കാർഷികവ്യവസായത്തിന് ഊന്നൽ നൽകി മൂല്യവർധിത കൃഷിമിഷൻ
മനോജ് മാതിരപ്പള്ളി
മൂല്യവർധിത ഉത്പന്ന നിർമ്മാണത്തിലൂടെ കാർഷിക മേഖലയിൽനിന്നുള്ള വരുമാനം വർധിപ്പിക്കാനും കർഷകർക്ക് പരമാവധി നേട്ടമുണ്ടാക്കാനുമുള്ള ശ്രമത്തിലാണ് കേരളം. ഏതൊരു കാർഷികോത്പന്നമായാലും വിളവെടുത്ത ശേഷം നേരിട്ടു വിൽപ്പന നടത്തുന്നതിനെ അപേക്ഷിച്ച് മൂല്യവർധിത ഉത്പന്നമാക്കി വിപണിയിൽ എത്തിച്ചാൽ മികച്ച സാമ്പത്തികനേട്ടം ഉണ്ടാകുമെന്നതുകൊണ്ടാണ് ഇത്തരമൊരു ശ്രമം. ഇതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണ്. അതിലൊന്നാണ് മൂല്യവർധിത കൃഷിമിഷൻ. ഫെബ്രുവരിയിൽ നടന്ന ഇത്തവണത്തെ വൈഗ കാർഷികമേളയുടെ പ്രധാനപ്പെട്ട ആശയം തന്നെ കാർഷികരംഗത്തെ മൂല്യവർധിത ശൃംഖലയുടെ വികസനം എന്നതായിരുന്നു. സംസ്ഥാനത്തിന്റെ കാർഷികമേഖലയിൽ 161 സ്റ്റാർട്ടപ്പുകളും നൂറിലധികം എഫ്പിഒകളും രൂപീകരിക്കാൻ കഴിഞ്ഞുവെന്നത് തന്നെ മൂല്യവർധിത ഉത്പന്നനിർമ്മാണം കൂടുതൽ കരുത്തുറ്റതാകും എന്നതിന്റെ ലക്ഷണങ്ങളാണ്.
കാർഷികോത്പന്നങ്ങൾ വിളവെടുക്കുന്ന രീതിയിൽ അധികദിവസം സൂക്ഷിച്ചുവെക്കാൻ കഴിയില്ലെന്നതാണ് ഈ മേഖല നേരിടുന്ന പ്രതിസന്ധിക്കുള്ള പ്രധാന കാരണം. ഈ പ്രശ്നം പരിഹരിക്കണമെങ്കിൽ കോൾഡ് സ്റ്റോറേജുകളും സംഭരണകേന്ദ്രങ്ങളും റീഫർ വാനുകളുമെല്ലാം ആവശ്യമാണ്. ഇതിനകം തന്നെ സംസ്ഥാനത്ത് റഫ്രിജറേറ്റർ സൗകര്യമുള്ള 26 റീഫർ വാനുകൾ പുറത്തിറക്കി കഴിഞ്ഞു. ഇത്തരത്തിലുള്ള സംവിധാനം വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഓരോ മേഖലയ്ക്കും അനുയോജ്യമായ രീതിയിലുള്ള കോൾഡ് സ്റ്റോറേജുകളും സംഭരണകേന്ദ്രങ്ങളും റീഫർ വാനുകളുമായിരിക്കും കൊണ്ടുവരിക. ഉത്പന്നങ്ങൾ കൃത്യമായി സംഭരിക്കുകയും അത് സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ ആക്കുകയുമാണ് ലക്ഷ്യം. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി ആയിരം കൃഷിക്കൂട്ടങ്ങളെ സംഭരണ-സംസ്കരണത്തിന്റെ ഭാഗമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
മൂല്യവർധിത കൃഷിമിഷൻ
കഴിഞ്ഞ സെപ്തംബറിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് മൂല്യവർധിത കൃഷിമിഷൻ അഥവാ വാല്യു ആഡഡ് അഗ്രികൾച്ചറൽ മിഷൻ-വാം
രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം. ബ്രാൻഡിംഗിലൂടെയും ലേബലിംഗിലൂടെയും ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുക, കാർഷികോത്പാദന ക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിക്കുക, വിപണനമേഖലയിലും മൂല്യവർധിത മേഖലയിലും കൂടുതൽ കർഷക പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവയൊക്കെയാണ് മിഷന്റെ ലക്ഷ്യം. മുഖ്യമന്ത്രി അധ്യക്ഷനും കൃഷിമന്ത്രിയും വ്യവസായമന്ത്രിയും ഉപാധ്യക്ഷന്മാരും തദ്ദേശ സ്വയംഭരണം, സഹകരണം, ധനകാര്യം, ജലവിഭവം, മൃഗസംരക്ഷണം, മത്സ്യബന്ധനം, വൈദ്യുതി, ഭക്ഷ്യം എന്നീ വകുപ്പുമന്ത്രിമാർ അംഗങ്ങളായുമുള്ള ഗവേണിംഗ് ബോഡിയാണ് മൂല്യവർധിത കൃഷിമിഷനുള്ളത്.
കാർഷികമേഖലയിലെ പ്രധാന നേട്ടങ്ങൾ, അവസരങ്ങൾ, പോരായ്മകൾ, നയം, വിപണി, സാങ്കേതികവശങ്ങൾ എന്നിവയെല്ലാം പരിഗണിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലകളിൽ മൂല്യവർധിത കൃഷിമിഷന്റെ (വാം) ഇടപെടലുണ്ടാവും. ഇതിന് ആവശ്യമായ ഗവേഷണപ്രവർത്തനങ്ങൾക്കുവേണ്ടി കോമൺ നോളഡ്ജ് പ്ലാറ്റ്ഫോം രൂപീകരിക്കും. കേരളത്തെ ഗൾഫിന്റെ അടുക്കളയായും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ ഫ്രൂട്ട് പ്ലേറ്റായും പരിഗണിച്ച് തനതായ ആഹാരവസ്തുക്കൾ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കാനും മിഷൻ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി വ്യവസായവകുപ്പിന്റെയും നോർക്കയുടെയും സഹകരണവും തേടും. അനുയോജ്യമായ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിലൂടെ മൂല്യവർധിത ഉത്പന്നനിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവയുടെ വിപണനശൃംഖല വികസിപ്പിക്കുന്നതി
നുള്ള സാമ്പത്തികസഹായവും വാമിലൂടെ ലഭ്യമാക്കും. ഈ തുക ഉപയോഗിച്ച് പ്രാദേശികവും ദേശീയവും അന്തർദ്ദേശീയവുമായി വിപണിവികസനം സാധ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.
കാർഷികമേഖലയിൽ പരമാവധി മൂല്യവർധിത ഉത്പന്നനിർമ്മാണം നടത്തിയാൽ മാത്രമെ കൂടുതൽ വരുമാനം ഉണ്ടാവുകയും കൃഷി ലാഭകരമാവുകയും ചെയ്യുകയുള്ളൂവെന്ന് മുൻപേ അറിയാം. എന്നാൽ കർഷകർ ആരും ഇതിന് തയ്യാറാവുന്നില്ലെന്ന പ്രതിസന്ധിയുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഈ രംഗത്തേക്ക് കർഷകരെ ആകർഷിക്കുന്നതിനായുള്ള പ്രത്യേക മിഷൻ തന്നെ രൂപീകരിക്കുന്നത്. ഈ രീതിയിൽ വിവിധയിനം പഴവർഗ്ഗങ്ങളെ കാൻഡി, പൾപ്പ്, ഹൽവ, സ്ക്വാഷ്, ജാം തുടങ്ങിയവയാക്കി മാറ്റാം. മാങ്ങയും നാരങ്ങയും നെല്ലിക്കയുമെല്ലാം വിവിധയിനം അച്ചാറുകളാക്കാം. ഇത്തരത്തിൽ ഓരോ കാർഷികോത്പന്നത്തെയും മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാം. ഇവയ്ക്കെല്ലാം വിപണിയുണ്ടെന്ന് മാത്രമല്ല കൂടുതൽ വിലയും കിട്ടും.
ബ്രാൻഡിംഗും വിപണിയും
മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണി വികസിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കൃഷിവകുപ്പിന് കീഴിലുള്ള ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന അറുപതിലധികം ഉത്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കഴിഞ്ഞു. ‘കേരൾ അഗ്രോ’ എന്ന ബ്രാൻഡ് പേരിൽ ആമസോണിലൂടെയും ഫ്ളിപ്പ്കാർട്ടിലൂടെയുമാണ് ഇവയുടെ വിപണനം. ഇതോടൊപ്പം വിവിധ സംരംഭകരുടെ ഉത്പന്നങ്ങളും ഓൺലൈൻ സംവിധാനത്തിലൂടെ വിപണിയിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള നടപടികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മാത്രവുമല്ല, മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനം കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കാൻ സംരംഭകർക്ക് പാക്കിംഗിന് ആവശ്യമായ പരിശീലനം നൽകുവാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗുമായി കൃഷിവകുപ്പ് ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്. ഇത്തരത്തിൽ കേരളീയ ഉത്പന്നങ്ങൾക്ക് രാജ്യാന്തരവിപണിയിൽ കൂടുതൽ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.
ഇവിടുത്തെ കാർഷികോത്പന്നങ്ങൾക്ക് വിപണിയിൽനിന്ന് ലഭിക്കുന്ന പ്രതികരണവും മികച്ചതാണ്. ഇത്തവണത്തെ വൈഗ മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ 39.76 കോടിരൂപയുടെ ഇൻഡന്റുകളാണ് ഒപ്പുവെച്ചത്. ഇതിൽ എണ്ണ ഉത്പന്നങ്ങൾ 1785.1 ലക്ഷം, സുഗന്ധവ്യഞ്ജനങ്ങൾ 998.39 ലക്ഷം, ധാന്യങ്ങളും ചെറുധാന്യങ്ങളും 105.47 ലക്ഷം, കിഴങ്ങുവർഗ്ഗങ്ങൾ 32.90 ലക്ഷം, കൂൺ ഉത്പന്നങ്ങൾ 28.50 ലക്ഷം, ഔഷധസസ്യങ്ങൾ 8.24 ലക്ഷം, കശുവണ്ടി ഉത്പന്നങ്ങൾ 7.85 ലക്ഷം എന്നിവ ഉൾപ്പെടും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാർഷിക മൂല്യവർധിത ഉത്പന്നനിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുള്ള 133 കർഷകരും സ്ഥാപനങ്ങളും കർഷകഗ്രൂപ്പുകളും മീറ്റിൽ പങ്കെടുത്തിരുന്നു. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള 90 സംരംഭകരും വ്യവസായികളും കയറ്റുമതിക്കാരും ബയേഴ്സായി എത്തി.
ഇതിനിടെ കേരളത്തിലെ കാർഷികോത്പാദനവും വിപണനവും ആധുനികവത്കരിക്കാനുള്ള ലോകബാങ്ക് പദ്ധതിക്ക് കേന്ദ്രധനമന്ത്രാലയത്തിന്റെ സാമ്പത്തികകാര്യവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ഇതുപ്രകാരം അഞ്ചുവർഷത്തേക്ക് 1400 കോടിരൂപയാണ് ലോകബാങ്ക് വായ്പയായി നൽകുക. ഇതിനായി കേന്ദ്രസർക്കാരും കേരളവും ലോകബാങ്കും തമ്മിൽ കരാറിൽ ഏർപ്പെടും. പദ്ധതി നടപ്പാക്കുമ്പോൾ, കാർഷികോത്പന്നങ്ങളുടെ സംഭരണത്തി
നും ലോകകമ്പോളത്തിലെ വിപണനത്തിനുമായി കെ-ബിസാഗ്രോ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നതാണ്. ഈ കമ്പനിയായിരിക്കും ലോകബാങ്ക് പദ്ധതി നടത്തിപ്പിനുള്ള മുഖ്യഏജൻസി. സർക്കാർ, സർക്കാർ ഇതര ഏജൻസികൾ, സംരംഭകർ എന്നിവരുമായി സഹകരിച്ചാവും കമ്പനിയുടെ പ്രവർത്തനം. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിച്ച് കാർഷികോത്പന്നങ്ങളുടെ സംഭരണവും സംസ്കരണവും വിപണനവും ആധുനികവത്കരിക്കുക, ആധുനിക സംഭരണശാലകൾ, ചെറുകിട-ഇടത്തരം യൂണിറ്റുകളുടെ ശൃംഖല തുടങ്ങിയവ സ്ഥാപിക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങൾ പദ്ധതിക്കുണ്ട്.
എഫ്പിഒകളുടെ പ്രാധാന്യം
മൂല്യവർധിത ഉത്പന്നനിർമ്മാണത്തിലൂടെ കാർഷികമേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനായി ദേശീയതലത്തിൽ രൂപീകരിക്കപ്പെട്ടവയാണ് ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്പിഒ) അഥവാ കാർഷികോത്പാദക കമ്പനികൾ. കർഷകരെ മാത്രം ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയാണ് ഇത്തരം കമ്പനികൾക്ക് രൂപം നൽകുന്നത്. കുറഞ്ഞത് 15 കർഷകരെങ്കിലും അംഗങ്ങളായ കൂട്ടായ്മകൾക്ക് എഫ്പിഒകൾ ആരംഭിക്കാം. ഓരോ കമ്പനിയിലും പരമാവധി 400 കർഷകർക്ക് വരെ അംഗങ്ങൾ ആകാവുന്നതാണ്. നിലവിലുള്ള ഫാർമേഴ്സ് ക്ലബ്ബുകൾക്കും കർഷക സൊസൈറ്റികൾക്കും ഗ്രൂപ്പുകൾക്കുമെല്ലാം കാർഷികോത്പാദക കമ്പനികളായി മാറാം. ഏതെങ്കിലും ഒരു ജില്ലയിലെയോ ഗ്രാമത്തിലെയോ ബ്ലോക്കിലെയോ താലൂക്കിലെയോ കർഷകർക്ക് എഫ്പിഒയിൽ ഓഹരി ഉടമകളാകാവുന്നതാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തഞ്ഞൂറോളം കാർഷികോത്പാദക കമ്പനികൾ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ 14 ജില്ലകളിലുള്ള നിരവധി എഫ്പിഒകളും ഇതിൽ ഉൾപ്പെടും. ദേശീയതലത്തിൽ പത്തുലക്ഷത്തോളം കർഷകർ ഇത്തരം കമ്പനികളിൽ ഓഹരിഉടമകളാണ്. ഓരോ മേഖലയിലെയും എഫ്പിഒകളിൽ അംഗങ്ങളായ കൃഷിക്കാരുടെ ഉത്പന്നങ്ങൾ സംഭരിക്കുന്നതും സംസ്കരിച്ച് മൂല്യവർധിതമാക്കുന്നതും ആഭ്യന്തരവിപണിയിലും രാജ്യാന്തരകമ്പോളത്തിലും എത്തിക്കുന്നതും ഇത്തരം കമ്പനികളാണ്. അതുകൊണ്ടുതന്നെ ഫലപ്രദമായി പ്രവർത്തിക്കുന്ന എഫ്പിഒകളിലെ അംഗങ്ങൾക്ക് മികച്ച വരുമാനവും ലഭിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഉത്പാദകനിക്ഷേപം ഉപയോഗിച്ചായിരുന്ന ദേശീയതലത്തിൽ എഫ്പിഒകളുടെ തുടക്കം. നബാർഡിന്റെ വായ്പയും ഇവയ്ക്ക് ലഭിക്കുന്നുണ്ട്.
രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിക്കായി കേന്ദ്രസർക്കാർ വകയിരുത്തുന്ന തുകയുടെ നിശ്ചിത ഭാഗമാണ് എഫ്പിഒകളുടെ രൂപീകരണത്തിനായുള്ള കേന്ദ്രവിഹിതം. ഇതോടൊപ്പം നബാ
ർഡിന്റെ ബാങ്ക് വായ്പയും കർഷകരുടെ ഓഹരികളും കൂടിയാകുന്നതോടെ കമ്പനിയുടെ രൂപീകരണത്തിനുള്ള മൂലധനമാകുന്നു. മാത്രവുമല്ല, സംസ്ഥാന കൃഷിവകുപ്പുകളുടെയും മറ്റും നേതൃത്വത്തിൽ ആവശ്യമായ സാങ്കേതികസഹായവും ലഭ്യമാക്കുന്നുണ്ട്. ഇതോടൊപ്പം കൂടുതൽ എഫ്പിഒകൾ രൂപീകരിക്കുന്നതിനുള്ള നടപടികളും വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിക്കുകയാണ്. കേരളത്തിൽ 50 പുതിയ എഫ്പിഒകൾ കൂടി ആരംഭിക്കുന്നതിനും നിലവിലുള്ള കാർഷികോത്പാദക കമ്പനികളിൽനിന്നും 50 എണ്ണത്തെ ശാക്തീകരിക്കുന്നതിനും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു.
ഓരോ ജില്ലയിലും കളക്ടർ ചെയർമാനായ കമ്മിറ്റിയാണ് എഫ്പിഒകളുടെ രൂപീകരണം സംബന്ധിച്ച തീരുമാനം എടുക്കുന്നത്. നബാർഡിന്റെയും കൃഷിവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയുമെല്ലാം പ്രതിനിധികൾ ഇതിൽ അംഗങ്ങളാണ്. ഉത്പന്നങ്ങളുടെ സംഭരണം, വിപണനം, മൂല്യവർധിത ഉത്പന്നനിർമ്മാണം, ഇതിനെല്ലാം ആവശ്യമായ കൃത്യമായ ബിസിനസ് പ്ലാൻ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള കൂട്ടായ്മകൾക്കാവും എഫ്പിഒകളുടെ രൂപീകരണത്തിന് അനുമതി ലഭിക്കുക.