ് മാൾ ബിസിനസ് പാർക്കിലെ വിക്ടോറിയ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാരുതി പി അധ്യക്ഷത വഹിച്ചു വികെസി ഗ്രൂപ്പിൻറെ ഫൗണ്ടറും മുൻ എംഎൽഎയും ആയിട്ടുള്ള ശ്രീ വി കെ സി മുഹമ്മദ് കോയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പഴയ തലമുറയിലെ സംരംഭകർ നേരിട്ട നിയമങ്ങളുടെ വെല്ലുവിളികൾ ഇപ്പോൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. വിവിധ നിയമനിർമാണങ്ങളിലൂടെ സർക്കാർ കേരളത്തെ സംരംഭക സൗഹൃദമാക്കുകയാണെന്നും പരാതികളിൽ സാങ്കേതികമായി പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതിന് പകരം പഞ്ചായത്തുകൾ സ്റ്റോപ്പ് മെമ്മോ നൽകുന്ന രീതി അവസാനിപ്പിച്ച് സംരംഭകർക്ക് നിയമപരമായ പരിരക്ഷണം നൽകുന്നതുൾപ്പെടെ ഒട്ടേറെ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാലാം വ്യവസായ വിപ്ലവത്തിന്റെ വിപുലമായ സാധ്യതകൾ വിനിയോഗിക്കുന്നതിന് ലക്ഷ്യം വെച്ചു കൊണ്ടുള്ള വ്യവസായ നയം സർക്കാർ രൂപപ്പെടുത്തിയിട്ടുണ്ട്. പുതു തലമുറ സംരംഭങ്ങളെ വികസിപ്പിക്കുന്ന പദ്ധതികൾ ഉണ്ട് . മെയ്ഡ് ഇൻ കേരള എന്ന നിലയിൽ കേരള ബ്രാൻഡ് രൂപീകരിക്കുന്നു. വ്യവസായ ഭൂമി സംരംഭകർക്ക് ലഭിക്കുന്നതിനായി ലാൻഡ് ബാങ്ക് തയ്യാറാക്കുന്നു. ഈ അനുകൂല സാഹചര്യങ്ങളിൽ ധാരാളം സംരംഭകർ ഈ മേഖലയിലേക്ക് കടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീ ബിജു പി അബ്രഹാം സ്വാഗതം പറയുകയും ശ്രീ ഗിരീഷ് ഐ മാനേജർ ജില്ലാ വ്യവസായ കേന്ദ്രം ശ്രീ മുരളീധരൻ ടി എം ലീഡ് ബാങ്ക് മാനേജർ ശ്രീമതി സലീന കെ മാനേജർ ജില്ലാ വ്യവസായ കേന്ദ്രം ശ്രീ ബാലരാജൻ എം.കെ മാനേജർ ജില്ലാ വ്യവസായ കേന്ദ്രം എന്നിവർ സംസാരിച്ചു ബാങ്കുകൾ ,ലൈസൻസിംഗ് വകുപ്പുകളുടെ ജില്ലാ മേധാവികൾ, കെഎസ്ഐഡിസി , കെഎഫ്സി എന്നിവർ നിക്ഷേപകരുമായി ചർച്ചയിൽ പങ്കെടുത്തു. നിക്ഷേപ സംഗമത്തിൽ 76 നിക്ഷേപകർ ഉൾപ്പെടെ 120 പേർ പങ്കെടുക്കുകയും 1071 കോടി രൂപയുടെ നിക്ഷേപത്തിനായി ജില്ലാ വ്യവസായ കേന്ദ്രവുമായി ധാരണ പത്രം ഒപ്പിടുകയും ചെയ്തു. 3200 പേർക്ക് തൊഴിൽ അവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടും.